നിഖ്യാസൂനഹദോസിന്റെ 1700-ാം വര്‍ഷം പ്രമാണിച്ച് നിഖ്യസൂനഹദോസിനെയും നിഖ്യാവിശ്വാസപ്രമാണത്തെയുംകുറിച്ചുള്ള ഒരു പഠനപരമ്പര
കത്തോലിക്കാസഭയുടെ ഇതുവരെയുള്ള 21 സാര്‍വത്രിക സൂനഹദോസുകളില്‍ ആദ്യത്തെ എട്ടെണ്ണത്തെ സഭയുടെ പ്രാചീനകാലകൗണ്‍സിലുകള്‍ എന്നാണു വിളിക്കുന്നത്. റോമാ, ബൈസന്റൈന്‍ ചക്രവര്‍ത്തിമാരാണ് ഇതു വിളിച്ചുകൂട്ടിയത്. ഇവയെല്ലാം നടന്നതും പൗരസ്ത്യറോമാസാമ്രാജ്യത്തിലെ ഒരു രാജ്യമായിരുന്ന ഏഷ്യാമൈനറിലെ നിഖ്യാ, കോണ്‍സ്റ്റാന്റിനോപ്പിള്‍, എഫേസൂസ്, കാല്‍സിഡന്‍ എന്നീ പട്ടണങ്ങളിലായിരുന്നു. ഈ എട്ട് കൗണ്‍സിലുകള്‍ ഇതിനുശേഷം നടന്നവയില്‍നിന്നു കുറേയൊക്കെ വ്യത്യസ്തമാണ്. കാരണം, പിന്നീടുള്ളവ മാര്‍പാപ്പാമാരാണ് വിളിച്ചുകൂട്ടിയത്. ഇങ്ങനെ ആദ്യത്തെ എട്ടു കൗണ്‍സിലുകളെ, അവയുടെ വിളിച്ചുകൂട്ടല്‍, നടത്തപ്പെട്ട സ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒറ്റയൂണിറ്റായി കണക്കാക്കാമെങ്കിലും ഇവയില്‍ ആദ്യത്തെ നാല് കൗണ്‍സിലുകളാണ് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നവ. അവയുടെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് ഗ്രിഗറി ഏഴാമന്‍ മാര്‍പാപ്പാ നാലു കൗണ്‍സിലുകളെ നാലു സുവിശേഷങ്ങളുമായി താരതമ്യപ്പെടുത്താറുണ്ട്. സഭയുടെ അടിസ്ഥാനവിശ്വാസസംഹിതകള്‍ ഇവയിലാണു നിര്‍വചിക്കപ്പെട്ടതും നല്കപ്പെട്ടതും. ത്രിത്വം, മനുഷ്യാവതാരം, ഈശോയുടെ സ്വഭാവം, വ്യക്തിത്വം തുടങ്ങിയ അടിസ്ഥാനവിശ്വാസസംബന്ധമായ കാര്യങ്ങളാണ് ഇവയില്‍ പ്രധാനമായി പ്രതിപാദിക്കപ്പെടുന്നത്. ഈ നാലു സൂനഹദോസുകളില്‍ ചര്‍ച്ചചെയ്യപ്പെട്ട മറ്റു കാര്യങ്ങള്‍ക്കു രണ്ടാം സ്ഥാനമേയുള്ളൂ. എന്നാല്‍, ഇവ വിളിച്ചുകൂട്ടിയത് ചക്രവര്‍ത്തിമാരായതിനാല്‍ ഇതിന്റെ പ്രാധാന്യം ഒട്ടും കുറയുന്നില്ല. റോമാചക്രവര്‍ത്തിമാര്‍ ഇവ വിളിച്ചുകൂട്ടാനുള്ള സാഹചര്യം വളരെ പ്രത്യേകമാണ്.
