ലോകത്തിന്റെ സ്ഥിതിഗതികള്‍ നിര്‍ണയിച്ചു പുതിയ പാതകള്‍ വെട്ടിത്തുറക്കുന്നതില്‍ ഏറ്റവും സ്വാധീനമുള്ള രാജ്യാന്തര കൂട്ടായ്മയായ ജി 20യുടെ 19-ാം ഉച്ചകോടി ബ്രസീലിലെ റിയോ ഡി ജനീറോയില്‍ സമാപിച്ചു. വിശപ്പിനും ദാരിദ്ര്യത്തിനുമെതിരേ ലോകരാഷ്ട്രങ്ങള്‍ റിയോയിലെ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ വലിയ പ്രതീക്ഷകളുടെ വാതിലുകള്‍ തുറക്കുന്നു. ജി 20 യുടെ മുന്‍ പ്രസിഡന്റും, നിലവിലുള്ള പ്രസിഡന്റും, വരാന്‍ പോകുന്ന പ്രസിഡന്റും ചേര്‍ന്ന സമിതിയാണ് ഓരോ വര്‍ഷവും ഉച്ചകോടിക്കു നേതൃത്വം നല്‍കുന്ന കോര്‍കമ്മിറ്റി. ഇതനുസരിച്ച് 2023 ല്‍ ജി 20 ക്കു നേതൃത്വം നല്‍കിയ ഇന്ത്യ, 2024 ല്‍ ആതിഥേയരായ ബ്രസീല്‍, 2025 ല്‍ ആതിഥേയത്വം വഹിക്കുന്ന സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ തലവന്മാരാണ് 2024 ലെ ഉച്ചകോടിയുടെ നേതൃത്വം വഹിച്ചത്.
അംഗരാജ്യങ്ങള്‍
അര്‍ജന്റീന, ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, സൗത്ത് കൊറിയ, തുര്‍ക്കി, യുകെ, യുഎസ്എ, യൂറോപ്യന്‍ യൂണിയന്‍, ആഫ്രിക്കന്‍ യൂണിയന്‍ എന്നീ രാഷ്ട്രങ്ങളും കൂട്ടായ്മകളും ചേര്‍ന്നതാണ് ജി 20. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കൂടാതെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ് മെലോനി, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തുടങ്ങിയവര്‍ ഉച്ചകോടിയിലെത്തിയ പ്രമുഖരാണ്. ബ്രസീല്‍ പ്രസിഡന്റ് ലുല ഡസില്‍വയുടെ ആതിഥേയത്വം ഏറെ ശ്രദ്ധേയമായി. മൂന്നു വികസ്വരസമ്പദ്‌വ്യവസ്ഥകള്‍ ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് പ്രത്യേകതയാണ്. 2026 ല്‍ യുഎസ്എയും തുടര്‍ന്ന് സൗദി അറേബ്യയും ആതിഥേയത്വം വഹിക്കുവാന്‍ മുന്നോട്ടുവന്നിരിക്കുന്നത് ഗള്‍ഫുരാജ്യങ്ങളിലെ മാറ്റത്തിന്റെ സൂചനയാണ്.
ചരിത്രപശ്ചാത്തലം
എല്ലാവര്‍ഷവും ജി 20 ഉച്ചകോടി ചേരുന്നുണ്ട്. 2009, 2010 വര്‍ഷങ്ങളില്‍ രണ്ടുതവണ വീതം ഉച്ചകോടി ചേര്‍ന്നു. ജി 20 ഒരു സ്ഥാപനമല്ല. സ്ഥിര ആസ്ഥാനമോ സംവിധാനമോ ഇല്ല. 1997-98 കാലഘട്ടങ്ങളില്‍ ഏഷ്യന്‍രാജ്യങ്ങള്‍ നേരിട്ട അതിരൂക്ഷമായ സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിലെ ധനമന്ത്രിമാരും ബാങ്ക് ഗവര്‍ണര്‍മാരും ഒരുമിച്ചുചേര്‍ന്ന് ജി 20 രാജ്യാന്തര സംയുക്തക്കൂട്ടായ്മയ്ക്ക് 1999 ല്‍ തുടക്കമിട്ടു. 2007 ല്‍ സാമ്പത്തികപ്രതിസന്ധി വീണ്ടും രൂക്ഷമായപ്പോള്‍ ഈ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാര്‍ നേരിട്ട് ജി 20യുടെ നേതൃത്വത്തില്‍ വരുകയും രാഷ്ട്രത്തലവന്മാരുടെ കൂട്ടായ്മയായി മാറുകയും ചെയ്തു.
