പുതുവര്‍ഷപ്പുലരിയിലിരുന്ന് ഈ പത്രാധിപക്കുറിപ്പെഴുതുമ്പോള്‍ സന്തോഷവും സമാധാനവും നിറഞ്ഞ ഒരു നല്ലകാലമാണ് മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത്. ശുഭപ്രതീക്ഷകളിലേക്കു വാതില്‍ തുറക്കുമ്പോള്‍, നന്മകളും ഐശ്വര്യങ്ങളുംകൊണ്ടു സമ്പന്നമായ സമാധാനദിനങ്ങള്‍ ആവേശപൂര്‍വം വരവേല്ക്കാന്‍ എല്ലാ വായനക്കാര്‍ക്കും സാധിക്കട്ടേയെന്നാണ് ആത്മാര്‍ഥമായ പ്രാര്‍ഥനയും.
സത്യാനന്തരകാലമെന്നു വിൡപ്പെടുന്ന വര്‍ത്തമാന ദശയില്‍, വസ്തുതകള്‍ക്കും യാഥാര്‍ഥ്യങ്ങള്‍ക്കുമപ്പുറം വികാരാവേശങ്ങള്‍ക്കും യുക്തിചിന്തകള്‍ക്കും മേല്‍ക്കൈ ലഭിക്കുമ്പോള്‍, വിജ്ഞാനലോകം വ്യത്യസ്തമായ ഭ്രമണപഥങ്ങളിലൂടെ അലയുകയാണ്. നന്മതിന്മകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ആപേക്ഷികതയുടെ സൈദ്ധാന്തികക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണോ എന്നു തോന്നിപ്പോകും. ഓരോരുത്തരും സാഹചര്യങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കുമനുസരിച്ച് ശരിയവതാരങ്ങളായി എഴുന്നള്ളുമ്പോള്‍ സത്യം തോല്ക്കുകയാണ്. വ്യത്യസ്തതകളെയും വിയോജിപ്പുകളെയും ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുതയും ജനാധിപത്യമര്യാദയും എവിടെയൊക്കെയോ ലംഘിക്കപ്പെടുന്നു. ശരിതെറ്റുകളെ നിര്‍ണയിക്കാനും തീര്‍പ്പുകല്പിക്കാനും പ്രാപ്തമായ ത്യാജ്യഗ്രാഹ്യവിവേചനാശക്തി ഈ കാലഘട്ടത്തെ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്ന ധാര്‍മികവിജ്ഞാനമായി മാറേണ്ടതാണ്.
ജനാധിപത്യ, മതേതരമൂല്യങ്ങള്‍ കൂടെക്കൂടെ ധ്വംസിക്കപ്പെടുന്ന ഒരു രാജ്യത്താണ് നാം വസിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വെറുപ്പും വിഭാഗീയതയും അനുദിനം വര്‍ധിച്ചുവരുന്നതായി കാണുന്നു. ന്യൂനപക്ഷപീഡനങ്ങള്‍ ഇടതടവില്ലാതെ രാജ്യത്തെ അപമാനകലുഷിതമാക്കുന്നു. ക്രിസ്മസ്‌പോലെയുള്ള സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷവേളകള്‍പോലും വര്‍ഗീയവത്കരിക്കാനുള്ള ഛിദ്രശക്തികളുടെ വിളയാട്ടങ്ങള്‍ ഇത്തവണ ദൈവത്തിന്റെ സ്വന്തം നാടെന്നു നാം വാഴ്ത്തിപ്പാടുന്ന കേരളത്തിലുമുണ്ടായെന്നത് നമ്മെ ദുഃഖിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
യുദ്ധസമാനമായ സാഹചര്യങ്ങളും അടിമത്തവും തീവ്രവാദവും വര്‍ഗീയതയും മനുഷ്യക്കടത്തും സാമ്പത്തിക അസമത്വങ്ങളും മറ്റു രാജ്യങ്ങളിലുള്ളതുപോലെ ഇവിടെയും നടമാടുകയാണ്. സമാധാനകാംക്ഷികളായ മനുഷ്യരുടെ ഒരുമയും ഉയിര്‍ത്തെഴുന്നേല്പുമാണ് ഇവയെയൊക്കെ പ്രതിരോധിക്കാനാവശ്യമായിരിക്കുന്ന യഥാര്‍ഥ മൂലധനമെന്നത് പുതുവത്സരപ്രതിജ്ഞയായി മാറേണ്ടതുണ്ട്.
സര്‍വയിടങ്ങളിലും മനുഷ്യന്‍ പടവെട്ടുന്നത് അവന്റെ സ്വാര്‍ഥതയെ പൂജിക്കാനും പൂരിപ്പിക്കാനുമാണ്. അധികാരത്തിനുവേണ്ടിയുള്ള പോര്‍വിളികളില്‍ അവമതിക്കപ്പെടുന്നത് മനുഷ്യന്റെ നിലയും വിലയുമാണ്. മനുഷ്യന്റെ മഹത്ത്വം മാനിക്കപ്പെടുന്നില്ല എന്ന ഒറ്റക്കാരണത്താല്‍, എന്തു ന്യായം പറഞ്ഞാലും യുദ്ധത്തെ ആര്‍ക്കും പ്രകീര്‍ത്തിക്കാനാകില്ല എന്ന് ഫ്രാന്‍സിസ് പാപ്പാ പലവട്ടം പറഞ്ഞുകഴിഞ്ഞു. മനുഷ്യരാശി മുഴുവന്‍ സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും വക്താക്കളും പ്രയോക്താക്കളുമാകണമെന്നാണ് ഫ്രാന്‍സിസ് പാപ്പായുടെ നിരന്തരമായ ആഹ്വാനം. 'നീതിപൂര്‍വകമായ യുദ്ധ'ത്തിന്റെ സാധ്യതകള്‍ യുക്തിചിന്തകളില്‍ പിറവിയെടുക്കുമ്പോഴും, സമാധാനം യാഥാര്‍ഥ്യമാകണമെങ്കില്‍ യുദ്ധത്തെ ന്യായീകരിക്കുന്ന എല്ലാ വാദങ്ങളില്‍നിന്നും നാം പിന്നാക്കം പോയേ തീരൂ. ഭീകരവാദവും യുദ്ധവും അക്രമവും നീതിമത്കരിക്കാന്‍ ദൈവത്തെയും മതത്തെയും കൂട്ടുപിടിക്കുന്നുണ്ടെങ്കില്‍ അത് യഥാര്‍ഥ ആത്മീയതയോ മനുഷ്യത്വമോ അല്ലെന്നു തീര്‍ത്തുപറയേണ്ടി വരുന്നു.
