മനുഷ്യശരീരത്തിലെ ഏറെ സങ്കീര്‍ണമായ അവയവമാണു ശ്വാസകോശങ്ങള്‍. നവജാതശിശുക്കളുടെ ശ്വാസകോശങ്ങള്‍ക്കു 40 ഗ്രാം ഭാരമേയുള്ളൂവെങ്കില്‍, മുതിര്‍ന്നവരില്‍ അതിന് 1000 ഗ്രാമുണ്ട്. മയവും സ്‌പോഞ്ചുപോലെ ഇലാസ്തികസ്വഭാവവുമുള്ള ഈ അവയവം നെഞ്ചിന്‍കൂടിനകത്തു ഭദ്രമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ശ്വാസകോശങ്ങള്‍ക്കു വലംനെഞ്ചില്‍ മൂന്നു പാളികളും ഇടംനെഞ്ചില്‍ രണ്ടു പാളികളുമുണ്ട്. അവയെ പരിരക്ഷിക്കുന്ന കവചം പ്ലൂറയാണ്. ശ്വാസകോശങ്ങളില്‍ ആകെയുള്ള വായുസഞ്ചാരപാതകളുടെ ദൈര്‍ഘ്യം കണക്കാക്കുകയാണെങ്കില്‍ ഏതാണ്ട് 1500 മൈലുകള്‍ (2400 കിലോമീറ്റര്‍) കാണുമെന്നത് വിസ്മയകരംതന്നെ (രണ്ടു ശ്വാസകോശങ്ങളുടെയും ആകെ ഉപരിതലവിസ്തീര്‍ണം ഒരു ടെന്നീസ് കോര്‍ട്ടിന്റെയത്ര വരും).
നാം ശ്വസിക്കുന്ന അന്തരീക്ഷവായുവിലെ പ്രാണവായു ആഗിരണം ചെയ്താണ് ശ്വാസകോശത്തില്‍ അശുദ്ധരക്തം ശുദ്ധമാകുന്നത്. എന്നാല്‍, ഈ ശുദ്ധീകരണപ്രക്രിയയ്ക്കു വിലങ്ങുതടിയാകുന്നത് ശ്വാസകോശരോഗങ്ങള്‍ തന്നെ. ഹൃദയവും ശ്വാസകോശവുമായുള്ള അഭേദ്യമായ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ശ്വാസകോശങ്ങള്‍ക്കുണ്ടാകുന്ന എല്ലാ രോഗാവസ്ഥകളും നേരിട്ടോ പരോക്ഷമായോ ഹൃദയത്തെയും ബാധിക്കും. ശരീരത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുള്ള അശുദ്ധരക്തം ഹൃദയത്തിന്റെ വലത്തേ അറകള്‍വഴി ശ്വാസകോശത്തിലെത്തിച്ചേരുന്നു. അവിടെ ശുദ്ധീകരണപ്രക്രിയ നടന്നശേഷം ശുദ്ധരക്തം ഹൃദയത്തിന്റെ ഇടത്തെ അറകളില്‍ എത്തിച്ചേരുന്നു. ഇടത്തെ കീഴറ സങ്കോചിക്കുമ്പോള്‍ രക്തം മഹാധമനിയും അതിന്റെ ശാഖോപശാഖകളുംവഴി ശരീരമാസകലം എത്തിച്ചേരുന്നു. ഈ പ്രക്രിയ നിര്‍വിഘ്‌നം നടക്കേണ്ടത് ജീവസന്ധാരണത്തിന് അനിവാര്യമാണ്.
ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധ എപ്രകാരം ഹൃദ്രോഗത്തിനു കാരണമാകുന്നുവെന്നു നാം കൊവിഡ്-19 വ്യാപനകാലത്തു പ്രകടമായി അനുഭവിച്ചറിഞ്ഞു. രണ്ടു വിധത്തിലാണ് രോഗതീവ്രതയുണ്ടായത്: ഒന്ന്, നേരത്തേ ഹൃദയസംബന്ധമായ യാതൊരു രോഗവുമില്ലാത്തവരില്‍ പുതുതായുണ്ടായ ഹൃദയാഘാതം. രണ്ടാമത്തേത്, ഹൃദ്രോഗനിര്‍ണയം ചെയ്തവരിലും അതിനു സാധ്യതയുള്ളവരിലും ഹാര്‍ട്ടറ്റാക്കുണ്ടായി അപകടാവസ്ഥയിലേക്കുള്ള പതനം. വൈറസ്ബാധയോടനുബന്ധിച്ചുണ്ടായ പനിയും ശ്വാസതടസ്സവുംമൂലം രക്തത്തിലുണ്ടായ പ്രാണവായുവിന്റെ അപര്യാപ്തതയെ പരിഹരിക്കാനായി ഹൃദയപ്രവര്‍ത്തനം ത്വരിതഗതിയിലായി. ഈ അമിതഭാരം ഹൃദയത്തിനു കടുത്ത ആഘാതമുണ്ടാക്കി.
കൊവിഡ്-19 രോഗബാധയുണ്ടായതിനുശേഷം, ശ്വാസകോശങ്ങളില്‍ വൈറസ് ഉണ്ടാക്കിയ ദീര്‍ഘകാലപ്രത്യാഘാതങ്ങളെക്കുറിച്ചു പരശതം പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഈ പഠനങ്ങളുടെ ഫലങ്ങള്‍ പ്രകാശിതമായിക്കൊണ്ടിരിക്കുന്നു. എല്ലാ പഠനങ്ങളിലുംതന്നെ കൊവിഡ്ബാധിതരുടെ ശ്വാസകോശത്തില്‍ ശാശ്വതമായ, ഘടനാപരമായ, അപചയവ്യതിയാനങ്ങള്‍ ഉണ്ടായതായി തെളിഞ്ഞു. ന്യൂമോണിയ, ആസ്ത്മ, ബ്രോങ്കൈറ്റിസ്, പള്‍മനറി ഫൈബ്രോസിസ് തുടങ്ങിയവ കൊവിഡ്ബാധയുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളായി പരിഗണിക്കപ്പെടുന്നു.
കൊവിഡിനുശേഷം ഉണ്ടായിക്കൊണ്ടിരിക്കുന്ന ശ്വാസകോശസംബന്ധമായ രോഗങ്ങളെപ്പറ്റി, ഇക്കഴിഞ്ഞ മാര്‍ച്ചുമാസം പ്രസിദ്ധീകൃതമായ ലാന്‍സെറ്റ് മാസികയിലെ പഠനഫലങ്ങള്‍ കൂടുതല്‍ വെളിച്ചം വീശുന്നു. കൊവിഡ് ബാധിതരെ ഉള്‍പ്പെടുത്തി രണ്ടു വര്‍ഷക്കാലത്തോളം നടത്തിയ ഗവേഷണനിരീക്ഷണങ്ങള്‍ തികച്ചും ഭീതിജനകമായ ഫലങ്ങളാണു പുറത്തുകൊണ്ടുവന്നത്. ഗുരുതരമായ കൊവിഡ് ബാധയെ അതിജീവിച്ചവരില്‍ 30 ദിവസങ്ങള്‍ക്കുശേഷം ശ്വാസകോശസംബന്ധമായ രോഗാതുരതകള്‍ (ആസ്ത്മ, ബ്രോങ്കിയെക്റ്റാസിസ്, സി.ഒ.പി.ഡി., ശ്വാസകോശാര്‍ബുദം) കൂടിക്കൊണ്ടിരിക്കുന്നതായി പഠനങ്ങള്‍ കണ്ടുപിടിച്ചു.