കോണ്‍സ്റ്റന്റയിന്‍ചക്രവര്‍ത്തിയുടെ കാലംവരെ സഭയ്ക്കു മതമര്‍ദനങ്ങളുടെ കാലമായിരുന്നു. അദ്ദേഹമാണ് മതമര്‍ദനങ്ങള്‍ നിയമപരമായി അവസാനിപ്പിച്ച് സഭയ്ക്കു റോമാസാമ്രാജ്യത്തില്‍ ഔദ്യോഗികമായി അംഗീകാരം നല്കിയത്. അദ്ദേഹമാണ് സഭയ്ക്കു സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും വളരാനും അവസരമൊരുക്കിയത്. അതിനുമുമ്പുതന്നെ വിവിധ പട്ടണങ്ങള്‍ അഥവാ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് സഭ വളര്‍ന്നുകൊണ്ടിരുന്നത്. റോം, അലക്‌സാണ്ട്രിയ, അന്ത്യോക്യാ, എദ്ദേസാ, ഹെരാക്ലിയ, അര്‍ബേല എന്നിവ ഉദാഹരണങ്ങളാണ്. മറ്റു സ്ഥലങ്ങളിലെ സഭകളും ഇവയോടു ബന്ധപ്പെട്ടാണു വളര്‍ന്നുവന്നത്. റോമിലെ സഭയ്ക്ക് മാര്‍പാപ്പാ നേതൃത്വം കൊടുത്തിരുന്നതുപോലെ മറ്റു പ്രധാനകേന്ദ്രങ്ങളിലെ സഭകള്‍ക്കും അവയോടു ബന്ധപ്പെട്ടിരുന്ന സഭകള്‍ക്കും നേതൃത്വം കൊടുത്തിരുന്നത് അവിടെയുള്ള മെത്രാപ്പോലീത്താമാരായിരുന്നു. അവരാണ് പിന്നീട് പാത്രിയര്‍ക്കീസുമാരായിത്തീര്‍ന്നത്. എന്നാല്‍, ഇവയെല്ലാം ഒരുപോലെ ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട അവസരങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നു മാത്രമല്ല, അതിന്റെ ആവശ്യവുമില്ലായിരുന്നു. ഇവയെ ഒരുമിപ്പിച്ചിരുന്ന ഘടകമായി പ്രവര്‍ത്തിച്ചത് റോമാചക്രവര്‍ത്തിമാരായിരുന്നു. കോണ്‍സ്റ്റന്റൈനോടുകൂടിയാണ് ഈ സ്ഥിതിവിശേഷം സംജാതമായത്. അതുകൊണ്ടാണ്, സഭയില്‍ ചില പ്രശ്‌നങ്ങള്‍ ഉരുത്തിരിഞ്ഞപ്പോള്‍ ചക്രവര്‍ത്തിമാര്‍തന്നെ എല്ലാസഭകളെയും ഒരുമിച്ചുകൂട്ടാന്‍ താത്പര്യം കാണിച്ചതും മുന്‍കൈയെടുത്തതും.
1. ദൈവശാസ്ത്രചിന്തകളുടെ തുടക്കം
'പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍' മാമ്മോദീസാ സ്വീകരിച്ചവരാണ് ആദ്യകാലങ്ങളില്‍ സഭയില്‍ അംഗങ്ങളായിക്കൊണ്ടിരുന്നത്. ഈ സഭയുടെ നാഥന്‍ (kyrios) ക്രിസ്തു എന്ന ചരിത്രവ്യക്തിയാണെന്നും, എന്നാല്‍ അതേസമയം ദൈവത്തിന്റെ അടുത്ത് ആയിരിക്കുന്നവനാണെന്നും ആദിമക്രിസ്ത്യാനികള്‍ വിശ്വസിച്ചിരുന്നു. എന്നാല്‍, രണ്ടാം നൂറ്റാണ്ടുമുതല്‍ ഈ ക്രിസ്തുവിനെക്കുറിച്ചു കൂടുതല്‍ ചിന്തിക്കാനും പ്രസംഗിക്കാനും തുടങ്ങി. ഈ ക്രിസ്തു ആരാണ്? പിതാവിന്റെതന്നെ ഭാഗമാണോ? പിതാവില്‍നിന്നു വ്യത്യസ്തനാണോ? ത്രിത്വത്തിലെ മൂന്നു പേര്‍ എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു? അവരെ വ്യത്യസ്തരാക്കുന്നത് എന്താണ്? ക്രിസ്തുവിന് ദൈവസ്വഭാവവും മനുഷ്യസ്വഭാവവുമുണ്ടോ? ദൈവസ്വഭാവവും മനുഷ്യസ്വഭാവവുമുണ്ടെങ്കില്‍ അവയ്ക്കു തുല്യമായ വ്യക്തിത്വങ്ങളുണ്ടോ? ഗ്രീക്ക് തത്ത്വചിന്ത പഠിപ്പിക്കുന്ന വചന(Logos))െത്തിന് ലോകത്തിന്റെ സ്രഷ്ടാവില്‍നിന്നുള്ള വ്യത്യാസമെന്താണ്? ക്രിസ്തുവിന്റെ സ്ഥാനം ദൈവത്തോടു ചേര്‍ന്നാണോ? അതോ, ദൈവത്തിന്റെയും മനുഷ്യരുടെയും ഇടയ്ക്കാണോ? ഇതിന് ഉത്തരമായി സബേല്ലിയൂസ് പറഞ്ഞു: 'പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവത്തിന്റെ മൂന്നു രൂപങ്ങളാണ്' (modes, manifestations).. ആരിയൂസ് എന്ന വൈദികന്‍, ഈ കാലത്ത് തന്റെ ഗുരുവായ അന്ത്യോക്യായിലെ ലൂഷ്യന്റെ ആശയത്തോടു യോജിച്ചുകൊണ്ട് വളരെ വ്യത്യസ്തമായ കാഴ്ചപ്പാടു വ്യക്തമാക്കി. അതാണ് പിന്നീട് ആര്യനിസം എന്ന പേരിലറിയപ്പെട്ട പാഷണ്ഡത ആയിത്തീര്‍ന്നത്.
ത്രിത്വത്തിലെ മൂന്ന് ആളുകളെപ്പറ്റി, പ്രത്യേകിച്ച് മനുഷ്യനായി അവതരിച്ച പുത്രനെപ്പറ്റി അതുവരെ ആരും ഗൗരവമായി ചിന്തിക്കാനോ പറയാനോ ധൈര്യപ്പെടാതിരുന്ന കാലത്താണ് ആരിയൂസ് അതിനു മുതിര്‍ന്നത്. അദ്ദേഹത്തിന്റെ പഠനങ്ങള്‍ പിന്നീട് സഭ ഔദ്യോഗികമായി തള്ളിക്കളഞ്ഞെങ്കിലും ദൈവശാസ്ത്രപഠനത്തിനും വിചിന്തനത്തിനും വഴിതുറന്നത് അദ്ദേഹമാണ്. അതിന് ആദ്യം ധൈര്യപ്പെട്ടത് അദ്ദേഹമാണ് എന്നതാണ് ആരിയൂസിന്റെ പ്രസക്തി. പുത്രനു പിതാവിനോടുള്ള ബന്ധം എന്താണ്; പുത്രന്‍ എങ്ങനെ പിതാവില്‍നിന്നു വ്യത്യസ്തനായിരിക്കുന്നു; പുത്രന് ഏതെല്ലാം കാര്യങ്ങളിലാണ് പിതാവിനോടു സാദൃശ്യം തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹം ആദ്യമായി വിചിന്തനം ചെയ്തത്. ഗ്രീക്ക് തത്ത്വശാസ്ത്രത്തിലെ 'സബ് ഓര്‍ഡിനേഷനിസം' എന്ന തത്ത്വമാണ് തന്റെ ചിന്തയ്ക്ക് ഉപോദ്ബലകമായി അദ്ദേഹം സ്വീകരിച്ചത്.
