•  16 Jan 2025
  •  ദീപം 57
  •  നാളം 44
ലേഖനം

കലൂര്‍ സ്റ്റേഡിയം അപകടം: ഇവിടെ ആര്‍ക്കാണ് വീഴ്ച സംഭവിച്ചത് ?

    കൊച്ചി കലൂരിലെ അന്താരാഷ്ട്രസ്റ്റേഡിയത്തില്‍ ഡിസംബര്‍ 29 ന് ഗിന്നസ് റെക്കോര്‍ഡ് നേടാനായി 11600 ഭരതനാട്യം നര്‍ത്തകരെ ഒന്നിച്ചണിനിരത്തിയുള്ള നൃത്തപരിപാടിയുടെ ഉദ്ഘാടനം നടക്കേണ്ടിയിരുന്ന വേദിയില്‍ വിശിഷ്ടാതിഥിയായി എത്തിയ ഉമാ തോമസ് എംഎല്‍എ പതിനഞ്ചടിയോളം ഉയരത്തില്‍
നിന്നു വീണു ഗുരുതരമായി പരിക്കേറ്റത് അക്ഷരാര്‍ഥത്തില്‍ കേരളത്തെ ഞെട്ടിച്ചുകളഞ്ഞു.പാലാരിവട്ടം റിനയ് മെഡിസിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും മറ്റു സ്റ്റാഫിന്റെയും ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയ വിദഗ്ധഡോക്ടര്‍മാരുടെയും മികച്ച ചികിത്സയും ശുശ്രൂഷയുംകൊണ്ടും പതിനായിരക്കണക്കിനാളുകളുടെ പ്രാര്‍ഥനകൊണ്ടും അദ്ഭുതകരമായ നിലയില്‍ ഉമാ തോമസിന്റെ ജീവന്‍ രക്ഷപ്പെട്ടുകിട്ടിയെന്നത് ആശ്വാസകരമാണ്.
    എന്നാല്‍, അപകടം നടന്നതിന്റെ അടുത്തദിവസങ്ങളില്‍ ടെലിവിഷന്‍ ചാനലുകളില്‍ക്കൂടിയും സമൂഹമാധ്യമങ്ങളില്‍ക്കൂടിയും നടന്നതെന്താണെന്ന് കേരളത്തിലെ വലിയ ഒരു വിഭാഗം ജനങ്ങള്‍ കണ്ടു. അപ്പോള്‍ ജനങ്ങള്‍ക്കു നേരിട്ടു ബോധ്യമായി ഈ അപകടത്തിനിടയാക്കിയത് നൃത്തപരിപാടി സംഘടിപ്പിച്ച മൃദംഗവിഷന്‍ സംഘടനയുടെയും സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ വിശാലകൊച്ചി
    വികസന അതോറിറ്റിയുടെയും (ജി.സി.ഡി.എ.) വീഴ്ചയാണെന്ന്. സ്റ്റേജുനിര്‍മാണത്തിലടക്കമുള്ള സുരക്ഷാവീഴ്ചയും, ജിസിഡിഎയുടെ ഭാഗത്തുനിന്നുണ്ടായ നോട്ടക്കുറവും ഉത്തരവാദിത്വമില്ലായ്മയും മനപൂര്‍വമുള്ള നരഹത്യാശ്രമത്തിനു കേസെടുക്കാവുന്നവിധം ഗൗരവമുള്ളതായിരുന്നു.
സ്റ്റേഡിയത്തിന്റെ ഗാലറിക്കുമുകളില്‍ അശാസ്ത്രീയമായി കെട്ടിയുയര്‍ത്തിയ സ്റ്റേജായിരുന്നു ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളെല്ലാം ഇരിക്കേണ്ടുന്ന ഉദ്ഘാടനവേദി. ഉയരത്തില്‍ നിര്‍മിക്കുന്ന വേദികളില്‍നിന്ന് ആളുകള്‍ വീണ് അപകടം
    ഉണ്ടാകാതിരിക്കാന്‍ ചുറ്റും ഉറപ്പും ബലവുമുള്ള ബാരിക്കേഡുകള്‍ നിര്‍മിക്കണമെന്നത് സുരക്ഷയ്ക്കുള്ള  പ്രാഥമികനടപടിയാണ്. അപകടം ഉണ്ടായതിന്റെ 
വീഡിയോദൃശ്യങ്ങള്‍ കാണുമ്പോഴറിയാം, സ്റ്റേജിന്റെ മുന്‍നിരയിലിരിക്കുന്നവരുടെ മുന്നിലൂടെ ഒരാള്‍ക്കു നടന്നുനീങ്ങാന്‍ എത്ര ബുദ്ധിമുട്ടാണെന്ന്.
