•  16 Jan 2025
  •  ദീപം 57
  •  നാളം 44
ലേഖനം

അകവെട്ടം അന്വേഷിക്കുന്നവരാകണം

ദനഹാത്തിരുനാളില്‍ പാലാ ഭദ്രാസനപ്പള്ളിയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്  വിശുദ്ധ കുര്‍ബാനമധ്യേ നല്കിയ സന്ദേശത്തില്‍നിന്ന്:

    നമ്മുടെ കര്‍ത്താവിന്റെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളുകളിലൊന്നാണ് ദനഹാ. നിരവധി പ്രാദേശികപാരമ്പര്യങ്ങള്‍ക്കൂടി ഒന്നിച്ചുചേര്‍ത്ത് ആഘോഷിക്കുന്ന ഒരു കീഴ്‌വഴക്കമാണ് നമ്മുടെ ഭദ്രാസനദൈവാലയത്തിനുള്ളത്. പാലാ ഭദ്രാസനത്തിന്റെ ദനഹാത്തിരുനാള്‍ ഇവിടെ മാത്രമല്ല, ഇതരരൂപതകളിലും സംസാരവിഷയമായിട്ടുള്ളതും പലരും ഇവിടെ വന്നു കാണാനും കേള്‍ക്കാനും പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനുമൊക്കെ ആഗ്രഹിക്കുന്നതുമാണ്. 
ഏറ്റവും വലിയദൈവശാസ്ത്രം വെളിപ്പെടുത്തപ്പെട്ടത് ഈശോയുടെ മാമ്മോദീസായിലാണ്. ദനഹാ എന്ന വാക്കിന്റെ അര്‍ഥംതന്നെ അതാണ്. ദൈവം പിതാവും പുത്രനും പരിശുദ്ധറൂഹായുമാണെന്ന് ഈശോയുടെ മാമ്മോദീസാവേളയില്‍ നമ്മള്‍  മനസ്സിലാക്കുന്നു.
പുതിയനിയമത്തില്‍, പൗരസ്ത്യദൈവശാസ്ത്രമേഖലകളില്‍ ദനഹാത്തിരുനാള്‍ ഈശോയുടെ മാമ്മോദീസയാണ്. പാശ്ചാത്യസഭയില്‍ പ്രധാനമായും ഈ തിരുനാള്‍ പൂജരാജാക്കന്മാരുടെ സന്ദര്‍ശനമാണ്. പുതിയ നിയമത്തിലെ വലിയൊരു വെളിപ്പെടുത്തലാണിത്. 'ദ്‌നഹ്' എന്ന സുറിയാനിമൂലത്തില്‍നിന്നാണ് ദനഹാ  എന്ന വാക്കുണ്ടായത്.
     പഴയനിയമത്തില്‍ ദൈവം പല പ്രകാരേണ വെളിപ്പെടുത്തുന്നുണ്ട്. കത്തുന്ന മുള്‍പ്പടര്‍പ്പില്‍, മിന്നല്‍പ്പിണറുകളില്‍, ഇടിമുഴക്കത്തില്‍, അഗ്നിസ്തംഭത്തില്‍, മേഘത്തൂണുകളില്‍, സമാഗമ കൂടാരങ്ങളില്‍, മരുഭൂമിയിലെ മന്നയിലും കാടപ്പക്ഷിയിലുമെല്ലാം വലിയ വെളിപ്പെടുത്തലുകള്‍ പഴയനിയമത്തില്‍ നാം കാണുന്നു. ഇതിന്റെയെല്ലാം ഒരു പൂര്‍ത്തീകരണമാണ് പുതിയ നിയമത്തില്‍ നാം കണ്ട് അനുഭവിച്ചത്.
