2023 ഒക്‌ടോബര്‍ ഏഴിലെ ഹമാസ് ആക്രമണങ്ങള്‍ നടന്ന് 15 മാസം തികയുമ്പോള്‍ ഇസ്രയേലിന്റെ സൈനികനടപടിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അമ്പതിനായിരത്തോടടുക്കുന്നു. ഗാസയിലെ ആരോഗ്യമന്ത്രാലയത്തിന്റെ ഏകദേശക്കണക്കനുസരിച്ച്, പരിക്കേറ്റു ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,10,000 കവിഞ്ഞു.
2025 ജനുവരി 22-ാം തീയതി മൂന്നു വര്‍ഷം തികയുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ ഇതുവരെയായി 12,340 പേരുടെ ജീവന്‍ പൊലിയുകയും 27,836 പേര്‍ക്കു ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്തിട്ടുണ്ട്.
ലോകരാജ്യങ്ങളിലാകെ ഭീതി പരത്തുന്ന രണ്ടു യുദ്ധങ്ങളെയും പരാമര്‍ശിച്ച് ഇക്കഴിഞ്ഞ ക്രിസ്മസ്‌കാലത്ത് ഫ്രാന്‍സിസ് മാര്‍പാപ്പാ, 'നഗരത്തിനും ലോകത്തിനും' നല്കിയ സന്ദേശത്തില്‍ ഇപ്രകാരം ആഹ്വാനം ചെയ്തു: ''യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന മധ്യപൂര്‍വദേശത്തും യുക്രെയ്‌നിലും ശാന്തിയും സമാധാനവും പുലരട്ടേയെന്നു പ്രാര്‍ഥിക്കുന്നു. അതോടൊപ്പംതന്നെ, അസ്വസ്ഥമായിരിക്കുന്ന സൈപ്രസ്, ഹെയ്തി, വെനിസ്വേല, കൊളംബിയ, നിക്കരാഗ്വേ, സുഡാന്‍, സിറിയ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കുവേണ്ടിയും സര്‍വശക്തനായ ദൈവത്തോടു പ്രാര്‍ഥി ക്കുന്നു. വിവിധ രാജ്യങ്ങള്‍ തമ്മില്‍ ഉടലെടുത്തിട്ടുള്ള സ്പര്‍ധയും വിദ്വേഷവും വെടിഞ്ഞ് ആയുധങ്ങള്‍ താഴെവയ്ക്കാനും കൂടിയാലോചനകളിലൂടെ സമാധാനം പുലര്‍ത്താനും കഴിയട്ടെ.''
കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ്ദിനസന്ദേശത്തിലും അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് പരസ്പരധാരണയിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയും പ്രത്യാശയുടെ തീര്‍ഥാടകരാകാന്‍ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തിരുന്നു.
സിറിയയില്‍ പ്രത്യേകിച്ചും പശ്ചിമേഷ്യയില്‍ പൊതുവേയും സമാധാനം സംജാതമാക്കാന്‍ പ്രാര്‍ഥിക്കണമെന്ന് യാക്കോബായസഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയും ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സംഘര്‍ഷാവസ്ഥ അവസാനിപ്പിച്ച് ആളുകള്‍ തമ്മില്‍ സ്‌നേഹത്തിലും സൗഹാര്‍ദത്തിലും കഴിയട്ടേയെന്നും അദ്ദേഹം പ്രത്യാശിച്ചു. എന്നാല്‍, ക്രിസ്മസ്പുലരിയില്‍ത്തന്നെ 184 മിസൈലുകളും നൂറുകണക്കിനു ഡ്രോണുകളുമയച്ച് യുക്രെയ്‌നില്‍ ആക്രമണം നടത്തിയ റഷ്യയുടെ നടപടി ലോകസമാധാനത്തിനു വലിയ ഭീഷണിയാണുയര്‍ത്തിയിരിക്കുന്നത്.
യുദ്ധം മുറുകുന്നു
റഷ്യയുടെ ആണവ/രാസ/ജൈവായുധസേനാവിഭാഗം മേധാവിയായിരുന്ന ലഫ് ജനറല്‍ ഇഗോര്‍ കിറിലോവ് (54) മോസ്‌കോയിലുണ്ടായ സ്‌ഫോടനത്തില്‍ വധിക്കപ്പെട്ടത് റഷ്യ-യുക്രെയ്ന്‍ യുദ്ധം കൂടുതല്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്. ഓഫീസില്‍നിന്നിറങ്ങി കാറില്‍ കയറാനൊരുങ്ങുമ്പോള്‍ സമീപത്തുണ്ടായിരുന്ന ഇരുചക്രവാഹനത്തില്‍ ഒളിച്ചുവച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
യുക്രെയ്‌ന്റെ ആഭ്യന്തരസുരക്ഷാവിഭാഗമാണ് കിറിലോവിന്റെ വധത്തിനു പിന്നിലെന്നാണ് വാര്‍ത്താ ഏജന്‍സികളുടെ ഭാഷ്യം.
