പാലാ: പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനീയറിംഗ് കോളജ് (ഓട്ടോണമസ്), ന്യൂഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് & റിലിജിയനുമായി സഹകരിച്ച് 2025 ജനുവരി 2 മുതല്‍ 4 വരെ തീയതികളില്‍ ''ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഹ്യൂമനോയിഡ് ടെക്നോളജി എന്നിവയുടെ വികസനം: വാഗ്ദാനങ്ങളും അപകടങ്ങളും'' എന്ന വിഷയത്തില്‍ നടന്നുവന്ന ഇന്റര്‍നാഷണല്‍ സിമ്പോസിയം സമാപിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ), ഹ്യൂമനോയിഡ് ടെക്നോളജി എന്നിവയുടെ ഏറ്റവും പുതിയ പഠനങ്ങള്‍ സിമ്പോസിയത്തില്‍ അവതരിപ്പിക്കപ്പെട്ടു. മനുഷ്യരാശിയുടെ ഏറ്റവും മികച്ച നേട്ടങ്ങളായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ അതിന്റെ ധാര്‍മികപ്രത്യാഘാതങ്ങളുടെ പശ്ചാത്തലത്തില്‍ വിമര്‍ശനാത്മകമായി സിമ്പോസിയം വിലയിരുത്തി.
' നിര്‍മിതബുദ്ധിയുടെ വൈകാരികത അവയുടെ നൈതികപ്രശ്‌നങ്ങളും തത്ത്വശാസ്ത്രപരമായ പ്രത്യാഘാതങ്ങളും' എന്ന വിഷയത്തില്‍ പുനെ ജ്ഞാനദീപ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഡോളിച്ചന്‍ കൊള്ളാരേത്ത് എസ്.ജെ., ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പരിണാമവും സാമൂഹികനിര്‍മാണത്തില്‍ അവയുടെ സ്വാധീനവും എന്ന വിഷയത്തില്‍ പാലാ സെന്റ് ജോസഫ് (ഓട്ടോണമസ്) കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് - സൈബര്‍ സെക്യൂരിറ്റി വിഭാഗം പ്രൊഫസര്‍ ശബരിനാഥ് ജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരു വിശകലനം എന്ന വിഷയത്തില്‍ കോട്ടയം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സംഗീത ജോസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
സമാപനസമ്മേളനത്തില്‍ ഡയറക്ടര്‍ പ്രൊഫ. ഡോ. ജയിംസ് ജോണ്‍ മംഗലത്ത് അധ്യക്ഷനായിരുന്നു. പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ ഡോ വി.വി. ജോര്‍ജ്കുട്ടി മുഖ്യാതിഥിയായി. ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സയന്‍സ്&റിലിജിയന്‍ ഡയറക്ടര്‍ പ്രൊഫ. ഡോ. ജോബ് കോഴാംതടം എസ് ജെ, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോസഫ് പുരയിടത്തില്‍, ഓര്‍നൈസിങ് കമ്മിറ്റി സെക്രട്ടറി പ്രൊഫ. ഡോ. ജോബി പി പി എന്നിവര്‍ പ്രസംഗിച്ചു.