സമത്വവും സ്വാതന്ത്ര്യവും വെല്ലുവിളിക്കപ്പെടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. സമ്പന്നര്‍ അതിസമ്പന്നരാവുകയും ദരിദ്രര്‍ അതിദരിദ്രരാവുകയും ചെയ്യുന്നതിനു നാം സാക്ഷികളാണ്. വളരെക്കുറച്ചുപേര്‍ ഈ ഭൂമിയുടെ ഭൂരിഭാഗവും കയ്യാളുകയും ഒന്നും സ്വന്തമായിട്ടില്ലാത്തവര്‍ അസംഖ്യമായി പെരുകുകയും ചെയ്യുന്ന അതിരൂക്ഷമായ അസമത്വത്തിന്റെ വിടവ് നമ്മെ വല്ലാതെ ഭീതിപ്പെടുത്തുന്നു. സമ്പദ്ഘടനയ്ക്കുമേല്‍ ഭരണകൂടനിയന്ത്രണമുണ്ടായിരുന്ന 1980 കളില്‍ മേല്‍ത്തട്ടിലെ ഒരു ശതമാനത്തിന്റെ പക്കലുണ്ടായിരുന്നത് ദേശീയവരുമാനത്തിന്റെ ആറു ശതമാനം മാത്രമായിരുന്നെങ്കില്‍, സാമ്പത്തിക ഉദാരീകരണം ശക്തിപ്പെട്ടപ്പോള്‍ അത് ഇരുപത്തിരണ്ടു ശതമാനമായി ഉയര്‍ന്നു. അതായത്, കോളനിവാഴ്ചയുടെ അവശിഷ്ടങ്ങള്‍ ഈ ജനാധിപത്യരാജ്യത്തെ ചൊല്പടിയില്‍ നിറുത്തുന്നുണ്ടെന്നു സാരം. 2024 ലെ പാരീസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിന്റെ പഠനപ്രകാരം, ഏറ്റവും മേല്‍ത്തട്ടിലെ ഒരു ശതമാനത്തിന്റെ പക്കല്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത് ദേശീയവരുമാനത്തിന്റെ 22.6 ശതമാനമാണ്. 2000-ാമാണ്ടില്‍ രാജ്യത്ത് ഒമ്പതു ശതകോടീശ്വരന്മാരാണ് ഉണ്ടായിരുന്നതെങ്കില്‍ 2023 ല്‍ അത് 119 ആയി ഉയര്‍ന്നെന്ന് മറ്റൊരു പഠനം പറയുന്നു.
ഈ രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃതം നുകര്‍ന്നിട്ട് ഏഴരപ്പതിറ്റാണ്ടായിട്ടും അവശരും ദുര്‍ബലരുമായ ഒരടിസ്ഥാനവര്‍ഗം ആരുടെയൊക്കെയോ അടിമകളായി ജീവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നുവെന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. ആദിവാസികളും ദളിതരുമടങ്ങുന്ന ഒരു വലിയ ജനസമൂഹം ഈ രാജ്യത്ത് നീതിക്കായി പടപൊരുതുമ്പോള്‍ പണവും അധികാരവുമുള്ളവര്‍ സമത്വവും സ്വാതന്ത്ര്യവും അവര്‍ക്കു നിഷേധിച്ചിരിക്കുന്നുവെന്നത് ക്രൂരതയാണ്.
' എനിക്കുണ്ടൊരു ലോകം, നിനക്കുണ്ടൊരു ലോകം, നമുക്കില്ലൊരു ലോകം' എന്ന കുഞ്ഞുണ്ണിമാഷിന്റെ കവിതാശകലം ഹൃദയാര്‍ദ്രമായ തിരിച്ചറിവുകളോടെ 'നമുക്കുണ്ടൊരുലോക'മെന്ന് തിരുത്തിയെഴുതാം. എം.ടി. യുടെ അസുരവിത്ത് എന്ന നോവലിന്റെ അവസാനവാക്യമായി നാം വായിക്കുന്നുണ്ട്: ''പ്രിയപ്പെട്ടവരേ, തിരിച്ചുവരാന്‍വേണ്ടി യാത്ര ആരംഭിക്കുകയാണ്.'' അതേ, പുതുവര്‍ഷത്തെ വരവേല്ക്കുമ്പോള്‍ നഷ്ടപ്പെട്ടവയുടെ കണക്കെടുപ്പു നടത്തി ജീവിതത്തെ പഴിക്കാനല്ല, പുത്തനാവേശത്തോടെ നഷ്ടപ്പെട്ടവയെല്ലാം തിരിച്ചുപിടിക്കാനാണ് അത്യുത്സാഹത്തോടെ നാം പരിശ്രമിക്കേണ്ടത്.