ആനപ്പുറത്തും കുതിരപ്പുറത്തും ഒട്ടകപ്പുറത്തും കഴുതപ്പുറത്തും മനുഷ്യന്‍ സവാരി ചെയ്തിരുന്നു; ഇന്നും അങ്ങനെ ചെയ്യാറുണ്ട്. കാളവണ്ടിയിലും കുതിരവണ്ടിയിലും യാത്രയുണ്ടായിരുന്നു; ഇന്നും ചില സ്ഥലങ്ങളിലെല്ലാമുണ്ട്. പക്ഷേ, ''പട്ടി''വണ്ടിയിലുള്ള യാത്ര...! അതിപ്പോള്‍ ഉള്ളതായിക്കാണുന്നു. നേരിട്ടു കണ്ടിട്ടില്ല; എങ്കിലും സോഷ്യല്‍ മീഡിയായില്‍ കാണാന്‍ കഴിഞ്ഞു. ഇന്ത്യയിലല്ല; ചൈനയിലാണെന്നു തോന്നുന്നു. ഒരു പെണ്‍കുട്ടി സ്‌കൂളില്‍ പോകാനൊരുങ്ങി വീട്ടില്‍നിന്നിറങ്ങുന്നു. പുസ്തകങ്ങളും ഭക്ഷണപ്പൊതികളുമെല്ലാമുണ്ട്. അപ്പോള്‍ ഒരു ''പട്ടിവണ്ടി'' വന്നുനില്ക്കുന്നു. കുട്ടി അതില്‍ കയറിയിരിക്കുന്നു. കുതിരവണ്ടിയിലോ കാളവണ്ടിയിലോ കയറുന്ന ആയാസമൊന്നും കണ്ടില്ല. ഒരു ഓട്ടോയില്‍ കയറുന്ന ലാഘവത്തോടെ, വളരെ കൂളായിട്ടു കുട്ടി കയറി; സീറ്റിലിരുന്നു. വണ്ടിയില്‍ ബന്ധിച്ചിരുന്ന ചരടു കടിച്ചുപിടിച്ചുകൊണ്ട് പട്ടി ഓട്ടമാരംഭിച്ചു. നിമിഷനേരംകൊണ്ടു വിദ്യാലയത്തിലെത്തുന്നു. കുട്ടി വണ്ടിയില്‍നിന്നിറങ്ങി സ്‌കൂളിലേക്കു നടന്നുനീങ്ങുന്നു!
മുതിര്‍ന്ന കുട്ടിയെ സ്‌കൂളിലെത്തിക്കുക മാത്രമല്ല, സംരക്ഷണച്ചുമതലയും ശ്വാനന്‍ ഏറ്റെടുത്തിരിക്കുന്നതായി കാണുന്നു! ഒരു അമ്മ കുഞ്ഞിനെ എടുത്തു മാറോടു ചേര്‍ത്തുപിടിക്കുന്നതുപോലെ ഒരു പട്ടി മനുഷ്യക്കുഞ്ഞിനെ എടുത്തു ചേര്‍ത്തുപിടിച്ചു ലാളിക്കുന്നതു കാണാനിടവന്നു! തീര്‍ന്നിട്ടില്ല, കുഞ്ഞിനു കുപ്പിപ്പാല്‍ വായില്‍വച്ചുകൊടുത്തു കുടിപ്പിക്കുന്നു; കുഞ്ഞിനെ കൂടെക്കിടത്തി ഒരു കൈകൊണ്ടു കെട്ടിപ്പിടിച്ചുറക്കുന്നു; ഒപ്പം, പട്ടിയും ശാന്തമായി ഉറങ്ങുന്നു! മറ്റൊരു കുഞ്ഞ് പട്ടിയുടെ ദേഹത്തു ചാരിക്കിടന്ന് ഉറങ്ങുന്നതായും കണ്ടു. പട്ടികള്‍ മാത്രമല്ല, പൂച്ചകളും ഇതേ രീതിയില്‍ ശിശുശൂശ്രൂഷ നടത്തുന്നുണ്ട്! പട്ടിയും പൂച്ചയും സംരക്ഷണം നല്കുന്നതോടൊപ്പം മുത്തം കൊടുത്തു ലാളിക്കുന്നതും കാണാനിടയായി!
