•  26 Dec 2024
  •  ദീപം 57
  •  നാളം 42
ലേഖനം

തോല്‍ക്കാനല്ല ഈ ജീവിതം

    ''നിങ്ങള്‍ക്കെന്നെ നശിപ്പിക്കാനാകും, പക്ഷേ, നിങ്ങള്‍ക്കൊരിക്കലുമെന്നെ തോല്പിക്കാനാകില്ല'' എന്ന വിഖ്യാതമായ വാക്യം ഏണസ്റ്റ് ഹെമിങ്‌വേയുടെ ''കിഴവനും കടലും'' എന്ന നോവലിലേതാണ്. ആശയങ്ങളുടെ സമൃദ്ധി ലോകത്തിനു പകര്‍ന്നുനല്‍കിയ ആ കഥാകാരന്‍ ആത്മഹത്യ ചെയ്തത് വായിലേക്കു തോക്കു തിരുകിയായിരുന്നു.
   അമേരിക്കന്‍സംഗീതജ്ഞയും നടിയും മോഡലുമായ വിറ്റ്‌നി ഹൂസ്റ്റണ്‍ ആരാധകഹൃദയങ്ങളില്‍ തരംഗമായി നില്‍ക്കുമ്പോഴാണ്  കാലിഫോര്‍ണിയായിലെ ബവര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലിലെ ബാത്ത് ടബ്ബില്‍ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. കൊക്കെയ്ന്റെ അമിതോപയോഗമായിരുന്നു മരണകാരണം. ബെനാഡ്രില്‍, സ്‌നാക്‌സ്, മരിജുവാന, ഫ്‌ളെക്‌സറിന്‍ തുടങ്ങിയ ഡ്രഗ്‌സിന്റെ അംശവും അവരുടെ ശരീരത്തില്‍നിന്നു കണ്ടെത്തി. 2012 ഫെബ്രുവരി 11 നായിരുന്നു ലോകചരിത്രത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ സ്വന്തമാക്കിയതിനുള്ള ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ് കരസ്ഥമാക്കിയ വിറ്റ്‌നിയുടെ മരണം.
ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം അമ്മ മരിച്ച അതേ അവസ്ഥയില്‍ വിറ്റ്‌നിയുടെ മകള്‍ ബോബി ക്രിസ്റ്റിനാ ബ്രൗണിനെ അബോധാവസ്ഥയില്‍ ഒരു ബാത്ത്ടബ്ബില്‍ കണ്ടെത്തി. 2015 ജനുവരി 31 നായിരുന്നു അത്. ഏഴുമാസത്തെ കോമാ സ്റ്റേജിനൊടുവില്‍ 2015 ജൂലൈ 26 ന് തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ ആ പെണ്‍കുട്ടിയും ഈ ലോകത്തോടു വിടപറഞ്ഞു.
     സര്‍പ്പസൗന്ദര്യത്താല്‍ ഹോളിവുഡിനെ ഇളക്കിമറിച്ച മര്‍ലിന്‍ മണ്‍റോയെ അമിതമായി ഗുളികകള്‍ കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത് 1962 ഓഗസ്റ്റ് അഞ്ചിനായിരുന്നു. വിഷാദരോഗത്തിനു ചികിത്സയിലായിരുന്നു ഈ ഘട്ടത്തില്‍ അവര്‍.
ലോകം കീഴടക്കാനിറങ്ങിയ അഡോള്‍ഫ് ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്തത് സ്വയം വെടിവച്ചായിരുന്നു. ഹിറ്റ്‌ലര്‍ക്കൊപ്പം ഭാര്യ ഇവാ ബ്രൗണും സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തു.
    പ്രശസ്ത ആംഗലേയസാഹിത്യകാരി വിര്‍ജീനിയാ വുള്‍ഫ് ഔസ്‌നദിയില്‍ ചാടിയാണ് തന്റെ ജീവിതം അവസാനിപ്പിച്ചത്. തന്റെ ഓവര്‍ക്കോട്ടിന്റെ പോക്കറ്റുകളില്‍ നിറയെ കല്ലുകള്‍ നിറച്ചായിരുന്നു വിര്‍ജീനിയാ വുള്‍ഫ് നദിയില്‍ ചാടി മരണം വരിച്ചത്.
