ഒരു വര്‍ഷത്തെ അവസാനരാവൊടുങ്ങി പകല്‍ തെളിയുമ്പോഴുണ്ടാകുന്ന പ്രകാശംമാത്രമാണോ പുതുവര്‍ഷം? കൂടെയുള്ള വ്യക്തികളും ശീലങ്ങളും ജോലികളും അങ്ങനെതന്നെ തുടരവേ, പുതുവര്‍ഷത്തിന്റെ പ്രസക്തി നമ്മുടെ ഉള്ളില്‍നിന്നുള്ള മാറ്റങ്ങളിലും പ്രവര്‍ത്തനങ്ങളിലുമാണ്. മനുഷ്യചരിത്രത്തിന്റെ ഏടുകളില്‍ സംഘര്‍ഷങ്ങളുടെയും പ്രതീക്ഷകളുടെയും വൈരുധ്യങ്ങള്‍ എന്നുമുണ്ടായിരുന്നു. മനുഷ്യരാശിയെന്ന വടവൃക്ഷത്തിന്റെ കൊഴിഞ്ഞുപോയ ഇലകള്‍ക്കു പകരം തളിര്‍ത്ത ഇലകളാണ് വര്‍ത്തമാനകാലജന്മങ്ങള്‍. ഏതു സംഘര്‍ഷത്തിലും തകര്‍ച്ചയിലും വേരൂന്നിനിന്ന് വളരുക തന്നെയായിരുന്നു മനുഷ്യര്‍. മാറ്റപ്പെടേണ്ടവ മാറുകയും മുന്നോട്ടുപോകേണ്ടത് അങ്ങനെതന്നെ തുടരുകയും വേണം. കഴിഞ്ഞകാല അനുഭവങ്ങള്‍ നല്കുന്ന തിരിച്ചറിവുകള്‍ വരുംകാലങ്ങളില്‍ വഴിവിളക്കായി തെളിയണം. കൊഴിഞ്ഞയിലകള്‍ പെറുക്കിയെടുത്തു ചേര്‍ത്തുവയ്ക്കുമ്പോള്‍ രൂപംകൊള്ളുന്ന ചിത്രങ്ങള്‍ വരുംകാലത്തേക്കുള്ള തിരിച്ചറിവുകളാണ്.
കര്‍ഷകനു കഞ്ഞി കുമ്പിളില്‍ത്തന്നെ
മണ്ണില്‍ പൊന്നുവിളയിക്കുന്ന കര്‍ഷകന് കണ്ണീരുണങ്ങാക്കാലം ബാക്കിയാക്കി 2024 മറയുമ്പോള്‍ വെറുതെയെങ്കിലും പ്രത്യാശയോടെ അവന്‍ വരുംവര്‍ഷത്തെ കാത്തിരിക്കുന്നു. നാടിനെ അന്നമൂട്ടുന്നവന്റെ വീട്ടില്‍ അന്നംമുട്ടി നെഞ്ചകം പിടയുന്നത് ആരുടെയും കരളുരുക്കുന്നില്ല. കാര്‍ഷികോത്പാദന - ജീവിതച്ചെലവുകള്‍ ഉയരങ്ങള്‍ താണ്ടുമ്പോള്‍ വരവിന്റെ ഗ്രാഫ് കീഴ്‌പോട്ടു കുതിക്കുന്നു. പ്രധാന നാണ്യവിളയായ റബര്‍ 250 രൂപ എന്ന റെക്കോര്‍ഡ് വിലയില്‍ ചെന്നു മുട്ടിയിട്ട് നൂറ്റെണ്‍പതിലേക്കു കൂപ്പുകുത്തിയ ദയനീയമായ അവസ്ഥയിലും, താങ്ങുവില ഉയര്‍ത്താതെ വ്യവസായികള്‍ക്ക് ഓശാന പാടുന്ന സര്‍ക്കാര്‍വ്യവസ്ഥിതിയോടാണ് യഥാര്‍ഥത്തില്‍ കര്‍ഷകനു പടവെട്ടേണ്ടിവരുന്നത്. ഷീറ്റുവില 200 രൂപയിലെത്താതെ ചരക്കു വില്‍ക്കില്ലെന്നസംഘടിതകര്‍ഷകനിലപാടിനെതിരേവിപണിയില്‍നിന്നു വിട്ടുനിന്ന് പ്രതികരിച്ച ടയര്‍ലോബിതന്നെ വിജയിച്ചു. മുതലാളിത്ത ചൂഷകനയത്തിന്റെ ഇരകളായി മാറി കേരളത്തിലെ കര്‍ഷകര്‍.
