കുഞ്ഞാപ്പന്ചേട്ടന് കല്യാണം കഴിക്കുമ്പോള്‍ വയസ്സു പതിനെട്ട്. കുഞ്ഞന്നച്ചേടത്തിക്കാവട്ടെ പതിനാറുവയസ്സും. കുഞ്ഞാപ്പന്‍ചേട്ടനു തറവാട്ടുമഹിമ കൂടും. തോമാശ്ലീഹാ മാമ്മോദീസാ മുക്കിയ ശങ്കരപുരി ഇല്ലത്തിന്റെ ശാഖയില്‍പ്പെട്ടതാണ് കുഞ്ഞാപ്പന്‍ചേട്ടന്റെ കുടുംബം. പക്ഷേ, ഭവനം മദീയം മഹാപുരാണോപമേയം, അര്‍ഥങ്ങളില്ലെന്നൊരു ഭേദമുണ്ടാം എന്നു പറഞ്ഞതുപോലെയാണു സാമ്പത്തികസ്ഥിതി! അതേസമയം, കുഞ്ഞന്നച്ചേടത്തിക്ക് തറവാട്ടുമഹിമ എടുത്തുപറയാനൊന്നുമില്ല. എന്നാല്‍, സാമ്പത്തികത്തിന്റെ ഗ്രാഫ് വളരെ ഉയരത്തിലാണ്. കല്യാണാലോചന മുറുകിയപ്പോള്‍ പ്ലസും മൈനസുമെല്ലാം തട്ടിക്കിഴിച്ചുനോക്കി സമനില വരുത്തിയാണു ചടങ്ങു നടന്നത്. ദാമ്പത്യജീവിതത്തില്‍ രണ്ടുപേരും ഇടയ്ക്കിടയ്ക്ക് ഈ പ്ലസ്-മൈനസ് തട്ടിച്ചുനോക്കുകയും അതിന്റെ പേരില്‍ ചിലപ്പോള്‍ അല്ലറചില്ലറ ഈശാപോശായ്ക്കു വഴിവയ്ക്കുകയും ചെയ്യുമായിരുന്നു. എങ്കിലും, പ്ലസും മൈനസും തട്ടിക്കിഴിച്ച് സമനില പാലിച്ചു സമാധാനമായിട്ടേ കിടന്നുറങ്ങിയിരുന്നുള്ളൂ.
കുഞ്ഞന്നച്ചേടത്തിയുടെ താലിമാലയ്ക്കു മുപ്പിരിക്കയറിന്റെ വണ്ണമുണ്ടെന്നു പറയുമ്പോള്‍ കഴുത്തേല്‍ക്കിടക്കുന്ന ആഭരണഭാരം ഊഹിക്കാമല്ലോ; കാതിലും കൈയേലും വേറേ. സ്ത്രീധനത്തുകയായി രൂപാ പതിനായിരമാ ചേടത്തി കൊണ്ടുവന്നത്. ഇന്നു പത്തുലക്ഷം എന്നു കണക്കാക്കിയാലും തെറ്റില്ല. കുഞ്ഞാപ്പന്‍ചേട്ടനു സ്വന്തമായി അഞ്ചേക്കര്‍ ഭൂമിയുണ്ട്, അതു വീതംവച്ചപ്പോള്‍ തീറ് എഴുതിക്കിട്ടിയതാണ്. കുഞ്ഞാപ്പന്‍ചേട്ടന്‍ നല്ല കൃഷിക്കാരനാണ്. തെങ്ങും കമുകും കുരുമുളകുമാണു പ്രധാന കൃഷി, നടുതല സാധനങ്ങള്‍ - കപ്പ, ചേന, ചേമ്പ്, കാച്ചില്‍ എല്ലാം വീട്ടാവശ്യത്തിനുള്ളതു സ്വന്തംനിലയില്‍ കൃഷി