അത്തിപ്പഴങ്ങള്‍ അവന് ഒത്തിരി ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് അങ്ങനെയിരിക്കുമ്പോഴൊക്കെ അവന്‍ അത്തിമരച്ചോട്ടില്‍ എത്തിയതും. തണല്‍തേടിയല്ല, കായ്കനികള്‍ കാംക്ഷിച്ചായിരുന്നു അവന്റെ ആഗമനം. വീടും കൂടുമെല്ലാം വിട്ട്, വചനത്തിന്റെ വിത്തു വിതയ്ക്കാനിറങ്ങിയ അവന്‍ വൃക്ഷത്തില്‍നിന്നു ഭക്ഷിച്ചും, കുളത്തില്‍നിന്നു കുടിച്ചുമൊക്കെ പൈദാഹങ്ങള്‍ അകറ്റാനായിരിക്കാം പലപ്പോഴും ആഗ്രഹിച്ചിരുന്നത്! അതുകൊണ്ടുതന്നെയാകാം, കുടലു കരിഞ്ഞപ്പോഴും തൊണ്ട വരണ്ടപ്പോഴും അവന്‍ അവിടെയൊക്കെ വന്നത്. എന്നാല്‍, സുവിശേഷങ്ങളിലെ ഒരത്തിമരംപോലും അവനു വിശപ്പടക്കാന്‍ എന്തെങ്കിലും കൊടുക്കുന്നില്ല! ഒരു കിണറുപോലും അവന്റെ ദാഹം ശമിപ്പിക്കുന്നില്ല! ശരിയാണ്, അവന്റെ പൈദാഹങ്ങള്‍ കനികള്‍ക്കും കുടിനീരിനുമൊക്കെ അതീതമായ മറ്റെന്തിനോവേണ്ടിയായിരുന്നു. എങ്കിലും, വൃക്ഷത്തിന്റെ വന്ധ്യത അവനെ വല്ലാതെ വേദനിപ്പിച്ചു. ഫലശൂന്യത നിര്‍ജീവത്വത്തിന്റെ തെളിവാണ്. അവന്‍ അവതരിച്ചത് ജീവന്‍ സമൃദ്ധമായുണ്ടാകാന്‍വേണ്ടിയാണ്. അപ്പോള്‍പ്പിന്നെ ജീവനില്ലായ്മ അവന് എങ്ങനെ സഹിക്കാനാവും? പഴങ്ങളില്ലാത്ത പച്ചമരങ്ങളും തണ്ണീരില്ലാത്ത തടങ്ങളുമൊക്കെ കര്‍ത്താവിന്റെ ചില സ്വകാര്യനൊമ്പരങ്ങളുടെ പര്യായങ്ങളാണ്!
പുതുവര്‍ഷത്തിന്റെ പുലര്‍കാലസന്ധ്യകളില്‍ വേദപുസ്തകത്തിലെ ആ കൂലിക്കാരന്‍ കര്‍ഷകന്റെ വാക്കുകള്‍ക്ക് ഒരുവട്ടംകൂടി നീ കാതോര്‍ക്കുക. വളരെയേറെ കരുതലും വളവും കൊടുത്തിട്ടും കനിയൊന്നുപോലും കായ്ക്കാതെനിന്ന അത്തിമരത്തെ അറുത്തുമാറ്റാന്‍ ആവശ്യപ്പെട്ട യജമാനനോടുള്ള കേവലമൊരു പണിയാളന്റെ യാചന: 'ഈ വര്‍ഷംകൂടി അതു നില്ക്കട്ടെ. ഞാന്‍ അതിന്റെ ചുവടു കിളച്ചു വളമിടാം. മേലില്‍ അതു ഫലം നല്കിയേക്കാം. ഇല്ലെങ്കില്‍ നീ അതു വെട്ടിക്കളഞ്ഞുകൊള്ളുക' (ലൂക്കാ 13:8,9). അത്തിമരത്തെ ചുറ്റിപ്പറ്റിയുള്ള ഈ ഇത്തിരിച്ചിന്തകള്‍, മനഃപാഠമാക്കേണ്ട നാലഞ്ചു സമവാക്യങ്ങള്‍ നിനക്കു സമ്മാനിക്കുന്നുണ്ട്. അവ നിന്റെ ഹൃദയഫലകത്തില്‍ കുറിച്ചിട്ടാല്‍ വരാനുള്ള ജീവിതനാളുകള്‍ ഫലസമ്പന്നമായിരിക്കും.
