•  23 Jan 2025
  •  ദീപം 57
  •  നാളം 45
ലേഖനം

മലയാളസാഹിത്യനഭസ്സിലെ നിത്യതാരകം

     എം.ടി. വാസുദേവന്‍നായര്‍ എന്ന എഴുത്തുകാരനെക്കുറിച്ച്, മലയാളസാഹിത്യത്തിന് ആ പ്രതിഭാശാലി എന്തായിരുന്നു എന്നതിനെക്കുറിച്ച്, അദ്ദേഹത്തിനു ലഭിച്ച പുരസ്‌കാരങ്ങളുടെ നിര്‍വൃതിയില്‍ നിന്നുകൊണ്ടോ, വഹിച്ച സ്ഥാനമാനങ്ങളുടെ പ്രശസ്തിയില്‍ നിന്നുകൊണ്ടോ ഒന്നും പറയേണ്ട ആവശ്യമില്ല. നാലുകെട്ടുമുതല്‍ വാരാണസിവരെയുള്ള കൃതികളുടെ മനോഹാരിതയിലും മഹത്ത്വത്തിലും നിന്നുകൊണ്ട് നമുക്കു സംസാരിക്കാന്‍ സാധിക്കും. മലയാളഗദ്യത്തിന് പുതിയൊരു ഭാവുകത്വം നല്കിയ എഴുത്തുകാരനാണ് എം.ടി. അതുവരെയുള്ള മലയാളഭാഷയിലെ ഗദ്യശൈലി അദ്ദേഹം കാവ്യാത്മകമാക്കി അഥവാ ഹൃദയംഗമമാക്കി. കഥാപാത്രസങ്കല്പനത്തിലും ജീവിതാഖ്യാനത്തിലുമൊക്കെ ഒരു കാവ്യശോഭ അടയാളപ്പെടുത്തി. 
    എം.ടി.ക്ക് ജ്ഞാനപീഠപുരസ്‌കാരം ലഭ്യമാക്കിയത് രണ്ടാമൂഴം എന്ന കൃതിയാണ്. അതിന്റെയൊരു പ്രാഥമികകമ്മിറ്റിയില്‍ അംഗമായിരിക്കാനുള്ള സൗഭാഗ്യം എനിക്കുണ്ടായി എന്നുള്ളത് അഭിമാനത്തോടെ ഓര്‍ക്കുന്നു. മഹാഭാരതം നമ്മുടെ ഇതിഹാസങ്ങളുടെ ഇതിഹാസമാണ്.. നമ്മുടെ ജീവിതത്തിന്റെ പൂര്‍ണമായ ചിത്രം അടയാളപ്പെടുത്തുന്ന, ഭാരതീയസംസ്‌കൃതിയുടെ മനോഹാരിത മുഴുവന്‍ നിറഞ്ഞ മഹത്തായ കൃതി. ആ ഗ്രന്ഥത്തെ അധികരിച്ചാണ് രണ്ടാമൂഴം എന്ന നോവല്‍ എം.ടി. രചിച്ചിരിക്കുന്നത്. 
    മലയാളത്തിന് രണ്ടാമൂഴം എന്ന കൃതി നല്കിയത് എന്താണ്? ഇത് സ്ത്രീപക്ഷത്തുനിന്ന് എഴുതപ്പെട്ട ഒരു നോവലാണ്. എന്നു മാത്രമല്ല, അധര്‍മത്തിനെതിരായി എഴുതപ്പെട്ടതുകൂടിയാണ്. 
    അതിശ്രേഷ്ഠമായ ഭാരതീയസംസ്‌കൃതിയുടെ ചലനങ്ങളും ചൈതന്യവും മുഴുവന്‍ ഉള്‍ക്കൊള്ളുന്ന അതിമഹത്തായ ഒരു കൃതിയാണ് രണ്ടാമൂഴം. മലയാളത്തിന്റെ മഹത്ത്വം ആകാശത്തോളം ഉയര്‍ത്തി മഹാമേരുവിന് അപ്പുറത്തേക്ക് നമ്മുടെ ചൈതന്യത്തെ വളര്‍ത്തിയെടുത്ത കൃതി.