ചെയ്തുപോന്നു. പാവയ്ക്ക, വെണ്ടയ്ക്ക, കോവയ്ക്ക, വഴുതനങ്ങ, പടവലങ്ങ, കുമ്പളങ്ങ, മത്തങ്ങ മുതലായ പച്ചക്കറി സാധനങ്ങളൊക്കെ അന്നമ്മച്ചേടത്തിവക ആവശ്യത്തിനു മിച്ചമുണ്ട്. ഒരു പങ്ക് അയല്‍ക്കാര്‍ക്കു കൊടുക്കുന്ന പതിവുമുണ്ട്. പ്ലാവുനിറയെ ചക്കയുള്ളതുകൊണ്ട് കുറെ വാട്ടിയുണക്കി സൂക്ഷിക്കും. അപ്പോള്‍ പച്ചക്കപ്പയും പച്ചച്ചക്കയും ഉണക്കുകപ്പയും ഉണക്കുചക്കയും വീട്ടാവശ്യത്തിനുള്ളതുകൊണ്ട് മിഥുനം കര്‍ക്കടകമാസത്തില്‍ ഉണക്കുകപ്പയും ഉണക്കച്ചക്കയും മാറിമാറി വേവിക്കും. മറ്റു മാസങ്ങളില്‍ പച്ചക്കപ്പയും പച്ചച്ചക്കയും. പൊതുവെ പറഞ്ഞാല്‍, സാമ്പത്തികനില ഭദ്രം. ഇതു പഴയകാല നസ്രാണിക്കുടുംബങ്ങളുടെ സാമ്പത്തികനിലയുടെ ഒരു സാമ്പിളാണ്.
കുഞ്ഞാപ്പന്‍ചേട്ടനും കുഞ്ഞന്നച്ചേടത്തിക്കും മക്കള്‍ അഞ്ചുപേര്‍. മൂത്തതു മൂന്നും പെണ്ണുങ്ങള്‍; ഇളയവര്‍ ആണുങ്ങള്‍. മൂത്തവള്‍ റോസമ്മ. അവള്‍ മഠത്തില്‍ ചേര്‍ന്നു. അന്നമ്മച്ചേടത്തിയുടെ ആങ്ങളയുടെ മകളുള്ള കര്‍മലീത്താമഠത്തില്‍. അതിന്റെ ഇളയവള്‍ ക്ലാരമ്മ. അവള്‍ പഠിക്കാന്‍ മിടുക്കിയാണ്. കാരണവന്മാര്‍ക്കു പഠിക്കാന്‍ കഴിയാത്തതിലുള്ള ഇച്ഛാഭംഗം ഉള്ളതുകൊണ്ട് മക്കളെ പറ്റുന്നിടത്തോളം പഠിപ്പിക്കണമെന്നാണ് അവരുടെ ആഗ്രഹം. അടുത്തു കോളജില്ലാത്തതിനാല്‍ ഹോസ്റ്റലില്‍ നിര്‍ത്തിയാണു പഠിപ്പിച്ചത്. ബിരുദമെടുത്തശേഷം ബിഎഡും പാസായി. മാനേജുമെന്റ്‌സ്‌കൂളില്‍ ജോലിയും കിട്ടി. ജോലിയായതോടെ കല്യാണാലോചന വന്നു. അതു നടന്നു. ചെറുക്കനും വാധ്യാരാ. ഏറ്റവും ഇളയവള്‍ സൂസമ്മ. അവള്‍ പഠിക്കാന്‍ മിടുമിടുക്കി. ബിഎസ്‌സി നഴ്‌സിങ് പാസായി. വിദേശത്തു പോകണമെന്നാണ് അവളുടെ മോഹം. കുഞ്ഞന്നച്ചേടത്തിക്ക് എതിരില്ല. പക്ഷേ, കുഞ്ഞാപ്പന്‍ചേട്ടന് ഒട്ടും