പാലാ ജൂബിലിക്കപ്പേളയിലെ അമലോദ്ഭവമാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് ഡിസംബര്‍ എട്ടിന് വിശുദ്ധകുര്‍ബാനമധ്യേ നല്കിയ വചനസന്ദേശത്തില്‍നിന്ന്:
പാലാപ്പട്ടണത്തിന്റെ പ്രതീകമായ കുരിശുപള്ളിയില്‍ അമലോദ്ഭവമാതാവിന്റെ തിരുനാള്‍ നാം ആഘോഷിക്കുകയാണ്. പരിശുദ്ധ അമ്മ നമ്മുടെ ജീവിതത്തില്‍ എപ്രകാരമുള്ള സ്വാധീനമാണു ചെലുത്തുന്നതെന്നു നമ്മെ പഠിപ്പിക്കുന്ന, ഓര്‍മപ്പെടുത്തുന്ന വലിയ തിരുനാളാണിത്. ഇന്നു നമ്മള്‍ കേട്ട തിരുവചനം(വി. ലൂക്കാ 1:46-53)മറിയത്തിന്റെ സ്‌തോത്രഗീതം എന്ന പേരില്‍ അറിയപ്പെടുന്ന സുവിശേഷഭാഗമാണ്. അതിമനോഹരമായ ഒരു ഗദ്യകവിതയാണിത്. മറിയത്തിന്റെ സ്‌തോത്രഗീതത്തില്‍ അഷ്ടഭാഗ്യങ്ങള്‍ മറഞ്ഞിരിപ്പുണ്ട്. അത് ഈശോതന്നെയാണ്. ഈശോയെ കൂടുതല്‍ മനസ്സിലാക്കാനുള്ള അവസരമായിട്ടാണ് മറിയത്തിന്റെ ഈ സ്‌തോത്രഗീതം നാം കാണേണ്ടതും ചിന്തിക്കേണ്ടതും.
വളരെ വലിയ വിപ്ലവകരമായ കാര്യങ്ങളാണ് പരിശുദ്ധ അമ്മ ഈ തിരുവചനത്തില്‍ പറഞ്ഞുവച്ചിരിക്കുന്നത്. ''എന്റെ ദേഹി (ആത്മാവ്) കര്‍ത്താവിനെ പുകഴ്ത്തുന്നു. എന്റെ ആത്മാവ് എന്നെ ജനിപ്പിച്ചവനായ ദൈവത്തില്‍ സന്തോഷിക്കുന്നു. എന്തെന്നാല്‍, അവന്‍ തന്റെ ദാസിയുടെ താഴ്മയെ നോക്കിക്കണ്ടു.'' മറിയം താന്‍ ജീവിച്ച കാലത്തെ സാമൂഹികവ്യവസ്ഥിതികളിലെ ഉച്ചനീചത്വങ്ങളെക്കുറിച്ചാണ് വാസ്തവത്തില്‍ ഈ മാഗ്നിഫിക്കാത്തില്‍ പറയുന്നത്. മറിയം വ്യക്തമാക്കുന്നത് ദരിദ്രവും ഗ്രാമീണവും കോളനിവത്കൃതവും കാര്‍ഷികവുമായ ഒട്ടനവധി കാര്യങ്ങളെക്കുറിച്ചാണ്. ഇരകളോട് അടുത്തുനില്‍ക്കുന്ന ദൈവത്തിന്റെ ഇടപെടലാണ് അന്നത്തെ ഈ രാഷ്ട്രീയസംവിധാനത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ നമുക്കു മനസ്സിലാകുന്നത്.
