സംബര്‍ 10 ഒരു മനുഷ്യാവകാശദിനംകൂടി കടന്നുപോയി
മനുഷ്യാവ കാശങ്ങളെക്കുറിച്ചു ലോകത്തെ ബോധവത്കരിക്കാന്‍ എല്ലാ വര്‍ഷവും ഡിസംബര്‍ 10 ന് ലോകമനുഷ്യാവകാശദിനം ആചരിക്കുന്നു. രണ്ടാം ലോകമഹായുദ്ധാനന്തരമാണ് മനുഷ്യാവകാശങ്ങളെക്കുറിച്ച് അന്താരാഷ്ട്രസമൂഹം ഗൗരവമായി ചര്‍ച്ചചെയ്തു തുടങ്ങിയത്. നാസിസത്തിന്റെയും ഫാഷിസത്തിന്റെയും കാലത്ത് ഭരണകൂടം പൗരന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും പീഡിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഇത്.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഭാവിയില്‍ യുദ്ധങ്ങളും അതിക്രമങ്ങളും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാന്‍ ഐക്യരാഷ്ട്രസഭ എലീനര്‍ റൂസ്വെല്‍റ്റിന്റെ അധ്യക്ഷതയില്‍ കമ്മിറ്റിയെ നിയോഗിച്ചതോടെയാണ് മനുഷ്യാവകാശദിനത്തിന്റെ ഉദ്ഭവം.
സാര്‍വത്രിക മനുഷ്യാവകാശപ്രഖ്യാപനം
1948 ഡിസംബര്‍ 10 ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ നടത്തിയ മനുഷ്യാവകാശങ്ങളുടെ സാര്‍വത്രികപ്രഖ്യാപനം
(യൂണിവേഴ്‌സല്‍ ഡിക്ലറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ്) ഓരോ വ്യക്തിക്കും അവകാശപ്പെട്ട മൗലികാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിര്‍വചിക്കുന്ന 30 വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു സുപ്രധാനരേഖയാണ്. എല്ലാ ജനങ്ങള്‍ക്കും എല്ലാ രാജ്യങ്ങള്‍ക്കുംവേണ്ടിയുള്ള മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ആദ്യത്തെ ഈ ആഗോളപ്രഖ്യാപനവും ഐക്യരാഷ്ട്രസഭയുടെ പ്രധാന നേട്ടങ്ങളിലൊന്നാണ്. 1950 ഡിസംബര്‍ നാലിന് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി എല്ലാ വര്‍ഷവും ഡിസംബര്‍ 10 മനുഷ്യാവകാശദിനമായി
ആചരിക്കാന്‍ ഔദ്യോഗികമായി തീരുമാനിച്ചു. എല്ലാ വ്യക്തികളുടെയും മൗലികാവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി ഈ ദിനം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഈ വര്‍ഷത്തെ പ്രമേയം 'നമ്മുടെ അവകാശങ്ങള്‍, നമ്മുടെ ഭാവി ഇപ്പോള്‍' എന്നതാണ്. യുദ്ധവും മനുഷ്യാവകാശലംഘനങ്ങളും ലോകത്തു നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തവണ മനുഷ്യാവകാശദിനം ആചരിക്കുന്നത്. യുദ്ധം, പ്രകൃതിദുരന്തങ്ങള്‍ എന്നിവയാല്‍ ദുരിതമനുഭവിക്കുന്ന ദിനങ്ങളിലൂടെയാണ് ജനങ്ങള്‍ കടന്നുപോകുന്നത്. ലോകം പുരോഗതിയിലേക്കു കുതിക്കുമ്പോഴും ഇന്നും കോടിക്കണക്കിനാളുകളുടെ അവകാശങ്ങളാണ് ലംഘിക്കപ്പെടുന്നത്.
മനുഷ്യാവകാശങ്ങള്‍ ഇന്ത്യയില്‍
ഇന്ത്യ ഉള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങള്‍ തങ്ങളുടെ ഭരണഘടനയില്‍ സാര്‍വ ദേശീയ മനുഷ്യാവകാശപ്രഖ്യാപനത്തിന്റെ അമൂല്യമായ തത്ത്വങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 1993 സെപ്റ്റംബര്‍ 28 ന് ഇന്ത്യയില്‍ മനുഷ്യാവകാശനിയമം നിലവില്‍ വന്നു. അതിനുശേഷം 1993 ഒക്ടോബര്‍ 12 ന് സര്‍ക്കാര്‍ ദേശീയ മനുഷ്യാവകാശക്കമ്മീഷന്‍ രൂപീകരിച്ചു. 1993 ല്‍ നിലവില്‍വന്ന മനുഷ്യാവകാശസംരക്ഷ
ണനിയമം അനുശാസിക്കുന്ന അധികാരങ്ങളും ഉത്തരവാദിത്വങ്ങളും നിര്‍വഹിക്കുകയാണ് കമ്മീഷന്റെ ചുമതല. ദേശീയ കമ്മീഷനില്‍ ചെയര്‍മാന്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരിക്കുന്നയാള്‍ ആയിരിക്കണം. ചെയര്‍മാനു പുറമേ മറ്റു നാലംഗങ്ങള്‍കൂടി കമ്മീഷനില്‍ ഉള്‍പ്പെടും. സംസ്ഥാനങ്ങള്‍ക്കു കീഴിലും മനുഷ്യാവകാശക്കമ്മീഷനുകളുണ്ട്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരുന്നയാളായിരിക്കണം സംസ്ഥാന മനുഷ്യാവകാശക്കമ്മീഷന്റെ ചെയര്‍മാന്‍.
മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം
' മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നത് മനുഷ്യത്വത്തെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്ന്' നെല്‍സണ്‍ മണ്ടേലയും 'മനുഷ്യാവകാശങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്ന പ്രത്യേകാവകാശമല്ല അവ ഓരോ മനുഷ്യനും അവന്റെ മനുഷ്യത്വത്താല്‍ അവകാശപ്പെട്ടതാണെന്ന്' മദര്‍ തെരേസയും ഓര്‍മിപ്പിച്ചിട്ടുള്ളതാണ്. യു.എന്‍ വിളംബരത്തിന് 76 വയസ്സു തികയുന്ന 2024 ലും കോടിക്കണക്കിനാളുകള്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് നരകതുല്യജീവിതം നയിക്കുന്നുണ്ട്. സ്വന്തം രാജ്യത്തുനിന്ന് അഭയാര്‍ഥികളായി പലായനം ചെയ്യേണ്ടിവരുന്നവര്‍, ഭരണകൂടത്തിന്റെ തടവറകളില്‍ പീഡനത്തിനിരയാവുന്നവര്‍, പട്ടിണിമൂലം മരിക്കുന്നവര്‍ അങ്ങനെ നീളുന്നു ആ നിര. ഇവരുടെയൊക്കെ ജീവിതങ്ങളിലേക്കിടപെടാനും അവര്‍ക്കും മനുഷ്യരായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനും മനുഷ്യാവകാശത്തെക്കുറിച്ചുള്ള അവബോധം ആഗോളതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനും അതു ലഭിക്കാത്തവര്‍ക്ക് പ്രതീക്ഷകള്‍ നല്‍കാനും ഈ ദിനത്തിന്റെ സന്ദേശത്തിനു കഴിയേണ്ടതുണ്ട്.