ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ ഓര്‍മയായിട്ട് രണ്ടുവര്‍ഷം തികയുന്നു
ലോകചരിത്രം ഇന്നു നാം കാണുന്ന രീതിയില്‍ നിര്‍മിതമായിട്ടുള്ളത് സ്വന്തം വിശ്വാസത്തില്‍ വേരൂന്നിനിന്നു പ്രവര്‍ത്തിച്ച ഏതാനും വ്യക്തിത്വങ്ങളുടെ പ്രവര്‍ത്തനഫലമായിട്ടാണ്. സ്വയം വിശ്വാസത്തിലും വിവേകത്തിലും അടിപതറാതെ നിന്നു പ്രവര്‍ത്തിച്ചപ്പോള്‍ അവരില്‍ അന്തര്‍ലീനമായിരുന്ന ദൈവികത മറ്റുള്ളവര്‍ക്കു സമൃദ്ധമായി നല്‍കാന്‍ അവര്‍ പ്രാപ്തരായി. ഞാന്‍ പറഞ്ഞുവരുന്നത് 2022 ഡിസംബര്‍ 31-ാം തീയതി 95-ാമത്തെ വയസ്സില്‍ ഇഹലോകത്തോടും താനേറെ സ്‌നേഹിച്ചിരുന്ന സഭാവിശ്വാസികളോടും എന്നന്നേക്കുമായി യാത്ര പറഞ്ഞുപോയ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായെപ്പറ്റിയാണ്. സഭയുടെ നന്മമാത്രം കാംക്ഷിച്ച നിഷ്‌കാമകര്‍മിയായ ആ ദൈവശാസ്ത്രജ്ഞന്‍ എട്ടുവര്‍ഷക്കാലത്തോളം ലോകമനഃസാക്ഷിയുടെ കരുത്തുറ്റ സ്വരമായി വിരാജിച്ചു. നടപ്പാക്കിയത് എന്നും പരിശുദ്ധാത്മാവിന്റെ തീരുമാനങ്ങള്‍ മാത്രം. അതേ, ഒരു ഇതിഹാസത്തില്‍ മുങ്ങിത്താണ അനുഭവങ്ങള്‍കൊണ്ടു സമ്പന്നമാണ് ആ ജീവിതം. ആത്മീയതയുടെ ആയിരം സൂര്യതേജസ്സുള്ള ഇതിഹാസം. ഈ ഡിസംബര്‍ 31-ന് ആ പുണ്യപുരുഷന്റെ രണ്ടാം ചരമവാര്‍ഷികം.
അക്ഷരങ്ങളെ അകമഴിഞ്ഞു സ്‌നേഹിക്കുകയും അവയെ മനുഷ്യനന്മയ്ക്കായി പുസ്തകത്താളുകളില്‍ പെറുക്കിയടുക്കിവയ്ക്കാന്‍ ഒരു ജീവിതകാലംതന്നെ മാറ്റിവയ്ക്കുകയും ചെയ്ത വ്യക്തിയായിരുന്നു ജോസഫ് റാറ്റ്‌സിങ്ങര്‍. അപ്പപ്പോള്‍ ഉയര്‍ന്നുവന്ന ഔദ്യോഗികജീവിതത്തിലെ പദവികളോ അവയുടെ തിരക്കുകളോ ഒന്നും അദ്ദേഹത്തിന്റെ രചനാജീവിതത്തെ അലോസരപ്പെടുത്തിയില്ല. ഈടുറ്റ ദൈവശാസ്ത്രകൃതികള്‍ അപൂര്‍വമായിരുന്ന, പുരോഗമനദൈവശാസ്ത്രകാരന്മാരുടെ വികലരചനകള്‍ വായിച്ചു മനം മടുത്ത വിശ്വാസികളുടെ അഭിശപ്തമായ ഒരു ജീവിതകാലത്ത്, അവര്‍ക്കു നേര്‍വഴികള്‍ കാണിച്ചുകൊടുക്കാന്‍ റാറ്റ്‌സിങ്ങര്‍ ഗ്രന്ഥങ്ങള്‍ എഴുതിത്തുടങ്ങി - പ്രൊഫസറായി, കര്‍ദിനാളായി, പിന്നെ മാര്‍പാപ്പയായി. സത്യത്തിന്റെ സ്ഥാനത്ത് വിഷത്തുരുമ്പുകള്‍ ഏറുകയും അവ വിശ്വാസികളുടെ ആത്മീയജീവിതത്തെ കാര്‍ന്നുതിന്നുകയും ചെയ്ത വേളകളില്‍ റാറ്റ്‌സിങ്ങര്‍ തന്റെ പേന മുറുകെപ്പിടിച്ചെഴുതി. അശുഭവിശ്വാസികളും മതപണ്ഡിതരും ബുദ്ധിജീവികളും വിമോചനദൈവശാസ്ത്രജ്ഞരും തിരക്കിട്ട് ആ ഗ്രന്ഥങ്ങള്‍ വാങ്ങി വായിച്ചുതീര്‍ത്തു. അങ്ങനെ, അറുപത്തിയാറു പുസ്തകങ്ങള്‍ ബെനഡിക്ട് പാപ്പാ പ്രസിദ്ധീകരിച്ചു. 1963 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തില്‍ റാറ്റ്‌സിങ്ങര്‍ എന്ന യാഥാസ്ഥിതികദൈവശാസ്ത്രജ്ഞന്‍ എഴുതിത്തീര്‍ത്ത ഗ്രന്ഥങ്ങള്‍ കത്തോലിക്കാസഭയുടെ വിശ്വാസഗോപുരത്തെ ഉയരത്തില്‍ പുനഃപ്രതിഷ്ഠിച്ചു.
1951 ല്‍ വൈദികപട്ടം സ്വീകരിച്ചശേഷം ഏതാണ്ട് ഒന്നരവര്‍ഷക്കാലംമാത്രമാണ് റാറ്റ്‌സിങ്ങര്‍ സഹവികാരിയായി ഇടവകസേവനം നടത്തിയത്. പിന്നീട്, ദൈവശാസ്ത്രഗവേഷണരംഗത്തേക്കു പ്രവേശിക്കുകയാണുണ്ടായത്. മ്യൂണിക്കിലെ ലുഡ്‌വിഗ്-മാക്‌സിമിലിയന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു ഡോക്ടറേറ്റും ഹബിലിറ്റേഷനും 1957 ല്‍ പൂര്‍ത്തിയാക്കി. പിന്നീട് ഫ്രൈസിങ്ങിലെ ദൈവശാസ്ത്രവിദ്യാപീഠത്തില്‍ അധ്യാപകനായി പ്രവേശിച്ചതോടെ എഴുത്തിന്റെ വിസ്മയലോകത്തേക്കു കരുത്തുറ്റ ഒരു വിശ്വാസസംരക്ഷകനായി കടന്നുചെന്നു.
വിദ്യാര്‍ഥിയായും ഡോക്ടറായും ജര്‍മനിയില്‍ ചെലവഴിച്ച ഇരുപതുവര്‍ഷക്കാലത്ത് എനിക്കുണ്ടായ അവിസ്മരണീയമായ അനുഭവം റാറ്റ്‌സിങ്ങര്‍ കുടുംബവുമായുള്ള ഹൃദയംഗമമായ ബന്ധമായിരുന്നു. മ്യൂണിക്കിലും ഓസ്ട്രിയയിലും പഠനത്തോടും ജോലിയോടുമൊപ്പം എന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചതും റാറ്റ്‌സിങ്ങര്‍ കുടുംബാംഗങ്ങളായ മരിയയും ജോര്‍ജച്ചനും ജോസഫച്ചനും (പിന്നീട് ബെനഡിക്ട് പാപ്പാ) തന്നെ. അവര്‍ എളിയവനായ ഈ മെഡിക്കല്‍ വിദ്യാര്‍ഥിയെ അവരുടെ കുടുംബത്തോടു ചേര്‍ത്തുവച്ചു.
