''ഓരോ ശിശുരോദനത്തിലും കേള്‍പ്പു ഞാന്‍ ഒരു കോടി ഈശ്വരവിലാപം'' എന്നെഴുതിയത് കവി മധുസൂദനന്‍നായരാണ് (കവിത-നാറാണത്തുഭ്രാന്തന്‍). ഈശ്വരവിലാപങ്ങള്‍ക്ക് ഇന്നും ശമനമുണ്ടെന്നു തോന്നുന്നില്ല! കാരണം, നിസ്സഹായരായ പിഞ്ചുകുഞ്ഞുങ്ങളുടെ കരച്ചില്‍ വനരോദനങ്ങളായി ഈ ഭൂമിമാതാവിനെ അത്രമാത്രം പൊള്ളിക്കുന്നുണ്ട്. അരക്ഷിതത്വംപേറുന്ന, രണ്ടര വയസ്സുള്ള ഒരനാഥപ്പെണ്‍കുഞ്ഞിന്റെ അസഹനീയമായ കരച്ചില്‍ കേരളമനസ്സാക്ഷിയുടെ മാറിലാണു മായാത്ത മുറിവേല്പിച്ചിരിക്കുന്നത്. കിടക്കയില്‍ മൂത്രമൊഴിച്ചതിനു കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ നഖംകൊണ്ടു നുള്ളി മുറിപ്പെടുത്തിയ അതിക്രൂരവും പൈശാചികവുമായ സംഭവമാണ് സാക്ഷരകേരളത്തിന്റെ ധാര്‍മികബോധത്തെ വല്ലാതെ ഉലച്ചത്. ഹീനകൃത്യം നടന്നതാകട്ടെ തിരുവനന്തപുരത്ത് സംസ്ഥാനശിശുക്ഷേമകേന്ദ്രത്തിലാണെന്നതു നമ്മെ ലജ്ജിപ്പിക്കുന്നു. ക്രൂരത ചെയ്തതോ, സംരക്ഷകരുടെ റോളിലെത്തുന്ന ആയമാരാണെന്നത് നമ്മെ നൊമ്പരംകൊള്ളിക്കുകയും ഞെട്ടിക്കുകയും ചെയ്യുന്നു.
മാതാപിതാക്കള്‍ നഷ്ടപ്പെട്ടതിന്റെ തോരാക്കണ്ണീരുണങ്ങുംമുമ്പാണു നോട്ടക്കാരുടെവക കണ്ണില്‍ച്ചോരയില്ലാത്ത ശിക്ഷകൂടി ആ പിഞ്ചുമനസ്സിന് ഏല്‍ക്കേണ്ടിവന്നത്. വെറും ഒരാഴ്ചമുമ്പ് ശിശുക്ഷേമസമിതിയില്‍ എത്തിച്ച പെണ്‍കുരുന്നാണു ക്രൂരതയ്ക്കിരയായതെന്നോര്‍ക്കണം. മറ്റൊരു ജീവനക്കാരി കുളിപ്പിച്ച സമയത്ത് ജനനേന്ദ്രിയത്തില്‍ നീറ്റല്‍ അനുഭവപ്പെട്ട് കുട്ടി കരഞ്ഞതോടെയാണ് ക്രൂരത പുറംലോകം അറിഞ്ഞത്. കുഞ്ഞിനെ മുറിവേല്പിച്ച ആയയെയും സംഭവം മറച്ചുവച്ചവരെയും ഡ്യൂട്ടിയിലുണ്ടായിരുന്നവരെയുമുള്‍പ്പെടെ ഏഴു ജീവനക്കാരെ പിരിച്ചുവിടുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനും അവര്‍ക്കു നീതിയും സുരക്ഷയും ഉറപ്പാക്കാനുമുള്ള പോക്‌സോ നിയമം പ്രാബല്യത്തിലായതിന്റെ പന്ത്രണ്ടാം വാര്‍ഷികദിനമാണ് ഇക്കഴിഞ്ഞ നവംബര്‍ പതിന്നാലിന് (ശിശുദിനം) നാം ആഘോഷിച്ചത്. എന്നിട്ടുമെന്തേ, കരുതലും കാവലുമാകേണ്ട സംരക്ഷണസ്ഥാപനങ്ങള്‍ക്കും കരങ്ങള്‍ക്കും വിലങ്ങിടാന്‍മാത്രമുള്ള മനുഷ്യത്വരഹിതമായ ക്രൂരതകള്‍ കേരളം ആവര്‍ത്തിച്ചുകേള്‍ക്കുന്നത്?
സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണകേന്ദ്രത്തില്‍ നടന്നത് ഒരൊറ്റപ്പെട്ട സംഭവമാണെന്നു പറഞ്ഞൊഴിയാനാവില്ല. ഇതിനുമുമ്പും സമാനമായ സംഭവങ്ങള്‍ അവിടെ നടന്നിട്ടുണ്ടെന്നു പറഞ്ഞുകേള്‍ക്കുന്നു. എന്തൊക്കെയായാലും, വച്ചുപൊറുപ്പിക്കാനാവില്ല ഇത്തരം ക്രൂരതകള്‍. പ്രതികള്‍ ശിക്ഷിക്കപ്പെട്ടാല്‍മാത്രം പോരാ, ഇനിയൊരിക്കലും ഒരു കുഞ്ഞുപോലും പരിപാലകകരങ്ങളാല്‍ ഉപദ്രവമേല്ക്കരുതെന്ന് ഉറപ്പിച്ചുപറയാനുള്ള ഉള്‍ക്കരുത്താണ് ഓരോ പൗരനുമുണ്ടാകേണ്ടത്. സര്‍ക്കാര്‍സംവിധാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇക്കാര്യത്തില്‍ ജാഗ്രതയും സൂക്ഷ്മതയും പാലിക്കാനാവണം.
കേരളത്തില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായാണു ബാലാവകാശസമിതിയുടെ റിപ്പോര്‍ട്ടുകള്‍. 2023 ല്‍ കേരളത്തില്‍ ആകെ 4663 പോക്‌സോകേസുകളാണു റിപ്പോര്‍ട്ടു ചെയ്തത്. സംസ്ഥാനബാലാവകാശ സംരക്ഷണക്കമ്മീഷന്‍ അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടുപ്രകാരം, പോക്‌സോകേസുകളില്‍ 21 ശതമാനം കുട്ടികളുടെ വീടുകളിലും നാലു ശതമാനം സ്‌കൂളുകളിലുമാണു റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. കുട്ടികളുടെ സംരക്ഷണച്ചുമതലയിലുള്ളവര്‍ തങ്ങളുടെ കടമകള്‍ നിര്‍വഹിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തുന്നുണ്ടെന്നാണല്ലോ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അഞ്ചിലൊന്നു കേസുകളും (988) കുട്ടികളുടെ ഏറ്റവും സുരക്ഷിതമായ ഇടമെന്ന് അനുമാനിക്കപ്പെടുന്ന അവരുടെ ഗൃഹാന്തരീക്ഷത്തിലാണു സംഭവിക്കുന്നത് എന്നത് ഞെട്ടലോടെമാത്രമേ കേള്‍ക്കാനാവൂ. ഈ വര്‍ഷം ജൂണ്‍വരെ മാത്രം 2450 പോക്‌സോകേസുകള്‍ സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അസുഖകരമായ സാഹചര്യങ്ങളോടു പ്രതികരിക്കാനുള്ള ധാര്‍മികപാഠങ്ങള്‍ ചെറുപ്രായത്തില്‍ത്തന്നെ കുട്ടികള്‍ക്കു ലഭിക്കേണ്ടതുണ്ട്. ഗുഡ് റ്റച്ച്, ബാഡ് റ്റച്ച് എന്നിവയെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ മറ്റാരെക്കാളും കുട്ടികളുടെ അപ്പനമ്മമാരാണ് അവര്‍ക്കു പകര്‍ന്നുനല്‌കേണ്ടത്. ശിശുസംരക്ഷണനിയമങ്ങളെക്കുറിച്ചും കുട്ടികള്‍ക്കായി സുരക്ഷിതമായ ഇടങ്ങള്‍ സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മാതാപിതാക്കള്‍, അധ്യാപകര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ക്കു സാമൂഹികാവബോധം നല്‍കേണ്ട കാലംതന്നെയാണിത്. വിദ്യാര്‍ഥികൗണ്‍സലിങ് ശക്തിപ്പെടുത്തുകയും സുരക്ഷാനടപടികള്‍ ഉറപ്പാക്കുകയും ചെയ്യുന്നതില്‍ അധ്യാപകരുള്‍പ്പെടെയുള്ള പരിപാലകവൃന്ദം വിമുഖരാകരുത്. നമ്മുടെ കുട്ടികളുടെ സുരക്ഷയ്ക്കായി പതിവു ബോധവത്കരണസെഷനുകള്‍, ടെലി കൗണ്‍സലിങ് സേവനങ്ങള്‍, സംഭാഷണത്തിനുള്ള ഓപ്പണ്‍ ഫോറങ്ങള്‍, അധ്യാപക-രക്ഷാകര്‍ത്തൃജാഗ്രതാസമിതികള്‍, രക്ഷാകര്‍ത്തൃബോധവത്കരണം തുടങ്ങി ഒട്ടേറെ ക്രിയാത്മകപരിപാടികള്‍ നമ്മുടെ സ്‌കൂളുകളിലും അവരിടപെടുന്ന മേഖലകളിലും സജീവമായേ പറ്റൂ.