കണ്ണീരണിഞ്ഞ കാലംമാത്രം
കൊയ്ത്തു ബാക്കിയായി കരളുരുകി പിടയുകയാണ് നെല്‍ക്കര്‍ഷകര്‍.
നഷ്ടക്കണക്കിന്റെ പറ്റുചീട്ടുമായി സംഭരിച്ച നെല്ലിന്റെ പണം വാങ്ങാന്‍ കയറിയിറങ്ങി തളര്‍ന്നവര്‍ ജപ്തിഭീഷണിയുടെ ദുരന്തമുഖങ്ങളില്‍ ആത്മഹത്യാ
മുനമ്പിലൊടുങ്ങുകയാണ്. കൊയ്ത്തുയന്ത്രക്ഷാമം, ഓരുവെള്ളഭീഷണി, നെല്ലുസംഭരണത്തിലെ പാകപ്പിഴകള്‍ തുടങ്ങി
നിരവധി പ്രശ്‌നങ്ങളുടെ തിരത്തള്ളലില്‍ കാലുറപ്പിച്ചു നില്‍ക്കാനാവാതെ തളരുകയാണ് നെല്‍ക്കര്‍ഷകര്‍. കൃഷിനാശത്തിനു നഷ്ടപരിഹാരവും ലഭിക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ നെല്ലിന്റെ താങ്ങുവില ഉയര്‍ത്തിയെങ്കിലും ആനുപാതികമായ വര്‍ധന സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ല എന്നു മാത്രമല്ല, കേന്ദ്രം നല്‍കുന്ന താങ്ങുവില സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന ഉത്പാദനപ്രോത്സാഹനത്തില്‍നിന്ന് പൂര്‍ണമായി കുറയ്ക്കുന്ന കണ്ണില്‍ചോരയില്ലാത്ത നടപടിയാണ് ഉണ്ടായത്.
എന്നാല്‍, നാളികേരക്കര്‍ഷകര്‍ക്കു ശുഭവാര്‍ത്തയാണ് പുതുവര്‍ഷം സമ്മാനിച്ചത്. കേന്ദ്രസര്‍ക്കാര്‍ കൊപ്രയുടെ താങ്ങുവില 11,582 രൂപയായി ഉയര്‍ത്തിയതോടെ നാളികേരക്കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാവുകയും വര്‍ധിച്ചുവരുന്ന നാളികേരയുത്പന്നയാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഉത്പാദനവര്‍ധനയ്ക്കു കാരണമാവുകയും ചെയ്യും. പച്ചത്തേങ്ങാവിലയാവട്ടെ, ഏഴു വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് വിലയും തൊട്ടു. ക്വിന്റലിന് 5200 രൂപയാണ് നിലവില്‍ പച്ചത്തേങ്ങയുടെ വില.കഴിഞ്ഞ ഏതാനും ആഴ്ചകളായി 590 - 600 രൂപ നിരക്കില്‍ ആടിയുലയാതെ നില്‍ക്കുന്ന കുരുമുളകുവില 2025 ലും കാര്യമായി ഇടിയാന്‍ സാധ്യത കാണുന്നില്ല. അന്താരാഷ്ട്രസംഘര്‍ഷങ്ങള്‍, കാലാവസ്ഥാവ്യതിയാനങ്ങള്‍, ഉയര്‍ന്ന ഡോളര്‍ വിനിമയനിരക്ക് എന്നിവയ്ക്കു പുറമേ ഏറെ ആവശ്യക്കാരുള്ളതും കുരുമുളകുവിലയെ ആകര്‍ഷകമായി നിലനിര്‍ത്തും. അതേസമയം, കേരളത്തില്‍ രാത്രി താപനില കുറഞ്ഞിരിക്കുന്നതും പകല്‍ ചൂടു കൂടുന്നതുമായ കാലാവസ്ഥാപ്രതിഭാസം ആവിര്‍ഭവിച്ചത് കുരുമുളകുതിരികള്‍ അടരുന്നതിനു കാരണമായി. ഇത് തോട്ടംമേഖലയിലെ കുരുമുളകുകൃഷി പ്രതിസന്ധിയിലാക്കി. വിദേശകുരുമുളകിന്റെ ഇറക്കുമതിവര്‍ധനയും അവ നാടന്‍കുരുമുളകില്‍ കലര്‍ത്തിയുള്ള വില്പനയും കര്‍ഷകര്‍ക്കു വെല്ലുവിളിയാണ്.