അസുരവിത്ത് എന്നൊരു നോവല്‍ എം.ടി. എഴുതിയിട്ടുണ്ട്.  ഗോവിന്ദന്‍കുട്ടിയുടെ കഥ. വര്‍ത്തമാനകാലത്തെ പല സംഭവങ്ങളും എടുത്തുനോക്കുമ്പോഴും അത് ഇന്നും പ്രസക്തമാണ്.   ജീവിതത്തിന്റെ അതിസാന്ദ്രമായ അനുഭവതലങ്ങളിലൂടെ സഞ്ചരിക്കുന്ന ഏകാകിയുടെ സ്വരം ആ കൃതിയില്‍ ഉച്ചത്തില്‍ മുഴങ്ങുന്നു. അങ്ങനെയൊരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു എം.ടി. വാസുദേവന്‍നായര്‍. അദ്ദേഹം നമുക്ക് നല്ല സിനിമകള്‍ തന്നു. നല്ല ജീവിതാനുഭവങ്ങള്‍ തന്നു.  മലയാളഭാഷയ്ക്കും അതിന്റെ മാനവികതയ്ക്കും ഉയര്‍ച്ച ഉണ്ടാക്കിത്തന്ന പ്രതിഭാശാലിയാണ് എം.ടി. വ്യക്തിപരമായി നല്ല ബന്ധങ്ങള്‍ സൂക്ഷിച്ചിരുന്ന ആള്‍. ഇന്നലെവരെ രാവില്‍ വെളിച്ചം പകര്‍ന്ന നക്ഷത്രം പെട്ടെന്ന് അസ്തമിച്ചതുപോലുള്ള ഒരു അനുഭവമാണ് അദ്ദേഹത്തിന്റെ വേര്‍പാട് എന്നില്‍  സൃഷ്ടിച്ചത്.
മലയാളസാഹിത്യത്തില്‍ ആ മഹാകഥാകാരനെ അടയാളപ്പെടുത്താന്‍ രണ്ട് അക്ഷരം മതിയായിരുന്നു. എന്നാല്‍, എന്നെ സംബന്ധിച്ചിടത്തോളം അത് മൂന്ന് അക്ഷരങ്ങളായിരുന്നു. 'ഗുരുത്വം' എന്ന മൂന്നക്ഷരങ്ങള്‍. അദ്ദേഹം എന്നെ ക്ലാസ്മുറിയിലിരുത്തി പഠിപ്പിച്ചിട്ടില്ല. പക്ഷേ, എത്രയോ വലിയ ജീവിതപാഠങ്ങള്‍ അദ്ദേഹത്തിന്റെ രചനകളില്‍നിന്ന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു.
    വായനയുടെ ലോകത്ത് പിച്ചവച്ചു നടക്കാന്‍ ആരംഭിച്ച കാലംമുതല്‍ എനിക്കു പരിചിതമായതാണ് എം.ടി.  വാസുദേവന്‍ നായര്‍ എന്ന നാമധേയം. അദ്ദേഹത്തിന്റെ കഥകള്‍ സ്‌കൂള്‍വിദ്യാഭ്യാസകാലത്തുതന്നെ ഞാന്‍ വായിച്ചിട്ടുണ്ട്. നോവലിലേക്കുള്ള പ്രവേശനകവാടവും അക്കാലത്തുതന്നെ തുറന്നുകിട്ടി. പാതിരാവും പകല്‍വെളിച്ചവും വായിച്ചു. അതുപോലെതന്നെ,  വളരെ പ്രസിദ്ധമായ നാലുകെട്ട് എന്ന നോവല്‍ അക്കാലത്തു വായിച്ചു. അവിടെ വിറച്ചുനില്‍ക്കുന്ന നായകന്റെ മനസ്സ് എനിക്കു കാണാന്‍ കഴിഞ്ഞു. പുതിയ കാലത്തിന്റെ കാഹളം വിളിയുമായി എത്തുന്ന ആ മനോഹരമായ നോവല്‍ പുതിയ അവബോധത്തിലേക്കും പുതിയ ഭാവുകത്വത്തിലേക്കും മലയാളസാഹിത്യത്തെ നയിച്ചു.
    സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പെടെ ധാരാളം ഉയര്‍ന്ന പുരസ്‌കാരങ്ങള്‍ക്ക് എം.ടി.യെ അര്‍ഹനാക്കിയ ആദ്യകാലനോവലുകളിലൊന്നാണ് നാലുകെട്ട്. പുതിയ ഒരു കുടുംബാന്തരീക്ഷം, ജീവിതബന്ധങ്ങള്‍. ഭാവിയെക്കുറിച്ചുള്ള പുതിയ സങ്കല്പനം ഉള്‍ക്കൊള്ളുന്ന ആ കഥാശില്പം തീര്‍ച്ചയായും അതിന്റെ ഉള്ളടക്കത്തിലും അതുണര്‍ത്തിയ സംസ്‌കാരത്തിലും ഏറെ ശ്രദ്ധേയമായിരുന്നു എന്നു പറയാതെ വയ്യ. അങ്ങനെ മലയാളസാഹിത്യത്തില്‍ പുതിയ ഭാവുകത്വം സൃഷ്ടിച്ച എം.ടി. എന്ന കഥാകാരന്റെ ആദ്യകാലസൃഷ്ടികളാണിവ. അവിടെനിന്ന് അദ്ദേഹം മുന്നില്‍ സഞ്ചരിക്കുകയും ഞങ്ങള്‍ പിന്നാലെ നടക്കുകയും ചെയ്തു. എപ്പോഴും ഞാന്‍ അദ്ദേഹത്തിന്റെ പിന്നാലേ ഉണ്ടായിരുന്നു. ആ അഭിമാനം ഞാന്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു.
    എം.ടി.യുടെ ഓരോ കൃതിയും ഞാന്‍ ശ്രദ്ധാപൂര്‍വം  വായിച്ചിട്ടുണ്ട്, പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അത് എന്റെ വിവേകത്തിന്റെയും ജ്ഞാനത്തിന്റെയും അടയാളമാക്കിത്തീര്‍ക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. എന്നും എഴുത്തുവഴികളില്‍ സംസ്‌കാരത്തിന്റെ പ്രകാശനക്ഷത്രമായി എം.ടി.യുടെ വാക്കുകള്‍ എന്റെ മുന്നില്‍ തെളിഞ്ഞിട്ടുണ്ട്. ആ നക്ഷത്രമാണ് കഴിഞ്ഞ ഒരു രാത്രിയില്‍ അപ്രത്യക്ഷമായത്. അത് അപ്രതീക്ഷിതമായിരുന്നില്ല. അദ്ദേഹം രോഗാവസ്ഥയില്‍ ആയിരുന്നു. 
ഈ വേര്‍പാടിന്റെ നിമിഷത്തില്‍ എം.ടി. എന്നെ സംബന്ധിച്ചിടത്തോളം ആരായിരുന്നു എന്ന് ഓര്‍ത്തുപോവുകയാണ്. അദ്ദേഹം മാതൃഭൂമിയുടെ പത്രാധിപരായിരുന്ന സമയത്ത് എന്റെ ഏതാനും ചെറുകഥകള്‍ അതില്‍ വെളിച്ചം കണ്ടിട്ടുണ്ട് എന്നുള്ളത് എന്റെ സ്വകാര്യമായ അഭിമാനമാണ്. മാതൃഭൂമി അങ്ങ് ദൂരെ കോഴിക്കോട്ടായിരുന്നു. ഞങ്ങള്‍ ഇവിടെ തിരുവിതാംകൂര്‍ - കൊച്ചിയില്‍ ജീവിച്ചിരുന്നവര്‍. 
    തെക്കോട്ടു വരുമ്പോള്‍ എഴുത്തിന്റെ വഴികളില്‍ വെളിച്ചമുണ്ടോ എന്നു തിരക്കാന്‍ അല്ലെങ്കില്‍ ആ വെളിച്ചം ശ്രദ്ധിക്കാന്‍ അധികം പേരും മെനക്കെട്ടില്ല എന്നുള്ളതാണ് വാസ്തവം. എങ്കിലും ഇവിടെ വായിച്ചു പഠിച്ച് കാര്യങ്ങള്‍ മനസ്സിലാക്കി ജീവിതത്തിന്റെ സത്യങ്ങള്‍ തുറന്നുപറഞ്ഞുകൊണ്ടു ജീവിക്കുന്ന എഴുത്തുകാര്‍ ഉണ്ടായിരുന്നു എന്നുള്ളത് പലരും മറന്നുപോയി. ഇത് ഓര്‍മിക്കേണ്ടതായിരുന്നു, ശ്രദ്ധിക്കേണ്ടതായിരുന്നു. അതുവഴി മലയാളത്തിനു സംഭവിക്കാമായിരുന്ന കൂടുതല്‍ വിശാലമായ ഒരു ബോധം നഷ്ടപ്പെട്ടുപോയി എന്നതാണ് എന്റെ ദുഃഖം. എന്നാല്‍, എം.