താത്പര്യമില്ല. ഇതിനിടെ അവള്‍തന്നെ ജര്‍മനിയില്‍ ജോലി തരപ്പെടുത്തി. മനസ്സില്ലാമനസ്സോടെ കുഞ്ഞാപ്പന്‍ചേട്ടന്‍ സമ്മതംമൂളി. അവള്‍ ജര്‍മനിയിലെത്തി. ആള് സ്മാര്‍ട്ടായതിനാല്‍ സായിപ്പന്മാര്‍ക്ക് അവളെ നന്നായി ബോധിച്ചു. ഒരുത്തനെ അവള്‍ക്കും ബോധിച്ചു. അതു പ്രേമമായി. കല്യാണം കഴിക്കണമെന്നായി. വീട്ടില്‍ വിവരമറിയിച്ചെങ്കിലും സായിപ്പിന്റെ കൂടെ പോകാനുള്ള അവളുടെ പൂതി കുഞ്ഞാപ്പന്‍ചേട്ടനെയും ചേടത്തിയെയും വല്ലാതെ ഉലച്ചു. ഒരു വിധത്തിലും അവര്‍ക്ക് അതംഗീകരിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, അവളുടെ തീരുമാനത്തില്‍ മാറ്റമില്ല! കാരണവന്മാരുടെ അംഗീകാരത്തിനു പുല്ലുവില! അവള്‍ അവനോടു ചേര്‍ന്നു.
സൂസമ്മയുടെ കല്യാണാലോചനയുമായി ബന്ധപ്പെട്ടുണ്ടായ അസ്വസ്ഥത പരിഹരിക്കപ്പെട്ടത് മാമ്മച്ചന്റെ ദൈവവിളിയിലൂടെയാണ്. ഇനി രണ്ടുവര്‍ഷംകൂടിയേയുള്ളൂ പട്ടത്തിന്. ഈ സന്തോഷത്തില്‍ സൂസമ്മയുടെ വഴിവിട്ട നീക്കം അവര്‍ മറന്നു. ഏറ്റവും ഇളയവന്‍ ജോസുകുട്ടി എം.ബി.എ. ഫൈനല്‍ ഇയറാണ്. ഏറ്റവും ഇളയവനായതിനാല്‍ ഏറ്റവും കൂടുതല്‍ ലാളനയും അവനു കിട്ടി. അതിന്റേതായ പ്ലസും മൈനസും സ്വഭാവത്തിലുണ്ട്. എങ്കിലും പഠനം ഉഴപ്പിയില്ല. ബിരുദമെടുത്തു. അവനും സൂസമ്മയുടെ വഴിക്കു നീങ്ങാനാണു താത്പര്യം. വിദേശത്തു പോകണം! പക്ഷേ, സൂസമ്മയുടെ അനുഭവം മനസ്സിലുള്ളതിനാല്‍ അപ്പനും അമ്മയും ഒന്നുപോലെ എതിര്‍ത്തു. കാരണവന്മാരുടെ എതിര്‍പ്പിന് ഇവിടെയും പുല്ലുവില! അവനും സ്വന്തം നിലയില്‍ അമേരിക്കന്‍ജോലി തരപ്പെടുത്തി. ഏതായാലും മാമ്മച്ചന്റെ പട്ടം കഴിഞ്ഞു പോകാമെന്ന അവന്റെ തീരുമാനം, ഒരുവിധത്തില്‍ കാരണവന്മാര്‍ക്ക് ആശ്വാസമായി. പുത്തന്‍കുര്‍ബാന ഭംഗിയായി കഴിഞ്ഞു. ജോസ്‌മോന്‍ 