ഏലംകര്‍ഷകര്‍ക്കു ശുഭദായകമാണ് പുതിയ വിലകള്‍. കഴിഞ്ഞവര്‍ഷം ഇതേസമയം 1600 രൂപയായിരുന്ന ഏലക്കാവില ഈ മാസം കിലോയ്ക്ക് 2898 ആയി ഉയര്‍ന്നു. വരള്‍ച്ചമൂലമുണ്ടായ ഉത്പാദന ഇടിവും കയറ്റുമതി ആവശ്യം ഉയര്‍ന്നതും ഏലക്കാവില കൂടാന്‍ ഇടയാക്കി.
ദേശീയ സമ്പദ്‌വ്യവസ്ഥ
ഓഹരിവിപണിയിലെ പുതുവത്സരാഘോഷങ്ങള്‍ കെങ്കേമംതന്നെയെന്ന് സൂചനകള്‍. വിപണിയിലെ വെടിക്കെട്ടുപുരയില്‍ വര്‍ണാങ്കിത അമിട്ടുകള്‍തന്നെ പൊട്ടിവിരിയും. സെന്‍സെക്‌സ് 90000 പോയിന്റിനു മുകളിലും നിഫ്റ്റി 29,000 വരെയും ഉയര്‍ന്നേക്കാമെന്ന് ലോകസാമ്പത്തികവിദഗ്ധരുടെ പ്രവചനം. പുതിയ കേന്ദ്രബജറ്റില്‍ ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്ന 15 ലക്ഷം രൂപയുടെ ആദായനികുതിയിളവുപരിധി യാഥാര്‍ഥ്യമായാല്‍ വിപണിയിലേക്കു പണമൊഴുക്കു കൂടും. പ്രവചനക്കുതിപ്പു യാഥാര്‍ഥ്യമായാല്‍ നിക്ഷേപസമ്പാദനമാര്‍ഗമെന്ന നിലയില്‍ സ്വര്‍ണത്തെ പിന്നിലാക്കി ഓഹരി മുന്നേറുമെന്നു നിസ്തര്‍ക്കം പറയാം. നിലവിലുള്ള 17.76 കോടി ഡീമാറ്റക്കൗണ്ടുകള്‍ 22 കോടിക്കു മുകളിലാവുമെന്ന് വിദഗ്ധര്‍ കണക്കുകൂട്ടുന്നു. വിദേശനിക്ഷേപകര്‍ വിറ്റൊഴിയുന്നതു തുടര്‍ന്നാല്‍ വിപണിയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ഡോളറുമായുള്ള വിനിമയമൂല്യത്തിലെ രൂപയുടെ ഇടിവ് തുടരാനാണു സാധ്യത. നിലവിലെ 85.82 രൂപയുടെ ഡോളര്‍മൂല്യം 90 രൂപവരെ എത്തിയേക്കാം. കച്ചവടക്കണ്ണുള്ള ട്രംപിന്റെ ഇറക്കുമതിനയം ഡോളര്‍സൂചിക വര്‍ധിപ്പിച്ച് രൂപയുടെ വിലയിടിവിനു കാരണമാകും.
