•  16 Jan 2025
  •  ദീപം 57
  •  നാളം 44
പ്രാദേശികം

കെ.സി.ബി.സി. മാധ്യമ അവാര്‍ഡുകള്‍

    കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്‍ നല്‍കുന്ന 33-ാമത് മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ മികവുതെളിയിച്ച എട്ടു പേര്‍ക്കാണു 2024 ലെ പുരസ്‌കാരങ്ങള്‍. കെസിബിസി ഗുരുപൂജ പുരസ്‌കാരങ്ങള്‍ക്ക് ഇക്കുറി നാലു പേര്‍ അര്‍ഹരായി.  
കെസിബിസി സാഹിത്യ അവാര്‍ഡ് ജോണി മിറാന്‍ഡയ്ക്കാണ്. അതൃപ്തരായ ആത്മാക്കള്‍, നനഞ്ഞ മണ്ണടരുകള്‍, വിശുദ്ധ ലിഖിതങ്ങള്‍, പുഴയുടെ പര്യായം, ജീവിച്ചിരിക്കുന്നവര്‍ക്കുവേണ്ടിയുള്ള ഒപ്പീസ് തുടങ്ങിയ ശ്രദ്ധേയമായ രചനകള്‍ പരിഗണിച്ചാണു പുരസ്‌കാരം.കെസിബിസി ദാര്‍ശനികവൈജ്ഞാനിക അവാര്‍ഡ് ഡോ. സീമ ജെറോമിനു നല്‍കും. സംസ്ഥാനസര്‍ക്കാരിന്റെ ഭരണഭാഷാ ഗ്രന്ഥരചനാപുരസ്‌കാരം നേടിയ സീമ ജെറോം കേരള യൂണിവേഴ്‌സിറ്റി മലയാളം വിഭാഗം എച്ച്ഒഡിയാണ്.
    കെസിബിസി മാധ്യമ അവാര്‍ഡിന് ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്ത് അര്‍ഹനായി. ക്രിയാത്മകപത്രപ്രവര്‍ത്തനശൈലിയും, സവിശേഷമായി മലയോര, തീരദേശജനത അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളെ അന്വേഷണവിധേയമാക്കി ദീപികയില്‍ എഴുതിയ ശ്രദ്ധേയമായ പരമ്പരകളും വാര്‍ത്തകളുമാണ് സിജോ പൈനാടത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 17 വര്‍ഷമായി ദീപിക പത്രാധിപസമിതിയംഗമാണ്.
   ജന്മനാ ഇരുകൈകളുമില്ലാതെ മികച്ച ഗ്രാഫിക് ഡിസൈനറായി പ്രതിഭ തെളിയിച്ച ജിലുമോള്‍ക്കാണു കെസിബിസി യുവപ്രതിഭ പുരസ്‌കാരം. ഏഷ്യയില്‍ ആദ്യമായി കൈകള്‍ ഇല്ലാതെ ഡ്രൈവിങ് ലൈസന്‍സ് നേടുന്നത് ജിലുമോളാണ്.
   കെസിബിസി ഗുരുപൂജ പുരസ്‌കാരത്തിന് ചാക്കോ കോലോത്തുമണ്ണില്‍ (ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍), സിബി ചങ്ങനാശേരി (ചിത്രകാരന്‍), ഫാ. ജോഷ്വാ കന്നിലേത്ത് (ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍), ഫാ. ആന്റണി ഉരുളിയാനിക്കല്‍ സിഎംഐ (ക്രൈസ്തവസംഗീതം) എന്നിവര്‍ അര്‍ഹരായി.
കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഡിസംബറില്‍ കെസിബിസി ആസ്ഥാനമായ പിഒസിയില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)