ശ്രദ്ധേയമായ ഒരു പത്രവാര്‍ത്ത: കെ.എസ്.ഇ.ബി.യില്‍ പത്താംക്ലാസില്‍ തോറ്റവര്‍ വാങ്ങുന്ന ശമ്പളം ലക്ഷക്കണക്കിന്. ഓവര്‍സീയര്‍മാരില്‍ ഭൂരിഭാഗവും എസ്എസ്എല്‍സി തോറ്റവരാണ്. ഡ്രൈവര്‍മാര്‍, ലൈന്‍മാന്മാര്‍, വര്‍ക്കര്‍മാര്‍ എന്നീ കാറ്റഗറിയില്‍ ഭൂരിഭാഗവും പത്തില്‍ തോറ്റവരാണ്. വര്‍ക്കറായി കയറി, പിന്നീടു പത്താംതരം തുല്യത/ഐ.ടി. തുല്യത നേടിയെടുത്താണു പലരും പ്രൊമോഷന്‍ തരപ്പെടുത്തുന്നതും ഭീമന്‍ശമ്പളം കൈപ്പിടിയിലൊതുക്കുന്നതും. പത്തു തോറ്റവരില്‍ സബ് എന്‍ജിനീയര്‍ ഗ്രേഡു ലഭിച്ച 451 പേരുണ്ടെന്നും അവര്‍ വാങ്ങുന്ന ശമ്പളം 1.33 ലക്ഷം രൂപയാണെന്നും സബ് എന്‍ജിനീയര്‍ഗ്രേഡിനു മുകളിലുള്ള പത്താംതരം തോറ്റവര്‍ 34 പേരുണ്ടെന്നും അവര്‍ വാങ്ങുന്ന ശമ്പളം 1.43 ലക്ഷം രൂപയാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു. ഈ തട്ടിപ്പിന്റെ നാള്‍വഴിയും പത്രക്കുറിപ്പിലുണ്ട്.
1998 നു ശേഷം മേല്പറഞ്ഞ തസ്തികകളില്‍ ജോലിക്കു കയറിയവരെല്ലാം എസ്.എസ്.എല്‍.സി. തോറ്റവരാണ്. അന്നൊക്കെ ഐ.ടി. ഡിപ്ലോമ ലഭിച്ചവര്‍ക്കു മേല്പറഞ്ഞ ജോലികള്‍ക്കപേക്ഷിക്കാമായിരുന്നു. അവര്‍ക്കുവേണ്ടി 50 ശതമാനം ജോലി നീക്കിവച്ചിരുന്നു. പക്ഷേ, 1996 ല്‍ പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയായിരുന്നപ്പോഴാണു തോറ്റവര്‍ക്ക് 'എക്‌സ്‌ക്ലുസീവ്' ജോലി മാറ്റിവച്ചത്. സി.ഐ.ടി.യു. വിന്റെ നിര്‍ദേശം പരിഗണിച്ചായിരുന്നു ഈ തീരുമാനം. അന്നു വര്‍ക്കറായി കയറിയവര്‍ പിന്നീട് പ്രൊമോഷന്‍ ലഭിക്കാന്‍ പത്താംക്ലാസ് തുല്യതയോ ഐ.ടി. തുല്യതയോ പാസായാല്‍ മതി എന്ന നിയമം വന്നു. എന്നുവച്ചാല്‍, പത്തു തോറ്റവര്‍ ഒന്നരവര്‍ഷംകൊണ്ട് ഓവര്‍സിയറായ ചരിത്രവുമുണ്ട്! കെ.എസ്.ഇ.ബി. നഷ്ടത്തിലാണെന്നു പറഞ്ഞുകൊണ്ടാണല്ലോ വൈദ്യുതിനിരക്കു വര്‍ധിപ്പിക്കുന്നത്. 1750 കോടി മാസവരുമാനമുള്ള കെ.എസ്.ഇ.ബി.ക്ക് ചെലവ് 1950 കോടി രൂപ! വിവരാവകാശനിയമപ്രകാരം പൊതുപ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ ഷാജി ഈപ്പനു കിട്ടിയ വിവരങ്ങളാണ് പത്രക്കുറിപ്പിനാധാരം. പത്തില്‍ തോറ്റവര്‍ കുറുക്കുവഴിയിലൂടെ വിജയിച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ പരിഹാരപ്പിഴയായി കൊടുക്കുന്നത് 200 കോടി രൂപ!