മറിയം നിശ്ചയദാര്‍ഢ്യമുള്ള, സുധീരയായ പെണ്‍കുട്ടിയായിരുന്നു. അപമാനവത്കരണത്തിന്റെയും പാര്‍ശ്വവത്കരണത്തിന്റെയും അധമസാഹചര്യങ്ങള്‍ക്കെതിരായ പടപ്പാട്ടിന്റെ കരുത്ത് മറിയത്തിന്റെ പാട്ടിലുണ്ട്. ഈ വിപ്ലവാത്മകചിന്തയെ സഭ ഡൈല്യൂട്ട് ചെയ്യാതെ സല്യൂട്ട് ചെയ്യുകയാണു വേണ്ടത്. പലപ്പോഴും ഇത്തരത്തിലുള്ള സുവിശേഷാത്മകമായ വിപ്ലവങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുന്ന പ്രവണത നമ്മുടെയിടയില്‍ കാണാറുണ്ട്. സമൂഹത്തിലെ മേധാവിത്വത്തിനും മേലാളിത്തത്തിനുമെല്ലാം എതിരായുള്ള ചിന്തയാണ് മറിയം നമുക്കായി നല്കുന്നതും പറയുന്നതും.
വലിയ ഒരു ധാര്‍മികവിപ്ലവം ഇതിന്റെ പിന്നിലുണ്ട്; He scattered the proud - അഹങ്കാരികളെ ദൈവം ചിതറിച്ചു. അതാണ് ധര്‍മത്തിന്റെ വഴി. പൊളിറ്റിക്കലായിട്ടുള്ള വലിയ സന്ദേശം നല്കുന്നുണ്ട്; Put down the mighty ശക്തന്മാരെ താഴെയിറക്കി. ഇവിടെ സോഷ്യലായിട്ടുള്ള വലിയ ഇംപ്ലിക്കേഷനുണ്ട്; വിശക്കുന്നവരെ തൃപ്തരാക്കുക.
ഇന്നു സമൂഹത്തിലേക്കു നോക്കിയാല്‍ മോറല്‍, പൊളിറ്റിക്കല്‍, സോഷ്യല്‍ ആയിട്ടുള്ള വിപ്ലവങ്ങള്‍ ഇനിയും നമുക്കാവശ്യമാണ്. ഒരുപാട് ദുരവസ്ഥകള്‍ ഇന്നും നമ്മുടെ സമൂഹത്തിലുണ്ടെന്നു നമുക്കറിയാം. നാം ശ്രദ്ധിക്കേണ്ട ഒട്ടനവധി ആളുകള്‍ നമുക്കു ചുറ്റുമുണ്ട്. റോഡുപണിക്കാര്‍, ടാര്‍ പണിക്കാര്‍, ഹോട്ടല്‍മേശയിലെ വിളമ്പുകാര്‍, ടാക്‌സിഡ്രൈവര്‍മാര്‍, മുനിസിപ്പാലിറ്റിയിലെ തൂപ്പുകാര്‍, റെയില്‍വേ ക്ലീനേഴ്‌സ്, ലോട്ടറിവില്പനക്കാര്‍, വഴിയോരത്തു പാര്‍ക്കുന്നവര്‍, പെട്ടിക്കടക്കാര്‍... ഇങ്ങനെ ഒരുപാടു പേരുണ്ട്.
സുവിശേഷത്തിന്റെ വളരെയേറെ ആന്തരമായ മേഖലകളിലേക്കു നാം ഇനിയും കടക്കേണ്ടതുണ്ട്. അമലോദ്ഭവത്തിരുനാള്‍ നമുക്കു നല്കുന്ന വിപ്ലവകരമായ ചിന്ത ഇതുതന്നെയാണ്. വേദനിക്കുന്നവരോടു ചേര്‍ന്നുനില്‍ക്കുമ്പോള്‍ ഈശോയ്ക്കു പിറവികൊടുക്കാന്‍ നമുക്കു സാധിക്കും. സുവിശേഷത്തിന്റെ നെരിപ്പോട് നെഞ്ചില്‍ ചേര്‍ത്തുവയ്ക്കാനുള്ള അവസരമാണ് ജന്മദോഷമില്ലാതെ പിറന്ന മറിയത്തെക്കുറിച്ചുള്ള ഓര്‍മ.
സുവിശേഷം വായിച്ചുകൊണ്ടിരിക്കാനുള്ളതല്ല; ജീവിച്ചുകൊണ്ടിരിക്കാനുള്ളതാണ്, പ്രവര്‍ത്തിച്ചുകൊണ്ടിരിക്കാനുള്ളതാണെന്ന് അമ്മ നമ്മെ പഠിപ്പിക്കുകയാണ്. സുവിശേഷത്തിനു പിറവി കൊടുക്കുന്ന വിശ്വാസികളായി നാം മാറുമ്പോഴാണ് അമലോദ്ഭവസത്യത്തോടു നമുക്കു ചേര്‍ന്നുനില്‍ക്കാന്‍ സാധിക്കുന്നത്.