അതിനിടെ, റഷ്യന്‍ അതിര്‍ത്തിയില്‍നിന്ന് ആയിരം കിലോമീറ്റര്‍ ഉള്ളില്‍ സ്ഥിതിചെയ്യുന്ന കസാന്‍നഗരത്തിലെ പാര്‍പ്പിടസമുച്ചയങ്ങളിലേക്കു ഡ്രോണുകളയച്ച് യുക്രെയ്ന്‍ ആക്രമണം നടത്തി. കസാനിലെയും സമീപനഗരങ്ങളായ ഇഷെവ്‌സ്‌ക്, സറട്ടോവ് എന്നിവിടങ്ങളിലെയും വിമാനത്താവളങ്ങള്‍ താത്കാലികമായി അടച്ചിടേണ്ടിവന്ന ആക്രമണമായിരുന്നു അത്. ഇതിനു മറുപടിയായി യുക്രെയ്‌നിലേക്ക് 113 ഡ്രോണുകളയച്ചായിരുന്നു റഷ്യയുടെ പ്രത്യാക്രമണം. കിഴക്കന്‍ യുക്രെയ്ന്‍ പ്രവിശ്യയായ ഡോണറ്റ്‌സ്‌കിലുള്ള കോണ്‍സ്റ്റാന്റിനോപോള്‍സ്‌ക്, കുറാഖോവ് നഗരങ്ങള്‍ റഷ്യന്‍സൈന്യം പിടിച്ചെടുത്തതായും വാര്‍ത്തയുണ്ട്.
യുക്രെയ്‌നെയും സഖ്യകക്ഷികളെയും നാറ്റോയെയും വെല്ലുവിളിച്ചുകൊണ്ട് മോസ്‌കോയില്‍ നടത്തിയ വാര്‍ഷികവാര്‍ത്താസമ്മേളനത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇപ്രകാരം പറഞ്ഞു: ''റഷ്യയിലേക്ക് ആഴത്തില്‍ ആക്രമണം നടത്താന്‍ യുക്രെയ്‌നെ അനുവദിച്ച രാജ്യങ്ങളെ മിസൈലുകളയച്ച് ഞങ്ങള്‍ ആക്രമിക്കും. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഒറെഷ്‌നിക് സമീപഭാവിയില്‍ പ്രവര്‍ത്തനസജ്ജമാകും. ലണ്ടനും പാരീസും ബര്‍ലിനും റോമും ഒറെഷ്‌നികിന്റെ ആക്രമണപരിധിയിലാണ്, തടയാമെങ്കില്‍ തടഞ്ഞുകൊള്ളൂ''. റഷ്യയുടെ 11 ടൈം സോണുകളിലുടനീളം പ്രക്ഷേപണം ചെയ്ത പത്രസമ്മേളനത്തില്‍ പുടിന്‍ തുടര്‍ന്നു: ''യുക്രെയ്ന്‍യുദ്ധം വൈകാതെ അവസാനിക്കും. യുക്രെയ്ന്‍സൈന്യത്തെ ഞങ്ങള്‍ തകര്‍ക്കും. സംഘര്‍ഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കു മോസ്‌കോ തയ്യാറാണ്. എന്നാല്‍, ഞങ്ങളുടെ വിജയം അംഗീകരിക്കുന്ന ഒരു കരാറിലേ ഞങ്ങള്‍ ഏര്‍പ്പെടുകയുള്ളൂ.'' യുക്രെയ്‌നില്‍നിന്നു പിടിച്ചെടുത്ത മേഖലകളില്‍നിന്ന് റഷ്യന്‍സൈന്യം പിന്മാറുകയില്ലെന്ന് പുടിന്റെ വാക്കുകളില്‍ സൂചനയുണ്ട്. പുടിന്റെ ഭീഷണിയെ യു കെ ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങള്‍ തള്ളിക്കളഞ്ഞുവെന്നാണു വാര്‍ത്ത. റഷ്യയ്‌ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ദീര്‍ഘദൂരബാലിസ്റ്റിക് മിസൈലുകളുപയോഗിക്കാന്‍ പാശ്ചാത്യരാജ്യങ്ങള്‍ അനുമതി നല്കിയതാണ് പുടിനെ ചൊടിപ്പിച്ചത്.