ഉദ്ഘാടനവേദിയിലേക്കു വന്ന ഉമാ തോമസ് മുന്‍നിരയില്‍ ഒരുവശത്ത് വന്നിരുന്നപ്പോഴാണ് പരിപാടിയുടെ  ഉദ്ഘാടകനായ സാംസ്‌കാരികമന്ത്രി മറുഭാഗത്ത് ഇരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ അവര്‍ എഴുന്നേറ്റ് മന്ത്രിയെ അഭിവാദ്യം ചെയ്യാനായി ഏതാനും ചുവടുകള്‍  മുന്നോട്ടുവച്ചു. ഒരു സംഘാടക അവിടെ നില്പുണ്ട
ായിരുന്നു. അവരെ മറികടന്ന് മന്ത്രിയെ അഭിവാദ്യം ചെയ്യാനായി മുന്നോട്ടു
    നീങ്ങാന്‍ ശ്രമിക്കുമ്പോള്‍  ബാലന്‍സ് തെറ്റി വീഴുകയായിരുന്നു. സ്റ്റേജിന്റെ സൈഡില്‍ വച്ചിരുന്ന നീല റിബണ്‍ വലിച്ചുകെട്ടിയ ക്യൂ മാനേജറില്‍ സ്വാഭാവികമായും പിടികിട്ടിയെങ്കിലും റിബണോടുകൂടി അവര്‍ പതിനഞ്ചടി താഴ്ചയിലേക്ക് തലയടിച്ചുവീണത് കോണ്‍ക്രീറ്റ് സ്ലാബിന്റെമേലാണ്.
പിന്നീടു നടന്നത് കണ്ടവരെല്ലാം എന്തൊരു ക്രൂരത എന്നു പറഞ്ഞില്ലെങ്കിലേ അദ്ഭുതമുണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെയാവണം ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍ പ്രതികളുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ രൂക്ഷവിമര്‍ശനം നടത്തിയത്.
സാംസ്‌കാരികവകുപ്പു മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പെടെയുള്ള മറ്റു വിശിഷ്ടവ്യക്തികള്‍ ഉമയുടെ താഴ്ചയിലേക്കുള്ള വീഴ്ച കണ്ട് എത്തിനോക്കിയതല്ലാതെ അവര്‍ ആരുംതന്നെ താഴേക്ക് ഇറങ്ങിച്ചെന്നതുപോലുമില്ല. താഴെവീണ ഉമാ തോമസിനെ  ആശുപത്രിയിലേക്കു മാറ്റാന്‍ ശ്രമിച്ചവരാകട്ടെ, ഏതൊരു അപകടസ്ഥലത്തും സംഭവിക്കുന്നതുപോലെ യാതൊരു ശ്രദ്ധയും കരുതലുമില്ലാതെ കൈയിലും കാലിലും തൂക്കിയെടുത്ത് ആംബുലന്‍സിലേക്കു മാറ്റുകയായിരുന്നു. ഇത്തരത്തില്‍ വീഴുന്നവരോ വാഹനാപകടത്തില്‍പ്പെടുന്നവരോ ആയ വ്യക്തികളെ ഒരിക്കലും വാരിയെടുത്ത് വാഹനത്തില്‍ കയറ്റരുത്. അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിക്കാനുള്ള ആദ്യമിനിറ്റുകള്‍ വളരെ പ്രധാനപ്പെട്ടതാണെങ്കിലും കഴിവതും സ്‌ട്രെച്ചറില്‍ കിടത്തിവേണം രോഗിയെ കൊണ്ടുപോകേണ്ടതെന്ന് ഓര്‍മിക്കേണ്ടതാണ്.
     നടന്ന സംഭവത്തിന്റെ ഗൗരവം സദസ്സിനെ അറിയിക്കാതെ സംഘാടകര്‍ അവരുടെ പരിപാടികള്‍ മുന്‍നിശ്ചയപ്രകാരംതന്നെ നടത്തി പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതെല്ലാം കഴിഞ്ഞാണ് മന്ത്രിയും കൂട്ടരും എംഎല്‍എയുടെ ആരോഗ്യവിവരം തിരക്കി ആശുപത്രിയിലെത്തിയത്.
ബഹുമാനപ്പെട്ട ഹൈക്കോടതി ഉന്നയിച്ച വിമര്‍ശനങ്ങള്‍ നൂറു ശതമാനം ശരിയാണെന്ന് ഇതില്‍നിന്നെല്ലാം വ്യക്തമാണ്. പരിപാടി കുറച്ചു നേരത്തേക്ക് എങ്കിലും എന്തുകൊണ്ടു നിറുത്തുവച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു. മനുഷ്യത്വം എന്നൊന്നില്ലേ? ഗാലറിയില്‍ നിന്നു വീണ ഉമാ തോമസിന് എന്തു സംഭവിച്ചുവെന്ന് അന്വേഷിക്കാനുള്ള ബാധ്യത സംഘാടകര്‍ക്ക് ഉണ്ടായിരുന്നില്ലേ? അരമണിക്കൂര്‍ പരിപാടി നിര്‍ത്തിവച്ചു എന്നുകരുതി എന്തു സംഭവിക്കുമായിരുന്നു? ഒരു എംഎല്‍എ യ്ക്ക് ഇതാണവസ്ഥയെങ്കില്‍ സാധാരണ മനുഷ്യരുടെ ഗതിയെന്താണെന്നും കോടതി ചോദിച്ചു. ഉമാ തോമസിന് അപകടം ഉണ്ടായശേഷവും പരിപാടി തുടര്‍ന്നു. ഉമാ തോമസിനെ ആശുപത്രിയിലെത്തിക്കുന്നതുവരെയെങ്കിലും കാത്തിരിക്കാമായിരുന്നുവെന്നും കോടതി വിമര്‍ശിച്ചു.