നഗരവത്കരണം ഊര്‍ജസ്വലമായി മുന്നേറുന്നതോടെ സംഭവിക്കുന്ന രണ്ടു പ്രതിഭാസങ്ങളാണ് ഗതാഗതത്തിരക്കും അന്തരീക്ഷമലിനീകരണവും. അന്തരീക്ഷ-വാതകമലിനീകരണം ഇന്നു ലോകം നേരിടുന്ന ഏറ്റവും ഭീഷണമായ പ്രശ്‌നമാണ്. ലോകത്തുള്ള 92 ശതമാനം ആള്‍ക്കാരും അശുദ്ധവായു ശ്വസിക്കുന്നവരാണെന്നാണു പുതിയ പഠനഫലം. ഈ ദാരുണപ്രതിഭാസം ആഗോളമായി അഞ്ചുലക്ഷം കോടി ഡോളറിന്റെ അധികബാധ്യതയാണ് ലോകരാഷ്ട്രങ്ങള്‍ക്കുണ്ടാക്കുന്നത്. ഭീതിദമായി വര്‍ധിച്ചുവരുന്ന ഓസോണ്‍ മലിനീകരണത്തിന്റെ പ്രത്യാഘാതമായി 2030 ആകുന്നതോടെ കൃഷിയുത്പന്നങ്ങളുടെ ഉത്പാദനം 26 ശതമാനമായി കുറയും. വായുമലിനീകരണംമൂലം ആഗോളതലത്തില്‍ പ്രതിവര്‍ഷം ഏഴു ദശലക്ഷം ആള്‍ക്കാരാണ് അകാലത്തില്‍ മരണപ്പെടുന്നത്. ഇതില്‍ 38 ശതമാനം ഹൃദ്രോഗം, 20 ശതമാനം മസ്തിഷ്‌കാഘാതം, 18 ശതമാനം ക്രോണിക് ഒബ്ട്രക്റ്റീവ് പള്‍മനറി ഡിസീസ് (സിഒപിഡി) 18 ശതമാനം ശ്വാസകോശരോഗങ്ങള്‍, 6 ശതമാനം ശ്വാസകോശാര്‍ബുദം എന്നീ രോഗങ്ങള്‍ മൂലം മരണപ്പെടുന്നു. വായുമലിനീകരണം ഏറ്റവും കൂടുതലുള്ള ലോകത്തെ നഗരങ്ങളില്‍ പലതും നമ്മുടെ രാജ്യത്താണെന്ന വസ്തുത ഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും അറിയില്ല. തലസ്ഥാനനഗരിയായ ഡല്‍ഹിയുടെ പ്രാന്തപ്രദേശത്തുള്ള ഗുരുഗ്രാമാണു വായുമലിനീകരണത്തില്‍ ലോകത്തില്‍ മുന്‍നിരയില്‍. ചിലിയിലെ ഒസോര്‍നോ, കോങ്കോയിലെ കിന്‍ഷാസ, ഡാക്ക, ലാഹോര്‍ എല്ലാം വായുമലിനീകൃതമായ നഗരങ്ങളുടെ മുന്‍പന്തിയിലാണ്.
പഞ്ചാബ്, ഹരിയാന അതിര്‍ത്തികളിലെ കൃഷിയിടങ്ങളില്‍നിന്നുള്ള പുകയും മാലിന്യങ്ങളും മഞ്ഞും തിങ്ങി ഡല്‍ഹിയിലെ അന്തരീക്ഷമലിനീകരണം ഗുരുതരാവസ്ഥയിലെത്തി. പോരാത്തതിന് ഉള്‍ക്കൊള്ളാവുന്നതിലധികമായ വാഹനങ്ങളില്‍നിന്നു ബഹിര്‍ഗമിക്കുന്ന വിഷവാതകങ്ങള്‍കൂടിയാകുമ്പോള്‍ ഡല്‍ഹിജീവിതം ദുസ്സഹമാകുന്നു. നൂറിനു താഴെയായിരിക്കേണ്ട വായുനിലവാരസൂചിക (എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്) കഴിഞ്ഞ ശീതകാലത്ത് 400 കവിഞ്ഞിരുന്നു. 20 സിഗററ്റ് വലിക്കുന്നതിനു തുല്യമായ മലിനവായുവാണ് ഒരു നവജാതശിശു ശ്വസിക്കുന്നതെന്ന് ഡല്‍ഹിയിലെ ശിശുരോഗവിദഗ്ധര്‍ പറയുന്നു. കേരളത്തിലെ വാഹനപ്പെരുപ്പവും പ്ലാസ്റ്റിക്കിന്റെ വിനിയോഗവും അന്തരീക്ഷമാലിന്യങ്ങളുടെ ആധിക്യവും ഓടകളില്‍ കെട്ടിക്കിടക്കുന്ന മലിനജലവും ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന പുതിയ രോഗങ്ങള്‍ക്കു വിത്തുപാകുന്നു. ഇടുങ്ങിയ റോഡുകളിലെ ചിട്ടയില്ലാത്ത ട്രാഫിക്കും കുമിഞ്ഞുകൂടുന്ന പുകപടലവും കൊച്ചീനഗരവാസികളെ ഇപ്പോഴേ ശ്വാസംമുട്ടിച്ചുതുടങ്ങി.