ക്രിപ്‌റ്റോ കറന്‍സികളോടുള്ള താത്പര്യം കൂടിയത് അവയുടെ വിപണിമൂല്യം 5 ലക്ഷം കോടി ഡോളറാക്കി വര്‍ധിപ്പിച്ചേക്കാമെന്നു കരുതുന്നു. ക്രിപ്‌റ്റോ കറന്‍സിയില്‍ മികച്ച താത്പര്യങ്ങളുള്ള ഡൊണാള്‍ഡ് ട്രംപും ലോകകോടീശ്വരന്‍ ഇലോണ്‍ മസ്‌കും കൈകോര്‍ത്തുഭരിക്കുന്ന ഈ കാലഘട്ടം ക്രിപ്‌റ്റോ കറന്‍സികളുടെ സുവര്‍ണകാലമെന്നു രേഖപ്പെടുത്തപ്പെട്ടേക്കാം. തുടര്‍ന്നുകൊണ്ടേയിരിക്കുന്ന രണ്ടു വന്‍യുദ്ധങ്ങളും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ ഇടപെടലും സ്വര്‍ണവിലയില്‍ 36 ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തി ചരിത്രം കുറിച്ചു. കഴിഞ്ഞ കേന്ദ്രബജറ്റില്‍ സ്വര്‍ണത്തിന് ഇറക്കുമതിതീരുവ ഒമ്പത് ശതമാനം കുറച്ചത്
ഇന്ത്യയില്‍ അല്പം വിലക്കുറവ് പ്രകടമാക്കി. ഡൊണാള്‍ഡ് ട്രംപിന്റെ വിജയം ആഗോളവിപണിയില്‍ സ്വര്‍ണക്കുതിപ്പിന് തടയിട്ടെങ്കിലും നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം 2025 ലും നിരാശപ്പെടുത്തില്ല. ട്രംപ് അധികാരം ഏല്‍ക്കുന്നതോടെ സ്വര്‍ണവില അല്പകാലത്തേക്ക് ഇടിഞ്ഞേക്കാമെങ്കിലും അത് നീണ്ടുനില്‍ക്കില്ല. റഷ്യന്‍യുദ്ധത്തിനു വിരാമമുണ്ടായാലും പശ്ചിമേഷ്യന്‍സംഘര്‍ഷം ഉടനെങ്ങും അവസാനിക്കില്ല എന്നതുതന്നെ കാരണം.
പനാമ കനാലിനു ബദലായി ബംഗുറിയന്‍ കനാല്‍ അടക്കമുള്ള അമേരിക്കന്‍ - ഇസ്രായേല്‍ സ്വപ്നപദ്ധതികള്‍ യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അതിനായി ഗാസയും വെസ്റ്റ് ബാങ്കും ഇസ്രയേലിനു സ്വന്തമായേ തീരൂ.
പരിഹാരമില്ലാത്ത വന്യമൃഗാക്രമണം
2024 അസ്തമിക്കുമ്പോള്‍ കാട്ടാനക്കരുത്തിലമര്‍ന്നു മരിച്ച അമര്‍ ഇബ്രാഹിം കേരളത്തിന് കരളുരുകും വേദനയായി. വണ്ണപ്പുറം മുള്ളരിങ്ങാട്ട് ജനവാസമേഖലയില്‍ ആ ഇരുപത്തിമൂന്നുകാരന്റെ ജീവന്‍ പൊലിഞ്ഞത് കാട്ടാനയാക്രമണത്തില്‍. മന്ത്രിയുടെ ഭവനസന്ദര്‍ശനവും നഷ്ടപരിഹാരപ്രഖ്യാപനവും മുറപോലെ നടന്നു. ഒരു ജീവനും ജീവിതത്തിനും പകരമാവുമോ പത്തു ലക്ഷം രൂപ?! അതാണോ ഒരു മനുഷ്യജീവന് ഭൂമിയിലെ വില? വയനാടും ഇടുക്കിയും പാലക്കാടുമെല്ലാം നാട്ടിലിറങ്ങി നാശം വിതയ്ക്കുന്ന വന്യമൃഗങ്ങളുടെ പരാക്രമവാര്‍ത്തകള്‍ തുടര്‍ക്കഥയാവുന്നെങ്കിലും നടപടികളേതുമില്ലാതെ ഉറക്കം നടിക്കുകയാണ് സര്‍ക്കാര്‍. 2024 മാര്‍ച്ച് ആറിനു ചേര്‍ന്ന മന്ത്രിസഭായോഗത്തിനുശേഷം വന്യമൃഗ ആക്രമണം സംസ്ഥാനദുരന്തമായി പ്രഖ്യാപിച്ച് ഉത്തരവിറക്കുകയും മനുഷ്യ - വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനു സംസ്ഥാനതലസമിതിമുതല്‍ പ്രാദേശികതല ജാഗ്രതാസമിതികള്‍ വരെ രൂപീകരിക്കുകയും ചെയ്തു. ശേഷം ചിന്ത്യം!
2021 മുതല്‍ 2024 വരെ 57 പേര്‍ കാട്ടാനയുടെ ആക്രമണത്തിലും ഒരാള്‍ കടുവയുടെ ആക്രമണത്തിലും 15 പേര്‍ കാട്ടുപന്നിയുടെ ആക്രമണത്തിലും കൊല്ലപ്പെട്ടു. ഇനി എത്രപേര്‍ ചത്തൊടുങ്ങണം അധികൃതര്‍ക്ക് കണ്ണു തുറക്കാനെന്ന ചോദ്യം ബാക്കിയാവുന്നു.