എഴുപതുകളുടെ ആരംഭത്തില്‍ മ്യൂണിക്കിലെ ലുഡ്‌വിഗ്-മാക്‌സിമിലിയന്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍വിദ്യാഭ്യാസം തുടങ്ങിയപ്പോള്‍, അതേ യൂണിവേഴ്‌സിറ്റിയില്‍ത്തന്നെ തിയോളജി പഠിപ്പിക്കുന്ന പ്രൊഫസര്‍ ജോസഫ് റാറ്റ്‌സിങ്ങറെ നേരിട്ടു പരിചയപ്പെടാന്‍ എനിക്കവസരം ലഭിച്ചു. ബോണ്‍, മ്യൂന്‍സ്റ്റര്‍, ത്വീബിങ്ങന്‍ എന്നീ യൂണിവേഴ്‌സിറ്റികളിലെ തിയോളജി അധ്യാപനത്തിനുശേഷം റേഗന്‍സ് ബൂര്‍ഗ് സര്‍വകലാശാലയില്‍ ഡോഗ്മാറ്റിക്തിയോളജി വിഭാഗത്തിന്റെ മേധാവിയായി എത്തി. ആ സമയത്താണദ്ദേഹം മ്യൂണിക് യൂണിവേഴ്‌സിറ്റിയില്‍ വന്ന് ദൈവശാസ്ത്രക്ലാസുകളെടുത്തത്. പലപ്പോഴും വൈകുന്നേരങ്ങളില്‍ സ്‌നേഹസംഭാഷണങ്ങള്‍ നടത്തിയ എന്നെ അദ്ദേഹം റേഗന്‍സ്ബൂര്‍ഗിനടുത്തുള്ള പെന്റ് ലിങിലെ സ്വന്തം വസതിയിലേക്കു ക്ഷണിച്ചു. അദ്ദേഹമന്ന് പെന്റ്‌ലിങ്ങിലെ വസതിയില്‍ സഹോദരി മരിയയോടും സഹോദരന്‍ ജോര്‍ജിനോടുമൊപ്പം താമസിച്ചിരുന്ന നാളുകള്‍. അങ്ങനെ ഞാന്‍ ആ കുടുംബത്തിലെ നിത്യസന്ദര്‍ശകനായി മാറി.
റാറ്റ്‌സിങ്ങറുടെ ദൈവശാസ്ത്രതത്ത്വചിന്തകളുടെ രചനാകാലഘട്ടം, അജപാലകനെന്ന നിലയില്‍ കത്തോലിക്കാസഭ ആഗോളതലത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള താത്ത്വികവും പ്രായോഗികവുമായിട്ടുള്ള മറുപടികളായാണു വിശേഷിപ്പിക്കപ്പെടുന്നത്. തികഞ്ഞ ഗവേഷകനും ദൈവശാസ്ത്ര അധ്യാപകനുമായി ചെലവഴിച്ചിരുന്ന കാലം (1953-1977); ആര്‍ച്ചുബിഷപ്പും കര്‍ദിനാളുമായി മ്യൂണിക്കില്‍ ചെലവഴിച്ച കാലഘട്ടം (1977-1981), അതിനുശേഷം വിശ്വാസതിരുസംഘത്തിന്റെ അധ്യക്ഷനായി വത്തിക്കാനില്‍ പ്രവര്‍ത്തനനിരതമായ കാലയളവ് (1981-2005); പിന്നീട് മാര്‍പാപ്പാ ആയതിനുശേഷം കത്തോലിക്കാസഭയെ വിശ്വാസത്തിന്റെ തീക്ഷ്ണതയില്‍ നയിച്ച കാലഘട്ടം (2005-2013). 2013 ഫെബ്രുവരി 11-ാം തീയതി മാര്‍പാപ്പാ സ്ഥാനത്യാഗപ്രഖ്യാപനം നടത്തുന്നു. 2013 ല്‍ സ്ഥാനത്യാഗം ചെയ്തശേഷം 2022 വരെയുള്ള 9 വര്‍ഷങ്ങള്‍ സഭയ്ക്കും സഭാവിശ്വാസികള്‍ക്കുമായി നിരന്തരം പ്രാര്‍ഥിച്ചും ഗ്രന്ഥരചനകള്‍ നടത്തിയും നിശ്ശബ്ദജീവിതം നയിച്ചു.
