പാലാ രൂപത 42-ാമതു ബൈബിള്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 19 മുതല്‍ 23 വരെ തീയതികളില്‍ പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ നടക്കും. വൈകുന്നേരം 3.30 മുതല്‍ ഒമ്പതുവരെയാണു കണ്‍വന്‍ഷന്‍ സമയം.
അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാല്‍ നയിക്കുന്ന പഞ്ചദിന കണ്‍വന്‍ഷനില്‍ എല്ലാ ദിവസവും വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, ദൈവവചനശുശ്രൂഷ, വിടുതല്‍ശുശ്രൂഷ, സൗഖ്യശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും.
പാലാ രൂപത സിഞ്ചെല്ലൂസ് മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, അസി. ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ പുതുപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിവേളയില്‍ നടക്കുന്ന ഈ വര്‍ഷത്തെ കണ്‍വന്‍ഷന് സവിശേഷപ്രാധാന്യമുണ്ട്.
രൂപത പ്ലാറ്റിനം ജൂബിലി യുവജനസംഗമം ഡിസംബര്‍ 21 ശനിയാഴ്ച പാലായില്‍
പാലാ രൂപത പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഡിസംബര്‍ 21 ശനിയാഴ്ച പാലായില്‍ വമ്പിച്ച യുവജനസംഗമം -'എല്‍റോയ്'- സംഘടിപ്പിക്കുന്നു.
പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ രാവിലെ 8.30 ന് ആരംഭിക്കുന്ന സംഗമം സീറോ മലബാര്‍ സഭ മുന്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. സിനി ആര്‍ട്ടിസ്റ്റ് സിജോയ് വര്‍ഗീസ് മുഖ്യാതിഥിയായിരിക്കും.
എസ്.എം.വൈ.എം., സി.എം.എല്‍., ജീസസ് യൂത്ത്, സി.എസ്.എം. എന്നീ യുവജനസംഘടനകളുടെയും രൂപതയിലെ മുഴുവന്‍ ഇടവകകളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഈ മഹാസംഗമം ആത്മീയപ്രഭാഷണങ്ങളാലും ഭക്തിസാന്ദ്രമായ ആരാധനയാലും മ്യൂസിക് ബാന്റുകളാലും അനുഗൃഹീതമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് സമ്മേളനം സമാപിക്കും.
യുവനജങ്ങളെ ആത്മീയമായി നവീകരിക്കുകയും ഐക്യത്തിലും സമുദായസ്‌നേഹത്തിലും ശക്തിപ്പെടുത്തുകയുമാണ് സംഗമത്തിന്റെ ലക്ഷ്യം.
ഫാ. തോമസ് തറയില്‍ കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി
കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍സമിതി (കെസിബിസി) ഡെപ്യൂട്ടി സെക്രട്ടറിയും പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്റര്‍ (പിഒസി) ഡയറക്ടറുമായി വിജയപുരം രൂപതാംഗമായ ഫാ. തോമസ് തറയിലിനെ നിയമിച്ചു. കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയമായ പി.ഒ.സി.യില്‍ ഡിസംബര്‍ ആദ്യവാരം നടന്ന കെസിബിസി സമ്മേളനത്തിലാണ് പുതിയ നിയമനം. പ്രസ്തുത ചുമതല വഹിച്ചിരുന്ന ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി എറണാകുളം-അങ്കമാലി അതിരൂപത പ്രോട്ടോ സിഞ്ചെല്ലൂസായി നിയമിതനായതിനെത്തുടര്‍ന്നാണ് പുതിയ നിയമനം.
ഫാ. തോമസ് തറയില്‍ കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറിയും കെആര്‍എല്‍സിബിസി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമാണ്.
കെസിബിസി വക്താവായും അദ്ദേഹം സേവനം ചെയ്യും. 21 ന് അദ്ദേഹം സ്ഥാനമേറ്റെടുക്കും.