തീര്‍ന്നിട്ടില്ല; ശമ്പളച്ചെലവ് ഏഴുമുതല്‍ പത്തു വരെ ശതമാനമെങ്കിലും കുറച്ചില്ലെങ്കില്‍ നിലനില്ക്കാനാവില്ലെന്നും തസ്തികകള്‍ വെട്ടിച്ചുരുക്കണമെന്നും ഡയറക്ടര്‍മാരുടെ ഉപസമിതിയില്‍ ബോര്‍ഡുതന്നെ 2022 മേയ്മാസത്തില്‍ നിര്‍ദേശിച്ചതാണ്! ബോര്‍ഡില്‍ ആറായിരത്തോളം ജീവനക്കാര്‍ അധികമാണെന്ന് അതിനുമുമ്പേ കണ്ടെത്തിയിരുന്നതാണ്. ഇതിനൊന്നും പരിഹാരം കണ്ടെത്തിയില്ലെന്നുമാത്രമല്ല, ക്രമവിരുദ്ധമായി ബോര്‍ഡ് ശമ്പളപരിഷ്‌കരണം നടത്തുകകൂടി ചെയ്തു. ഇതിലൂടെ വര്‍ഷം 734 കോടി രൂപയുടെ അധികബാധ്യത ബോര്‍ഡിനുണ്ടായി. ഈ പരിഷ്‌കരണത്തിന്റെ ഫലമായി ശമ്പള-പെന്‍ഷന്‍വിഹിതം റവന്യൂവരുമാനത്തിന്റെ 26.77 ശതമാനമായിരുന്നത് ഒറ്റയടിക്ക് 44.59 ശതമാനമായി വര്‍ധിച്ചു.
ഇതിനോടു ചേര്‍ത്തുവായിക്കേണ്ട മറ്റൊരു റിപ്പോര്‍ട്ടുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടേതാണ് ആ റിപ്പോര്‍ട്ട്. 2023-24 ലെ സംസ്ഥാന സ്ഥിതിവിവരക്കണക്കുകളുടെ കൈപ്പുസ്തകത്തിലാണ് ആര്‍ബിഐ ഇതു ചൂണ്ടിക്കാണിക്കുന്നത്. റിപ്പോര്‍ട്ടുപ്രകാരം, ഇന്ത്യാമഹാരാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലാളിവേതനമുള്ള സംസ്ഥാനം കേരളമാണ്. ദേശീയശരാശരിയുടെ രണ്ടിരട്ടിയാണ് കേരളത്തിലെ തൊഴിലാളികളുടെ വേതനം. ഉദാഹരണത്തിന്, നിര്‍മാണത്തൊഴിലാളികളുടെ പ്രതിദിനവേതനം ദേശീയ ശരാശരി 417 രൂപയാണെങ്കില്‍ കേരളത്തിലത് 894 രൂപയാണ്!
