•  23 Jan 2025
  •  ദീപം 57
  •  നാളം 45
ലേഖനം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പ്രഹസനമാകുമോ?

കേന്ദ്രസര്‍ക്കാര്‍ ഒരു പതിറ്റാണ്ടിലേറെയായി രാജ്യത്തുടനീളം മുഴക്കിയ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം ലോകസഭയില്‍ ബില്ലിന്റെ രൂപത്തിലുള്ള അവതരണംവരെ എത്തിനില്‍ക്കുന്നു. പലതവണ മാറ്റിവച്ചിട്ടാണ് അവസാനം 2024 ഡിസംബര്‍ 17 ന് ലോകസഭയില്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആശയം ബില്ലായി അവതരിപ്പിക്കപ്പെട്ടത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകളും വിമര്‍ശനങ്ങളും സ്വാഭാവികമാണെങ്കിലും പൊതുസമൂഹത്തിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കിടയിലും 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ഉയര്‍ത്തുന്ന ആശങ്കകള്‍ ഏറെയാണ്. 
അവതരിപ്പിച്ച ബില്ലുകള്‍ 
ഒരേസമയതിരഞ്ഞെടുപ്പ് 2034 ല്‍ നടത്തുംവിധമാണ് 129-ാമതു ഭരണഘടനാഭേദഗതിബില്ലിലെ വ്യവസ്ഥ. 82 എ എന്ന പുതിയ വകുപ്പു ചേര്‍ക്കുമ്പോള്‍ 83, 172, 327 എന്നിവ ഭേദഗതി ചെയ്യുന്നു. 82 എന്നത് പുതിയ വ്യവസ്ഥകളിന്മേലുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനമാണ്. ലോകസഭയുടെ കാലാവധിക്കൊപ്പം നിയമസഭയുടെ കാലാവധിയും അവസാനിക്കും. ലോകസഭ പിരിച്ചുവിടുന്ന സാഹചര്യമുണ്ടായാല്‍ പൂര്‍ത്തിയാകാത്ത കാലാവധിക്കുമാത്രമായിരിക്കും പിന്നീട് തിരഞ്ഞെടുപ്പ്. നിയമസഭകളുടെ കാര്യത്തിലും ഈ രീതിയാണ്. 
കേന്ദ്രഭരണപ്രദേശങ്ങളിലും ഡല്‍ഹിയിലും തിരഞ്ഞെടുപ്പു നടത്തുന്നതിനുള്ള നിയമഭേദഗതിയാണ് രണ്ടാമത്തെ ബില്ലായ കേന്ദ്രഭരണപ്രദേശഭേദഗതിബില്‍ 2024. 2019 ലെ ജമ്മു കാശ്മീര്‍ പുനഃസംഘടനാനിയമം, 1991 ലെ ഡല്‍ഹി ദേശീയതലസ്ഥാന മേഖലാനിയമം, കേന്ദ്രഭരണസര്‍ക്കാരുമായി ബന്ധപ്പെട്ട 1963 ലെ നിയമം എന്നിവയിലാണ് പുതിയ ഭേദഗതികള്‍.  
നിയമകമ്മീഷന്‍ ശിപാര്‍ശകള്‍
1999 ലും 2018 ലുമായി രണ്ടുതവണ കേന്ദ്ര നിയമകമ്മീഷന്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പു സംബന്ധിച്ച് ശിപാര്‍ശകള്‍ നല്‍കിയിട്ടുണ്ട്. 1999 മേയില്‍ ജസ്റ്റിസ് ബി.പി. ജീവന്റെഡ്ഡിയുടെ നേതൃത്വത്തിലുള്ള നിയമകമ്മീഷന്‍ തിരഞ്ഞെടുപ്പുകളുടെ ആവര്‍ത്തനസ്വഭാവം അവസാനിപ്പിക്കണമെന്നും ലോകസഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചുനടത്തുന്ന കാലത്തേക്കു മടങ്ങണമെന്നും നിര്‍ദേശിക്കുന്നു. തിരഞ്ഞെടുപ്പുനിയമങ്ങളുടെ പരിഷ്‌കരണത്തെക്കുറിച്ചുള്ള 170-ാമത് റിപ്പോര്‍ട്ടില്‍ ഇത്തരം തിരഞ്ഞെടുപ്പുകള്‍ ഒറ്റരാത്രികൊണ്ടു നടത്താന്‍ കഴിയില്ലെന്നും മുന്നറിയിപ്പു നല്‍കുന്നു. അഞ്ചു വര്‍ഷത്തിലൊരിക്കല്‍മാത്രമായി ലോകസഭാ നിയമസഭാതിരഞ്ഞെടുപ്പുകള്‍ നടത്തുന്ന സ്ഥിതിയുണ്ടാകണമെന്നും നിര്‍ദേശിച്ചു. 