സൈബര്‍തട്ടിപ്പുകള്‍
വിദ്യാസമ്പന്നരെന്നും മികച്ചവരെന്നും ഊറ്റംകൊള്ളുന്ന മലയാളികള്‍ പക്ഷേ, സൈബര്‍തട്ടിപ്പുകാരുടെ വലയില്‍ കുടുങ്ങുന്ന ഏറ്റവും കൊഴുത്ത മീന്‍ ആണെന്നതു സത്യം! സൈബറിടങ്ങളിലെ ചതിക്കുഴികളില്‍ ചെന്നു ചാടിയവരില്‍ ഭൂരിഭാഗവും ഡോക്ടര്‍മാര്‍, ബാങ്ക് ഓഫീസര്‍മാര്‍ തുടങ്ങി അതിവിദ്യാസമ്പന്നരാണ് എന്നതത്രേ വിരോധാഭാസം! അറിവിനു മുകളില്‍ ആര്‍ത്തി നിറയുന്നതാണ് ഈ അന്ധതയ്ക്കു നിദാനം.
2024 ഒക്ടോബര്‍ 28 വരെ പ്രബുദ്ധ കേരളീയര്‍ സൈബര്‍തട്ടിപ്പുകാര്‍ക്കു വാരിക്കോരി നല്‍കിയത് 655 കോടി രൂപ. 2025 ആരംഭിക്കുമ്പോഴേക്കുമുള്ള കണക്കുകള്‍ തിട്ടപ്പെടുത്തിയാല്‍ 800 കോടിയാകാന്‍ സാധ്യതയെന്ന് പൊലീസ്. തിരിച്ചുപിടിച്ചതാവട്ടെ വെറും 87 കോടി രൂപമാത്രം. തിരുവനന്തപുരം നഗരത്തില്‍നിന്നുമാത്രം സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായത് 33.67 കോടി രൂപ! 32000 സൈബര്‍കേസുകളാണ് കേരളത്തില്‍ കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്തത്. നാം കരുതലുള്ളവരും കാവല്‍ക്കാരുമാകേണ്ടിയിരിക്കുന്നു.
വാര്‍ധക്യകേരളം
യുവത്വം നാടുവിട്ടോടുമ്പോള്‍ ജരാനരകള്‍ ബാധിച്ച തലമുറയുടെ അവശേഷിപ്പായി മാറുകയാണോ കേരളം? മികച്ച ജീവിതസൗകര്യങ്ങളും സാമൂഹികാന്തരീക്ഷവും തേടി കേരളീയയുവത്വം ലോകമാകെ പടരുമ്പോള്‍ രാഷ്ട്രീയരംഗത്തടക്കം യുവതലമുറയുടെ കൊഴിഞ്ഞുപോക്ക് അനഭിലഷണീയമാണ്. കേരളീയയുവത്വത്തെ ഉത്പാദനോന്മുഖമായ ജീവിതവളര്‍ച്ചാസാഹചര്യങ്ങള്‍ നല്കി ഇവിടെ പിടിച്ചുനിര്‍ത്താന്‍ ആവശ്യമായ യാതൊന്നും ചെയ്യാന്‍ ഭരണകൂടത്തിനാവുന്നില്ല. അങ്ങേയറ്റം പക്ഷപാതപരമായ, രാഷ്ട്രീയാതിപ്രസരം നിറഞ്ഞ സാമൂഹിക- സാംസ്‌കാരിക-സൈബര്‍ ഇടങ്ങളില്‍നിന്നു മോചനംതേടി ഗതികെട്ട് നാടുവിട്ടുപായുകയാണ് യുവത്വം. രണ്ടര ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് പഠനാനന്തരം അര്‍ഹമായ ജോലിയും വേതനവും ലക്ഷ്യമിട്ട് കേരളം വിട്ട് പറന്നിരിക്കുന്നത്. വിദേശങ്ങളിലേക്കു കുടിയേറുന്നവരില്‍ സിംഹഭാഗവും കേരളത്തിലേക്കു തിരിച്ചുവരാന്‍ ആഗ്രഹിക്കാത്തത് തങ്ങളുടെ നയങ്ങളെ വിലയിരുത്താനും തിരുത്താനും ഭരണകര്‍ത്താക്കള്‍ക്കുള്ള മുന്നറിയിപ്പാണ്. 2.2 മില്യന്‍ കേരളീയരാണ് പ്രവാസികളായിട്ടുള്ളത്. മലയാളികളുടെ സാഹസിക കുടിയേറ്റ വൈദഗ്ധ്യം എന്നൊക്കെ ഭംഗിവാക്ക് പറയാമെങ്കിലും ഒരു സംസ്‌കാരത്തിന്റെ വേരറ്റൊടുങ്ങലാവാന്‍ അധികവര്‍ഷങ്ങള്‍ വേണ്ടിവരില്ല.
