•  16 Jan 2025
  •  ദീപം 57
  •  നാളം 44
ലേഖനം

നിത്യമായ സ്വര്‍ഗീയവിരുന്നിലേക്ക്

വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് ആയിരുന്ന കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ നിത്യതയിലേക്ക് യാത്രയായി. അല്‍ഫോന്‍സാമ്മയും മദര്‍ തെരേസയും ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുമൊക്കെ വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടത് ഇദ്ദേഹത്തിന്റെ കാലത്താണ്. സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതും ഇദ്ദേഹമാണ്.

    2008 ഒക്‌ടോബര്‍ 12 ഞായറാഴ്ച വെളുപ്പിന്, ചരിത്രത്തിലാദ്യമായി ഇരുപതിലധികം നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സീറോ മലബാര്‍സഭയില്‍നിന്ന് ഒരു പുണ്യവതിയുടെ വര്‍ണചിത്രം വി. പത്രോസിന്റെ ബസിലിക്കായുടെ മട്ടുപ്പാവില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു. ആ കാഴ്ച നേരിട്ടോ അല്ലാതെയോ ദര്‍ശിച്ച ഭാരതീയര്‍ ആന്ദപുളകിതരായി. ''നമ്മുടെ അല്‍ഫോന്‍സാമ്മ ദാ അവിടെ'' എന്ന് എത്രയോപേര്‍ ഉള്ളില്‍ ഉരുവിട്ടിട്ടുണ്ടാകും!
    കേരളത്തിന്റെ അഭിമാനപുത്രി അല്‍ഫോന്‍സാമ്മയെ വിശുദ്ധപദവിയിലേക്കുയര്‍ത്തിയ അത്യദ്ഭുതകരമായ ചടങ്ങായിരുന്നു അത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ചത്വരത്തില്‍ പ്രത്യേകം തയ്യാറാക്കിയ അള്‍ത്താരയിങ്കല്‍ കര്‍ദിനാള്‍മാരാലും മെത്രാന്മാരാലും അനുഗതനായി ബനഡിക്ട് മാര്‍പാപ്പാ തിരുക്കര്‍മങ്ങള്‍ക്കു കാര്‍മികത്വം വഹിച്ചു. അല്‍ഫോന്‍സാമ്മയോടൊപ്പം ഗയത്താനോ എന്റികോ എന്ന ഇറ്റാലിയന്‍ വൈദികനും, സ്വിറ്റ്‌സര്‍ലണ്ടില്‍ ജനിച്ച് തെക്കേ അമേരിക്കയില്‍ സേവനം ചെയ്ത മേരി ബര്‍ണാര്‍ദ് ബ്യൂട്ട്‌ലര്‍ എന്ന സന്ന്യാസിനിയും ഇക്വദോറില്‍നിന്നുള്ള നര്‍ചീസ ദി ജേസൂസ് മര്‍ത്തിലോ മൊറാന്‍ എന്ന പുണ്യസ്ത്രീയും വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുകയുണ്ടായി. വിശുദ്ധപദപ്രഖ്യാപനം മാര്‍പാപ്പായുടെ തെറ്റാവരത്തോടെയുള്ള ഒരു പ്രഖ്യാപനമാണ്.
വിശദമായ പഠനങ്ങള്‍ക്കുശേഷം ഇവരെ വിശുദ്ധരായി പ്രഖ്യാപിക്കാന്‍ പരിശുദ്ധപിതാവിനോട് അഭ്യര്‍ഥിച്ചത് വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള തിരുസംഘത്തിന്റെ അധ്യക്ഷനായിരുന്ന ആര്‍ച്ചുബിഷപ് ആഞ്ചലോ അമാത്തോ ആയിരുന്നു. പരിശുദ്ധപിതാവു കഴിഞ്ഞാല്‍ ആ തിരുക്കര്‍മങ്ങളില്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം ഇദ്ദേഹമായിരുന്നു. ഈ വാഴ്ത്തപ്പെട്ടവരുടെ ഹ്രസ്വജീവചരിത്രം വളരെ സ്ഫുടമായി വായിച്ച് സമര്‍പ്പിച്ചത് ആര്‍ച്ചുബിഷപ് ആഞ്ചലോ അമാത്തോ ആയിരുന്നു.