ടി. വടക്കുനിന്ന് കണ്ണുകളയച്ച് കേരളത്തിന്റെ തെക്കേയറ്റത്തു ജീവിക്കുന്ന ഞങ്ങളെപ്പോലെയുള്ള അന്നത്തെ പുതിയ തലമുറയില്‍പ്പെട്ട എഴുത്തുകാരെ ശ്രദ്ധിച്ചിരുന്നു, പ്രോത്സാഹിപ്പിച്ചിരുന്നു എന്നതാണു വാസ്തവം; പത്രാധിപര്‍ എന്നുള്ള നിലയില്‍, അദ്ദേഹത്തോട് വ്യക്തിപരമായി എനിക്കു വലിയ കടപ്പാടുള്ള ഒരു കാര്യമുണ്ട്. ഞാനെഴുതിയ ഒരു യാത്രാവിവരണമാണ്. 'ഒലിവുമരങ്ങളുടെ നാട്ടില്‍' ഹോളിലാന്‍ഡ് എന്ന് അടയാളപ്പെടുത്തുന്ന ഇസ്രയേല്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ യാത്ര ചെയ്തതിന്റെ നേര്‍ച്ചിത്രങ്ങള്‍. ഏറെ ശ്രദ്ധിക്കപ്പെട്ട ആ യാത്രാവിവരണം പില്‍ക്കാലത്ത് എനിക്ക് ഏറെ അംഗീകാരങ്ങള്‍ നേടിത്തന്നു. ആദ്യമായി കോഴിക്കോട്ടുവച്ച് ഈ പുസ്തകം എം.ടി.യെ ഏല്പിക്കുമ്പോള്‍ എന്നോടു ചോദിച്ചത് നമുക്കിത് പ്രകാശനം ചെയ്യേണ്ടേ എന്നാണ്. 
   ഈ പുസ്തകം പ്രകാശനം ചെയ്യുന്നതിനുവേണ്ടി മാത്രം അദ്ദേഹം തിരുവനന്തപുരത്തു വന്നു. മനോഹരമായ ഒരു സമ്മേളനത്തില്‍വച്ച് അദ്ദേഹം അത് പ്രകാശനം ചെയ്യുകയും ചെയ്തു. അതിന്റെ പുതിയ പതിപ്പുകളില്‍ എം.ടി.യുടെ പ്രസംഗം കൂടി ചേര്‍ത്താണ് പുറത്തിറക്കിയിരിക്കുന്നത്. 
മലയാളത്തിന്റെ മഹാസഞ്ചാരി എന്നു പറയുന്നത് എസ്.കെ.പൊറ്റെക്കാട്ട് ആണ്. എം.ടി.യും നല്ല യാത്രികന്‍തന്നെ. ചെന്നുപെടാത്ത ഭൂവിഭാഗങ്ങളിലൂടെ ഇതാ ഈ പുതിയ എഴുത്തുകാരന്‍ യാത്ര ചെയ്യുന്നു; അത് മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു എന്നാണ് എം.ടി. എന്റെ പുസ്തകത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത്. അത് എന്റെ പുസ്തകത്തിന് അലങ്കാരമായി, എന്റെ ജീവിതത്തിന് അനുഗ്രഹമായി.
    തുഞ്ചന്‍പറമ്പില്‍, സാഹിത്യഅക്കാദമിയില്‍ ഒക്കെയുള്ള കൂടിക്കാഴ്ചകള്‍! എന്റെ സാഹിത്യജീവിതത്തെ കൂടുതല്‍ സമ്പന്നമാക്കിയിരുന്ന ഞങ്ങളുടെ സൗഹൃദം ഒരു ചെടിയായി, വന്‍വൃക്ഷമായി വളര്‍ന്ന് വലിയൊരു ആകാശമായി മാറിയെന്നതാണു സത്യം.
ഇന്ത്യയുടെ മഹാനായ സാഹിത്യകാരന്‍, മലയാളഭാഷയ്ക്ക് അതിന്റെ മാനവികതയ്ക്ക് വലിയ ഉയര്‍ച്ച ഉണ്ടാക്കിത്തന്ന പ്രതിഭാശാലി. വ്യക്തിപരമായി നല്ല ബന്ധങ്ങള്‍ സൂക്ഷിച്ചിരുന്ന മഹാത്മാവ്. ഈ നിലകളിലൊക്കെ എം.ടി. വാസുദേവന്‍നായരെ സാദരം ഓര്‍മിക്കുന്നു. എം.ടി. എനിക്ക് കേവലം രണ്ട് അക്ഷരമല്ല. 'ഗുരുത്വം' എന്ന മൂന്നക്ഷരത്തിന്റെ നിറവാണ്; മലയാളസാഹിത്യത്തിന്റെ മഹാസത്യമാണ്; ചൈതന്യമാണ്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)