യുദ്ധവിരാമമില്ലാതെ 2025
അഗ്‌നിയൊടുങ്ങാത്ത ആകാശവും ചാരമടങ്ങാത്ത ഭൂമിയുമായി ഒരു വര്‍ഷം പിന്നിട്ട പശ്ചിമേഷ്യന്‍യുദ്ധവും രണ്ടുവര്‍ഷം പിന്നിട്ട റഷ്യ - യുക്രെയ്ന്‍ യുദ്ധവും അന്തമില്ലാതെ നീളുന്നു. ഇത് ലോകത്തിന്റെ സാമ്പത്തിക - സാമൂഹിക സുരക്ഷയെ കാര്യമായി ബാധിക്കുന്നുണ്ട്. രണ്ടാം ട്രംപ്‌യുഗത്തോടെ യുക്രെയ്ന്‍ യുദ്ധത്തിനു ശമനമുണ്ടാവാന്‍ സാധ്യതയുണ്ടെങ്കിലും യുദ്ധലക്ഷ്യവും സമവാക്യങ്ങളും അമ്പേ മാറിയിരിക്കുന്നു. ഹമാസ് ഉന്മൂലനമെന്നത് വിശാല ഇസ്രായേല്‍ എന്ന ലക്ഷ്യത്തിലേക്കും ബെന്‍ഗൂറിയന്‍ കനാല്‍ എന്ന സ്വപ്നത്തിലേക്കും മാറിച്ചവിട്ടിയിരിക്കുന്നു. പടുനാശം ഇരന്നു വാങ്ങി തകര്‍ന്നടിഞ്ഞ ഇറാനും അവര്‍ വളര്‍ത്തിയ ഭീകരസംഘടനകളും ഇനി ലോകചരിത്രത്തില്‍ പരാജിതരുടെ പട്ടികയില്‍ എണ്ണപ്പെടും. എന്നാല്‍, ഈ രണ്ടു യുദ്ധങ്ങളില്‍നിന്നും ലാഭമുണ്ടാക്കാന്‍ ഭാരതത്തിനു സാധിച്ചു. മുച്ചൂടും മുടിഞ്ഞടഞ്ഞുകിടന്ന പല പൊതുമേഖലാഫാക്ടറികളും ആയുധനിര്‍മാണശാലകളാക്കി മാറ്റിയ നാം ഇസ്രായേലിനടക്കം വെടിക്കോപ്പുകള്‍വിറ്റു നേടുന്നത് കോടികളാണ്. കുറഞ്ഞ വിലയില്‍ റഷ്യയില്‍നിന്ന് പെട്രോളിയവും വാങ്ങുന്നു. ഈ ലാഭങ്ങള്‍ ഭാരതത്തിന്റെ വികസനക്കുതിപ്പിന് ഇന്ധനമാവുന്നു.
ഏട്ടിലെ പശുക്കളായി പദ്ധതികള്‍
ആനയും അമ്പാരിയുമായി എഴുന്നള്ളിച്ചുകൊണ്ടുവന്ന പല പദ്ധതികളും ആരംഭശൂരത്വത്തിനൊടുവില്‍ വെടിക്കെട്ട് കഴിഞ്ഞ പൂരപ്പറമ്പിന്റെ സ്ഥിതിയിലായി. കൊട്ടിഘോഷിച്ചു കൊണ്ടുവന്ന സില്‍വര്‍ ലൈന്‍പദ്ധതി സമവായമില്ലാത്ത സ്ഥലമേറ്റെടുക്കല്‍ സൃഷ്ടിച്ച എതിര്‍പ്പുകളും, 64000 കോടിയുടെ പ്രാഥമികഫണ്ട് കണ്ടെത്താനാവാത്ത സ്ഥിതിയും അശാസ്ത്രീയസമീപനവുംമൂലം തുടങ്ങിയിടത്തു തന്നെ നില്‍ക്കുന്നു. മൂലമ്പള്ളിയിലെ പുനരധിവാസപരാജയം സ്ഥലമുടമകളെ പിന്നോട്ടുവലിച്ചത് സര്‍ക്കാരിനു തിരിച്ചടിയായി. സംസ്ഥാനത്ത് 20 ലക്ഷത്തോളം പിന്നാക്കകുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനെന്നു പ്രഖ്യാപിച്ചാരംഭിച്ച കെ ഫോണ്‍ പദ്ധതിക്കായി ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡുമായി 9 വര്‍ഷത്തേക്ക് 1531 കോടി രൂപയുടെ കരാറാണ് ഒപ്പിട്ടത്. എന്നാല്‍, ഇതേവരെ പതിനാലായിരം ബിപിഎല്‍ കുടുംബങ്ങളില്‍മാത്രമേ ഇത് എത്തിക്കാന്‍ സാധിച്ചിട്ടുള്ളൂ.