ഇന്ത്യയില്‍ നിന്ന് ബ്രസീലിലേക്ക്
2023 സെപ്റ്റംബര്‍ 9,10 തീയതികളില്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച ജി20യുടെ 18-ാം ഉച്ചകോടിക്കുശേഷം 2024 നവംബര്‍ 18,19 വരെയുള്ള 14 മാസക്കാലം അംഗരാജ്യങ്ങളില്‍ വന്ന രാഷ്ട്രീയഭരണമാറ്റങ്ങളും വിദേശനയങ്ങളും കാഴ്ചപ്പാടുകളും ഒരുപരിധിവരെ ഉച്ചകോടിപ്രഖ്യാപനങ്ങളെയും ജി 20 രാജ്യാന്തരക്കൂട്ടായ്മയെയും സ്വാധീനിച്ചിട്ടുണ്ട്. അമേരിക്കയെ പ്രതിനിധാനം ചെയ്ത് ജോ ബൈഡന്‍ എത്തിയെങ്കിലും കരുത്തുചോര്‍ന്ന വാക്കുകള്‍മാത്രം. കാരണം, 2025 ജനുവരി 20 ന് പുതിയ പ്രസിഡന്റായി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വരും. ഇനിയുള്ള നാലുവര്‍ഷക്കാലം ട്രംപിന്റെ കാലമായിരിക്കുന്നതിനാല്‍ ജി 20യില്‍ അമേരിക്ക ഇക്കുറി നിശ്ശബ്ദസേവനമാണു ചെയ്തത്.
യുകെയില്‍ ഋഷി സുനകില്‍നിന്ന് കീര്‍ സ്റ്റാര്‍മനിലേക്കു ഭരണം മാറി. മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും യൂറോപ്യന്‍യൂണിയനിലും കുടിയേറ്റവിരുദ്ധവലതുപക്ഷം കരുത്തരായി. ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്ഥാന്‍ ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഭരണമാറ്റമുണ്ടായി. ഫ്രാന്‍സില്‍ മക്രോണ്‍ ഭരിക്കുന്നത് പ്രതിസന്ധിയിലൂടെ. അര്‍ജന്റീനയില്‍ 2023 ഡിസംബറിലെ ഭരണമാറ്റം ബ്രിക്സ് അംഗത്വത്തില്‍നിന്നുപോലും പിന്മാറുന്ന സാഹചര്യം സൃഷ്ടിച്ചു. കാനഡയില്‍ തിരഞ്ഞെടുപ്പിനുമുമ്പുള്ള ഭരണ-പ്രതിപക്ഷ പോര് ശക്തമാകുന്നു. റഷ്യന്‍ പ്രസിഡന്റ് പുട്ടിന് യുക്രെയ്ന്‍യുദ്ധത്തിന്റെ പേരില്‍ രാജ്യംവിട്ടു പുറത്തിറങ്ങാന്‍ സാധിക്കാത്ത സ്ഥിതിവിശേഷം. ഇവരുടെയിടയില്‍ മൂന്നാമൂഴത്തിലും നരേന്ദ്രമോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി ജി 20യില്‍ സാന്നിധ്യമാകുമ്പോള്‍ മോദിയുടെ വാക്കുകള്‍ക്കു കൂടുതല്‍ സ്വീകാര്യത സ്വാഭാവികമാണ്.