വര്‍ഷം നിന്റെ വയസ്സാണ്, ആയുസ്സാണ് എന്നതാണ് ഒന്നാമത്തെ സമവാക്യം. ഓരോ വര്‍ഷവും ഒരു വയസ്സ് നിനക്കു കൂടുകയാണ്. അങ്ങനെ, നിന്റെ ആയുസ്സ് അല്പംകൂടി നീളുകയാണ്. 'എത്ര വയസ്സായി?' എന്നു ചോദിക്കുമ്പോള്‍ ജനിച്ചിട്ട് എത്ര വര്‍ഷമായി എന്നാണ് അര്‍ഥമാക്കുന്നത്. ആയുസ്സെന്നാല്‍ വെറും ദിവസങ്ങളുടെയോ മാസങ്ങളുടെയോ മുഴുത്തുകയല്ല; മറിച്ച്, ഫലം പുറപ്പെടുവിക്കാനായി കര്‍ത്താവ് അനുവദിച്ചുതരുന്ന അവസരങ്ങളുടെ ആകെത്തുകയാണ്. ദൈവത്തിന്നുഒരു വ്യക്തിയെക്കുറിച്ചുള്ള സ്വപ്നങ്ങളുടെയും കണക്കുകൂട്ടലുകളുടെയും കാലവ്യാപ്തി. അവിടുത്തെ ഔദാര്യത്തിന്റെ ദൈര്‍ഘ്യം. അങ്ങനെവരുമ്പോള്‍ ആയുസ്സ് നിന്റെ അവകാശമല്ല, വെറും ഭിക്ഷയാണ്. പിച്ചപ്പാത്രത്തില്‍ വീഴുന്നവയില്‍ അഹങ്കരിക്കാനൊന്നുമില്ല. 'ഈ വര്‍ഷംകൂടി അതു നില്ക്കട്ടെ' എന്ന തൊഴിലാളിയുടെ അപേക്ഷയ്ക്കു മൗനസമ്മതം നല്കുന്ന മുതലാളി ആ അത്തിമരത്തിന്നുഅതിന്റെ ആയുസ്സ് മുഴമൊന്നുകൂടി ദീര്‍ഘിപ്പിച്ചുകൊടുക്കുകയാണ്. ആയുസ്സിനെ വലിച്ചുനീട്ടുന്നതും വെട്ടിക്കുറയ്ക്കുന്നതും കര്‍ത്താവുതന്നെ. നിന്റെ ആയുസ്സിന്റെ ആസ്തിയും അസ്തിവാരവും അവിടുന്നാണ്. കേവലമൊരു കൂലിക്കാരനെപ്പോലും അനുസരിക്കുന്ന, അവന്റെ അഭിപ്രായത്തെ അംഗീകരിക്കുന്ന ആ മുതലാളിയുടെ മിഴികളില്‍ നിന്റെ ദൈവത്തിനു നിന്റെ നേര്‍ക്കുള്ള ദയയുടെ ആര്‍ദ്രതയാണു നീ ദര്‍ശിക്കേണ്ടത്. നിന്നെ രക്ഷിക്കാന്‍ ഏതറ്റംവരെയും പോകാന്‍ ക്ഷമ കാണിക്കുന്ന നിന്റെ ദൈവം! പാപത്തില്‍ പൂണ്ടുകിടന്ന നിന്നെ കരവല്ലികള്‍കൊണ്ടു കോരിയെടുക്കാന്‍ പരലോകത്തുനിന്നു പൂര്‍ണപരിത്യാഗിയായി പാരിടത്തിലെ ഒരു പശുക്കൂട്ടില്‍ പിറന്നുവീണ നിന്റെ പരിത്രാണകന് ഒരു വര്‍ഷമല്ല, ഒരു പതിറ്റാണ്ടിലുമപ്പുറം നിനക്കുവേണ്ടി, നിന്നിലെ ഫലസമൃദ്ധിക്കുവേണ്ടി കരുണയോടെ കാത്തിരിക്കാന്‍ പ്രയാസമൊന്നുമില്ല.