2. ആര്യനിസം
ഈ തത്ത്വമനുസരിച്ച്, പുത്രന്‍ പിതാവിനെക്കാള്‍ ഒരുപടി താഴെയാണ് അഥവാ പിതാവിനെക്കാള്‍ താഴ്ന്നവനാണ് (subordinate).. എങ്കില്‍, പുത്രന്‍ (വചനം) പിതാവിനോടു സദൃശനല്ല. ദൈവം അമര്‍ത്ത്യനാണ്; പുത്രന്‍ മര്‍ത്ത്യനാണ്. അതുകൊണ്ടാണ് പുത്രന്‍ മരിച്ചത്. പിതാവിന്റെ വിശേഷണമായ നിത്യത (eternity) പുത്രനില്ല. കാരണം, പുത്രന്‍ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. എങ്കില്‍, അമര്‍ത്ത്യന്റെയും (ദൈവം) മര്‍ത്ത്യന്റെയും (പുത്രന്‍) സത്ത (substance) ഒന്നല്ല. അതായത്, പിതാവിന്റെ സത്തയല്ല വചനമായി അവതരിച്ച പുത്രന്. പുത്രന്‍ നിത്യനല്ലെങ്കില്‍ പിന്നെ ഒരു സൃഷ്ടിമാത്രമാണ്. എന്നാല്‍, ഏറ്റവും നല്ല സൃഷ്ടി; കാരണം, ഈ സൃഷ്ടിയെ ഉപയോഗിച്ചാണു ദൈവം ബാക്കി എല്ലാറ്റിനെയും സൃഷ്ടിച്ചത്. പിതാവ് പുത്രനെ ഇല്ലായ്മയില്‍നിന്നാണ് സൃഷ്ടിച്ചത്. അതു പുത്രന്റെ മഹത്ത്വം വര്‍ധിപ്പിക്കുന്നു. പുത്രന്‍ പിതാവില്‍നിന്നു വ്യത്യസ്തനാണ്, എന്നാല്‍, ഈ പുത്രന്‍ പിതാവിനോടു ബന്ധപ്പെട്ടിരിക്കുന്നു. കാരണം, ആദ്യസൃഷ്ടിയായ, ശ്രേഷ്ഠസൃഷ്ടിയായ ഈ പുത്രന്റെ മഹത്ത്വംകൊണ്ട് പിതാവ് പുത്രനെ ദത്തെടുത്തിരിക്കുന്നു എന്നു പറയാം. അതിനാല്‍ പിതാവും പുത്രനും തമ്മിലുള്ള ബന്ധം ഇച്ഛയുടേതാണ്; അതായത്, പിതാവിന്റെ ഇച്ഛയോടു യോജിക്കുന്ന പുത്രന്‍. അഥവാ രണ്ടുപേര്‍ക്കും ഒരേ ഇച്ഛയാണുള്ളത്. ഒരേ ഇച്ഛയുള്ള, അതേസമയം ഏറ്റവും ശ്രേഷ്ഠമായ സൃഷ്ടിയായ ഈ വചനത്തെ പിതാവ് പ്രത്യേക വരത്താല്‍ പുത്രനായി സ്വീകരിച്ചിരിക്കുന്നു. അവനെ വേണമെങ്കില്‍ പുത്രനെന്നു വിളിക്കാം. എന്നാല്‍, കൃത്യമായ അര്‍ഥത്തിലല്ല; ആലങ്കാരികമായി (metaphorically) അഥവാ ധാര്‍മികമായി (morally)മാത്രം.
തന്റെ പല പ്രസംഗങ്ങളിലൂടെയും കവിതകളിലൂടെയും ആരിയൂസ് ഈ നവീനാശയം പ്രചരിപ്പിച്ചു. ഇതുവരെ ആരും പറയാത്തതും പഠിപ്പിക്കാത്തതുമായ വചനത്തെ സംബന്ധിക്കുന്ന ഇക്കാര്യങ്ങള്‍ ശ്രോതാക്കള്‍ക്കു സ്വീകാര്യമായിത്തോന്നി. 315 ലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ആദ്യമായി പഠിപ്പിച്ചുതുടങ്ങിയത്. 'താലിയ' എന്ന ഒരു കൃതിയിലാണ് അദ്ദേഹം തന്റെ പഠനങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്. എന്നാല്‍, താമസിയാതെതന്നെ അദ്ദേഹത്തിന്റെ പഠനങ്ങള്‍ അധികാരികള്‍ക്ക് അസ്വീകാര്യമായിത്തോന്നി. അലക്‌സാണ്ട്രിയായിലെ ബിഷപ്പായിരുന്ന അലക്‌സാണ്ടര്‍ 318-ല്‍ ഒരു സിനഡ് വിളിച്ചുകൂട്ടി ആരിയൂസിന്റെ ആശയങ്ങള്‍ തെറ്റാണെന്നു പ്രഖ്യാപിക്കുകയും അദ്ദേഹത്തെ പുറംതള്ളുകയും ചെയ്തു. നൂറു വൈദികര്‍ (presbyters) ഇതില്‍ പങ്കെടുത്തുവെന്നാണു ചരിത്രം പറയുന്നത്.
