ഭാവരാഗങ്ങളുടെ അടങ്ങാത്ത അലയൊലികള്‍ ബാക്കിവച്ച് ശ്രീ പി. ജയചന്ദ്രന്‍ പടിയിറങ്ങിയ വേളയില്‍ അദ്ദേഹത്തിന്റെ സാര്‍ഥകമായ സംഗീതസപര്യയ്ക്കുമുന്നില്‍ ഹൃദയനമസ്‌കാരം.
വാക്കിന്റെയും ഭാഷയുടെയും കവിതയുടെയും സംഗീതത്തിന്റെയും ഒരുത്സവകാലമുണ്ടായിരുന്നു മലയാളസിനിമയ്ക്ക്. അന്നൊക്കെ ഗാനങ്ങളില്‍ തുടിച്ചുനില്‍ക്കുന്നത് ജീവിതംതന്നെയാണ്. ബിംബങ്ങളാലും ആശയങ്ങളാലും സമ്മോഹനരാഗങ്ങളാലും സമൃദ്ധമായ ഒരു പാട്ടുകാലം.
ഭാവഗായകന്റെ ശബ്ദസൗകുമാര്യത്തില്‍ മോഹനരാഗത്തിന്റെ അകമ്പടിയോടെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തിയ മധുമാസചന്ദ്രിക സ്വപ്നലേഖയ്ക്ക് സ്വയംവരപ്പന്തലൊരുക്കി... രാജീവനയനേ നീയുറങ്ങൂ രാഗവിലോലേ നീയുറങ്ങൂ എന്നു കേട്ടാല്‍ സ്വര്‍ണഗോപുരനര്‍ത്തകീശില്പത്തിനുപോലും ജീവന്‍ വയ്ക്കും... കാമുകിയുടെ മണിയറയിലെ നിര്‍മലശയ്യയിലെ നീലനീരാളമായി മാറാന്‍ കൊതിച്ച എത്രയോ കാമുകന്മാര്‍...
കരിമുകില്‍കാട്ടിലും രജനി തന്‍ മേട്ടിലും കനകാംബരങ്ങള്‍ വാടിയത് സ്‌നേഹം നിഷേധിക്കപ്പെട്ട എത്രയോ കാമുകന്മാരുടെ മനസ്സിലാണ്.
പദസമ്പത്തും ആശയഗരിമയുമുള്ള ഗാനങ്ങള്‍ പാടാന്‍ അവസരം ലഭിച്ച അതുല്യഗായകന്‍ വീണ്ടും വീണ്ടും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന രസാനുഭൂതിയുടെ തീവ്രതയുളവാക്കുന്ന ആലാപനശൈലിയുമായി യേശുദാസ് എന്ന പ്രതിഭയ്ക്ക് ഒപ്പത്തിനൊപ്പം നിന്നത് നവ്യമായ ഒരു വൈകാരികഭാവലയം തന്റെ ശബ്ദത്തില്‍ വരുത്തിക്കൊണ്ടാണ്. നമ്മള്‍ അദ്ദേഹത്തെ ഭാവഗായകന്‍ എന്നു വിളിച്ചതും അതു കൊണ്ടുതന്നെയാണ്.
അറിഞ്ഞോ അറിയാതെയോ നമ്മുടെ ജീവിതപരിസരങ്ങളില്‍, നമ്മുടെ വീടുകളില്‍ നമുക്കു ചുറ്റും സദാ അലയടിക്കുന്ന ചലച്ചിത്രഗാനത്തിന്റെ അലകള്‍...
കാലത്തില്‍ അടുക്കിവച്ച ധ്വനികള്‍ ഈണങ്ങളായി മാറുമ്പോള്‍ ജീവിതത്തിന്റെ അസംതൃപ്തിയിലും ആകുലതകളിലും സന്തോഷത്തിന്റെ കണങ്ങള്‍ നിറയ്ക്കാന്‍ കഴിയുന്ന നാദവീചിയായിരുന്നു അദ്ദേഹത്തിന്റേത്...