ദാരിദ്ര്യവും ഉച്ചനീചത്വങ്ങളും ഇന്നും നമ്മുടെ സമൂഹത്തില്‍ ഒട്ടും കുറവല്ല. തന്റെ ഉദരത്തില്‍ വന്നു പിറക്കാനിരിക്കുന്ന ദൈവപുത്രന്റെ യോഗ്യതയെപ്രതി ഉദ്ഭവപാപമില്ലാതെ ജീവിച്ച മറിയം പിശാചിനോടു നിരന്തരം യുദ്ധത്തിലാണ്. അല്ലാതെ നമുക്കു പാപമില്ലാതെ ജീവിക്കാന്‍ പറ്റില്ല. നിരന്തരമായി പിശാചിനോടു യുദ്ധം ചെയ്യണം. അവളുടെ കാല്ക്കീഴില്‍ കിടക്കുന്ന സര്‍പ്പം പിശാചിന്റെ, ഭൗതികതയുടെ, ഭക്തിരാഹിത്യത്തിന്റെ, നിരീശ്വരത്വത്തിന്റെ, അബദ്ധസിദ്ധാന്തങ്ങളുടെ, ഭീകരതയുടെ, വംശഹത്യയുടെ, അസഹിഷ്ണുതയുടെ, കുടിയിറക്കലിന്റെ എല്ലാം അടയാളമാണ്. ഒരുപക്ഷേ, നമ്മുടെയുള്ളിലും നമുക്കു ചുറ്റും നാം കണ്ടുകൊണ്ടിരിക്കുന്നതുമെല്ലാം സമാനമായ കാര്യങ്ങളാണ്.
സുവിശേഷം - മാഗ്നിഫിക്കാത്ത് - വലിയൊരു വിപ്ലവമാണ്. അത് നമ്മുടെ നെഞ്ചിന്റെയുള്ളിലുള്ള അഗ്നിയാണ്. ആ അഗ്നിയെ ഊതിക്കെടുത്താന്‍ നാം ഒരിക്കലും ശ്രമിക്കരുത്. മറിയത്തിനു ദൈവം കൊടുത്ത വരദാനം നമ്മിലൂടെ വളര്‍ത്തിയെടുക്കാനുള്ള അവസരമായി ഈ തിരുനാളിനെ നാം കാണണം.
പാലാപ്പട്ടണത്തിന്റെ ഒത്ത നടുവില്‍ നില്‍ക്കുന്ന ഈ കുരിശുപള്ളി, ദൈവം നമുക്ക് അനുവദിച്ചുതന്ന അടയാളമാണ്. ഇനിയും നമ്മള്‍ വേറെ അടയാളങ്ങള്‍ അന്വേഷിച്ചുപോകേണ്ടാ. പട്ടണത്തിലൂടെയുള്ള പ്രദക്ഷിണം മറ്റൊരു അടയാളമാണ്. ഇതൊക്കെ നടത്താനുള്ള ആരാധനാസ്വാതന്ത്ര്യവും അതിനുള്ള അംഗീകാരവും ഇന്ത്യന്‍ സെക്കുലറിസം നമുക്കു നല്കുന്നുണ്ട്. അത് വലിയൊരു അടയാളപ്പെടുത്തലാണ്. അടയാളങ്ങള്‍ ഉറച്ച വിശ്വാസത്തിലേക്കു നമ്മെ നയിക്കണം. വലിയൊരു പ്രാര്‍ഥനാനുഭവത്തിലേക്ക് ഈ കുരിശുപള്ളിത്തിരുനാള്‍ നമ്മെ കൊണ്ടെത്തിക്കും. എത്രയോ തിരുക്കര്‍മങ്ങള്‍ ആഴ്ചവട്ടത്തിലും ആണ്ടുവട്ടത്തിലും ഈ കുരിശുപള്ളിക്കപ്പേളയില്‍ നടക്കുന്നുണ്ട്. പരിശുദ്ധ കുര്‍ബാന, പരിശുദ്ധ കുര്‍ബാനയുടെ ആരാധന, പരിശുദ്ധ കുമ്പസാരം, മൗനപ്രാര്‍ഥന, കൂട്ടായ്മപ്രാര്‍ഥന അങ്ങനെ എത്രയോ ആത്മീയകാര്യങ്ങള്‍ ഈ പള്ളിക്കുള്ളില്‍ ഈ പട്ടണത്തിന്റെ വിശുദ്ധീകരണത്തിനായി നാം നടത്തുന്നുണ്ട്. പാലായുടെ കാവല്‍ഗോപുരമാണ് അമലോദ്ഭവമാതാവിന്റെ ഈ കുരിശുപള്ളി.