     ദൈവം പിതാവും പുത്രനും പരിശുദ്ധറൂഹായുമാണെന്നുള്ള അടിസ്ഥാനപരമായ ആ വലിയ സത്യത്തിലേക്ക് നമ്മള്‍ എത്തുന്നത് ഈശോയുടെ മാമ്മോദീസായിലാണ്. ഇന്നത്തെ ലിറ്റര്‍ജിയാണ് ഈ ദനഹായുടെ സത്യം നമുക്കു വെളിപ്പെടുത്തിത്തരുന്നത്. പുരാതനമായ ഒരു പ്രാര്‍ഥന ഞാനിവിടെ ചൊല്ലാം: ''കുരുടനായ മനുഷ്യന് പുതിയ കൃഷ്ണമണികളെ സൃഷ്ടിച്ചതുപോലെ എന്നില്‍ പുതിയ കണ്ണുകളെ സൃഷ്ടിക്കണമേ. എന്റെ പുറമേയുള്ള ചെവികളെ നീ അടയ്ക്കുകയും അകമേയുള്ള ചെവികളെ തുറക്കുകയും ചെയ്യണമേ. നമുക്ക് അകവെട്ടം തേടാനാകണം.'' അതിമനോഹരമായ ഒരു പ്രാര്‍ഥനയാണിത്. അകവെട്ടം - ഘൗാശിീൗ െഋ്യല  ആണിത്. ഉള്ളിലുള്ള വെളിച്ചം, ഹൃദയത്തിലുള്ള വെളിച്ചം നാം അന്വേഷിച്ചുകൊണ്ടിരിക്കണം. നമുക്ക് വ്യക്തിജീവിതത്തിലും ഇടവകകളിലും രൂപതകളിലും സഭയിലുമെല്ലാം അകവെട്ടം കുറെയെല്ലാം നഷ്ടപ്പെടുന്നുണ്ട്. അകവെട്ടം നഷ്ടപ്പെടുന്നവര്‍ ആരാണെങ്കിലും തേജോമയമായ സൗന്ദര്യത്തെ - ഈശോയെ - കാണാനും അനുഭവിക്കാനും സാധിക്കില്ല. നഷ്ടപ്പെട്ട ആത്മീയ പരിപക്വത നാം തിരിച്ചുപിടിക്കണം. അതാണ് ദനഹാ. ദൈവം പിതാവും പുത്രനും പരിശുദ്ധ റൂഹായുമാണെന്ന് ഗൗരവപൂര്‍വം വിശ്വസിക്കാതിരിക്കുകയും പഠിക്കാതിരിക്കുകയും പഠിപ്പിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ഈ അകവെട്ടം നമുക്കു നഷ്ടപ്പെടുകയാണ്. ദൈവത്തോടു സംസാരിക്കുന്നതില്‍നിന്ന് നാം മാറിനില്‍ക്കുകയാണ്.  ഈശോ ദൈവമാണെന്നുള്ള കാര്യം നമ്മള്‍ പറയാതെ വിടുകയാണ്. ഈശോ നല്ല മനുഷ്യനാണ് എന്ന കാര്യം നിരന്തരം പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഈ ദനഹാ അതിനെല്ലാമുള്ള ഒരു തിരുത്തലാണ്.
     ദനഹായുടെ സായാഹ്നപ്രാര്‍ഥന(റംശ)യില്‍ നമ്മള്‍ പ്രാര്‍ഥിക്കുന്നു: ഞങ്ങളുടെ കര്‍ത്താവായ ദൈവമേ, നിന്റെ മാമ്മോദീസായാല്‍ എല്ലാ സമുദ്രങ്ങളും നദികളും അരുവികളും ജലത്തിന്റെ എല്ലാ ഉറവകളും വിശുദ്ധീകരിക്കപ്പെട്ടു. അവയെയെല്ലാം പരിശുദ്ധനാക്കിയവനേ, നിന്റെ പരിശുദ്ധിയാല്‍ ഞങ്ങളെ വിശുദ്ധീകരിക്കണമേ.ഞങ്ങളുടെ അധരങ്ങളെ എപ്പോഴും നിന്റെ പരിശുദ്ധിയുടെ ഉറവിടമാക്കണമേ.' അതാണ് ദനഹാത്തിരുനാള്‍. തോന്നുന്നതെല്ലാം സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. എന്തെല്ലാമാണ് ആളുകള്‍ എഴുതിക്കൂട്ടുന്നത്! അധരങ്ങളുടെ, മനസ്സുകളുടെ, നാവുകളുടെ പരിച്‌ഛേദനവും വിശുദ്ധീകരണവും നഷ്ടപ്പെടുമ്പോള്‍, ആര്‍ക്കും എന്തും എവിടെവച്ചും പറയാം. അങ്ങനെയുള്ളവരെല്ലാം അകവെട്ടം നഷ്ടപ്പെടുത്തി ജീവിക്കുന്നവരാണ്.