മുപ്പതാമത്തെ വയസ്സില്‍ ജീവനൊടുക്കിയ അമേരിക്കന്‍ കവിയിത്രി സില്‍വിയാ പ്ലാത്ത് അടുക്കളയിലെ ഓവനിലേക്കു തലകയറ്റി കാര്‍ബണ്‍മോണോക്സൈഡ് വാതകം ശ്വസിച്ചാണു മരണം വരിച്ചത്.
   സൗത്ത്ഇന്ത്യന്‍സിനിമകളിലെ മാദകറാണിയായിരുന്ന സില്‍ക്ക് സ്മിത സ്വന്തം വീട്ടിലെ ഫാനില്‍ കെട്ടിത്തൂങ്ങിയാണു തന്റെ ജീവിതം അവസാനിപ്പിച്ചത്. ജീവിതത്തിലെ തുടര്‍ച്ചയായ പരാജയങ്ങള്‍നിമിത്തം താന്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ് സില്‍ക്ക് സ്മിത തന്റെ മരണക്കുറിപ്പില്‍ എഴുതിയത്. നഫീസാ ജോസഫ് എന്ന മുന്‍ മിസ് ഇന്ത്യ വിവാഹത്തിന് ഒരാഴ്ച ബാക്കി നില്‍ക്കെയാണ് തന്റെ ജീവിതം അവസാനിപ്പിച്ചത്. വീഡിയോ ജോക്കി, ടിവി താരം എന്നീ നിലയിലും ശ്രദ്ധേയയായിരുന്നു നഫീസാ ജോസഫ്.
    ദീവാര്‍, നമക് ഹലാല്‍, അമര്‍ അക്ബര്‍ ആന്റണി, ഷാന്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ഹിന്ദിസിനിമകളിലെ താരറാണിയായിരുന്ന പര്‍വീണ്‍ ബാബിയെ ജുഹുവിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഡയബറ്റിക്സ്‌രോഗമുണ്ടായിരുന്ന പര്‍വീണ്‍ ഭക്ഷണം കഴിക്കാതെ ജീവനൊടുക്കിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
    ഇവിടെ നമ്മള്‍ കണ്ടുമുട്ടിയ വ്യക്തികളെല്ലാം ഒരു കാലഘട്ടത്തില്‍ തങ്ങളുടെ കര്‍മമേഖലകളില്‍ കഴിവു തെളിയിച്ചവരാണ്. പിന്നെയെന്തിനാണ് അവര്‍ ആത്മഹത്യ ചെയ്തത്? ജീവിതത്തില്‍ പ്രതീക്ഷകള്‍ നഷ്ടപ്പെടുമ്പോഴാണ് ആളുകള്‍ ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കുന്നത്. ജീവിതവിജയമെന്നാല്‍ കേവലം കരിയറിലോ സാമ്പത്തികമേഖലയിലോമാത്രം ഉണ്ടാകുന്ന ഒന്നല്ല. അങ്ങനെയാണെങ്കില്‍ ഇപ്പോള്‍ നമ്മള്‍ കണ്ടുമുട്ടിയ വ്യക്തികളാരുംതന്നെ ആത്മഹത്യ ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ല.
    ഈ ലോകത്തിലെ ഏറ്റവും വലിയ വിരോധാഭാസമെന്നു പറയുന്നത്, ഒരുവശത്ത് ആയുസ്സു നീട്ടിക്കിട്ടാന്‍ ആത്മാര്‍ഥമായി ചില മനുഷ്യര്‍ പ്രാര്‍ഥിക്കുമ്പോള്‍ മറുവശത്ത് ജീവനൊടുക്കുന്നതിനെക്കുറിച്ചു ചിന്തിക്കാനും മനുഷ്യരുണ്ട് എന്നുള്ളതാണ്. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലിരുന്നാണ് ഞാനിപ്പോള്‍ എഴുതുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ട്രെയിനിലും ബസ്സിലും ഇവിടെ വന്നിറങ്ങുന്ന കൊച്ചുകുട്ടികള്‍മുതല്‍ പ്രായമായവര്‍വരെയുള്ള ഓരോ കാന്‍സര്‍രോഗികളും തങ്ങള്‍ വിശ്വസിക്കുന്ന ഈശ്വരന്മാരോടു പ്രാര്‍ഥിക്കുന്നത് ആയുസ്സിന്റെ ബലം കൂട്ടിക്കിട്ടണേയെന്നാണ്. 