വളം നിന്റെ ആരോഗ്യമാണ് എന്നതാണ് രണ്ടാമത്തെ സമവാക്യം. മരത്തിന്റെ ആരോഗ്യത്തിനുവേണ്ടിയല്ലേ സാധാരണ നാം അതിന്റെ ചുവടിളക്കി വളമിട്ടുകൊടുക്കുന്നത്? ബലമുള്ള വൃക്ഷക്കൊമ്പുകള്‍ക്കേ പഴക്കുലകളെ വഹിക്കാനുള്ള ശേഷിയുണ്ടാവൂ. മൃദുവായ ചില്ലകള്‍ കവരത്തില്‍വച്ചുതന്നെ ചീന്തിപ്പോകും. സുവിശേഷത്തിലെ സേവകന്‍ അത്തിച്ചുവടു കിളച്ചു വളമിട്ടുകൊടുക്കുന്നത് ആ മരത്തിന്റെ ആരോഗ്യത്തിനുവേണ്ടിയാണ്. കാലവര്‍ഷത്തില്‍ അതു കടപുഴകിയാല്‍, കൊടുംവേനലില്‍ കരിഞ്ഞുപോയാല്‍ പിന്നെ അതില്‍ കായ്കളുണ്ടാവില്ല. അതുകൊണ്ടുതന്നെ, അത് വരുംകാലങ്ങളില്‍ തഴച്ചുവളരേണ്ടതുണ്ട്. നീയാകുന്ന അത്തിമരം ബലിഷ്ഠമായിരിക്കണം. എങ്കില്‍മാത്രമേ, നിന്റെ കാതലായ ആത്മാവിനും ആരോഗ്യമുണ്ടാവൂ. അപ്പോള്‍മാത്രമേ, ദൈവാത്മാവിന്റെ ഫലങ്ങള്‍ (ഗലാ. 5:22,23) ചൂടാന്‍ അതിനു സാധിക്കൂ. ആത്മാവിന്റെ ആരോഗ്യമാണ് സര്‍വപ്രധാനം. ആത്മാവിനു പ്രതിരോധശേഷി നഷ്ടപ്പെടുമ്പോഴാണ് അതു പലവിധ വ്യാധികള്‍ക്കടിമപ്പെടുന്നതും സാത്താന്റെ സത്രമായി മാറുന്നതും. നിന്റെ ആത്മാവിനു രോഗാണുക്കളെ ചെറുത്തുതോല്പിക്കുന്നതിനുവേണ്ടിയാണ് അമൂല്യങ്ങളായ ആത്മീയ ഔഷധക്കൂട്ടുകള്‍ സഭയാകുന്ന സത്രത്തില്‍ നല്കപ്പെടുന്നത്. അത്തിത്തരുവിന്റെ കട കിളച്ചു വളമിട്ടുകൊടുക്കുന്ന വേലക്കാരന്റെ കടമ ഇന്നു നിനക്കുവേണ്ടി ചെയ്തുതരുന്നത് നീ അംഗമായിരിക്കുന്ന തിരുസ്സഭയാണ്. നിനക്കുവേണ്ടി ഉടയോനായ കര്‍ത്താവിനോടു മാധ്യസ്ഥ്യം യാചിക്കുന്നതും, സമയാസമയങ്ങളില്‍ നിന്റെ ആത്മീയപരിപോഷണത്തിനാവശ്യമായ വളക്കൂട്ടുകള്‍ കരുതലോടെ നല്കുന്നതും സഭതന്നെ.
വചനം നിന്റെ വളമാണ് എന്നതാണ് മൂന്നാമത്തെ സമവാക്യം. ക്രൈസ്തവവിശ്വാസി എന്ന നിലയില്‍ നിന്റെ ആധ്യാത്മികവളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ ആദ്യത്തെ പോഷണം കാലത്തെ അതിജീവിക്കുന്ന കര്‍ത്താവിന്റെ വചനംതന്നെയാണെന്നതില്‍ തെല്ലും സന്ദേഹം വേണ്ട. വളക്കൂറുള്ള നിലം എന്നാല്‍ വചനക്കൂറുള്ള നിലം എന്നുതന്നെയാണ്. വചനത്തില്‍ വേരൂന്നുക എന്നതുകൊണ്ട് വചനപുഷ്ടമായ മണ്ണില്‍ അടിയുറച്ചുനില്ക്കുക എന്നാണ് അര്‍ഥമാക്കുന്നത്. അതുകൊണ്ടാണ് 'എന്റെ വചനം നിങ്ങളില്‍ നിലനില്ക്കുന്നെങ്കില്‍ നിങ്ങള്‍ ധാരാളം ഫലം പുറപ്പെടുവിക്കും' (യോഹ. 15:7-9) എന്ന് അവന്‍ അരുള്‍ ചെയ്യുന്നതും. ജീവിക്കണമെങ്കില്‍ അവന്റെ വചനം വേണം (മത്താ. 4:4). ജീവന്‍ ആരോഗ്യത്തിന്റെ ആധിക്യവും, മരണം ആരോഗ്യത്തിന്റെ അഭാവവുമാണ്. ആകയാല്‍, വചനസേചിതമായിരിക്കട്ടെ നീ വസിക്കുന്ന ഇടം. വിശുദ്ധവചനത്തിന്റെ വളക്കൂറുള്ള മേല്‍മണ്ണ് നിന്റെ വീട്ടുവളപ്പില്‍നിന്ന് ഒലിച്ചുപോകാതെ സൂക്ഷിക്കുക. വചനവായന അനുദിനശീലമാക്കാനുള്ള ഒരു തീരുമാനം ഈ പുതുവര്‍ഷത്തില്‍ എടുത്തു മുടക്കംകൂടാതെ നടപ്പാക്കുക.