പുതിയ ബില്ലിന്റെ പിന്നാമ്പുറം
2018 ഫെബ്രുവരിയില്‍ അന്നത്തെ നിയമ നീതിന്യായ സഹമന്ത്രി പി.പി. ചൗധരി 'ഒരേസമയം തിരഞ്ഞെടുപ്പു വിശകലനം'എന്ന നീതി ആയോഗ് നിര്‍ദേശങ്ങള്‍ ലോകസഭയില്‍ പങ്കുവച്ചു. ലോകസഭയിലേക്കും നിയമസഭയിലേക്കുമുള്ള ഒരേസമയതിരഞ്ഞെടുപ്പിനുള്ള ചട്ടക്കൂടു തയ്യാറായെന്നും അറിയിച്ചു. 2020 ല്‍ അഖിലേന്ത്യ പ്രിസൈഡിങ് ഓഫീസര്‍മാരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് ആലോചനമാത്രമല്ല, രാജ്യത്തിന്റെ ആവശ്യമാണെന്നുകൂടി പ്രഖ്യാപിച്ചു. 2022 ജനുവരിയിലും ഇതാവര്‍ത്തിച്ചു. ചുരുക്കിപ്പറഞ്ഞാല്‍, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഇന്നിന്റെ ഒരു മുദ്രാവാക്യമല്ല. പഴക്കമുള്ള, രാഷ്ട്രീയഭേദമെന്യേ പലരും പലകുറി ആവര്‍ത്തിച്ച ഒന്നാണ്. എന്നാല്‍, മൂന്നാം മോദിസര്‍ക്കാര്‍ ഇതിനെ പൊടിതട്ടിയെടുത്ത് ബില്ലായി ലോകസഭയിലവതരിപ്പിച്ചു.
രാംനാഥ് കോവിന്ദ് റിപ്പോര്‍ട്ട്
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സംബന്ധിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ 2023 സെപ്തംബര്‍ രണ്ടിന് മുന്‍രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. സമിതി 191 ദിവസത്തെ ചര്‍ച്ചകള്‍ക്കും പഠനത്തിനും ശേഷം 2024 മാര്‍ച്ച് 14ന് 18,626 പേജുള്ള വിശദമായ റിപ്പോര്‍ട്ട് രാഷ്ട്രപതിക്കു സമര്‍പ്പിച്ചു. 47 രാഷ്ട്രീയപ്പാര്‍ട്ടികള്‍ സമിതിയെ പ്രതികരണമറിയിച്ചതില്‍ 32 പാര്‍ട്ടികള്‍ അനുകൂലിച്ചും 15 പാര്‍ട്ടികള്‍ എതിര്‍ത്തും അഭിപ്രായങ്ങള്‍ പറഞ്ഞതായി സൂചിപ്പിക്കുന്ന സമിതിയുടെ പഠനറിപ്പോര്‍ട്ട് 2024 സെപ്തംബര്‍ 18ന് കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു. രാംനാഥ് കോവിന്ദിന്റെ പഠനസമിതി 15 ഭരണഘടനാഭേദഗതികളാണ് നിര്‍ദേശിച്ചത്. അവയില്‍ മിക്കവയും സംസ്ഥാനനിയമസഭകളുടെ അംഗീകാരം ആവശ്യമില്ലാത്തതാണ്. 2029 ല്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കണം. ഏക വോട്ടര്‍പട്ടികയ്ക്കും ഒറ്റ വോട്ടര്‍ ഐഡി കാര്‍ഡിനുമായി നിയമഭേദഗതി ചെയ്യണം. 2024 നുശേഷം തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാനസര്‍ക്കാരുകള്‍ക്ക് കുറഞ്ഞ കാലാവധിമാത്രം. പൊതുതിരഞ്ഞെടുപ്പു കഴിഞ്ഞ് രണ്ടാംഘട്ടമായി നൂറു ദിവസത്തിനകം തദ്ദേശതിരഞ്ഞെടുപ്പ്. തൂക്കുസഭ വരുകയോ അവിശ്വാസം രേഖപ്പെടുത്തുകയോ വന്നാല്‍ വീണ്ടും തിരഞ്ഞെടുപ്പ്. 
പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍
പ്രതിപക്ഷമുയര്‍ത്തുന്ന പ്രധാന എതിര്‍പ്പുകള്‍ ഇപ്രകാരം: കേന്ദ്രഭരണത്തിലിരുന്ന് പരമാവധി സംസ്ഥാനങ്ങളില്‍ അധികാരം നിയന്ത്രിക്കുകയെന്ന ബിജെപിയുടെ രാഷ്ട്രീയലക്ഷ്യപ്രാപ്തിക്കുവേണ്ടിയാണ് ഒറ്റത്തിരഞ്ഞെടുപ്പ്. സംസ്ഥാനങ്ങളില്‍ തൂക്കുമന്ത്രിസഭയുണ്ടാവുകയോ ഭൂരിപക്ഷം നഷ്ടപ്പെട്ടു മന്ത്രിസഭ പുറത്തുപോവുകയോ ചെയ്യുന്ന സാഹചര്യത്തില്‍ പുതിയ തിരഞ്ഞെടുപ്പില്ലാതെ രാഷ്ട്രപതിഭരണത്തിലേക്കു സംസ്ഥാനങ്ങള്‍ മാറും. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും വിരുദ്ധമാണ് ഈ നിര്‍ദേശങ്ങള്‍. ഫെഡറല്‍സംവിധാനങ്ങള്‍ അട്ടിമറിക്കപ്പെടും. പ്രാദേശികവിഷയങ്ങള്‍ ഒറ്റത്തിരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യാതെപോകും. ദേശീയതയും അന്തര്‍ദേശീയപ്രശ്‌നങ്ങളും ഉയര്‍ത്തിക്കാട്ടി വിഷയവൈവിധ്യങ്ങളും പ്രാദേശിക അജണ്ടകളും താഴേത്തട്ടിലുള്ള ജനങ്ങളുടെ വികാരങ്ങളും പ്രശ്‌നങ്ങളും തിരഞ്ഞെടുപ്പുവേദിയില്‍നിന്നു പുറന്തള്ളപ്പെടും. രാജ്യത്തെ വിവിധ സംസ്ഥാന അസംബ്ലികളുടെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും കാലാവധി വെട്ടിക്കുറയ്ക്കപ്പെടും. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കോ ദേശീയപ്പാര്‍ട്ടികള്‍ക്കോമാത്രമായി തിരഞ്ഞെടുപ്പുവിജയം മാറാനും സാധ്യതകളേറെ.
കേന്ദ്രസര്‍ക്കാരിന്റെ ന്യായീകരണം
ലോകത്ത് വിവിധ രാജ്യങ്ങളില്‍ ഫെഡറല്‍, സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചുനടത്തുന്നുണ്ട്. തുടര്‍ച്ചയായ തിരഞ്ഞെടുപ്പുകള്‍ രാഷ്ട്രീയ അഴിമതിക്കും കാരണമാകുന്നു. തിരഞ്ഞെടുപ്പുചെലവിന്റെ പേരില്‍ വന്‍തോതില്‍ പണസമാഹരണം നടക്കുന്നു. ഈ പണസമാഹരണം രാഷ്ടീയത്തിലും ഭരണത്തിലും വന്‍കിട കോര്‍പ്പറേറ്റുകളുടെ സ്വാധീനം വര്‍ധിപ്പിക്കുകയും രാഷ്ട്രീയഭരണസംവിധാനങ്ങളില്‍ അവരുടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കു കളമൊരുങ്ങുകയും ചെയ്യും. തിരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തിയാല്‍ സ്ഥാനാര്‍ഥികള്‍ക്കും തിരഞ്ഞെടുപ്പുകമ്മീഷനും ചെലവുകള്‍ കുറയും. കൂടാതെ, രാഷ്ട്രീയകുതിരക്കച്ചവടത്തിനും ഒരു പരിധിവരെ അറുതിയുണ്ടാകും. തിരഞ്ഞെടുപ്പുകള്‍ മുന്‍കൂട്ടി വിജ്ഞാപനം ചെയ്യുന്നതുകൊണ്ട് വോട്ടിങ് ശതമാനം ഉയരാനും സാധ്യതയുണ്ട്.  ദേശീയതാത്പര്യങ്ങള്‍ സംരക്ഷിക്കാനും ദേശീയത ഉയര്‍ത്തിപ്പിടിക്കാനും രാജ്യത്തെ ഒറ്റക്കെട്ടായി മുന്നോട്ടുനയിക്കാനും ഒരേസമയതിരഞ്ഞെടുപ്പ് അഭികാമ്യമാണെന്നാണ് എന്‍ഡിഎ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം. 