മധ്യപൂര്‍വദേശത്ത് ഭീകരവാദികള്‍ക്കെതിരേ ഇസ്രായേല്‍ തുടരുന്ന പോരാട്ടവും ഇറാനിലെ ആഭ്യന്തരപ്രശ്നങ്ങളും യുദ്ധസമാനമായ സാഹചര്യവും, ഇന്നും അവസാനിക്കാത്ത റഷ്യ-യുക്രെയ്ന്‍ യുദ്ധവും ജി 20യുടെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുമ്പോള്‍, ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ നിലപാടുകള്‍ നിര്‍ണായകമാണ.് ഇന്ത്യാ-ചൈന അതിര്‍ത്തിത്തര്‍ക്കത്തിനു താത്കാലികപരിഹാരമെന്നോണം റഷ്യയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യയുമായുള്ള അകല്‍ച്ച കുറയ്ക്കാനുള്ള ചൈനീസ് പ്രസിഡന്റിന്റെ നീക്കങ്ങളും ഉച്ചകോടിയിലെ ഉഭയകക്ഷിചര്‍ച്ചകളില്‍ പ്രതിഫലിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമാണ്: ഇന്ത്യയില്‍ നിന്ന് ബ്രസീലിലേക്ക് ഉച്ചകോടി എത്തിയപ്പോള്‍ ഇന്ത്യ രാജ്യാന്തരതലത്തില്‍ കുടുതല്‍ കരുത്തരായി മാറി.
ഉച്ചകോടിയില്‍ ഇന്ത്യ തിളങ്ങി
ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബ്രിയാന്തോ, നോര്‍വീജിയന്‍ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍, പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി ലൂയി മോണ്ടിനെ ഗ്രോ തുടങ്ങി ഈജിപ്ത്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ തലവന്മാരുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. 2024 ലെ ജി 7 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുമായും ഇരുരാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുതകുന്ന തുടര്‍ച്ചര്‍ച്ചകള്‍ നടത്തി. ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ആഗോളസ്വാധീനത്തെയും തന്ത്രപരമായ പങ്കാളിത്തത്തെയും മെലോനി പ്രശംസിച്ചു. 2025 മുതല്‍ 2029 വരെയുള്ള ഇന്ത്യാ-ഇറ്റലി സംയുക്ത സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാനും പ്രഖ്യാപിച്ചു. അമേരിക്കന്‍പ്രസിഡന്റ് ജോ ബൈഡനുമായും ചൈനീസ്പ്രസിഡന്റ് ലീയുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ജി7, ബ്രിക്‌സ് പ്ലസ് എന്നീ രാജ്യാന്തരക്കൂട്ടായ്മകളിലെ പ്രധാന രാജ്യങ്ങള്‍ ഒരുമിക്കുന്ന ഒരു വേദിയായി ജി 20 മാറിയെന്നതും സ്വാഭാവികമാണ്. ആഴ്ചകളിലെ ഇടവേളകള്‍ക്കുശേഷമുള്ള ഈ രാജ്യങ്ങളിലെ തലവന്മാരുടെ ഒത്തുചേരല്‍ അതിനാല്‍ത്തന്നെ കൂടുതല്‍ ഊഷ്മളമായിരുന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യാ-യുകെ സ്വതന്ത്രവ്യാപാരക്കരാറിന്മേല്‍ തുടര്‍ച്ചര്‍ച്ച 2025 ആദ്യവാരങ്ങളില്‍ പുനരാരംഭിക്കാന്‍ തീരുമാനമായി. 2022 ല്‍ ബോറിസ് ജോണ്‍സന്റെ കാലത്ത് ആരംഭിച്ച ചര്‍ച്ചകള്‍ക്കാണ് വീണ്ടും ജീവന്‍ വയ്ക്കുന്നത്. ഇതിന്‍പ്രകാരം ബ്രിട്ടനില്‍ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാകും. ഇന്ത്യയും യുകെയും ചര്‍ച്ച ചെയ്യുന്ന വ്യാപാരക്കരാറിന്റെ 26 അധ്യായങ്ങളില്‍ ഭൂരിഭാഗവും അവസാനിച്ചിരുന്നു. 