വിശുദ്ധകൂദാശകള്‍ നിന്റെ വളമാണ് എന്നതാണ് നാലാമത്തെ സമവാക്യം. ക്രിസ്തുവില്‍ നവജീവിതം നയിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്ന നിന്നെ സംബന്ധിച്ചിടത്തോളം സഭയിലെ സംപൂജ്യങ്ങളായ സപ്തകൂദാശകള്‍ നിന്റെ ആത്മീയമായ ഫലസമൃദ്ധിക്കു സഹായിക്കുന്ന വളക്കൂട്ടാണ്. ആത്മാ വിന്റെ അത്താഴമായ വിശുദ്ധ കുര്‍ബാനയും അനുരഞ്ജനത്തിന്റെ അടയാളമായ വിശുദ്ധ കുമ്പസാരവും വേണ്ടത്ര ഒരുക്കത്തോടും യോഗ്യതയോടുംകൂടെ നീ സ്വീകരിക്കുമ്പോള്‍ നിന്റെ ആത്മാവിന് ആയുസ്സും ആരോഗ്യവും കണിശമായും കൈവരും. അവ നിന്റെ കര്‍ത്താവിനോടു നിന്നെ കൂടുതല്‍ അനുരൂപപ്പെടുത്തും. കൂദാശകള്‍ കര്‍ത്താവിനാല്‍ സ്ഥാപിതങ്ങളാണ്. ആകയാല്‍, അവ സ്വഭാവത്താല്‍ത്തന്നെ പവിത്രവും പവിത്രീകരിക്കുന്നവയുമാണ്. ആരൊക്കെ അവയെ ദുരുപയോഗിക്കാന്‍ ശ്രമിച്ചാലും അവയുടെ സത്തയ്ക്കു മാറ്റമുണ്ടാവില്ല. ആര്‍ക്കും അവയെ തരംതാഴ്ത്താനോ തച്ചുടയ്ക്കാനോ അധികാരമില്ല. കുഴിച്ചുമൂടാന്‍ കുറേപ്പേര്‍ തന്ത്രങ്ങള്‍ മെനഞ്ഞാലും കൂദാശകളുടെ ശക്തിയും പ്രസക്തിയും കൂടിവരുന്നതേയുള്ളൂ എന്നു കാലം തെളിയിച്ചുകൊണ്ടേയിരിക്കും.