നഗരത്തിന്റെ ബഹളങ്ങള്‍ക്കു നടുവിലാണ് ഈ കര്‍മങ്ങളെല്ലാം നടത്തുന്നതും ഈ പള്ളി ഉയര്‍ന്നുനില്‍ക്കുന്നതും. നാനാവിധ ആവശ്യങ്ങള്‍ക്കായി നാമിവിടെ എത്താറുണ്ട്. പുറത്തും അകത്തും മിക്കപ്പോഴും നല്ല ബഹളമുണ്ട്. കാരണം, ഇതു പട്ടണമാണ്. എന്നാല്‍, ഈ കുരിശുപള്ളി നമ്മുടെ ശ്രദ്ധയില്‍പ്പെടുമ്പോള്‍ എല്ലാം ഒരുനിമിഷം നിശ്ചലമാകും. ബഹളമയമായ ഒരു അന്തരീക്ഷഘടനയിലും ഒരു നിശ്ചലവിശുദ്ധിയാണ് നമുക്ക് അനുഭവപ്പെടുന്നത്. കാരണം, നമ്മള്‍ ദൈവമാതാവിനെക്കുറിച്ച് ഓര്‍ക്കുകയാണ്. അമ്മ നമ്മെക്കുറിച്ചും ഓര്‍ക്കുന്നുണ്ട്. ലൗകികലോകത്തെ വിശുദ്ധമാക്കുന്ന സ്ഥലങ്ങളാണ് നമ്മുടെ ദൈവാലയങ്ങളും കുരിശുപള്ളികളും കുരിശടികളുമെല്ലാം. വിശുദ്ധ സ്ഥലത്തെ ലൗകികമാക്കുന്ന കാര്യങ്ങളൊന്നും നമ്മള്‍ ചെയ്യരുത്.
കുരിശുപള്ളിത്തിരുനാള്‍ ഭക്തിസാന്ദ്രമായി നാം കൊണ്ടാടുകയാണ്. വിശ്വാസപ്രഘോഷണമാണ് ദൈവാരാധനയുടെ കാതല്‍. അതിനോടുചേര്‍ന്ന് സാമൂഹികമായ വലിയൊരു മാനവും ഈ പട്ടണത്തിലെ ദൈവാലയത്തിനും തിരുക്കര്‍മങ്ങള്‍ക്കുമെല്ലാമുണ്ട്. ഇവിടെ ജനസാഗരം ഒന്നിക്കുന്നു. കടകമ്പോളങ്ങള്‍ ഒരാഴ്ചയായി പാലാപ്പട്ടണത്തില്‍ സജീവമാണ്. കുരിശുപള്ളിയില്‍ വന്നു പ്രാര്‍ഥിച്ച്, ഷോപ്പിങ് നടത്തി കടന്നുപോകുന്ന പതിനായിരങ്ങള്‍ ഈ ദിവസങ്ങളിലുണ്ട്. തിരുനാളാഘോഷത്തിന്റെ സാമൂഹികമാനമാണ് പാലാപ്പട്ടണത്തില്‍ക്കൂടി ഒന്നു വന്നുപോകണമെന്നുള്ളത്. സാമൂഹികാഘോഷത്തിന്റെ ഭാഗമായാണ് തിരുനാളിനോടനുബന്ധിച്ച് നമ്മള്‍ ടൂവീലര്‍ ഫാന്‍സി ഡ്രസ്, ടാബ്ലോ, സാംസ്‌കാരിക ഘോഷയാത്ര തുടങ്ങിയ ഒട്ടനവധി കാര്യങ്ങള്‍ സംഘടിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും. അമലോദ്ഭവമാതാവിന്റെ തിരുനാള്‍ദിവസം നടത്തുന്ന കാര്യങ്ങളാണിവയെന്ന് നമ്മള്‍ തിരിച്ചറിയണമെന്നുമാത്രം. തിരുനാളിന്റെ പൊതുചൈതന്യത്തിനും പൊതുമാന്യതയ്ക്കും ആത്മീയതയ്ക്കും നിരക്കാത്തതൊന്നും ഇവിടെ സംഭവിക്കരുത്. പാലാപ്പട്ടണത്തിന്റെ അച്ചടക്കത്തിന്റെ കാവല്‍ക്കാരായ പൊലീസ് ഡിപ്പാര്‍ട്ടുമെന്റിന്റെ സേവനം ഈ ദിവസങ്ങളിലൊക്കെ ഇവിടെ പ്രകടമായിരുന്നു.