     ദനഹാത്തിരുനാളിന് നെസ്‌തോറിയസിന്റെ കുര്‍ബാനക്രമമാണ് നാം അനുഷ്ഠിക്കുന്നത്. ആണ്ടുവട്ടത്തില്‍ നാലഞ്ചുദിവസങ്ങളില്‍ മാത്രമേ ആ കുര്‍ബാനക്രമം നാം ഉപയോഗിക്കുന്നുള്ളൂ. ദനഹായിലാണ് അതിന്റെ ആദ്യ ത്തെ ഉപയോഗം. ഒന്നുരണ്ടു ചെറിയ പ്രാര്‍ഥനകള്‍ ഇതാണ്: 'ഇവിടെ ഞങ്ങള്‍ കണ്ണാടിയിലെന്നപോലെ അവ്യക്തമായി അനുഭവിക്കുന്നവയ്ക്ക് അവിടെ തെളിവായി സ്വര്‍ഗത്തിലുള്ള അതിവിശുദ്ധസ്ഥലം പ്രാപിക്കാന്‍ ഞങ്ങളെ യോഗ്യരാക്കണമേ.' അതുപോലെ, വി. കുര്‍ബാനയില്‍, 'ഞങ്ങളുടെ അന്ധമായിരുന്ന മനോനേത്രങ്ങള്‍ തുറന്ന് രക്ഷയുടെ മാര്‍ഗം തെളിയിക്കുകയും ദൈവികജ്ഞാനത്തിന്റെ പ്രകാശത്തില്‍ ഞങ്ങളെ ദീപ്തമാക്കുകയും ചെയ്യണമേ'യെന്നു പ്രാര്‍ഥിക്കുന്നു. അന്ധമായിരുന്ന മനോനേത്രങ്ങള്‍ തുറക്കപ്പെടേണ്ട ദിവസമാണ് ദനഹാ. കുര്‍ബാനയില്‍ നമ്മള്‍ പ്രാര്‍ഥിക്കുന്നുണ്ട്; 'കരയിലും കടലിലും  ആകാശത്തും യാത്ര ചെയ്യുന്നവരെ നീ സംരക്ഷിക്കണമേ.' വളരെ കോസ്മിക് ആയിട്ടുള്ള ഒരു അപേക്ഷ വിശുദ്ധകുര്‍ബാനയുടെ നടുവില്‍ നമ്മള്‍ നടത്തുന്നുണ്ട്; 'വീണവരെ എഴുന്നേല്പിക്കണേ, നില്‍ക്കുന്നവരെ വീഴാതെ കാത്തുകൊള്ളണമേ.'