കവിത തുളുമ്പുന്ന ഗാനങ്ങള്‍ക്ക് ഈണമിട്ടു പാടി പഠിപ്പിച്ചുകൊടുക്കുന്ന തനതുകാലത്തെ കൂടുതല്‍ ഇഷ്ടപ്പെട്ട അദ്ദേഹം ഈണത്തിനനുസരിച്ചു പാട്ടെഴുതുന്ന രീതിയിലും അനേകം ഗാനങ്ങള്‍ പാടിയിട്ടുണ്ട്.
സാക്ഷാല്‍ എം.എസ്. വിശ്വനാഥന്‍ 'ഇതാ നിങ്ങള്‍ക്കൊരു പുതിയ യുവഗായകന്‍' എന്ന് കോഴിക്കോട് സാമൂതിരി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ആദ്യഗാനമേളയില്‍ പരിചയപ്പെടുത്തിയ അദ്ദേഹം പിന്നീട് മലയാളിയുടെ മനസ്സിന്റെ ജാലകവാതിലില്‍ വിരിഞ്ഞ കുറുമൊഴിമുല്ലപോലെ സുഗന്ധം പരത്തി.
എം.എസ്. വിശ്വനാഥന്‍ തനിക്കേറ്റവും പ്രിയപ്പെട്ട ഗാനങ്ങളില്‍ മിക്കതും നല്‍കിയതും അദ്ദേഹത്തിനാണ്. നീലഗിരിയുടെ സഖികളേ ജ്വാലാമുഖികളേ എന്ന വയലാറിന്റെ അസാമാന്യവൈഭവം നിറഞ്ഞ വരികളുടെ സമസ്തഭാവവും ഉള്‍ക്കൊണ്ടു പാടി മലയാളഗായകരുടെ മുന്‍നിരയിലെ സിംഹാസാനം കീഴടക്കി. പണിതീരാത്ത വീട് എന്ന ചിത്രത്തിലെ ഈ ഗാനത്തിന് സംസ്ഥാന അവാര്‍ഡും ലഭിച്ചു.
അവസരങ്ങള്‍ക്കുവേണ്ടി ആരുടെ മുമ്പിലും മുട്ടുമടക്കാത്ത കര്‍ക്കശക്കാരനായിരുന്നു പി. ജയചന്ദ്രന്‍. 27 തവണ ഇരിഞ്ഞാലക്കുട കോന്നി ടാക്കീസില്‍ ഭാര്‍ഗവീനിലയം കണ്ടത് ബാബുക്ക മാജിക്കിനോടും ദാസേട്ടന്റെ ശബ്ദത്തോടുള്ള അടങ്ങാത്ത ഇഷ്ടവുംകൊണ്ടാണെന്ന് അദ്ദേഹംതന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍, അദ്ദേഹത്തിന് ഏറ്റവും ആരാധന തോന്നിയ ഗായകന്‍ റഫി സാബും ഗായിക സുശീലാമ്മയുമാണ്.
ബാബുക്കയുടെ പാട്ടിലെ തേന്‍കണം നുകരാന്‍ കോഴിക്കോടെ സംഗീതസദിരുകളില്‍ കൂടിയ നാളുകള്‍ അദ്ദേഹമെന്നും ഹൃദയത്തോടു ചേര്‍ത്തുവച്ചിരുന്നു.
ഇരിഞ്ഞാലക്കുട സാഹിത്യ സമാജം മീറ്റിങ്ങില്‍വച്ചു സംഗീതമാലപിച്ച ജയചന്ദ്രനെന്ന എട്ടാം ക്ലാസ്സുകാരനെ ഹെഡ്മാസ്റ്ററുടെ മുന്നില്‍ പാടിപ്പിക്കുകയും പിന്നീട് യുവജനോത്സവവേദിയില്‍ എത്തിക്കുകയും ചെയ്ത രാമനാഥന്‍മാസ്റ്ററുടെയൊപ്പം വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം ഒരു അഭിമുഖത്തില്‍ പങ്കെടുത്തപ്പോള്‍ ഓര്‍ത്തെടുത്തതായിരുന്നു മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനത്തെ ഇരിഞ്ഞാലക്കുടക്കാര്‍ ഏറ്റെടുത്ത സംഭവം.