    2008 മുതല്‍ 2018 ല്‍ എണ്‍പതു വയസ്സു പൂര്‍ത്തിയാകുന്നതുവരെ കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള തിരുസംഘത്തിന്റെ (ഡിക്കാസ്റ്ററി) അധ്യക്ഷനായിരുന്നു. 86-ാം വയസ്സില്‍ ബനഡിക്ട് പതിനാറാമന്റെ ചരമവാര്‍ഷികദിനമായ 2024 ഡിസംബര്‍ 31-ാം തീയതി അദ്ദേഹം ദിവംഗതനായപ്പോള്‍ 'ഇല്‍ മെസജേജരോ' എന്ന ഇറ്റാലിയന്‍ ദേശീയദിനപത്രം പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് മാര്‍പാപ്പായെ ഉദ്ധരിച്ചുകൊണ്ട് എഴുതിയത് ഇപ്രകാരമാണ്: ''ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധകന്യാമറിയവും കര്‍ദിനാള്‍ അമാത്തോ അള്‍ത്താരയിലെ വണക്കത്തിലേക്കു നയിച്ച വാഴ്ത്തപ്പെട്ടവരും വിശുദ്ധരും ചേര്‍ന്ന് അദ്ദേഹത്തെ നിത്യമായ സ്വര്‍ഗീയവിരുന്നിലേക്കു സ്വാഗതം ചെയ്യട്ടെ.'' ആ ഗണത്തില്‍ 913 വിശുദ്ധരുണ്ട്! ഇത്രയും ഉയര്‍ന്ന ഒരു സംഖ്യയ്ക്കു കാരണം 15-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ തുര്‍ക്കിയില്‍ കൊല്ലപ്പെട്ട 813 രക്തസാക്ഷികള്‍ ഇതില്‍ പെടുന്നതുകൊണ്ടാണ്. മദര്‍ തെരേസയും ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുമൊക്കെ വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടത് കര്‍ദിനാള്‍ അമാത്തോയുടെ കാലത്താണ്. 2017 നവംബര്‍ നാലിന് ഇന്‍ഡോറില്‍ സി. റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതും കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ ആയിരുന്നു.
    1938 ജൂണ്‍ എട്ടിന് തെക്കന്‍ ഇറ്റലിയിലെ ബാരിക്കു സമീപം മോള്‍ഫെത്തിയിലാണ് ആഞ്ചെലോ അമാത്തോ ജനിച്ചത്. സ്‌കൂള്‍വിദ്യാഭ്യാസത്തിനുശേഷം ബാറിയിലെ നോട്ടിക്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഞ്ചുവര്‍ഷം ദീര്‍ഘിക്കുന്ന ഒരു കോഴ്‌സിനു ചേര്‍ന്നു. എന്നാല്‍, മൂന്നാം വര്‍ഷം പഠനം നിര്‍ത്തി 1953 ല്‍ സലേഷ്യന്‍സഭയില്‍ ചേര്‍ന്നു. 1967 ഡിസംബര്‍ 21 ന് പൗരോഹിത്യം സ്വീകരിച്ചു. സലേഷ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ തിയോളജിയില്‍ ഡോക്ടറേറ്റു നേടിയ അദ്ദേഹം യൂണിവേഴ്‌സിറ്റിയുടെ ഡീനായും പ്രവര്‍ത്തിച്ചു. 2002 ല്‍ അദ്ദേഹത്തെ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ വിശ്വാസകാര്യങ്ങളുടെ തിരുസംഘത്തിന്റെ സെക്രട്ടറിയായി നിയമിച്ചു. അവിടെ കര്‍ദിനാള്‍ ജോസഫ് റാറ്റ്‌സിങ്ങറോടൊപ്പം 2005 വരെ പ്രവര്‍ത്തിച്ചു. 2008 ല്‍ വിശുദ്ധരുടെ നാമകരണനടപടികളുടെ പ്രീഫെക്ടായി ബെനഡിക്ട് പാപ്പാ അദ്ദേഹത്തെ നിയമിക്കുകയും 2010 ല്‍ കര്‍ദിനാള്‍പദവി നല്കുകയും ചെയ്തു.
     2013 ലെ കോണ്‍ക്ലേവില്‍ അദ്ദേഹം പങ്കെടുത്തു. ഫ്രാന്‍സീസ് പാപ്പാ കര്‍ദിനാള്‍ അമാത്തോയെ അഞ്ചുവര്‍ഷത്തേക്കു വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടായി വീണ്ടും നിയമിച്ചു.
   മഹാമനസ്‌കതയോടും സൂക്ഷ്മതയോടും നേര്‍മയോടുംകൂടി അദ്ദേഹം സഭയില്‍ സുവിശേഷത്തിനു സാക്ഷ്യം വഹിച്ചുവെന്നാണ് ഫ്രാന്‍സിസ് പാപ്പാ അനുശോചനസന്ദേശത്തില്‍ പറഞ്ഞത്.
    2025 ജനുവരി രണ്ടാം തീയതി സെന്റ് പീറ്റേഴ്‌സില്‍വച്ച് അദ്ദേഹത്തിന്റെ മൃതസംസ്‌കാരശുശ്രൂഷകള്‍ നടന്നു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)