'എയറി'ലായി. കുഞ്ഞാപ്പന്‍ ചേട്ടനും കുഞ്ഞന്നച്ചേടത്തിയും 'എര്‍ത്തി'ല്‍. ഏകാശ്രയം അച്ചനും കന്യാസ്ത്രീയും! ജോസുകുട്ടി മദാമ്മയെ കെട്ടി അമേരിക്കയില്‍ അലിഞ്ഞുചേര്‍ന്നു. കുഞ്ഞാപ്പന്‍ചേട്ടനും കുഞ്ഞന്നച്ചേടത്തിയും ദീര്‍ഘനിശ്വാസവും നെടുവീര്‍പ്പുമായി വീട്ടുതടങ്കലില്‍ ഒറ്റയ്ക്ക്! ജര്‍മന്‍ സായിപ്പ് സൂസമ്മയെ ഉപേക്ഷിച്ച് ജര്‍മന്‍കാരിയുടെ കൂടെപ്പോയ വിവരം സൂസമ്മ പറഞ്ഞല്ല, സൂസമ്മയുടെ കൂട്ടുകാരി പറഞ്ഞാണ് വീട്ടിലറിഞ്ഞത്. അതോടെ, അവര്‍ ആകെ തകര്‍ന്നു; ജോസുകുട്ടി മദാമ്മയെ കെട്ടി അവിടെ സെറ്റില്‍ഡായി. കെട്ടുപൊട്ടിച്ചില്ല എന്ന ഏക ആശ്വാസം. അച്ചനും കന്യാസ്ത്രീയും വല്ലപ്പോഴും വീട്ടില്‍ വരുമ്പോള്‍മാത്രമാണ് കുഞ്ഞാപ്പന്‍ചേട്ടനും കുഞ്ഞന്നച്ചേടത്തിക്കും ആധിക്ക് അല്പം അയവുവരുന്നത്.
കാലം കടന്നുപോയി. മനസ്സിന്റെ തളര്‍ച്ച ശരീരത്തിലും പ്രകടമാണ്; വാര്‍ധക്യവും കൂടിയായപ്പോള്‍ അതു കൂടുതല്‍ പ്രകടം. അധ്വാനംകൊണ്ട് അരോഗദൃഢഗാത്രനായിരുന്ന കുഞ്ഞാപ്പന്‍ ചേട്ടന്‍ ഇന്നിതാ അസ്ഥിമാത്രാവശേഷനായിയിരിക്കുന്നു. വിരിമാറിലെ എല്ലുകള്‍ എണ്ണിത്തിട്ടപ്പെടുത്താവുന്ന പരുവത്തിലായിരിക്കുന്നു. പല്ലെല്ലാം കൊഴിഞ്ഞുപോയതോടെ കവിളൊട്ടി, കാഴ്ചയില്‍ വിരൂപനായിരിക്കുന്നു. കുഞ്ഞന്നച്ചേടത്തിയുടെ സ്ഥിതി അതിലും കഷ്ടം. പ്രഷറും പ്രമേഹവും വല്ലാതെ കഷ്ടപ്പെടുത്തുന്നു. വാതം പിടിച്ചു നടുവും കാലും കൈയുമെല്ലാം ശുഷ്‌കിച്ചെന്നുമാത്രമല്ല, കൂനിയുമാണിരിപ്പ്. ചുക്കിച്ചുളുങ്ങിയ മുഖം. പനങ്കുലപോലെ കിടന്ന മുടിയെല്ലാം കൊഴിഞ്ഞുപോയി. ഉള്ളതുമുഴുവന്‍ നരച്ചു വെളുത്തു. രണ്ടും പേരും ഞരങ്ങിയും മൂളിയും ഇരിക്കുന്നതല്ലാതെ കാര്യമായ മിണ്ടാട്ടമേയില്ല. ഉള്ളു തുറന്നൊന്നു ചിരിച്ച കാലം