ഉണ്ടായിരുന്നെനിക്കെല്ലാം തികഞ്ഞുള്ളൊ-
രുണ്മ നിറഞ്ഞതാം നല്ലകാലം
അന്നെനിക്കില്ലാത്തതില്ലില്ല യാതൊന്നും
എന്നല്ല; നേടുവാനുള്ള ഭാഗ്യം
നല്ലൊരു വീടുണ്ടെനിക്കു പാര്‍ത്തീടുവാന്‍
നല്ല പാതിയതു കൈക്കലാക്കി
ദേഹം തളര്‍ന്നുപോയ്, വേലയ്ക്കു പാങ്ങില്ല
ഭാര്യയ്ക്കു ഭര്‍ത്താവു ഭാരമല്ലോ!
നീന്തി നിരങ്ങി ഞാനെത്തി കവാടത്തി-
ലെത്രദിനംകൊണ്ടെന്നോര്‍മയില്ല
അത്ര ഞാനൊറ്റയ്ക്കല്ലൊത്തിരിപ്പേരുണ്ടേ
അംഗങ്ങളേറെ തളര്‍ന്നോരാണേ!
ഇക്കവാടത്തിന്നുമപ്പുറം നോക്കിയാല്‍
മിക്ക വിഖ്യാതമാം വാപി കാണാം
മാലാഖ വന്നു ജലമിളക്കീടുമ്പോ-
ളാദ്യമിറങ്ങുന്നോന്‍ സൗഖ്യം നേടും
ഇല്ലെനിക്കെത്താന്‍ കഴിഞ്ഞില്ലിതുവരെ
ഇല്ലെനിക്കായതിനുള്ള ശേഷി
ഉറ്റവരോടു പരിഭവമില്ലല്ലോ
മറ്റുള്ളോരോടും പരാതിയില്ല
നല്ലൊരു യൗവനമായിരുന്നന്നു, ഞാന്‍
എല്ലാരേം വെല്ലും തന്റേടിതന്നെ.
തെറ്റിനു കൂട്ടായി, യെന്നല്ല ഞാന്‍ സ്വയം
തെറ്റുകള്‍ ചെയ്തവനായിരുന്നു
ഈ ശിക്ഷ തമ്പുരാന്‍ നല്കിയതാണല്ലോ
ഞാനതു താനേയനുഭവിക്കാം
ഇവ്വിധമുള്ള കിടപ്പു തുടങ്ങിയി-
ട്ടെത്രയോ കാലം കഴിഞ്ഞുപോയി
നാഥാ! പൊറുക്കാന്‍ സമയമായില്ലെന്നോ?
നല്ല മനസ്സോടെ കീഴ്‌പ്പെടുന്നേന്‍
2
ഇങ്ങനെ ചിന്തിച്ചും പ്രാര്‍ഥിച്ചും ധ്യാനിച്ചു-
മഗ്ഗളിതാംഗനിരുന്നിടുമ്പോള്‍
മുമ്പൊന്നും കാണാന്‍ കഴിയാത്തൊരുവന്‍ തന്‍
മുമ്പില്‍ ചിരിതൂകി നിന്നിടുന്നു!
ഏതോ മുജ്ജന്മത്തിലൊന്നായിരുന്നപോ-
ലേറെയടുപ്പമുണ്ടെന്നു തോന്നി
കാര്‍മേഘമെല്ലാമൊഴിഞ്ഞ നഭസ്സുപോല്‍
മാനസവ്യാകുലം നീങ്ങിപ്പോയി!
ആര്‍ത്തന്റെ മുമ്പിലേക്കാഗതനായതോ
ആതുരസേവകനേശുദേവന്‍!
ആ വഴി പോകവേ ആരോ പറഞ്ഞറി-
ഞ്ഞേവമിവിടെ കടന്നുവന്നു
ആരിലും കാരുണ്യം കോരിച്ചൊരിയുന്നോ-
നാരുടെ കണ്ണീരുമൊപ്പിടുന്നോന്‍
ആരംഭഹീനനഖിലേശനാണവന്‍
അര്‍ഥികള്‍ക്കാശ്രയം നല്കിടുന്നോന്‍
അദ്ദിവ്യരക്ഷകന്‍ ചോദിച്ചു: ''സ്‌നേഹിതാ!
സൗഖ്യം ലഭിക്കുവാനാശയുണ്ടോ?''
''ആശയുണ്ടെങ്കിലും മാലാഖയെത്തുമ്പോ-
ളാശ്രയം നല്കുവാനാരുമില്ല.
വെള്ളത്തിലാദ്യമായ് മുങ്ങി സുഖം നേടാന്‍
ഉള്ളം കൊതിക്കുന്നോരൊട്ടനേകം
അംഗി തളര്‍ന്നു കിടക്കും നിരാശ്രയ-
നെന്നും നിരാശയേ നേട്ടമാകൂ.''
പെട്ടെന്നാ ശബ്ദമവിടെ മുഴങ്ങിപോല്‍:
''കട്ടിലെടുത്തു നീ വീട്ടില്‍ പോകൂ!''
ദേവാജ്ഞയാണതു ചാടിയെണീറ്റു തന്‍
ദേശത്തേക്കായവന്‍ യാത്രയായി
നന്ദിനിറഞ്ഞ മനസ്സിന്റെ ഭാരത്താല്‍
മന്ദഗതിയിലാണാ നടത്തം!