ഷാജി ഈപ്പന്റെ സാഹസികമായ ഇടപെടല്‍കൊണ്ടാണ് കെ.എസ്.ഇ.ബി. യിലെ തട്ടിപ്പു ഭാഗികമായിട്ടെങ്കിലും പുറംലോകം അറിയുന്നത്. മറ്റു വകുപ്പുകളിലെ അവസ്ഥ, 'അനന്തമജ്ഞാതമവര്‍ണനീയം' എന്നല്ലാതെന്തു പറയേണ്ടൂ! ഒരുവിധത്തിലും കേവലം തൊഴിലായി കണക്കാക്കാന്‍ പാടില്ലാത്ത വകുപ്പാണു വിദ്യാഭ്യാസം. പക്ഷേ, ഫലത്തില്‍ വിദ്യാഭ്യാസവും വെറും തൊഴിലായി അധഃപതിച്ചിരിക്കുന്നു; അധ്യാപകര്‍ തൊഴിലാളികളും! സംസ്ഥാനത്തിന്റെ റവന്യൂവരുമാനത്തിന്റെ 13.16 ശതമാനം വിദ്യാഭ്യാസത്തിനായി 2024-25 സാമ്പത്തികബജറ്റില്‍ വകയിരുത്തിയിരിക്കുന്നതായി കാണുന്നു. സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍, പൊതുവിദ്യാഭ്യാസത്തിന് 24,256 കോടി രൂപ ചെലവിടുന്നതായാണു കണക്കുകള്‍ പറയുന്നത്. ഇതില്‍ ഭീമമായ തുക അധ്യാപക-അനധ്യാപകര്‍ക്കായി ശമ്പളവും പെന്‍ഷനുമായി ചെലവിടുന്നതാണ്. ഭീമമായ ശമ്പളം പറ്റുന്ന അധ്യാപകരില്‍ എത്രപേര്‍ അധ്യാപകവൃത്തിയോടു കൂറു കാണിക്കുന്നുണ്ട് എന്നതു പരിശോധിക്കേണ്ട കാര്യമാണ്. തികഞ്ഞ ആത്മാര്‍ഥതയോടും പ്രതിബദ്ധതയോടുംകൂടി സേവനമനുഷ്ഠിക്കുന്ന ഗുരുശ്രേഷ്ഠന്മാരെ നമിച്ചുകൊണ്ടാണിതു പറയുന്നത്. കുഞ്ഞുണ്ണിക്കവിതയാണ് ഓര്‍മയില്‍ വരുന്നത്:
പണ്ട് പണി മുന്നില്‍
പണം പിന്നില്‍
ഇന്നു പണം മുന്നില്‍
പണി പിന്നിലുമില്ല.
എയ്ഡഡ്‌മേഖലയിലെ സ്വന്തം അനുഭവത്തില്‍നിന്നു പറയുന്നു, ജോലിയില്‍ കയറുന്നതിനുമുമ്പുള്ള മനോഭാവവും കയറിക്കഴിഞ്ഞു സ്ഥിരമാകുന്നതോടെയുള്ള മനോഭാവവും തമ്മിലുള്ള അന്തരം വളരെ വലുതാണ്. സ്വന്തം കാര്യം 'മെയിനും' അധ്യാപനം 'സബ്ബും' ആയി മാറുന്നു.
വിദ്യാഭ്യാസമേഖലയ്ക്കുതന്നെ അപമാനമായി, തട്ടിപ്പിനു കൂട്ടുനില്ക്കുന്ന അധ്യാപകരും ഉണ്ടെന്നോര്‍ക്കണം. ഇന്നു വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന ചോദ്യപ്പേപ്പര്‍ചോര്‍ച്ച ഇതിനുദാഹരണമാണ്. വീണ്ടും പത്രവാര്‍ത്ത: പത്താംക്ലാസിലെയും പ്ലസ്‌വണ്ണിലെയും ചോദ്യങ്ങള്‍ തയ്യാറാക്കുന്നതു വ്യത്യസ്തമായ രീതിയിലാണ്. ഏറെപ്പേര്‍ ഇടപെടുന്ന ഈ പ്രക്രിയയില്‍ അട്ടിമറിസാധ്യതകള്‍ കൂടുതലാണ്. പത്താംക്ലാസിലെ ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്നതു ഡയറ്റുകളാണ്. ഇത് എസ്.എസ്.