ആ ഗാനം നാട്ടുകാരുടെ സാന്നിധ്യത്തില്‍ ഇരിഞ്ഞാലക്കുട ക്ഷേത്രത്തിനു വെളിയിലെ ഇലക്ട്രിക്കല്‍ കടയിലെ റെക്കോര്‍ഡ് പ്ലെയറില്‍ പ്രക്ഷേപണം ചെയ്തു എന്നാണ് മാഷ് പറഞ്ഞത്. അതിനുശേഷം പയനിയര്‍ തീയേറ്ററിലും.
ജീവിതത്തില്‍ എന്തും മുഖം നോക്കാതെ വെട്ടിത്തുറന്നു പറയുന്നയാള്‍ ആയിരുന്നെങ്കിലും അലൗകികമായ ആ നാദത്തില്‍ ഒളിച്ചിരുന്ന തേന്‍മധുരം ഓരോ മലയാളിയും നിത്യവും ആസ്വദിച്ചറിയുന്നതുതന്നെ.
മലയാളത്തിലെ ഏറ്റവും മികച്ച യുഗ്മഗാനങ്ങളില്‍ കൂടുതലും പാടിയത് അദ്ദേഹത്തിന്റെ സ്വനതന്തികളാണ്. കാലത്തെ അതിജീവിച്ച എത്രയോ പാട്ടുകള്‍...
ജീവിതംതന്നെ നാദോപാസനയാക്കിയ ഭാവഗായകന്‍ നടന്‍ വിനീതിനൊപ്പം നഖക്ഷതങ്ങള്‍ എന്ന ചിത്രത്തില്‍, ചിത്രം വരയിലും സംഗീതത്തിലും ഒന്നിലും ഉറച്ചുനില്‍ക്കാത്തൊരു തിരുമേനിയെ അവതരിപ്പിച്ചപ്പോള്‍ നടനെന്ന നിലയിലും അദ്ദേഹം തിളങ്ങുകയായിരുന്നു.
വാക്കുകളെ വെണ്ണക്കല്ലാക്കുന്ന ആലാപനം എന്നാണ് കൈതപ്രം നമ്പൂതിരി അദ്ദേഹത്തിന്റെ ആലാപനത്തെ വിശേഷിപ്പിക്കുന്നത്..
അതേ, വെണ്ണപോലെ നമ്മുടെ ഹൃദയമുരുകുന്ന ഗാനപ്രവാഹം നിരന്തരമായി ഒഴുകുകയാണ്... മറക്കാന്‍ നോക്കിയാലും, മനസ്സില്‍ തുളുമ്പുന്ന മൗനാനുരാഗത്തിന്‍ ലോലഭാവംപോലെ...
ആരാരും കാണാതെ ആരോമല്‍ തൈമുല്ല പൂക്കുകയും പുഴയായ് തഴുകുമ്പോള്‍, ഓലഞ്ഞാലിക്കുരുവി ഇളംകാറ്റിലാടുകയും മലര്‍വാകക്കൊമ്പത്ത് മണിമേഘത്തുമ്പത്ത് മഴവില്ലിന്‍ തുഞ്ചത്ത് നമ്മളും ചാഞ്ചാടിയാടും...
അഭിരുചികള്‍ മാറുന്ന പുതുകാലത്തിലും മെലഡിയെ നെഞ്ചോടു ചേര്‍ക്കുന്നവരുടെ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്ന പ്രിയഗാനമഞ്ജരികള്‍.
തിരമാലകളുടെ അടങ്ങാത്ത ഊര്‍ജവും ഗംഗാപ്രവാഹത്തിന്റെ അഗാധമായ വിശുദ്ധിയും ഒത്തിണങ്ങിയ, കല്ലിനെപ്പോലും വെണ്ണയാക്കുന്ന മാന്ത്രികവൈഖരി.
മലയാളിയുള്ള കാലത്തോളം ആ നാദം ഈ മണ്ണില്‍ മുഴങ്ങുക തന്നെ ചെയ്യും.