മറന്നു. അയല്‍പക്കത്തുള്ള വേലക്കാരിപ്പെണ്ണ് വന്നു മുറ്റമടിച്ച് കഞ്ഞിയും കറിയും വച്ചിട്ടുപോകും. രണ്ടുപേര്‍ക്കും ഭക്ഷണം വേണമെന്നേയില്ല. സന്ധ്യയാകുമ്പോള്‍ പതിവുള്ള ദീര്‍ഘമായ പ്രാര്‍ഥന... മുഴുവന്‍ കൊന്ത ചൊല്ലും രണ്ടുപേരുംകൂടെ. ഉറക്കം വളരെക്കുറവ്. അതുകൊണ്ട്, മൂന്നു നാലു മണിയാകുമ്പോഴേക്കും ഉണരും. പിന്നെ രണ്ടുപേരുംകൂടി നേരം വെളുക്കുന്നതുവരെ കൊന്ത ചൊല്ലും. പതിവുള്ള പള്ളീപ്പോക്ക് പറ്റുകേലന്നായി. അയല്‍പക്കത്തെ അച്ചാമ്മച്ചേടത്തിയെ മകന്‍ അപ്പച്ചന്‍ കാറില്‍ പള്ളിയില്‍ കൊണ്ടുപോകുന്നതിനാല്‍ അക്കൂടെ രണ്ടുപേരും ഞായറാഴ്ച മുടങ്ങാതെ പള്ളീല്‍ പോകുന്നുണ്ട്.
അങ്ങനെയിരിക്കേ, ഒരു ദിവസം രാത്രി പാതിരാ കഴിഞ്ഞു. കുഞ്ഞന്നച്ചേടത്തിക്കു ശ്വാസം മുട്ടലും പരവേശവും...! അയല്‍പക്കത്തെ അപ്പച്ചനെ വിളിച്ചു. അവന്‍ വണ്ടിയുമായി വന്നു. ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും തീര്‍ത്തും അവശതയിലായിരുന്നു. 'സിവിയര്‍ അറ്റാക്ക്.' ഡ്യൂട്ടിഡോക്ടര്‍ തന്നെ കാര്‍ഡിയോളജിസ്റ്റിനെ വിളിച്ചു. അദ്ദേഹം വന്നപ്പോഴേക്കും നില അതീവഗുരുതരമായിക്കഴിഞ്ഞിരുന്നു. ഇതിനോടകം മക്കള്‍ നാട്ടിലുള്ള മൂന്നുപേരും എത്തിയിരുന്നു. അച്ചന്‍ രോഗീലേപനം കൊടുത്തു. അച്ചനും സിസ്റ്ററും കണ്ണീര്‍വാര്‍ത്തു പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. കാര്‍ഡിയോളജിസ്റ്റ് തീര്‍ത്തുപറഞ്ഞു. ഇനി രക്ഷയില്ല. സിസ്റ്റര്‍ ഈശോമറിയം ചൊല്ലിക്കൊടുത്തു. കുഞ്ഞന്നച്ചേടത്തി പതിഞ്ഞ സ്വരത്തില്‍ പ്രാര്‍ഥന ഏറ്റുചൊല്ലി. സാവകാശം ഒച്ച താഴ്ന്നു. ശ്വാസം നിലച്ചു...! മരണവാര്‍ത്തയറിഞ്ഞ് ജോസ്‌മോന്‍ ഭാര്യാസമേതം എത്തി. സൂസമ്മയൊഴികെ എല്ലാവരും മൃതസംസ്‌കാരശുശ്രൂഷയില്‍ പങ്കെടുത്തു.