അന്തരീക്ഷമലിനീകരണം ഹാര്‍ട്ടറ്റാക്കിനു വഴിയൊരുക്കുന്ന പ്രതിഭാസം നാം കാണുന്നു. വര്‍ധിച്ച ഗതാഗതത്തിരക്കിലും വായുമലിനീകരണത്തിലുംപെട്ടവര്‍ക്കു ഹൃദ്രോഗസാധ്യത എട്ടു ശതമാനത്തിലേറുമെന്നു പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഇത് മറ്റ് ഉദ്ദീപനഘടകങ്ങളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്നു. ആഗോളതലത്തില്‍ ഹൃദയധമനീരോഗങ്ങള്‍മൂലമുള്ള മരണസംഖ്യയുടെ 37 ശതമാനവും വായുമലിനീകരണത്തെത്തുടര്‍ന്നാണ്. മലിനവായുവില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന പി.എം. 10 എന്ന ഘടകം ഹാര്‍ട്ടറ്റാക്കുണ്ടാകുന്നതിനുപിന്നില്‍ ഉദ്ദീപനഘടകമായി പ്രവര്‍ത്തിക്കുന്നു (ുാ = ുമൃശേരൗഹമലേ ാമേേലൃ). നൈട്രജന്‍ ഓക്‌സൈഡും പുകയിലപ്പുകയും പ്രാണവായു കുറഞ്ഞ മറ്റു പുകമിശ്രിതങ്ങളും വിഷലിപ്തമായ പൊടിപടലങ്ങളുമൊക്കെക്കൂടിയ മലിനീകൃതമായ അന്തരീക്ഷവായു സ്ഥിരമായി ശ്വസിച്ചാല്‍ ഹാര്‍ട്ടറ്റാക്കുണ്ടാകാനുള്ള സാധ്യത പതിന്മടങ്ങാകുമെന്ന് അമേരിക്കയിലെ 90 നഗരങ്ങളിലുള്ള 50 ദശലക്ഷം ആള്‍ക്കാരില്‍ നടത്തിയ 'നാഷണല്‍ മോര്‍ട്ടാലിറ്റി ആന്‍ഡ് മോര്‍ബിസിറ്റി എയര്‍ പൊല്യുഷന്‍ സ്റ്റഡി' തെളിയിച്ചു. ജീവിതകാലം മുഴുവന്‍ മലിനമായ അന്തരീക്ഷത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ക്ക് ആയുര്‍ദൈര്‍ഘ്യം സാരമായി കുറയുന്നു.
ചൈനയിലെ 318 നഗരങ്ങളില്‍നിന്നുള്ള 12 ദശലക്ഷം ആള്‍ക്കാരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ (2022) പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ 2.5, നൈട്രജന്‍ ഡയോക്‌സൈഡ്, സള്‍ഫര്‍ഡയോക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, ഓസോണ്‍ തുടങ്ങിയ വിഷവാതകങ്ങള്‍ ശ്വസിച്ചവരില്‍ മണിക്കൂറുകള്‍ക്കകം ഹാര്‍ട്ടറ്റാക്കുണ്ടായതായി കണ്ടു.