2024 മാര്‍ച്ചിലാണ് ഇതിനുമുമ്പ് അവസാനചര്‍ച്ചകള്‍ നടന്നത്. വിദ്യാഭ്യാസം, സുരക്ഷ, സാങ്കേതികവിദ്യ, കാലാവസ്ഥാവ്യതിയാനം എന്നീ മേഖലകളില്‍ സഹകരണം ശക്തമാകും.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും തമ്മില്‍ നടന്ന ഉഭയകക്ഷിച്ചര്‍ച്ചകള്‍, പ്രതിരോധം, സാങ്കേതികവിദ്യ, കാലാവസ്ഥാവ്യതിയാനം എന്നീ മേഖലകളില്‍ കൂടുതല്‍ ആഴത്തിലുള്ള സഹകരണം ഉറപ്പിച്ചു. ഇന്ത്യാ-പസഫിക് മേഖലയുടെ പ്രാധാന്യം നിലനിര്‍ത്താനും ഈ പ്രദേശത്ത് സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാനും ഇരുനേതാക്കളും നിര്‍ദേശങ്ങള്‍ പങ്കുവച്ചു. 2024 ജൂണില്‍ ഇറ്റലിയിലെ അവുലിയയില്‍ നടന്ന ജി 7 ഉച്ചകോടിയില്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് ബ്രസീലിലും നടന്നത്.
ഇന്ത്യയുടെ നിലപാട്
'ബാക്ക് ടു ബേസിക്‌സ്, മാര്‍ച്ച് ടു ഫ്യൂച്ചര്‍' എന്നതാണ് ഇന്ത്യ പങ്കുവച്ച സമീപനം. തുടര്‍ച്ചയായി പതിനൊന്നാം തവണയാണ് നരേന്ദ്രമോദി ജി 20 ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
ആഗോളസംഘര്‍ഷങ്ങള്‍മൂലം ഭക്ഷണ-ഇന്ധന പ്രതിസന്ധികള്‍ രൂക്ഷമാക്കിയെന്ന് ഉച്ചകോടിയില്‍ രാഷ്ട്രത്തലവന്മാര്‍ ഒന്നടങ്കം ഉറപ്പിച്ചുപറഞ്ഞു. വിശപ്പിനും ദാരിദ്ര്യത്തിനുമെതിരേയുള്ള പോരാട്ടം എന്ന വിഷയത്തില്‍ 250 ദശലക്ഷം ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്നു കരകയറ്റാനുള്ള പദ്ധതികളും പരമ്പരാഗതരീതികളും മുന്നോട്ടുള്ള തന്ത്രങ്ങളും സംയോജിപ്പിക്കുന്ന ഇന്ത്യയുടെ കാഴ്ചപ്പാടുകളും സമീപനങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ പങ്കുവച്ചു. ജൈവകൃഷിയിലുള്ള കൂടുതല്‍ ശ്രദ്ധയും അതേസമയം, കാലാവസ്ഥയെ പ്രതിരോധിക്കുന്ന വിളകളുടെ പ്രോത്സാഹനവും ഈ സമീപനത്തിന്റെയും ശ്രമങ്ങളുടെയും മുഖ്യഘടകങ്ങളാണെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.
ഉച്ചകോടിയിലെ ചര്‍ച്ചകള്‍
'ന്യായമായ ലോകവും സുസ്ഥിരഗ്രഹവും നിര്‍മിക്കുക' എന്നതായിരുന്നു 19-ാം ഉച്ചകോടിയുടെ മുഖ്യവിഷയം. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന 2023 ല്‍ ഇന്ത്യ മുന്നോട്ടുവച്ച മുദ്രാവാക്യത്തിന്റെ തുടര്‍ച്ചയെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. മൂന്നു പ്രധാന അജണ്ടകളിലൂന്നിയായിരുന്നു ബ്രസീല്‍ ഉച്ചകോടി. 1) സാമൂഹിക ഉള്‍പ്പെടുത്തലും പട്ടിണിക്കെതിരായ പോരാട്ടവും, 2) ഊര്‍ജസംക്രമണവും അതിന്റെ സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ വശങ്ങളിലൂന്നിയ സുസ്ഥിര വികസനവും 3) ആഗോളഭരണസംവിധാനങ്ങളുടെ അഥവാ സ്ഥാപനങ്ങളുടെ കാലോചിതമായ പരിഷ്‌കരണം.