യുദ്ധം മുറുകുന്നതിനിടെ അസര്‍ബൈജാന്‍ എയര്‍വേയ്‌സിന്റെ ഒരു യാത്രാവിമാനം ഖസാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ തകര്‍ന്നുവീണ് 38 പേര്‍ മരിച്ചു. ജീവനക്കാരുള്‍പ്പെടെ 105 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിലെ 29 പേര്‍ക്ക് സാരമായി പരിക്കേല്ക്കുകയും ചെയ്തു. അസര്‍ബൈജാന്‍തലസ്ഥാനമായ ബാക്കുവില്‍നിന്നു ദക്ഷിണറഷ്യന്‍നഗരമായ ഗ്രോസ്‌നിയിലേക്കു പറന്ന വിമാനത്തിനു വെടിയേല്ക്കുകയായിരുന്നു. ഗ്രോസ്‌നിനഗരം ആക്രമിക്കാനെത്തിയ യുക്രെയ്ന്‍ഡ്രോണുകളെ പ്രതിരോധിച്ചുകൊണ്ടിരുന്ന റഷ്യന്‍യുദ്ധവിമാനങ്ങളില്‍നിന്നു വെടിയേറ്റിരിക്കാമെന്നാണു നിഗമനം. പ്രധാന യുദ്ധമുഖത്തുനിന്ന് 850 കിലോമീറ്റര്‍ ഉള്ളിലാണു സ്ഥിതിചെയ്യുന്നതെങ്കിലും ഗ്രോസ്‌നിയില്‍ യുക്രെയ്ന്‍ഡ്രോണുകളുടെ നിരന്തരമായ ആക്രമണമുണ്ടായിരുന്നു. റഷ്യന്‍മേഖലയില്‍ നടന്ന ദാരുണമായ ഈ സംഭവത്തിന് അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവിനോടു പുടിന്‍ ഫോണിലൂടെ ഖേദം അറിയിക്കുകയും ചെയ്തു. റഷ്യ-യുക്രെയ്ന്‍ യുദ്ധം തുടങ്ങിയശേഷം മേഖലയിലുണ്ടായ ഏറ്റവും വലിയ രണ്ടാമത്തെ വിമാനദുരന്തമാണ് ഈ വര്‍ഷത്തെ ക്രിസ്മസ് ദിനത്തിലുണ്ടായത്. ഇറാനിയന്‍ റവലൂഷണറി ഗാര്‍ഡിന്റെ തലവനായിരുന്ന ജനറല്‍ ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതിനു പ്രതികാരമായി 2020 ജനുവരി എട്ടാം തീയതി ഇറാന്‍ വെടിവച്ചിട്ട യുക്രെയ്ന്‍ വിമാനത്തിലുണ്ടായിരുന്ന 176 പേരുടെയും ജീവന്‍ പൊലിഞ്ഞിരുന്നു.
കലിയടങ്ങാതെ...
2023 ഒക്‌ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തില്‍ ബന്ദികളാക്കപ്പെട്ട 251 പേരില്‍ ഇപ്പോഴും തടവില്‍ കഴിയുന്നുവെന്നു കരുതപ്പെടുന്ന 107 പേര്‍ക്കുവേണ്ടി ഇസ്രയേല്‍ നടത്തുന്ന നരവേട്ട അതിരു കടക്കുന്നുവോയെന്നു ലോകരാഷ്ട്രങ്ങള്‍ക്കു തോന്നിത്തുടങ്ങിയിട്ടുണ്ട്. ഇതുവരെയുള്ള ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ പ്രതികരിക്കാത്ത ഇറാനൊഴിച്ചുള്ള അറബ്‌രാജ്യങ്ങളുടെ ഇടപെടല്‍ ഏതു നേരത്തും ഉണ്ടാകാമെന്ന ഭീതിയുണ്ട്. ഏറ്റവുമൊടുവില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഗാസനഗരത്തിലെ ഒരു വീട്ടിലുള്ള 15 പേര്‍ ഉള്‍പ്പെടെ 25 പേരാണു കൊല്ലപ്പെട്ടത്. വടക്കന്‍ഗാസയിലെ കമാല്‍ അദ്‌വാന്‍ ആശുപത്രിക്കുനേരേ ഇസ്രയേല്‍സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം 9 പേര്‍ കൊല്ലപ്പെട്ടു. രോഗികളെയും ജീവനക്കാരെയും ഒഴിപ്പിച്ചശേഷം ആശുപത്രിക്കെട്ടിടത്തിനു തീയിട്ടതായും ആരോപണമുണ്ട്. 75 രോഗികളും 180 ജീവനക്കാരുമടക്കം 350 പേരാണ് ആശുപത്രിയിലുണ്ടായിരുന്നത്. ഹമാസ്‌പോരാളികള്‍ ആശുപത്രി താവളമാക്കിയിരുന്നതായി ഇസ്രയേല്‍സൈന്യം കുറ്റപ്പെടുത്തിയെങ്കിലും സംഭവത്തെ ലോകാരോഗ്യസംഘടന അപലപിച്ചു. ആശുപത്രിഡയറക്ടര്‍ ഡോ ഹുസൈന്‍ അബു സഫിയയെ ഇസ്രയേല്‍സൈന്യം ബന്ദിയാക്കിയതായും വാര്‍ത്തയുണ്ട്.