     ആധ്യാത്മികസമ്പത്ത് നിറഞ്ഞുനിന്നിരുന്ന നെസ്‌തോറിയസും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുമെല്ലാം ചേര്‍ന്ന് രൂപീകരിച്ച ആ കുര്‍ബാനയുടെ ഓരോ വാക്യവും രക്ഷാകരപദ്ധതിയില്‍ സമ്പൂര്‍ണമായിട്ടും നിറച്ചുവച്ചിരിക്കുന്നതുപോലെ നമുക്ക് അനുഭവപ്പെടും. അതുകൊണ്ടാണ്, ദനഹായില്‍ നെസ്‌തോറിയസിന്റെ കുര്‍ബാനക്രമം പൗരസ്ത്യസുറിയാനിസഭകളെല്ലാം ആഘോഷിക്കണമെന്നു പറയുന്നത്. അതിനെക്കാള്‍ വലിയ ദനഹാ മറ്റൊന്നുമില്ല, പരിശുദ്ധ ബെനഡിക്ട് പിതാവ് ഒരിക്കല്‍ പറഞ്ഞു: ''മാമ്മോദീസാ ഒരു സോഷ്യല്‍ കൂട്ടായ്മ മാത്രമായി ഇന്ന് താഴ്ന്നുപോവുകയാണ്. ഒരു പ്രാധാന്യവുമില്ലാതെ ആരെയെങ്കിലും നിര്‍ബന്ധിച്ച് തലതൊട്ടപ്പനും തലതൊട്ടമ്മയുമാക്കി പള്ളിയില്‍ പറഞ്ഞുവിടും. അതു കഴിഞ്ഞു വീട്ടില്‍ വലിയ ആഘോഷമാണ്. പക്ഷേ, പള്ളിയില്‍ നടക്കുന്ന കാര്യമാണ് ദനഹായെന്നും അവിടെയാണ് ആ കുഞ്ഞ് പരിശുദ്ധത്രിത്വത്തെ ഉള്‍ക്കൊള്ളുന്നതെന്നും ആരും മനസ്സിലാക്കുന്നില്ല. ഇതെല്ലാം വേണ്ടരീതിയില്‍ പഠിപ്പിക്കാതെ വീട്ടില്‍ ഒരു വിരുന്ന് വിളമ്പുന്നതാണ് മാമ്മോദീസ എന്ന രീതിയില്‍ ആയിത്തീര്‍ന്നിരിക്കുന്നു. 
    നിത്യതയുടെ കാതലായ പരിശുദ്ധത്രിത്വത്തെക്കുറിച്ചു നാം ചിന്തിക്കണം. ഈശോ വെള്ളത്തിലിറങ്ങിയപ്പോള്‍ അതാണു സംഭവിച്ചത്. സ്വര്‍ഗം തുറന്നു, ദൈവത്തിന്റെ ആത്മാവ് ഇറങ്ങി വന്നു. ദൈവപിതാവിന്റെ സ്വരം കേട്ടു. അതാണ് പരിശുദ്ധ ത്രിത്വം - ഈശോയും റൂഹായും ദൈവപിതാവും. ഇതാണ് മാമ്മോദീസാ എന്നു പഠിപ്പിക്കാതെ ആഘോഷങ്ങളിലേക്കു വഴുതിമാറുമ്പോള്‍ നമ്മുടെ ആധ്യാത്മികജീവിതത്തിന്റെ അടിസ്ഥാനം നാം വിട്ടുകളയുകയാണ്.