ആദ്യദിനംതന്നെ വിശപ്പിനും ദാരിദ്ര്യത്തിനുമെതിരായ ആഗോളസഖ്യത്തിനു തുടക്കമായത് ശ്രദ്ധേയമായി. ആഗോളതലത്തില്‍ സാമ്പത്തികസ്ഥിരത വര്‍ധിപ്പിക്കുന്നതിനും വ്യാപാരസംവിധാനം ശക്തിപ്പെടുത്തുന്നതിനും കാലാവസ്ഥാദുരന്തങ്ങള്‍ നേരിടുന്നതിനുമുള്ള കൂട്ടായതും ക്രിയാത്മകവുമായ നടപടികളും പ്രവര്‍ത്തനപദ്ധതികളും ഉച്ചകോടിയില്‍ ചര്‍ച്ചചെയ്തു. വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്ന രാജ്യാന്തരനയങ്ങള്‍ രൂപീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക, ഡിജിറ്റല്‍ പരിവര്‍ത്തനം ത്വരിതപ്പെടുത്തുക, കോര്‍പ്പറേറ്റുകള്‍ക്കൊപ്പം ചെറുകിട ഇടത്തരം മേഖലയുടെ വളര്‍ച്ചയ്ക്കുതകുന്ന പദ്ധതികള്‍ രൂപകല്പന ചെയ്തു നടപ്പാക്കുക, കാര്‍ഷിക-ഹരിത സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുക, കാര്‍ബണ്‍ കുറയ്ക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുള്ള സാമ്പത്തികവളര്‍ച്ചാപദ്ധതികളും യുവസംരംഭങ്ങളും എന്നീ വിഷയങ്ങളും പ്രത്യേകമായി ഉച്ചകോടിയില്‍ പരിഗണിക്കപ്പെട്ടു.
പ്രതീക്ഷയേകുന്ന പ്രഖ്യാപനങ്ങള്‍
നീതിപൂര്‍വകമായ ഒരു ലോകവും സുസ്ഥിരമായ ഒരു ഗ്രഹവും കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധത ഉറപ്പിച്ചുകൊണ്ട് ജി 20 ഉച്ചകോടിയുടെ 85 ഖണ്ഡികകളിലുള്ള പ്രഖ്യാപനങ്ങള്‍ ഏറെ പ്രതീക്ഷ നല്‍കുന്നു. സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങളിലെ അന്താരാഷ്ട്ര സഹകരണത്തിനായുള്ള മുഖ്യവേദിയായി ജി 20യെ രാഷ്ട്രത്തലവന്മാര്‍ പ്രഖ്യാപിച്ചു. ആഗോളസമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കാനുള്ള ഉത്തരവാദിത്വം ഉച്ചകോടിയില്‍ ഇവര്‍ ആവര്‍ത്തിച്ചു. 2030 ല്‍ പൂര്‍ണമാകേണ്ട സുസ്ഥിരവികസനലക്ഷ്യങ്ങള്‍ വിലയിരുത്തി പ്രതിസന്ധികളും വെല്ലുവിളികളും രാജ്യാന്തരസഹകരണത്തിലൂടെയും രാഷ്ട്രീയമുന്നേറ്റത്തിലൂടെയും നേരിടാനും അസമത്വം അവസാനിപ്പിക്കാനുമുള്ള പദ്ധതികളും പ്രഖ്യാപിച്ചു. സാമ്പത്തികവളര്‍ച്ചയെ പിന്തുണയ്ക്കുന്നതിലും സുസ്ഥിരമായ സാമ്പത്തികാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിലുമുള്ള പ്രതിബദ്ധതയെ ഉച്ചകോടി സ്വാഗതം ചെയ്തു.