പണ്ട്, അമ്മയും കുഞ്ഞുമായിരുന്നു. പിന്നീട്, അമ്മൂമ്മയും കുഞ്ഞുമായി, അവസാനം ആയയും കുഞ്ഞുമായി മാറി. ഇപ്പോള്‍ പെറ്റ് ആനിമല്‍സ് ചുമതല ഏറ്റെടുക്കുന്നു. അല്ല ആ ചുമതല അവരെ ഏല്പിക്കുന്നുപോലും. കാലം പോയ പോക്കേ...! സ്ത്രീകള്‍ ജോലിക്കു പോകാന്‍ തുടങ്ങിയപ്പോള്‍ ശിശുസംരക്ഷണം ഭാഗികമായി അമ്മൂമ്മയെ ഏല്പിച്ചു. വിദേശത്തു ജോലിക്കുപോകാന്‍ തുടങ്ങിയതോടെ പൂര്‍ണമായും അമ്മൂമ്മയെ ഏല്പിക്കാന്‍ തുടങ്ങി. അമ്മൂമ്മയെയും അപ്പൂപ്പനെയും വൃദ്ധസദനത്തില്‍ ഏല്പിക്കാന്‍ തുടങ്ങിയതോടെ, ചിലരെങ്കിലും ആയയെ ചുമതല ഏല്പിച്ചു. ഇതു വിരല്‍ചൂണ്ടുന്നത് സംഭവിക്കാന്‍ പോകുന്ന വലിയ വിപത്തുകളിലേക്കാണ്.
പണമല്ല, മക്കളാണു തങ്ങളുടെ ഏറ്റവും വലിയ സ്വത്ത് എന്ന കാര്യം മാതാപിതാക്കള്‍ വിസ്മരിക്കുന്നു. മക്കള്‍ക്കായി പണം സമ്പാദിക്കുന്നതിനായി, അവര്‍ക്കു കൊടുക്കേണ്ട സ്‌നേഹവും കരുതലും അവഗണിക്കുമ്പോള്‍ മാതാപിതാക്കള്‍ മക്കളുടെ രക്ഷിതാക്കളല്ല, ശത്രുക്കളായിട്ടാണു പരിണമിക്കുന്നത്. അന്യനാട്ടില്‍ പോയി കഷ്ടപ്പെട്ടു പണമുണ്ടാക്കി മക്കള്‍ക്കു നല്കി കൃതകൃത്യതാനിര്‍വഹണചാരിതാര്‍ഥ്യം നേടുന്നവര്‍ക്കു തെറ്റുപറ്റിയെന്ന് അവര്‍ തിരിച്ചറിയുമ്പോഴേക്കും എല്ലാം കൈവിട്ടുപോയിരിക്കും. മകനോ മകളോ മയക്കുമരുന്നിനടിമയാണെന്നു വളരെ വൈകി തിരിച്ചറിഞ്ഞു വിലപിക്കുന്ന മാതാപിതാക്കളുടെ സംഖ്യ വളരെ വര്‍ധിച്ചുവരുന്നതായി പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. സൂചികൊണ്ടെടുക്കേണ്ടത് തൂമ്പാകൊണ്ടെടുക്കാന്‍ ശ്രമിക്കുന്ന ഹതഭാഗ്യര്‍! 'ഇനി എന്താ ചെയ്യുക?' എന്ന ചോദ്യവും 'ഇനി ഒന്നും ചെയ്യാനില്ല' എന്ന മറുപടിയും സര്‍വസാധാരണമായിരിക്കുന്നു. ഒന്നല്ലേയുള്ളൂ, രണ്ടേല്ലേയുള്ളൂ എന്നു പറഞ്ഞു മക്കളുടെ ഇഷ്ടങ്ങളെല്ലാം സാധിച്ചുകൊണ്ട്, ഒരിക്കലും 'അരുത്' എന്നു പറയാന്‍ കൂട്ടാക്കാത്ത മാതാപിതാക്കള്‍ അവസാനം കണ്ണീര്‍ പൊഴിക്കുന്ന സ്ഥിതിവിശേഷം! ''അസാധ്യമായുള്ളതിലാശവച്ചാല്‍, അസംഖ്യമായൊരു ദുഃഖമുണ്ടാം; കരത്തില്‍ വേണം ശശിയെന്നു ബാലന്‍ കരഞ്ഞുകൊണ്ടാലടിതന്നെ കൊള്ളും'' എന്നു പറഞ്ഞു പഠിപ്പിച്ച കവികളുടെയും കാലം കഴിഞ്ഞിരിക്കുന്നു.
വീടു വിട്ടാല്‍പ്പിന്നെ വിദ്യാലയമാണ്. പരീക്ഷയ്ക്കു കിട്ടുന്ന മാര്‍ക്കിന്റെയടിസ്ഥാനത്തില്‍ കുട്ടിയുടെ ഭാവി നിര്‍ണയിക്കുന്ന ഒരു സ്ഥിതിവിശേഷമാണിന്നുള്ളത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഫുള്‍എ പ്ലസില്‍ ഒതുങ്ങുന്നു. വാരിക്കോരി മാര്‍ക്കു നല്കാനുള്ള 'മഹാമനസ്‌കത' സര്‍ക്കാര്‍ കാട്ടിയതോടെ എല്ലാം തലകീഴ്മറിഞ്ഞിരിക്കുന്നു! ഫുള്‍ എ പ്ലസ് കിട്ടിയാല്‍പ്പിന്നെ, കുട്ടിക്കു സന്തോഷം, മാതാപിതാക്കള്‍ക്കു സന്തോഷം! പക്ഷേ, ഫുള്‍ എ പ്ലസിന്റെ സര്‍ട്ടിഫിക്കറ്റുമായി ചെല്ലുമ്പോള്‍, അതു ചവറ്റുകൊട്ടയില്‍ ഇടുമ്പോള്‍ തകരുന്നതു കുട്ടിയും രക്ഷിതാക്കളുംമാത്രമായി ചുരുങ്ങുന്നു. അതുകൊണ്ട്, പഠനത്തോടൊപ്പം മൂല്യങ്ങള്‍കൂടി നല്കാനും കഴിയാതെ പോകുന്ന വിദ്യാഭ്യാസം വരുത്തിവയ്ക്കുന്ന ദുരന്തം ചിന്തയ്ക്കും ഭാവനയ്ക്കും അപ്പുറമാണ്. അരുതുകളും അതിരുകളുമില്ലാതെ വിദ്യാലയത്തില്‍നിന്നിറങ്ങിവരുന്ന കുട്ടി എന്താണു കാട്ടിക്കൂട്ടാന്‍ പോകുന്നതെന്ന് അനുഭവപാഠങ്ങള്‍ നമുക്കു പറഞ്ഞുതരുന്നുണ്ട്. പണ്ടൊക്കെ അധ്യാപകര്‍ക്കു പരിപൂര്‍ണപിന്തുണ ബന്ധപ്പെട്ടവരെല്ലാം, പ്രത്യേകിച്ചു രക്ഷിതാക്കള്‍ നല്കിയിരുന്നു. സമൂഹവും വിദ്യാഭ്യാസവകുപ്പും അധ്യാപകര്‍ക്കൊപ്പം നിന്നിരുന്ന ഒരു കാലമുണ്ട്. പക്ഷേ, ഇന്നിപ്പോള്‍ മൂല്യബോധമുള്ള അധ്യാപകര്‍ ഒറ്റപ്പെടുന്നു. കുട്ടിയെയും രക്ഷിതാക്കളെയും സര്‍ക്കാരിനെയും പേടിച്ചാണ്, ഇന്ന് അധ്യാപകര്‍ ക്ലാസില്‍ വരുന്നത്. പ്രസക്തമായ ഒരു പത്രവാര്‍ത്ത: ''കഴിഞ്ഞ നാലുവര്‍ഷത്തിനിടെ വിദ്യാര്‍ഥികളുടെയുള്‍പ്പെടെയുള്ള പരാതിയില്‍ നടപടിയെടുത്തത് 24 അധ്യാപകര്‍ക്കെതിരേ! ക്രിമിനല്‍ക്കേസും ജയിലും ഒഴിവാക്കാന്‍ സ്‌കൂളുകളില്‍ അധ്യാപകര്‍ വിദ്യാര്‍ഥികളെ പേടിച്ചു കഴിയേണ്ട സ്ഥിതിയുണ്ടെന്നു ഹൈക്കോടതി പറഞ്ഞു. മനഃസാക്ഷിയും ആത്മാര്‍ഥതയും പ്രതിബദ്ധതയുമുള്ള അധ്യാപകര്‍ നിസ്സഹായരാകുന്ന സ്ഥിതിവിശേഷം!