പുറത്തുവരാത്ത നീക്കങ്ങളിലൂടെ ടീ കോമിനെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍നിന്ന് പുറത്താക്കിയതോടെ വന്‍തുക നഷ്ടപരിഹാരം നല്‍കേണ്ട കടുത്ത ബാധ്യതയും സര്‍ക്കാര്‍ എടുത്തുവച്ചിട്ടുണ്ട്. ടീ കോം മുടക്കിയ 374 കോടി രൂപയും പദ്ധതി പൂര്‍ണമായാല്‍ കിട്ടേണ്ടിയിരുന്ന ലാഭവും അവര്‍ ആവശ്യപ്പെട്ടുകഴിഞ്ഞു.
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളപദ്ധതി റണ്‍വേ തൊടാതെ കാലം കഴിക്കുന്നു. ഭൂമിയേറ്റെടുക്കല്‍ പദ്ധതികള്‍ നടക്കുന്നുണ്ടെങ്കിലും പാരിസ്ഥിതിയാഘാതപഠനം പൂര്‍ത്തിയാക്കാത്തതിനാല്‍ അതു മുന്നോട്ടു പോകുന്നില്ല. സ്ഥലം ഏറ്റെടുക്കുമ്പോള്‍ 326 കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരുമെന്നും, ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് 234 സ്വകാര്യവ്യക്തികളുടെ സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്നും പുതിയ സാമൂഹികാഘാതപഠനത്തിന്റെ പ്രാഥമികറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എല്ലാ മതവിഭാഗങ്ങളുടെയുമായി ഏഴ് ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കേണ്ടിവരും. സര്‍ക്കാരിന്റെ ഇച്ഛാശക്തിക്കുറവ് ഇക്കാര്യത്തില്‍ വ്യക്തമാണ്.
ചൂളംകുത്തി പാഞ്ഞുവന്ന ശബരി റെയില്‍പദ്ധതി ഇന്ധനംതീര്‍ന്ന് ഷെഡ്ഡില്‍ കയറിയ മട്ടിലായിക്കഴിഞ്ഞു. അങ്കമാലിമുതല്‍ എരുമേലിവരെ 110 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ എട്ടു കിലോമീറ്റര്‍ ദൂരം മാത്രമാണ് സ്ഥലമെടുപ്പ് പൂര്‍ത്തിയായത്. ശബരി റെയില്‍പാത സംബന്ധിച്ച് കേന്ദ്രനിര്‍ദേശങ്ങള്‍ അംഗീകരിക്കാതെയും ആര്‍ ബി ഐയുമായി ചേര്‍ന്നുള്ള ത്രികക്ഷി കരാറിനു സന്നദ്ധമാവാതെയും ആദ്യഘട്ടത്തില്‍ സിംഗിള്‍ലൈനുമായി മുന്നോട്ടുപോകാനും നിര്‍മാണച്ചെലവിന്റെ 50 ശതമാനം കിഫ്ബി വഹിക്കാനുമാണ് കേരളസര്‍ക്കാര്‍ തീരുമാനം. പക്ഷേ, ഇതനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുന്നത് വിദൂരസ്വപ്നമാണ്.