വികസനം-ഊര്‍ജം-കാലാവസ്ഥ
സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക തലങ്ങളിലെ സുസ്ഥിരവികസനം ഉച്ചകോടി ഊന്നിപ്പറഞ്ഞു. കാലാവസ്ഥാവ്യതിയാനം, ജൈവവൈവിധ്യനഷ്ടം, മരുഭൂവത്കരണം, സമുദ്രത്തിന്റെയും കരയുടെയും തകര്‍ച്ച, വരള്‍ച്ച, മലിനീകരണം എന്നിവമൂലമുണ്ടാകുന്ന പ്രതിസന്ധികളും വെല്ലുവിളികളും നേരിടാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ ലോകരാഷ്ട്രങ്ങളോട് ഉച്ചകോടി അഭ്യര്‍ഥിച്ചു. ഊര്‍ജസംക്രമണങ്ങള്‍ക്കായി വിശ്വസനീയവും വൈവിധ്യപൂര്‍ണവും ഉത്തരവാദിത്വമുള്ളതുമായ വിതരണശൃംഖലകളെ ആഗോളതലത്തില്‍ പിന്തുണയ്ക്കും.
ഗവേണന്‍സ് നവീകരണം
ഗ്ലോബല്‍ ഗവേണന്‍സ് സ്ഥാപനങ്ങളുടെ നവീകരണത്തെക്കുറിച്ചും ഉച്ചകോടി വ്യക്തത വരുത്തി. ആഗോളഭരണം ശക്തിപ്പെടുത്താന്‍ യുണൈറ്റഡ് നേഷന്‍സ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ ആര്‍ക്കിടെക്ചര്‍, ഐഎംഎഫ് ബഹുമുഖ വായ്പാസംവിധാനങ്ങള്‍ എന്നിവയെല്ലാം കാലഘട്ടത്തിനനുസരിച്ചു നവീകരണത്തിനു വിധേയമാക്കണമെന്നും ഉച്ചകോടി നിര്‍ദേശിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളും വിനിയോഗങ്ങളും ചര്‍ച്ചകളിലും പ്രഖ്യാപനങ്ങളിലും ഇടംനേടിയത് പ്രതീക്ഷയുണര്‍ത്തുന്നു.
ഭീകരവാദ ആക്രമണങ്ങളും യുദ്ധങ്ങളും സംഘട്ടനങ്ങളും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ഉച്ചകോടിയില്‍ വേദന സൃഷ്ടിച്ചു. മധ്യപൂര്‍വദേശത്തെ ആനുകാലികസാഹചര്യങ്ങള്‍, യുക്രെയ്ന്‍-റഷ്യ യുദ്ധം എന്നിവയെ അപലപിച്ച ഉച്ചകോടി യുഎന്‍ നിര്‍ദേശങ്ങള്‍ മാനിക്കണമെന്ന് അഭ്യര്‍ഥിച്ചു. ആണവായുധമില്ലാത്തതും സുരക്ഷിതത്വം ഉറപ്പാക്കുന്നതുമായ ലോകം സൃഷ്ടിക്കാന്‍ അംഗരാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി. ഭീകരതയെ തുടച്ചുനീക്കി സംഘര്‍ഷങ്ങള്‍ക്കു സമാധാനപൂര്‍ണമായ ലോകക്രമം സൃഷ്ടിക്കാന്‍ ഉച്ചകോടി ആഹ്വാനം ചെയ്തു.