1968 ല്‍ രചിക്കപ്പെട്ട 'ക്രൈസ്തവികതയ്ക്ക് ഒരാമുഖം' എന്ന ഗ്രന്ഥം ദൈവശാസ്ത്രജ്ഞര്‍ ഏറെ ചര്‍ച്ച ചെയ്ത പ്രമുഖമായ റാറ്റ്‌സിങ്ങര്‍കൃതിയാണ്. വാസ്തവത്തില്‍, ജോസഫ് റാറ്റ്‌സിങ്ങര്‍ എന്ന ദൈവശാസ്ത്രജ്ഞന്‍ കത്തോലിക്കാസഭയുടെ തലപ്പത്ത് എത്തിച്ചേരാന്‍ നിമിത്തമായതും ഈ ഗ്രന്ഥംതന്നെ. ഇതിഹാസസമാനമായ ഈ കൃതി അപ്പസ്‌തോലന്മാരുടെ വിശ്വാസപ്രമാണങ്ങളിലെ പന്ത്രണ്ടു ഭാഗങ്ങളുടെ ഗാഢമായ വ്യാഖ്യാനമാണ്. ക്രിസ്തീയവിശ്വാസത്തെ അടിമുടി എതിര്‍ക്കുന്നവര്‍ക്കുള്ള ചുട്ട മറുപടിയാണീ പുസ്തകമെന്നു പറയാം.
ആറു പതിറ്റാണ്ടിലേറെ ദൈവശാസ്ത്രജ്ഞനെന്ന നിലയില്‍ വായിച്ചറിഞ്ഞ വിവരങ്ങള്‍ മുഴുവന്‍ സംക്ഷിപ്തമായി വിവരിക്കുന്ന റാറ്റ്‌സിങ്ങറുടെ 'മാസ്റ്റര്‍ പീസ്' മൂന്നു വാല്യങ്ങളിലായി എഴുതപ്പെട്ട 'നസ്രത്തിലെ യേശു' എന്ന കൃതിയാണ്. റാറ്റ്‌സിങ്ങര്‍ വിരചിച്ച സുവിശേഷം എന്നാണ് ഈ ബൃഹദ്കൃതി അറിയപ്പെടുന്നത്. അന്ധമായ ശാസ്ത്രത്തിന്റെയും പച്ചയായ ചരിത്രത്തിന്റെയും പശ്ചാത്തലത്തില്‍ യേശുവെന്ന വ്യക്തിയെ ചരിത്രത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ വേര്‍തിരിച്ചുകാണാന്‍ വെമ്പല്‍കൊണ്ട പുരോഗമനവാദികള്‍ക്കു മുന്നില്‍ ഈ ഗ്രന്ഥം കത്തോലിക്കാവിശ്വാസസംരക്ഷണത്തിന്റെ ആണിക്കല്ലായി മാറി. ചരിത്രത്തിലും വിശ്വാസത്തിലും കാണുന്ന യേശു രണ്ടല്ല ഒന്നുതന്നെയെന്ന് റാറ്റ്‌സിങ്ങര്‍ സമര്‍ഥിച്ചു.
ബെനഡിക്ട് പതിനാറാമനെ ലോകം സ്മരിക്കുക ദൈവശാസ്ത്രപണ്ഡിതനായ മാര്‍പാപ്പാ എന്ന നിലയിലായിരിക്കും. മരുഭൂമിയില്‍ ജ്വലിച്ചിറങ്ങുന്ന സൂര്യോദയംപോലെ അദ്ദേഹത്തിന്റെ രചനകള്‍ എക്കാലവും വായിക്കപ്പെടും. വിശ്വാസസംരക്ഷണത്തിന്റെ കരങ്ങള്‍ ദുര്‍ബലമാകുമ്പോള്‍ ഭാവിയില്‍ സഭാനേതാക്കള്‍ അഭയം തേടുന്നത് റാറ്റ്‌സിങ്ങര്‍ രചിച്ച ഗ്രന്ഥങ്ങളിലായിരിക്കും.
ആത്മീയതയുടെ ആയിരം സൂര്യതേജസ്സുള്ള ഒരു ഇതിഹാസമാണദ്ദേഹം. എല്ലാ അര്‍ഥത്തിലും ഒരു വിശുദ്ധനാണ്, ഞാനറിയുന്ന ബെനഡിക്ട് പതിനാറാമന്‍.