ഐ.എസ്.എല്‍. ഉള്‍പ്പെടെ ഫുട്‌ബോള്‍ മത്സരങ്ങള്‍മാത്രം നടക്കുന്ന കലൂര്‍ സ്റ്റേഡിയം ഗിന്നസ് നൃത്തപരിപാടിക്കു വിട്ടുനല്‍കിയത് ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ളയുടെ ഇടപെടലിനെത്തുടര്‍ന്നാണെന്നുള്ള കാര്യം വ്യക്തമായിട്ടുണ്ട്. 11600 നര്‍ത്തകരും അവരോടൊപ്പം എത്തിയ ബന്ധുക്കള്‍, കാഴ്ചക്കാര്‍ എന്നിങ്ങനെ കാല്‍ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്ന് ഉറപ്പായിരുന്ന ഒരു പ്രോഗ്രാമിന്റെ സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യത്തെ ബന്ധപ്പെട്ടവരെല്ലാം വളരെ ലാഘവത്തോടെയാണു കണ്ടത്.
    തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയോ സര്‍ക്കാരിന്റെയോ അതല്ലെങ്കില്‍ സ്വകാര്യവ്യക്തികളുടെയോ ഉടമസ്ഥതയിലുള്ള പൊതുവിടങ്ങളില്‍ അഞ്ഞൂറിലധികം ആളുകള്‍ ഒരുമിച്ചുചേര്‍ന്നുള്ള പൊതുപരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച് 2015 ലെ 2015 ആഘോഷനടത്തിപ്പുകാര്‍ ദുരന്തനിവാരണദൗത്യത്തിനായി പാലിക്കേണ്ട അടിസ്ഥാനനടപടിക്രമങ്ങള്‍ (Standard operating procedure for event organizers in view of disaster preparedness)എന്ന സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. സംഭവം നടക്കുന്നതിനു മുപ്പതുദിവസംമുമ്പ് അപേക്ഷ നല്‍കേണ്ടതും തുടര്‍ന്ന് ഡെപ്യൂട്ടി കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് വേണ്ട സുരക്ഷാക്രമീകരണങ്ങള്‍ നടത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. സ്റ്റേഡിയത്തില്‍ ജോലി ചെയ്യുന്ന അസിസ്റ്റന്റ് എഞ്ചിനീയറും ഓവര്‍സിയറും ഈ സര്‍ക്കുലറില്‍ പറയുന്ന ഒരു നിര്‍ദേശവും നടപ്പാക്കാന്‍ ശ്രദ്ധിക്കാതിരുന്നതാണ് അപകടത്തിനു വഴിവച്ചത്.
ദിവ്യാ ഉണ്ണിയുടെയും കൂട്ടരുടെയും കലയോടുള്ള സ്‌നേഹമല്ല, പണത്തിനോടുള്ള  ആര്‍ത്തിയാണ് കലൂര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. 390 രൂപ വിലയുള്ള സാരി 1600 രൂപയ്ക്കാണ് 11600 നര്‍ത്തകര്‍ക്കു കൈമാറിയത്. തമിഴ്‌നാടിന്റെ പേരിലുള്ള  ഗിന്നസ് റിക്കാര്‍ഡ് തകര്‍ത്തതുകൊണ്ട് പങ്കെടുത്ത നര്‍ത്തകര്‍ക്കോ കേരളത്തിനോ പ്രത്യേകിച്ച് ഒരു നേട്ടവുമില്ല. എംഎല്‍എ വെന്റിേലറ്ററിലായിരുന്നിട്ടുപോലും കുടുംബാംഗങ്ങളോട് ഒരു ആശ്വാസവാക്കുപോലും പറയാതെ ദിവ്യാ ഉണ്ണി അമേരിക്കയിലേക്കു പറക്കുകയാണു ചെയ്തത്. സുരക്ഷയ്ക്ക് ഒരു പ്രാധാന്യവും നല്‍കാതിരുന്ന സംഘാടകരോടു വിട്ടുവീഴ്ച ചെയ്യുമ്പോള്‍ മനസ്സിലാക്കേണ്ടത് മേലില്‍ ഇത്തരം സുരക്ഷാവീഴ്ചകള്‍ ആവര്‍ത്തിക്കാനേ അതിനിടയാക്കൂ. പി.ടി. തോമസിന്റെ പോരാട്ടവീര്യം ലഭിച്ചിട്ടുള്ള ഉമ ഏറ്റവും വേഗം പൊതുപ്രവര്‍ത്തനരംഗത്തു സജീവമാകട്ടെ എന്ന് ആശിക്കാം. 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)