കുഞ്ഞായിരുന്നപ്പോള്‍
അമ്മയോടൊത്തിരി,
ആശകള്‍ ചൊല്ലി
ക്കരഞ്ഞോരുനേരത്ത്,
അമ്മ പറഞ്ഞൂ,
കരയണ്ട, മോനെ നീ
അമ്പിളി മാമനെ
ഞാന്‍ പിടിച്ചേകിടാം
മാമനെ നിന്നുടെ
തോളത്തിരുത്തിടാം,
നക്ഷത്രമൊക്കെയും
വാരിപ്പകര്‍ന്നിടാം,
തങ്കനിലാവില്‍
കുളിയ്ക്കുവാന്‍ താമര-
പൊയ്കയില്‍ പോയിടാം
നീന്തിത്തുടിച്ചിടാം.
സര്‍വ്വയിഷ്ടങ്ങളും
സാദ്ധ്യമാക്കാമെന്ന്
വാക്കു തന്നെന്റെമ്മ
വാരിപ്പുണരുമ്പോള്‍,
സര്‍വ്വലോകങ്ങളും
കാല്‍ക്കീഴിലാക്കി ഞാന്‍
അമ്മതന്‍ മാറില്‍
മയങ്ങിക്കിടന്ന നാള്‍.
ഇന്നേവരെ നടപ്പാക്കാന്‍
കഴിയാത്ത
വാക്കാണെനിയ്ക്കമ്മ
തന്ന, തന്നെങ്കിലും,
സര്‍വ്വ ലോകങ്ങളും
കാല്‍ക്കീഴിലെത്തിയ്ക്കാ
മെന്നു ചൊല്ലുന്നത്
അമ്മയല്ലാതാര്?
കവിത