വത്തിക്കാന്‍സിറ്റി: സമര്‍പ്പിതസമൂഹങ്ങള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍കാര്യാലയത്തിന്റെ (ഡിക്കാസ്റ്ററി) പ്രീഫെക്ടായി ഇറ്റലിക്കാരിയായ സിസ്റ്റര്‍ സിമോണ ബ്രാംബില്ലയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ചരിത്രത്തിലാദ്യമായാണ് വത്തിക്കാന്‍ കാര്യാലയത്തിന്റെ തലപ്പത്ത് ഒരു വനിത നിയമിതയാകുന്നത്. പ്രോപ്രീഫെക്ടായി സ്‌പെയിന്‍കാരനായ കര്‍ദിനാള്‍ എംഗല്‍ ഫെര്‍ണാണ്ടസ് ആര്‍തിമേ എസ്ഡിബിയും നിയമിതനായി.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊണ്‍സൊലാത്ത മിഷണറീസ് എന്ന സന്ന്യാസസമൂഹത്തില്‍ അംഗമായ സിസ്റ്റര്‍ സിമോണ ഈ കാര്യാലയത്തിന്റെ അംഗമായി 2019 മുതലും സെക്രട്ടറിയായി 2023 മുതലും പ്രവര്‍ത്തിച്ചുവരികയായിരുന്നു. അറുപതുകാരിയായ സിസ്റ്റര്‍ സിമോണ സന്ന്യാസസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൊസാംബിക്കില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തിയിട്ടുള്ള സിസ്റ്റര്‍ നഴ്‌സിങ് ജോലിയുപേക്ഷിച്ച് സന്ന്യാസം തിരഞ്ഞെടുത്ത വ്യക്തിയാണ്.