എല്ലാവര്‍ഷവും തുടര്‍ച്ചയായും ഒരു വര്‍ഷത്തില്‍ത്തന്നെ പല തവണകളായും തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് സര്‍ക്കാരിനും സംവിധാനങ്ങള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ജനജീവിതത്തിനും വലിയ ബാധ്യതകള്‍ സൃഷ്ടിക്കപ്പെടുന്നു. സുരക്ഷാസേനകളും തിരഞ്ഞെടുപ്പുദ്യോഗസ്ഥരും തിരഞ്ഞെടുപ്പുജോലികളിലേക്കു തിരിയുന്നതുമൂലം അവരുടെ പ്രാഥമികചുമതലകളില്‍നിന്നു ദീര്‍ഘകാലം മാറിനില്‍ക്കേണ്ടിവരുന്നു. അത് ഭരണസംവിധാനങ്ങളില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികളേറെ. തുടര്‍ച്ചയായ തിരഞ്ഞെടുപ്പുകള്‍മൂലം ദീര്‍ഘകാലയളവില്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതുമൂലം രാജ്യത്തിന്റെയും സംസ്ഥാനങ്ങളുടെയും വികസനപ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമുണ്ടായി മുരടിക്കുന്നു.
ചെറുപാര്‍ട്ടികള്‍ ഇല്ലാതാകും
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഉയര്‍ത്തിക്കാട്ടുന്നത് പ്രധാനമായും ദേശീയതാത്പര്യങ്ങളാകുമ്പോള്‍ സംസ്ഥാനങ്ങളുടെ താത്പര്യങ്ങളെ ഒരു പരിധിവരെ അവഗണിക്കും. അനന്തരഫലമായി പ്രാദേശികപാര്‍ട്ടികളുടെ പ്രസക്തി നഷ്ടപ്പെട്ട് കാലക്രമേണ ഇല്ലാതാകുന്നു. തമിഴ്‌നാട്, ബംഗാള്‍, ആന്ധ്ര, കേരളം എന്നീ സംസ്ഥാനങ്ങളിലെ പ്രാദേശികപാര്‍ട്ടികളുടെ സ്വാധീനം ദുര്‍ബലപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍നീക്കം ഇടനല്‍കിയേക്കാം. ഒരു തിരഞ്ഞെടുപ്പ് ദേശീയപാര്‍ട്ടികള്‍ക്കുമാത്രമാണ് നേട്ടമുണ്ടാക്കുന്നതെന്ന തിരിച്ചറിവ് പ്രാദേശികപാര്‍ട്ടികളെയും ഒറ്റത്തിരഞ്ഞെടുപ്പിനെതിരേ അണിനിരത്തുന്നു.
നിര്‍ദിഷ്ടബില്ലിന്റെ ഭാവിയെന്ത്?
നിര്‍ദിഷ്ടബില്ലിപ്പോള്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്കു വിട്ടിരിക്കുന്നു. ഭരണഘടനാഭേദഗതിക്കാവശ്യമായ അംഗബലം ലോകസഭയില്‍ ഇല്ലെന്നു സര്‍ക്കാരിനു ബോധ്യപ്പെടുമ്പോഴുള്ള മറുമരുന്നാണ് സംയുക്ത പാര്‍ലമെന്ററി സമിതി. ചര്‍ച്ചകള്‍ക്കുശേഷം ബില്ല് വീണ്ടും പാര്‍ലമെന്റിലെത്തും. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം ഉയര്‍ത്തിക്കാട്ടി രാജ്യത്തുടനീളം പ്രചാരണങ്ങളും വാദപ്രതിവാദങ്ങളും ഉയരുമ്പോഴും ഇതിന്റെ പേരിലുള്ള നിയമനിര്‍മാണങ്ങള്‍ അത്ര എളുപ്പമാകില്ല. ഭരണഘടനാഭേദഗതികള്‍ പാസാക്കാന്‍ 368-ാം അനുച്ഛേദമനുസരിച്ച് ലോകസഭയിലും രാജ്യസഭയിലും കേവലഭൂരിപക്ഷത്തോടൊപ്പം സഭയില്‍ സന്നിഹിതരായ മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണയും വേണം. അതേസമയം, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ബില്ല് രാജ്യം മുഴുവന്‍ ചര്‍ച്ചാവിഷയമാക്കുകയും സാവധാനം പല രാഷ്ട്രീയകക്ഷികളെയും ഈ ആശയത്തിലേക്ക് അടുപ്പിക്കുകയും ചെയ്യാം. 
542 അംഗ ലോകസഭയില്‍ എല്ലാവരും ഹാജരാകുന്നപക്ഷം 362 പേരുടെ പിന്തുണയുണ്ടെങ്കില്‍മാത്രമേ ബില്ല് പാസ്സാകൂ. ഇതിന് നിലവില്‍ സാധ്യത കുറവാണ്. കേന്ദ്രസര്‍ക്കാരിന് പ്രതിപക്ഷകക്ഷികളെ കൂട്ടുപിടിക്കേണ്ടിവരും. എന്തായാലും ജനാധിപത്യവ്യവസ്ഥിതിയെ വെല്ലുവിളിക്കാനുള്ള തുറുപ്പുചീട്ടായി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് മാറുമോയെന്ന ആശങ്ക ചെറുതൊന്നുമല്ല.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)