ജോസ്‌മോന് അവധി ഒരാഴ്ച മാത്രമേയുള്ളൂ. മൃതസംസ്‌കാരശുശ്രൂഷ കഴിഞ്ഞു പിറ്റേന്നു മക്കള്‍ നാലുപേരുംകൂടി ആലോചിച്ചു, ചാച്ചനെ എന്തു ചെയ്യും? അച്ചനും കന്യാസ്ത്രീക്കും വീട്ടില്‍നിന്ന് ചാച്ചനെ അന്വേഷിക്കാന്‍ പറ്റുകേല. ജോസ്‌മോനു പോകാതിരിക്കാനുംമേലാ. ക്ലാരമ്മയ്ക്കും പോകാതിരിക്കാന്‍ പറ്റുകേല. നാലുപേരും നിസ്സഹായര്‍! ആലോചനാസമിതിയിലേക്കു കടന്നുവന്ന കുഞ്ഞാപ്പന്‍ചേട്ടന്‍ പറഞ്ഞു: ഞാനിവിടെ ഒറ്റയ്ക്കു കഴിഞ്ഞോളാം. നിങ്ങള്‍ പൊയ്‌ക്കോളിന്‍...! ചാച്ചനെ ഇട്ടേച്ചും മേല, കൊണ്ടും മേല...! നാലുപേരുടെയും ആത്മഗതം. അവസാനം അച്ചന്‍ പറഞ്ഞു. ''ചാച്ചന്‍ ഒറ്റയ്ക്ക് ഇവിടെ നില്ക്കണ്ട; തത്കാലം ചേച്ചിയുടെ കൂടെ പോയി നില്ക്ക്.'' എല്ലാവരുംകൂടി നിര്‍ബന്ധിച്ച്, ഒരുവിധത്തില്‍ ചാച്ചനെ സമ്മതിപ്പിച്ചു...! ഇതൊരു ശാശ്വതപരിഹാരമല്ലെന്ന് എല്ലാവര്‍ക്കും അറിയാം.
ക്ലാരമ്മയും പേരക്കുട്ടികളും ചാച്ചനെ പരമാവധി ശുശ്രൂഷിച്ചുകൊണ്ടാണിരുന്നത്. പക്ഷേ, കുഞ്ഞാപ്പന്‍ചേട്ടന്‍ മൗനിയായിപ്പോയി. ഭക്ഷണം നിര്‍ബന്ധിച്ചാല്‍ കഴിക്കും; അതും പേരിനുമാത്രം. മിക്കവാറും കിടപ്പാണ്. കൈയില്‍ കൊന്തയുണ്ട് എപ്പോഴും. റോസമ്മയും മാമ്മച്ചനും ഇടയ്ക്കിടെ വന്നന്വേഷിച്ചുകൊണ്ടിരുന്നു. അവസാനം അവര്‍ രണ്ടുപേരുംകൂടിയാലോചിച്ചു ചാച്ചനെ വൃദ്ധമന്ദിരത്തിലാക്കാമെന്നു തീരുമാനിച്ചു; റോസമ്മയുടെ സന്ന്യാസിനീസമൂഹം നടത്തുന്ന വൃദ്ധമന്ദിരത്തിലാക്കാമെന്നും തീരുമാനിച്ചു. അപ്പോള്‍ റോസമ്മയ്ക്ക് അന്വേഷിക്കാന്‍ എളുപ്പമുണ്ടല്ലോ. രണ്ടുപേരും കൂടി ചാച്ചനുമായി സംസാരിച്ചു. തനിച്ച് ഒരു തീരുമാനമെടുക്കാന്‍ സാധിക്കാത്ത കുഞ്ഞാപ്പന്‍ ചേട്ടന്‍ അവരുടെ സമ്മര്‍ദത്തിനു വഴങ്ങി. കെട്ടിച്ചുവിട്ട പെണ്ണിന്റെ വീട്ടില്‍ കഴിയുന്നതിലും ഭേദം ഇതുതന്നെയെന്ന് അദ്ദേഹം ഓര്‍ത്തു. അങ്ങനെ, അവസാനം ആ വൃദ്ധന്‍ വൃദ്ധമന്ദിരത്തിലെ അന്തേവാസിയായി. ഇതുപോലുള്ള എത്രയെത്ര കുഞ്ഞാപ്പന്‍ ചേട്ടന്മാരും കുഞ്ഞന്നച്ചേടത്തിമാരും...!