മറ്റൊരു പത്രവാര്‍ത്ത: ഏഴാം ക്ലാസാണു രംഗം. അധ്യാപിക ഗൗരവത്തില്‍ ക്ലാസെടുക്കുന്നതിനിടെ വിദ്യാര്‍ഥികളിലൊരാള്‍ ഡസ്‌കില്‍ കാല്‍ കയറ്റിവച്ച് അലസമായി ഇരിക്കുന്നു. അതു ചോദ്യം ചെയ്ത അധ്യാപികയെ ആ പന്ത്രണ്ടുകാരന്‍ അസഭ്യം വിളിച്ചു. അധ്യാപിക വിദ്യാര്‍ഥിയെ വടിയെടുത്തു തല്ലി. അധ്യാപികയ്‌ക്കെതിരേ ക്രിമിനല്‍ കേസായി! ഒഴിവാക്കുന്ന ശിക്ഷകള്‍ നാടിനു ശിക്ഷയായി മാറിക്കൊണ്ടിരിക്കുന്നു എന്നു ചുരുക്കം.
കേരളത്തില്‍ ഇന്നുവരെയുള്ള ചരിത്രത്തില്‍ ഒരു ശിശു ജനിക്കുന്നതു ഹിന്ദുവായിട്ടോ മുസ്ലീമായിട്ടോ ക്രിസ്ത്യാനിയായിട്ടോ ഒക്കെയാണ്. ഇനിയത് ഏതെങ്കിലും പാര്‍ട്ടിയില്‍ ജനിക്കുന്നതായിട്ടാവും രേഖപ്പടുത്തുക. അല്ലെങ്കില്‍, ശ്രീനിവാസന്റെ ഒരു സിനിമയില്‍ പറയുന്നതുപോലെ, ''അമ്മ കോണ്‍ഗ്രസ്, അച്ഛന്‍ കമ്യൂണിസ്റ്റ്, ഞാന്‍ രണ്ടുംകെട്ടവന്‍'' എന്നാകാനും പാടില്ലായ്കയില്ല. ഏതെങ്കിലും മതത്തില്‍ ജനിക്കുന്ന കുട്ടി മതത്തിന്റെ അനുശാസനമനുസരിച്ചാവും വളരുക. അതിനുള്ള പരിശീലനവേദികളുണ്ട്. മുസ്ലീംകള്‍ക്കു മദ്രസകളും ക്രിസ്ത്യാനികള്‍ക്കു മതബോധനക്ലാസുകളുമുണ്ട്. മതതത്ത്വങ്ങള്‍ പഠിപ്പിക്കുന്നത് മതമൗലികവാദികളാകാനുള്ള പരിശീലനമാകാതിരുന്നെങ്കില്‍! എല്ലാ മതങ്ങളും പ്രഘോഷിക്കുന്നതു സ്‌നേഹമാണ്; വെറുപ്പും വിവേചനവുമല്ല. പക്ഷേ, അനുഭവത്തില്‍ പലപ്പോഴും മറിച്ചാണു കാണുന്നത്. ഏറ്റവും പ്രധാനപ്പെട്ട കല്പന ഏത് എന്ന ചോദ്യത്തിന് യേശു നല്കുന്ന മറുപടി:''നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടുംകൂടെ സ്‌നേഹിക്കുക. ഇതാണു പ്രഥമവും പ്രധാനവുമായ കല്പന. രണ്ടാമത്തെ കല്പനയും ഇതിനു തുല്യംതന്നെ. അതായത്, ''നിന്നെപ്പോലെ തിന്റെ അയല്ക്കാരനെയും സ്‌നേഹിക്കുക'' (മത്തായി 22:37-39). ആശാന്‍ പാടിയല്ലോ: ''സ്‌നേഹമാണഖിലസാരമൂഴിയില്‍'' ഈ സ്‌നേഹത്തിന്റെ ചൈതന്യം വീട്ടിലും വിദ്യാലയത്തിലും സമൂഹത്തിലും ഉണ്ടാകണം. അതാണു ശാന്തിയും സമാധാനവും ഉണ്ടാകാനുള്ള വഴി.
ലേഖനം