വര്‍ഷവും വളവും നിന്നിലെ വിളവിനുവേണ്ടിയാണ് എന്നതാണ് അഞ്ചാമത്തെ സമവാക്യം. നടന്നുതളര്‍ന്നു വിശ്രമിക്കാനല്ല; മറിച്ച്, വിശപ്പടക്കാനാണ് അവന്‍ വൃക്ഷച്ചുവട്ടില്‍ വന്നത്. അതുകൊണ്ടുതന്നെ, തഴച്ചുനിന്ന തളിരിലക്കൂട്ടങ്ങള്‍ അവന് അല്പംപോലും ആശ്വാസം പകര്‍ന്നില്ല. പച്ചിലകള്‍ക്കിടയില്‍ പഴങ്ങളാണ് അവന്റെ കണ്ണുകള്‍ തിരഞ്ഞത്. തന്റെ വിശപ്പു ശമിപ്പിക്കാന്‍ ഒന്നുപോലും കാണായ്കയാലാണ് ഒന്നിനെ അവന്‍ സമൂലം ശപിച്ചുണക്കിക്കളഞ്ഞത്! (മത്താ. 21:19). നീയാകുന്ന അത്തിമരത്തിലെ പച്ചിലജാലങ്ങളെ നിന്റെ കര്‍ത്താവിന്നുആവശ്യമില്ല. ഇലകള്‍ എല്ലാ വൃക്ഷലതാദികള്‍ക്കും ഉള്ളതല്ലേ? പ്രകൃതിയില്‍ത്തന്നെ ഇലകളല്ലേ കായ്കളെക്കാള്‍ എണ്ണത്തില്‍ കൂടുതല്‍? എന്നാല്‍, ഭക്ഷ്യയോഗ്യമായ കനികള്‍ എല്ലാറ്റിനുമില്ല. അവനുനുവേണ്ടത് നിന്നിലെ ഫലങ്ങളാണ്; കടിച്ചുകഴിക്കാന്‍ പറ്റുന്ന സ്വാദുള്ള പഴങ്ങള്‍! നിന്റെ ജീവിതത്തിലേക്ക് അവന്‍ കൈനീട്ടുമ്പോള്‍ കൊടുക്കാന്‍ കാര്യമായി എന്തെങ്കിലും നിന്റെ പക്കലുണ്ടോ? ഇല്ലെങ്കില്‍ പേടിക്കണം. കരിഞ്ഞുണങ്ങലിന്റെ ചില അനുഭവങ്ങള്‍ നിനക്കുമുണ്ടാകും. ഉടയോനുവേണ്ടിയല്ലെങ്കില്‍ പിന്നെ ആര്‍ക്കുവേണ്ടിയാണ് നീ കായ്ച്ചുനില്‌ക്കേണ്ടത്?
വേദഗ്രന്ഥത്തിലെ അത്തിവൃക്ഷത്തില്‍നിന്നു പഠിക്കുക (മര്‍ക്കോ. 13:28). ഫലനിബിഡമായ അത്തിമരം ദൈവരാജ്യത്തിന്റെ അടയാളമാകുന്നതുപോലെ ആത്മാവിന്റെ ഫലങ്ങള്‍ നിറഞ്ഞ നിന്റെ ജീവിതം ഭൂമിയിലെ ദൈവികസാന്നിധ്യത്തിന്റെ പ്രതീകമാണ്. വേരോടെ വീണു നശിച്ചുപോകാതെ നീയാകുന്ന അത്തിവൃക്ഷം ഇന്നും അതിജീവിക്കുന്നത് നിന്റെ ദൈവത്തിനു നിന്നെക്കുറിച്ചുള്ള ആശകള്‍ ഒലിച്ചുപോകാതെ എവിടെയൊക്കെയോ ഇനിയും അവശേഷിക്കുന്നതുകൊണ്ടാണ്. ഈ പുതുവത്സരത്തിലുടനീളം ദൈവം നിന്റെ ജീവിതവൃക്ഷത്തിന് ആയുരാരോഗ്യങ്ങള്‍ അനുഗ്രഹിച്ചരുളട്ടെ. കനികളുെണ്ടങ്കിലേ കര്‍ത്താവിന്റെ കണ്ണിലുണ്ണിയാകാന്‍ കഴിയൂ. മുമ്പെന്നതിനെക്കാള്‍ മനുഷ്യായുസ്സിന്റെ അനിശ്ചിതത്വം കൂടുകയും അനുദിനമുള്ള അകാലമരണങ്ങളുടെ സംഖ്യ അമ്പരപ്പിക്കുകയും കൊഴിഞ്ഞുവീഴുന്നവയെക്കാള്‍ കുഴഞ്ഞുവീഴുന്നവര്‍ കൂടിവരികയും ചെയ്യുന്ന ആധുനികകാലത്ത് ആവുന്നത്ര വിശുദ്ധിയോടെ അനുനിമിഷം ജീവിക്കാന്‍ ശ്രദ്ധിക്കുക. ആയുസ്സിലെ ഓരോ ഇരവും പകലും അവസാനിക്കുമ്പോള്‍ ഓര്‍ക്കുക: നീയാകുന്ന അത്തിച്ചുവട്ടില്‍ അവനുണ്ട്, വിശക്കുന്ന വയറുമായി നിന്റെ ഉടയവന്‍!