വയനാടുദുരന്തം
വയനാടിന്റെ വന്യസൗന്ദര്യത്തിനേറ്റ കണ്ണീരുണങ്ങാത്ത മുറിപ്പാടായി മാറിയ മുണ്ടക്കൈ-ചൂരല്‍മല ദുരന്തം കരളുറപ്പോടെ കേരളജനത നേരിട്ടതിനൊടുവില്‍ പക്ഷേ, പുനരധിവാസം തര്‍ക്കവിഷയമായത് അങ്ങേയറ്റം ലജ്ജാകരമായ വസ്തുതയായി. സര്‍ക്കാരിനുനേര്‍ക്കുണ്ടായ എല്ലാ വിമര്‍ശനങ്ങളുടെയും ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനു നേര്‍ക്ക് ആരോപിച്ച പ്രചാരണതന്ത്രം കോടതിയില്‍ പ്രയോഗിച്ചത് പക്ഷേ, കേരളസര്‍ക്കാരിനു തിരിച്ചടിയായി. കോടതിയുടെ ശക്തമായ ഇടപെടലിലൂടെ സര്‍ക്കാരിന് അലംഭാവം ഒഴിവാക്കേണ്ടിവന്നു. പുനരധിവാസത്തിനായി ഉടമകളുമായി സമവായമില്ലാതെ എസ്റ്റേറ്റുകള്‍ ഏറ്റെടുത്തത് പ്രശ്‌നം കോടതിയില്‍ എത്താനിടയാക്കി. എന്നാല്‍, എസ്റ്റേറ്റ് ഉടമകള്‍ക്ക് കൃത്യമായ നഷ്ടപരിഹാരം മുന്‍കൂര്‍ നല്‍കി ഭൂമി ഏറ്റെടുക്കാന്‍ കോടതി ഉത്തരവിട്ടു. വിവിധ സന്നദ്ധസംഘടനകളും വ്യക്തികളും നല്‍കിയ ഓഫറുകള്‍ ഏകോപിപ്പിച്ച് പുനരധിവാസം വേഗത്തിലാക്കാനും സര്‍ക്കാരിനു കഴിഞ്ഞില്ല. അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂ. 2025 ല്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കിടപ്പാടങ്ങള്‍ ലഭിക്കുമെന്നു പ്രത്യാശിക്കാം.
കേരളം അതിനിര്‍ണായകമായ സാമൂഹിക-രാഷ്ട്രീയപ്രശ്‌നങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കേരളത്തെ വിദ്യാഭ്യാസത്തിലൂടെ പ്രബുദ്ധമാക്കിയ, ആരോഗ്യരംഗത്തെ നട്ടുനനച്ച് കരുത്തുറ്റതാക്കി വളര്‍ത്തിയ ക്രൈസ്തവസമൂഹത്തോട് അവഗണനാപരമായ നിലപാടാണ് രാഷ്ട്രീയകക്ഷികള്‍ സ്വീകരിക്കുന്നത്. മുനമ്പം വിഷയത്തിലടക്കം ആ അവഗണന ക്രൈസ്തവര്‍ തിരിച്ചറിയുന്നുമുണ്ട്. രാഷ്ട്രീയ തിരഞ്ഞെടുപ്പുകള്‍ വ്യക്തിഹത്യകളായി മാറുന്ന ഇക്കാലത്ത് എല്ലാം കൂടുതല്‍ വര്‍ഗീയവത്കരിക്കപ്പെടുകയാണെന്നതു സങ്കടകരമാണ്.
പുതിയ വര്‍ഷത്തില്‍ നമുക്കായി നാം കരുതിവയ്‌ക്കേണ്ടത് സൈബറിടത്തിലെ യാന്ത്രികസൗഹൃദങ്ങളില്‍നിന്നും നാം ജീവിക്കുന്ന പരിസരത്തെ സാമൂഹികസൗഹൃദങ്ങളിലേക്കുള്ള പറിച്ചുനടീലാവണം; രാഷ്ട്രീയത്തിനതീതമായി എന്റെ കേരളം, എന്റെ ഭാരതം എന്ന കാഴ്ചപ്പാടിലൂന്നിയ നിലപാടുകളെ മുറുകെപ്പിടിക്കലാവണം.
'കാലമിനിയുമുരുളും വിഷു വരും,
വര്‍ഷം വരും തിരുവോണം വരും.
പിന്നെയോരോ തളിരിലും പൂ വരും, കായ് വരും...
അപ്പോഴാരെന്നുമെന്തെന്നുമാര്‍ക്കറിയാം'
എന്‍ എന്‍ കക്കാടിന്റെ വരികള്‍ ഓര്‍മ്മയിലുണ്ടാവട്ടെ... ലോകം അസ്തമിക്കാതിരിക്കട്ടെ...