വിശപ്പിനും ദാരിദ്ര്യത്തിനുമെതിരേ
കുറഞ്ഞത് 80 രാജ്യങ്ങളുടെ പിന്തുണയോടെ ദാരിദ്ര്യവും പട്ടിണിയും നേരിടാന്‍ ഒരു ആഗോളസഖ്യം പ്രഖ്യാപിച്ചതാണ് ജി 20യുടെ 19-ാം ഉച്ചകോടി ലോകത്തിനു നല്‍കുന്ന ഏറ്റവും വലിയ പ്രതീക്ഷ. ഭക്ഷ്യസുരക്ഷ ഉറപ്പാക്കി ലോകമെമ്പാടുമുള്ള ദുര്‍ബലസമൂഹങ്ങളുടെ ഉന്നമനത്തിനുവേണ്ടിയുള്ള സുപ്രധാനനീക്കത്തെ അംഗരാജ്യങ്ങളും പ്രത്യേകക്ഷണിതാക്കളും ഒറ്റക്കെട്ടായി സഹര്‍ഷം സ്വാഗതം ചെയ്തു.
ദാരിദ്ര്യം കുറയ്ക്കുന്നതിനും പട്ടിണി ഇല്ലാതാക്കുന്നതിനുമുള്ള മുന്നേറ്റങ്ങള്‍ക്കു കൊവിഡ് 19 നെത്തുടര്‍ന്ന് വലിയ തിരിച്ചടിയുണ്ടായി. പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. സ്ത്രീകളും കുട്ടികളും പ്രധാനമായം ഇതിന്റെ ഇരകളായി. ഈ പ്രതിസന്ധി വളര്‍ച്ചയെയും തൊഴിലവസരങ്ങളെയും സാരമായി ബാധിച്ചു. പട്ടിണി ഇല്ലാതാകണമെങ്കില്‍ ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കണം. ദാരിദ്ര്യത്തിനെതിരേ പോരാടാനും പട്ടിണിയെ തോല്പിക്കാനും നമുക്ക് അറിവോ വിഭവങ്ങളോ ഇല്ല. ഇതിനുവേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തിയാണെന്നു വ്യക്തമാക്കിയാണ് ഉച്ചകോടി ആഗോളസഖ്യം പ്രഖ്യാപിച്ചത്. രാജ്യങ്ങള്‍, സംഘടനകള്‍, ബഹുമുഖവികസനബാങ്കുകള്‍, വിജ്ഞാനകേന്ദ്രങ്ങള്‍, ജീവകാരുണ്യസ്ഥാപനങ്ങള്‍ എന്നിവരെല്ലാം ഈ ഉദ്യമത്തില്‍ കൈകോര്‍ക്കും.
അസമത്വങ്ങള്‍ കുറയ്ക്കാനും സുസ്ഥിരതയ്ക്കായി ആഗോളപങ്കാളിത്തം പുനരുജ്ജീവിപ്പിക്കാനും ഉച്ചകോടിയില്‍ തീരുമാനമായി. അഴിമതിക്കും അനധികൃത സാമ്പത്തിക ഒഴുക്കിനുമെതിരേ ഉച്ചകോടിയില്‍ ശബ്ദമുയര്‍ന്നു. അന്താരാഷ്ട്രനികുതി സഹകരണങ്ങള്‍ക്കനുകൂലമായ നിലപാട് രാഷ്ട്രത്തലവന്മാര്‍ സ്വീകരിച്ചു. ഒരു തലമുറയുടെ അസമമായ സാമൂഹികചലനാത്മകതയും അവസരങ്ങളും തുടര്‍ഫലങ്ങളും വരുംതലമുറയെയും നേരിട്ടു സ്വാധീനിക്കുമെന്നതിനാല്‍ വിവേചനപരമായ നിയമങ്ങള്‍, നയങ്ങള്‍, സമ്പ്രദായങ്ങള്‍ എന്നിവ ഒഴിവാക്കി ഉചിതമായ നിയമനിര്‍മാണങ്ങളും നയങ്ങളും നടപടികളും പ്രോത്സാഹിപ്പിക്കണമെന്ന് ഉച്ചകോടി നിര്‍ദേശിച്ചു. ഗവേഷണത്തിലും നവീകരണത്തിലും തുറന്നതും പരസ്പരം പ്രയോജനകരവുമായ അന്താരാഷ്ട്രസഹകരണത്തിന് ഉച്ചകോടിയില്‍ പിന്തുണയേറി.