ആരിയൂസിന്റെ പഠനങ്ങള്‍ അലക്‌സാണ്ട്രിയന്‍ഭരണാധികാരികള്‍ക്കു സ്വീകാര്യമായിരുന്നില്ല എങ്കിലും, മറ്റു പലകേന്ദ്രങ്ങളില്‍നിന്നും അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്കു വലിയ സ്വീകരണം ലഭിച്ചു. നിക്കോമേദിയായിലെ മെത്രാനായിരുന്ന എവുസേബിയൂസ് അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ച ഒരു വലിയ വ്യക്തിയായിരുന്നു. അദ്ദേഹം ഒരു കൗണ്‍സില്‍ വിളിച്ചുകൂട്ടി ആരിയൂസിന്റെ പഠനങ്ങളെ അനുകൂലിച്ചു. അധികാരികളുടെ ഈ വ്യത്യസ്തകാഴ്ചപ്പാടുകള്‍ ദൈവശാസ്ത്രപരമായിരുന്നില്ല; രാഷ്ട്രീയമായിരുന്നു എന്നാണ് പിന്നീടുള്ള ചരിത്രം വ്യക്തമാക്കുന്നത്. ആരിയൂസിന്റെ പഠനങ്ങള്‍ക്കു കൂടുതല്‍ പ്രചാരം ലഭിച്ചുകൊണ്ടിരുന്നു. അന്നത്തെ ചക്രവര്‍ത്തിയുടെ ഒരു വിശ്വസ്ത ഉപദേഷ്ടാവായിരുന്ന കൊര്‍ദോവയിലെ ഹോസിയൂസ് മെത്രാന്‍ ആരിയൂസുമായി ഒരു മധ്യസ്ഥശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. സഭയില്‍ ആരിയൂസിന്റെ പഠനങ്ങള്‍ സ്വീകരിക്കുന്നവരും അല്ലാത്തവരും എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുണ്ടായി. അലക്‌സാണ്ട്രിയായിലെ മെത്രാന്‍ അലക്‌സാണ്ടറിനെയും കൊര്‍ദോവായിലെ മെത്രാന്‍ ഹോസിയൂസിനെയും കൂടാതെ ആരിയൂസിനെ എതിര്‍ത്ത പ്രമുഖരില്‍ ഒരാളാണ് അത്തനേഷ്യസ്. നിക്കോമേദിയായിലെ മെത്രാനായിരുന്ന എവുസേബിയൂസ് ആരിയൂസിന്റെ ആശയങ്ങള്‍ സ്വീകരിച്ച പ്രമുഖരില്‍ ഒരാളാണെങ്കില്‍, കേസറിയായിലെ എവുസേബിയൂസ് ഒരു മധ്യസ്ഥനിലപാടാണു പുലര്‍ത്തിയത്. അങ്ങനെ അന്നു സഭയില്‍ ഈ പുതിയ ആശയങ്ങളുടെ ഫലമായി വളരെയെറെ അസ്വസ്ഥതകളും പ്രശ്‌നങ്ങളുമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് അന്നത്തെ റോമന്‍ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റന്റൈന്‍ ഒരു സാര്‍വത്രികസൂനഹദോസുവഴി എല്ലാ മെത്രാന്മാരെയും വിളിച്ചുകൂട്ടി പ്രശ്‌നപരിഹാരത്തിനും സഭയില്‍ ഐക്യത്തിനും സമാധാനത്തിനും ശ്രമിച്ചത്.
(തുടരും)