ഒന്നേകാല്‍വര്‍ഷമായി തുടരുന്ന പോരാട്ടങ്ങളില്‍ ഹമാസിന്റെയും ഹിസ്ബുല്ലയുടെയും ഇറാന്റെയും സിറിയയുടെയുമെല്ലാം ആക്രമണശേഷി തച്ചുടയ്ക്കാന്‍ കഴിഞ്ഞെങ്കിലും യെമനിലെ ഹൂതികളില്‍നിന്നുള്ള നിരന്തര മിൈസല്‍ ആക്രമണങ്ങള്‍ ഇസ്രയേലിനെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും ഐക്യരാഷ്ട്രസംഘടനയുടെ ജീവനക്കാരനുള്‍പ്പെടെ 40 പേര്‍ക്കു പരിക്കേല്ക്കുകയും ചെയ്തു. ലോകാരോഗ്യസംഘടനയുടെ മേധാവി ടെഡ്രോസ് അദാനം വിമാനത്താവളത്തില്‍ ഉണ്ടായിരുന്നപ്പോഴാണ് ആക്രമണം. ലോഞ്ചിന്റെ 300 മീറ്റര്‍ അടുത്താണ് ഒരു സ്‌ഫോടനം നടന്നതെന്നും ഭാഗ്യംകൊണ്ടുമാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്നും അദാനം പിന്നീടു പ്രതികരിച്ചു. യെമനിലെ സനാ അന്താരാഷ്ട്രവിമാനത്താവളത്തില്‍ നൂറുകണക്കിനു യാത്രക്കാരുമായി എയര്‍ബസ് 320 വിമാനം റണ്‍വേയില്‍ ഇറങ്ങിയതിനു തൊട്ടുപിന്നാലെ നടന്ന സ്‌ഫോടനങ്ങളില്‍ വിമാനത്താവളത്തിലെ കണ്‍ട്രോള്‍ ടവര്‍ തകരുകയും ചെയ്തു. അതോടൊപ്പം, പാസഞ്ചര്‍ ടെര്‍മിനലും റണ്‍വേയും തകര്‍ന്നതായും സ്ഥിരീകരണമുണ്ട്. കഴിഞ്ഞവര്‍ഷം ജൂണ്‍മാസത്തില്‍ ഹൂതിവിമതര്‍ തടവിലാക്കിയ 50 സന്നദ്ധപ്രവര്‍ത്തകരെ മോചിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനായിരുന്നു അദാനം സനയിലെത്തിയത്.
ബന്ദികളാക്കപ്പെട്ടവരില്‍ ജീവനോടെയിരിക്കുന്നവര്‍ എത്ര പേരുണ്ടെന്നു വെളിപ്പെടുത്താന്‍ ഹമാസ്‌നേതൃത്വത്തിനോ, അവരെ കണ്ടെത്താന്‍ ഇസ്രയേല്‍സൈന്യത്തിനോ കഴിയാത്തത് ഗുരുതരപ്രശ്‌നമായി തുടരുന്നു. വധിക്കപ്പെട്ടുവെന്നു കരുതപ്പെടുന്ന 73 പേരില്‍ 35 പേരുടെ മൃതദേഹങ്ങള്‍ കൈമാറിയിരുന്നു. 2023 നവംബര്‍ 30-ാം തീയതി 81 ഇസ്രയേലികളെയും 23 തായ്‌ലന്റുകാരെയും ഒരു ഫിലിപ്പിനോയെയും മോചിപ്പിച്ചു. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 12-ാം തീയതി രണ്ട് അര്‍ജന്റീനക്കാരെയും വിട്ടയ്ക്കുകയുണ്ടായി. ഏതാനും തടവുകാര്‍ക്കായി നാലു പേരെ പിന്നീടു വിട്ടയച്ചു. 170 കുട്ടികള്‍ ഉള്‍പ്പെടെ 5,200 പലസ്തീന്‍കാരാണ് ഇസ്രയേലിലെ വിവിധ ജയിലുകളില്‍ തടവില്‍ കഴിയുന്നത്.