പ്രാര്‍ഥിച്ചുപ്രാര്‍ഥിച്ചാണ് ഇതിലേ നമ്മള്‍ കടന്നുപോകുന്നത്. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പാ ഈ നാളിലെഴുതിയ ചാക്രികലേഖനത്തില്‍ - ദിലെക്‌സിത് നോസ് (He loved us) എന്ന ശീര്‍ഷകത്തിലെഴുതിയ വലിയ ഗ്രന്ഥത്തില്‍ ഹൃദയം നഷ്ടപ്പെട്ട ലോകത്തിന് ഒരു ഹൃദയം കൊടുക്കൂ എന്ന് നമ്മോടു പ്രാര്‍ഥിച്ച് ആവശ്യപ്പെടുകയാണ്. ഹൃദയം നഷ്ടപ്പെട്ടവരായി അനേകരുണ്ട്. അവര്‍ക്ക് അവരുടെ ഹൃദയം എവിടെയാണെന്നും ഈശോയുടെ ഹൃദയത്തിന്റെ അര്‍ഥമെന്താണെന്നും മനസ്സിലാക്കാനായി നാം പരിശ്രമിക്കണമെന്നും പാപ്പാ പഠിപ്പിക്കുകയാണ്.
ജീവിതത്തിന്റെ പൊതു ആവശ്യങ്ങള്‍ക്കായി യാത്രചെയ്യുന്നവരാണ് നാമെല്ലാവരും. ഓരോ യാത്രാവേളയിലും നമ്മുടെ ഉദ്ദേശ്യങ്ങള്‍ പരിശുദ്ധ അമ്മയുടെ അമലോദ്ഭവഹൃദയത്തില്‍ സമര്‍പ്പിച്ചിട്ടാണ് ഞാനും നിങ്ങളും ഈവഴി കടന്നുപോകുന്നത്. അതു നമുക്ക് വലിയൊരു ബലമാണ്. എല്ലാക്കാര്യങ്ങളും ചെയ്ത് സായാഹ്നത്തില്‍ തിരിച്ചെത്തുമ്പോള്‍, ഈ വലിയ ഗോപുരത്തിന്റെ മുമ്പില്‍ എത്തുമ്പോള്‍ നമ്മുടെ എല്ലാ ക്ഷീണവും മാറും. ഇത് നമ്മുടെ സ്വന്തമാണ്, നമ്മുടെ സ്വത്വമാണ്, നമ്മെ സംരക്ഷിക്കുന്ന നമ്മുടെ അമ്മയാണ്, നമ്മുടെ ദൈവാലയമാണ്. അതില്‍ക്കൂടുതല്‍ ഒരു സുരക്ഷിതത്വം നമുക്കാര്‍ക്കും ദര്‍ശിക്കാനില്ല. ഇവിടത്തെ പ്രാര്‍ഥനകളുടെ മഹത്ത്വവും അതിന്റെ ആവശ്യകതയും അത്തരത്തിലാണെന്ന് നാം മനസ്സിലാക്കണം.