ജീവിതത്തിന്റെ വില തിരിച്ചറിയാന്‍ സാധിക്കാതെവരുമ്പോഴാണ് നാം ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്നത്. കടഭാരത്താല്‍ നിങ്ങള്‍ ഇപ്പോള്‍ വലയുകയായിരിക്കാം, ബന്ധങ്ങളുടെ തകര്‍ച്ച നിങ്ങളുടെ ഹൃദയത്തില്‍ വേദന വാരിവിതറിയിട്ടുണ്ടാവാം, ഭാവിയെക്കുറിച്ചു നിങ്ങള്‍ ഉത്കണ്ഠാകുലരായിരിക്കാം, ഭയം നിങ്ങളെ വേട്ടയാടുന്നുണ്ടായിരിക്കാം, രോഗപീഡകള്‍ നിങ്ങളെ വലയ്ക്കുന്നുണ്ടാവാം, ജീവിതത്തിലെ പ്രശ്‌നങ്ങളെ നേരിടാനുള്ള കരുത്ത് ചോര്‍ന്നുപോകുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെട്ടേക്കാം. പക്ഷേ, അപ്പോഴൊന്നും പതറരുത്. പ്രതീക്ഷയോടെ കാത്തിരിക്കുക. എല്ലാം ശുഭകരമാകും. ശാന്തമായ ദിനങ്ങള്‍ നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകും. കാറും കോളും മാറാന്‍ കാത്തിരിക്കുകയാണു വേണ്ടത്. അല്ലാതെ ആത്മഹത്യയിലൂടെ നിങ്ങളുടെയും നിങ്ങളെ സ്നേഹിക്കുന്നവരുടെയും ജീവിതം താറുമാറാക്കുകയല്ല വേണ്ടത്.
    ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല; മറിച്ച്, അതു പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ. ഏതെങ്കിലുമൊരു ചിന്ത ഇരുപതുമിനിറ്റില്‍ കൂടുതല്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുവെങ്കില്‍ തിരിച്ചറിയുക, അതിനു കാരണം ആ പ്രശ്‌നമല്ല; മറിച്ച്, ആ പ്രശ്‌നത്തെക്കുറിച്ച് നിങ്ങള്‍ അതുമിതും ചിന്തിച്ചുകൂട്ടുന്നതാണ്.
പ്രാര്‍ഥനയും ധ്യാനവും ജീവിതത്തിന്റെ ഒഴിവാക്കാനാവാത്ത ഭാഗമാക്കുക. മറ്റുള്ളവര്‍ക്കു സ്‌നേഹം പകര്‍ന്നുകൊടുക്കുന്നവരാകുക. തല വിയര്‍ക്കുന്നതുവരെ വ്യായാമം ചെയ്യുക. മാനസികാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണശീലം വളര്‍ത്തിയെടുക്കുക. ആത്മാര്‍ഥമായ ബന്ധങ്ങളുടെ ഒരു ശൃംഖലതന്നെ സൃഷ്ടിക്കുക. ജീവിതത്തെ മുന്നോട്ടുനയിക്കാന്‍ എപ്പോഴും ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കുക. ഇതൊക്കെ മതി ആത്മഹത്യയെ പ്രതിരോധിക്കാന്‍.
ഉയര്‍ച്ചതാഴ്ചകള്‍ ജീവിതത്തിന്റെ ഭാഗമാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുക. പ്രകൃതിപോലും നമ്മെ പഠിപ്പിക്കുന്നത് ഇതാണ്. ഒരു കുന്നിന് ഒരു കുഴിയുണ്ടാകും. പകല്‍ മാറി ഇരുട്ടു വരാം. പക്ഷേ, തിരിച്ചറിയുക, ഇവയൊന്നും സ്ഥായിയല്ല എന്ന യാഥാര്‍ഥ്യം. നിങ്ങളുടെ ജീവിതത്തിലും നന്മകളും സന്തോഷവുമുണ്ടാകും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)