ആഗോള സമവായം അകലെ
പട്ടിണിക്കും ദാരിദ്ര്യത്തിനുമെതിരേ ആഗോളസഖ്യം പ്രഖ്യാപിച്ചെങ്കിലും ലോകരാഷ്ട്രങ്ങള്‍ അനുദിനം നേരിടുന്ന വെല്ലുവിളികളെ നേരിടുന്നതില്‍ ജി 20 കൂട്ടായ്മ വിജയിച്ചോ എന്നു സംശയമുണ്ട്. പല വിഷയങ്ങളിലും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നു പ്രഖ്യാപിക്കുമ്പോഴും യോജിപ്പിന്റെ തലങ്ങളെക്കാള്‍ ആഭ്യന്തരപ്രശ്നങ്ങള്‍ വിവിധ രാഷ്ട്രങ്ങളെ പ്രതിസന്ധിയിലാക്കുന്നു. ബ്രിക്സ് രാജ്യങ്ങളായ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും ചൈനയും റഷ്യയും ഇതില്‍നിന്നു ഭിന്നരല്ല.
അമേരിക്ക, യൂറോപ്പ്, ആഫ്രിക്കന്‍ സമ്പദ്വ്യവസ്ഥകളും തകര്‍ച്ച നേരിടുന്നു. യുഎസ്എയുടെ കടം റിക്കാര്‍ഡ് വേഗത്തില്‍ കുതിക്കുന്നു. തൊഴിലവസരങ്ങള്‍ കുറയുന്നു. പണപ്പെരുപ്പം വേറേയും. ബൈഡനില്‍നിന്ന് ട്രംപിലേക്കുള്ള ഭരണമാറ്റം അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെയും ആഗോള ഭരണസംവിധാനങ്ങളെയും എങ്ങനെ ബാധിക്കുമെന്ന ചിന്ത ജി 20 യിലെ അനൗദ്യോഗികചര്‍ച്ചകളില്‍ ഉയര്‍ന്നിരുന്നു. യൂറോപ്യന്‍രാജ്യങ്ങളും പണപ്പെരുപ്പം, മത്സരക്ഷമതയുടെ പിന്നാക്കാവസ്ഥ എന്നീ പ്രശ്നങ്ങളെ നേരിടുന്നു. അമേരിക്കയും ചൈനയുമായുള്ള വ്യാപാരമത്സരം മുന്‍കാലങ്ങളിലേതുപോലെ വീണ്ടും ആവര്‍ത്തിക്കാനുള്ള സാധ്യതയും ഇവമൂലം ആഗോളവ്യാപാരമേഖലയിലുണ്ടാകുന്ന ഭിന്നിപ്പും വെല്ലുവിളികളും ജി 20 രാജ്യങ്ങളില്‍ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്.
അംഗരാജ്യങ്ങളിലെ ആയുധവത്കരണവും രാഷ്ട്രീയവത്കരണവും ഭാവിയില്‍ കൂടുതല്‍ ദോഷം സൃഷ്ടിക്കും. വ്യാപാരം, നിക്ഷേപം, ഉത്പാദനം, വിതരണശൃംഖലകള്‍, മൂലധനം, കറന്‍സികള്‍, കുടിയേറ്റം എന്നിവ സംബന്ധിച്ചുള്ള നയങ്ങള്‍ രൂപീകരിച്ചു മുന്നേറാന്‍ ജി 20യില്‍ കടമ്പകളേറെ. സന്തുലിതവും സുസ്ഥിരവുമായ വളര്‍ച്ചയില്‍ ആഗോളസമവായം രൂപപ്പെടുത്താനുള്ള ശ്രമങ്ങളില്‍ ജി 20 ഉച്ചകോടി ലക്ഷ്യത്തിലെത്തിയില്ലെന്നതാണു വാസ്തവം.
ലേഖനം