കെ. അച്ചടിച്ചു നല്കും. അധ്യാപകരും അനധ്യാപകരുമായി ഏറെപ്പേര്‍ ഈ പ്രക്രിയയില്‍ ഉള്‍പ്പെടുന്നുണ്ട്. ഹയര്‍ സെക്കന്‍ഡറി ചോദ്യം തയ്യാറാക്കുന്നത് എന്‍.സി.ഇ.ആര്‍.ടി. സംഘടിപ്പിക്കുന്ന ശില്പശാലയിലാണ്. ഓരോ ഗ്രൂപ്പിലും എട്ട് അധ്യാപകരുണ്ടാകും. അവര്‍ തയ്യാറാക്കുന്ന ചോദ്യപ്പേപ്പര്‍ കേരളത്തിനു പുറത്തുള്ള പ്രസിലാണ് അച്ചടിക്കുന്നത്. പ്രസുകാര്‍തന്നെ 14 ജില്ലാ കേന്ദ്രങ്ങളിലും എത്തിക്കും. ഇവരെല്ലാവരും ചേര്‍ന്നു സംഘടിതമായിട്ടാണോ ചെറിയ ലോബി രൂപീകരിച്ചാണോ തട്ടിപ്പു നടത്തുന്നത് എന്നൊന്നും പിടികിട്ടുകയില്ല. ഏതായാലും, ചോദ്യപ്പേപ്പര്‍ ചോര്‍ച്ച നിത്യസംഭവമായി മാറിയിരിക്കുന്നു. ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്ന ചോദ്യപ്പേപ്പര്‍ചോര്‍ച്ചയില്‍ പ്രതിസ്ഥാനത്തു നില്ക്കുന്ന ഒരു വമ്പന്‍ തട്ടിപ്പുകമ്പനിയാണ് എം.എസ്. സൊല്യൂഷന്‍സ്. അന്വേഷണം നേരിടുമ്പോള്‍പോലും 'കട്ടോണ്ട് കള്ളന്‍ മുമ്പോട്ട്' എന്നു പറയുന്നതുപോലെ ധിക്കാരത്തോടും ഔദ്ധത്യത്തോടുംകൂടി ചോര്‍ത്തല്‍പരിപാടി നിര്‍ബാധം തുടരുന്നതായി ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പ്രസ്തുത കമ്പനി യൂട്യൂബിലൂടെ കൊടുക്കുന്ന അശ്ലീല ക്ലാസുകള്‍പോലും കാണേണ്ട ഗതികേടിലാണു കുട്ടികള്‍ ചെന്നുപെട്ടിരിക്കുന്നത്! യൂട്യൂബിലൂടെ ഉടുതുണി ഉരിഞ്ഞുകാണിക്കുന്ന വ്യാജ അധ്യാപകന്‍! ഒരുളുപ്പുംകൂടാതെ ചാനലില്‍പ്പോലും പ്രത്യക്ഷപ്പെടുന്ന ധിക്കാരി! ചോദ്യപ്പേപ്പര്‍ചോര്‍ത്തലില്‍ സര്‍ക്കാര്‍ശമ്പളം പറ്റുന്ന അധ്യാപകരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അങ്ങേയറ്റം പവിത്രമായി കരുതുന്ന 'ഗുരു'സങ്കല്പത്തിന് ഏല്‌ക്കേണ്ടിവരുന്ന അവമതിപ്പ്, അനാദരം, അപമാനം! ഇവരെ നിയന്ത്രിക്കാനും ഇവരുടെമേല്‍ നടപടിയെടുക്കാനും ബാധ്യതയുള്ള സര്‍ക്കാര്‍സംവിധാനങ്ങള്‍ മടിച്ചുനില്ക്കുന്നു. ചിലപ്പോഴെങ്കിലും ഇക്കൂട്ടരെ സംരക്ഷിക്കാനും തയ്യാറാകുന്നു എന്നതാണ് ഏറ്റവും വലിയ വൈരുധ്യം. ഇവരില്‍ പലര്‍ക്കും ജോലി ലഭിക്കുന്നതിനുള്ള മെരിറ്റ് ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയിലെ അംഗത്വമുണ്ടെന്നതുമാത്രമായിരിക്കും. മുന്‍വാതിലിലൂടെയും പിന്‍വാതിലിലൂടെയുമൊക്കെ തരപ്പെടുത്തിയെടുക്കുന്ന ജോലി; എല്ലായിടത്തും അടിമുടി അഴിമതി. ഇന്നത്തെ രാഷ്ട്രീയം അഴിമതിക്കൂടാരമായി മാറിയിരിക്കുന്നു.
അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ തൊഴില്‍രഹിതരായി നെട്ടോട്ടമോടുകയും നാടുവിട്ടുപോകുകയും ചെയ്യുന്ന സ്ഥിതിവിശേഷമുള്ള കേരളത്തിലാണ് ഈ തീവെട്ടിക്കൊള്ള നടക്കുന്നതെന്നോര്‍ക്കണം. പീരിയോഡിക് ലേബര്‍ഫോഴ്‌സ് സര്‍വേ പുറത്തുവിട്ട കണക്കനുസരിച്ച്, 2023 ജൂലൈ മുതല്‍ 2024 ജൂണ്‍ വരെയുള്ള കാലയളവില്‍ 15-29 പ്രായപരിധിയിലുള്ള 29.9 ശതമാനം യുവജനങ്ങളാണു തൊഴില്‍രഹിതരായി കേരളത്തിലുള്ളത്. അവര്‍ നിരാശരും നിരാലംബരുമായി നടക്കുമ്പോള്‍ രാഷ്ട്രീയത്തിന്റെ പിന്‍ബലത്തില്‍മാത്രം ജോലിയില്‍ കയറിപ്പറ്റുന്നവര്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ നിസ്സഹായരായി നോക്കിനില്ക്കാനേ കേരളത്തിലെ സാമാന്യജനങ്ങള്‍ക്കു കഴിയുന്നുള്ളൂ. അവര്‍ നല്കുന്ന നികുതിപ്പണംകൊണ്ടാണ് ഈ അട്ടിമറിയും പകല്‍ക്കൊള്ളയും നടത്തുന്നത്.
ചോദിക്കാനും പറയാനും ആരുണ്ടിവിടെ? ഭരണപക്ഷത്തുനിന്നുണ്ടാകുന്ന വീഴ്ചകളും ക്രമക്കേടുകളും തെറ്റുകുറ്റങ്ങളുമൊക്കെ കണ്ടുപിടിച്ചു തിരുത്താനുള്ള ഉത്തരവാദിത്വം പ്രതിപക്ഷത്തിന്റേതാണ്. പക്ഷേ, ചില കാര്യങ്ങളില്‍ ഇരുകൂട്ടരും ഒറ്റക്കെട്ടായി നില്ക്കുന്നു. പിന്‍വാതില്‍ നിയമനത്തിന്റെ കാര്യത്തിലോ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അഴിമതിയുടെ കാര്യത്തിലോ വിമര്‍ശനമുന്നയിക്കാന്‍ പ്രതിപക്ഷത്തിനു കഴിയുന്നില്ല. കാരണം, അടുത്ത ഊഴം അവരുടേതാണല്ലോ. കൈയിട്ടുവാരലും തട്ടിപ്പും വെട്ടിപ്പും സ്വജനപക്ഷപാതവും കൈക്കൂലിയും കെടുകാര്യസ്ഥതയുമെല്ലാം നിര്‍ബാധം തുടര്‍ന്നുകൊേണ്ടയിരിക്കും. ഭരണപക്ഷവും പ്രതിപക്ഷവും ഇളംതലമുറയ്ക്കു കൊടുക്കുന്ന സന്ദേശം, പണവും സമയവും വ്യയംചെയ്തു പഠിക്കാന്‍ പോകുന്നതിനുപകരം തങ്ങളുടെ പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുക എന്നാണ്. അതുകൊണ്ടാണ് കുഞ്ഞുണ്ണിമാഷ് പറഞ്ഞത്, 'പണ്ടത്തെയാള്‍ക്കാര്‍ കുടക്കീഴില്‍, ഇന്നത്തെയാള്‍ക്കാര്‍ കൊടിക്കീഴില്‍' എന്ന്. രാഷ്ട്രീയത്തെപ്പറ്റി അദ്ദേഹം പറഞ്ഞത്, 'ഇവിടെയുള്ളത് രാഷ്ട്രീയക്കാര്‍ ഇവിടെയില്ലാത്തതു രാഷ്ട്രീയം' എന്നാണ്. മാഷ് നിഗമനത്തിലെത്തി:
''ഉത്തമം കാര്‍ഷികവൃത്തി
മധ്യമം വ്യാവസായികം
അധമം ശമ്പളം ജോലി
വിഷമം, അല്ല നീചം, പോരാ
നിന്ദ്യംതാന്‍ ഭരണപ്പണി!''