വായുമലിനീകരണംമൂലം ഹാര്‍ട്ടറ്റാക്കുണ്ടാകുന്നത് ഏറെ സങ്കീര്‍ണമായ പ്രക്രിയയിലൂടെയാണ്. തുടര്‍ച്ചയായി വിഷലിപ്തമായ വായു ശ്വസിച്ചാല്‍ ഹൃദയധമനികളില്‍ രക്തക്കട്ടയുണ്ടാകാനുള്ള സാധ്യതയേറുന്നു. ക്രമം തെറ്റിയ നെഞ്ചിടിപ്പുണ്ടാകുന്നു. പെട്ടെന്ന് കൊറോണറി ധമനികള്‍ ചുരുങ്ങുന്നു. അമിതമായ ഓക്‌സീകരണവും ധമനീവീക്കവുമുണ്ടാകുന്നു. മേല്പറഞ്ഞ പ്രതികൂലസാഹചര്യങ്ങളെല്ലാം ഹൃദയധമനികളിലെ പ്ലാക്കു പൊട്ടി അവിടെ രക്തക്കട്ടയുണ്ടാകുന്നതിനുള്ള ശക്തമായ ട്രിഗറുകളാകുന്നു. ഇതു ഹാര്‍ട്ടറ്റാക്കിലേക്കു നയിക്കുന്നു.
ഹൃദയാരോഗ്യത്തിനു ഹൃദയത്തെമാത്രം ശ്രദ്ധിച്ചാല്‍പോരാ; ഹൃദയവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്ന അവയവങ്ങള്‍ക്കേല്ക്കുന്ന ആഘാതവും ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. പഴക്കംചെന്ന ശ്വാസകോശരോഗങ്ങള്‍, ഹൃദയപരാജയത്തിനു കാരണമാകുന്നു. സി.ഒ.പി.ഡി., പള്‍മനറി മെറ്റബോളിസം, ഇന്റര്‍സ്റ്റീഷ്യല്‍ ലങ്ങ് ഡിസീസ്, ബ്രോങ്കിയെക്റ്റാസിസ് തുടങ്ങിയ പഴക്കംചെന്ന ശ്വാസകോശരോഗങ്ങള്‍മൂലം ഹൃദയത്തിലെ വലത്തെ അറകളില്‍ മര്‍ദം കുറയുകയും കാലക്രമത്തില്‍ അതു ഹൃദയപരാജയത്തിനു ഹേതുവാകുകയും ചെയ്യുന്നു. ഇതു ഗുരുതരമാകുന്നതോടെ ശയ്യാവലംബിയാകുന്ന രോഗി മരണത്തെ അഭിമുഖീകരിക്കുന്നു.
അതുപോലെ, വൃക്കകളുടെ ആരോഗ്യം സുഗമമായ ഹൃദയപ്രവര്‍ത്തനത്തിന് അനിവാര്യമാണ്. വൃക്കപരാജയംമൂലം രക്തസമ്മര്‍ദം കൂടുന്നു. ശരീരത്തില്‍ ജലം കെട്ടിക്കിടക്കുന്നു; ഇതു രണ്ടും ഹൃദയത്തിനു കൂടുതല്‍ ലോഡുണ്ടാക്കുന്നു; അതു ഹൃദയപരാജയത്തിനും മരണത്തിനും കാരണമാകുന്നു.
മസ്തിഷ്‌കത്തിന്റെ ആരോഗ്യം ശരീരത്തിന്റെ ആരോഗ്യമെന്നു പറയുന്നതുപോലെ, തലച്ചോറിനുണ്ടാകുന്ന രോഗങ്ങളും മറ്റവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. വിഷാദരോഗം, സ്ഥിരമായ ഉത്കണ്ഠ, പി.റ്റി.എസ്.ഡി., അപസ്മാരം, തലച്ചോറിനേല്‍ക്കുന്ന ആഘാതം എല്ലാം ഹൃദയത്തെയും പ്രതികൂലമായി ബാധിക്കുന്നു. തലച്ചോറിലെ സിരകള്‍ ഹൃദയസ്പന്ദനവേഗം നിയന്ത്രിക്കുന്നു.
ചുരുക്കത്തില്‍, ഹൃദയപ്രവര്‍ത്തനം ശരീരത്തിലെ മറ്റവയവങ്ങളുടെ കൂട്ടായ സഹകരണത്തോടെയാണു കേടുപാടു കൂടാതെ മുന്നോട്ടുപോകുന്നത്. അതുകൊണ്ട്, ഹൃദയത്തെ രോഗാതുരതകളില്‍നിന്നു സംരക്ഷിക്കണമെങ്കില്‍ മറ്റവയവങ്ങളുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കണം.
(ലേഖകന്‍ എറണാകുളം ലൂര്‍ദ് ഹോസ്പിറ്റലില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റാണ്.)