ഹൃദയപരിവര്‍ത്തനത്തിലേക്കു വിശ്വാസികളെ നയിക്കണം. പരിശുദ്ധപിതാവുതന്നെ പറഞ്ഞു. ശരീരമാണ് ദൈവാലയമെങ്കില്‍ ഹൃദയമാണ് അള്‍ത്താര. ഓരോ വ്യക്തിയും അങ്ങനെയാണ്. അങ്ങനെയുള്ള അടിസ്ഥാനപരമായ ചിന്തകള്‍ നമ്മെ പഠിപ്പിക്കുന്നതിനുള്ള ഏറ്റവും വലിയ തിരുനാളാണിത്. ഈശോ യോഹന്നാന്റെ മുമ്പില്‍ വന്നപ്പോള്‍ സ്വാഭാവികമായി യോഹന്നാന് അതു പ്രയാസമുണ്ടാക്കി. ഇന്നത്തെ തിരുവചനത്തില്‍ നാം കേട്ടു: നിന്നില്‍നിന്നു ഞാനല്ലയോ മാമ്മോദീസാ സ്വീകരിക്കേണ്ടത്? നീ എന്നില്‍നിന്നു മാമ്മോദീസാ ആവശ്യപ്പെടുന്നത് പ്രയാസമുള്ള കാര്യമാണ് എന്നു പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ നോക്കിയപ്പോള്‍ ഈശോ പറഞ്ഞു: ''ഇപ്പോള്‍ ഇത് സമ്മതിക്കുക.'' ഇത് ലോകത്തിന്റെ അവസാനംവരെ കേള്‍പ്പിക്കുന്ന  ഒരു സ്വരമാണ്. ഏറ്റവും വലിയ 'ഫീസ്റ്റ് ഡേ' ആയി ഈ തിരുനാള്‍ മാറുന്നതും ഈ തിരുവചനംകൊണ്ടാണ്. ഈ വചനം എല്ലാ ക്രൈസ്തവരുടെയും മാമ്മോദീസായുടെ അടിസ്ഥാനപരമായ സംഗതിയായി മാറുകയാണ്. 
    ഹെബ്രായലേഖനകര്‍ത്താവ്, 10:7 ല്‍ പറഞ്ഞിരിക്കുന്നു: ''പുസ്തകത്തിന്റെ ആരംഭത്തില്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ, ഞാന്‍ പറഞ്ഞു: ദൈവമേ, അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍ ഇതാ ഞാന്‍ വന്നിരിക്കുന്നു.'' 'ഇതാ കര്‍ത്താവിന്റെ ദാസി' എന്നു പറഞ്ഞ പരിശുദ്ധ അമ്മയുടെയും മനോഭാവം അതായിരുന്നല്ലോ. 
പൂര്‍വകാലങ്ങളില്‍ വിശേഷവിധിയായും കര്‍ത്താവ് ജോര്‍ദാന്‍ നദിയില്‍ ഇറങ്ങിയതിന്റെ ഓര്‍മയായിട്ടും രാക്കുളിത്തിരുനാള്‍ നടത്തുമായിരുന്നു. രാക്കുളി - രാത്രിയിലുള്ള കുളി - നമ്മുടെ ഈ കിഴക്കന്‍ പ്രദേശങ്ങളില്‍, മീനച്ചിലാറിനോടു ബന്ധപ്പെട്ടു കിടന്ന പള്ളികളിലെല്ലാം നടത്തിയിരുന്നു. ഈശോ ജോര്‍ദാനില്‍ വന്ന് മുങ്ങി എഴുന്നേറ്റു നിന്നതുപോലെ നമ്മുടെ കുടുംബങ്ങളിലെ പുരുഷന്മാര്‍ മീനച്ചിലാറ്റില്‍ ഇറങ്ങി മുങ്ങിക്കുളിച്ച് ദേഹശുദ്ധി വരുത്തി പള്ളിയില്‍ കയറുന്ന പാരമ്പര്യമാണ് രാക്കുളിത്തിരുനാള്‍. നസ്രാണികളുടെ ഈറ്റില്ലമെന്നു വിശേഷിപ്പിക്കുന്ന മീനച്ചില്‍ താലൂക്കിന്റെ ഏറ്റവും സജീവത്തായ ഓര്‍മയാചരണമാണിത്. യഹൂദ, ഭാരതീയപാരമ്പര്യങ്ങളുടെ തുടര്‍ച്ചയാണിത്. നസ്രാണിത്വത്തിന്റെ സ്വത്വമാണ് വെള്ളവസ്ത്രമണിഞ്ഞ് കുളിച്ച് ദേഹശുദ്ധി വരുത്തി പള്ളിയില്‍ കയറണമെന്ന പാരമ്പര്യം. രാക്കുളിത്തിരുനാളില്‍ ഈ പാരമ്പര്യമാണ് ഇന്നും ആചരിക്കപ്പെടുന്നത്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)