1976 ല്‍ പാര്‍ലമെന്റ് പാസാക്കിയ 42-ാം ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, മതേതരത്വം, അഖണ്ഡത എന്നീ വാക്കുകള്‍ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയത് രാജ്യത്തു മതേതരമൂല്യങ്ങള്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് വലിയ ആവേശം നല്‍കുന്നതാണ്. മുന്‍ രാജ്യസഭാ എം പിയും ബിജെപി നേതാവുമായ സുബ്രഹ്‌മണ്യന്‍സ്വാമി, അഭിഭാഷകന്‍ അശ്വിനി ഉപാധ്യായ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി നിലപാടു വ്യക്തമാക്കിയത്. ഭരണഘടനയുടെ ആമുഖം (Preamble) ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെങ്കിലും ഭരണഘടനയുടെ അടിത്തറയായി പരിഗണിക്കപ്പെടുന്ന മതേതരത്വവും സോഷ്യലിസവും ഉള്‍പ്പടെയുള്ള അടിസ്ഥാനമൂല്യങ്ങള്‍ ഭേദഗതി ചെയ്യാനാകില്ലെന്നും സുപ്രീംകോടതി അടിവരയിട്ടു പറയുകയാണ്.
മതേതരത്വം ഭരണഘടനയുടെ അടിസ്ഥാനഘടനയില്‍പ്പെട്ടതാണെന്ന് കേശവാനന്ദഭാരതി, എസ്.ആര്‍. ബൊമ്മൈ ഉള്‍പ്പെടെയുള്ള കേസുകളില്‍ ഭരണഘടനാബെഞ്ച് വിധിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കുന്നു. രാജ്യത്തിന്റെ 'മതേതരത്വം' എന്നത് ഭരണഘടനയുടെ അടിസ്ഥാനമാണെന്നും അതു ഭേദഗതി ചെയ്യാനാകില്ലെന്നുമുള്ള സുപ്രീംകോടതിയുടെതന്നെ മുന്‍കാലവിധികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭരണഘടനയുടെ പ്രധാന സവിശേഷതകളിലൊന്നാണ് മതേതരത്വം. തുല്യതയ്ക്കുള്ള അവകാശവും സാഹോദര്യവും ഭരണഘടനയില്‍ പറഞ്ഞതു നോക്കിയാല്‍ ഇതു വ്യക്തമാകുമെന്നും കോടതി പറഞ്ഞു.
ഇന്ത്യയുടെ മതേതരത്വം, മതസ്വാതന്ത്ര്യം തുടങ്ങിയ ഭരണഘടനയുടെ അടിസ്ഥാനസവിശേഷതകളില്‍ കഴിഞ്ഞ അമ്പതു വര്‍ഷമായി കാവല്‍നില്‍ക്കുന്ന വിധിയാണ് 1973 ലെ കേശവാനന്ദഭാരതി കേസില്‍ ഉണ്ടായതെങ്കില്‍, ആ കരുതല്‍ അടുത്ത ഒരു 50 വര്‍ഷത്തേക്കുകൂടി തുടരാന്‍ ശക്തി നല്‍കുന്നതാണ് ഇക്കഴിഞ്ഞ നവംബര്‍ 25 നുണ്ടായ സുപ്രീം കോടതിവിധി. ഭരണഘടനയുടെ ആമുഖത്തിലെ മതേതരത്വം, സോഷ്യലിസം എന്നീ പദങ്ങള്‍ നീക്കം ചെയ്യണമെന്ന സംഘപരിവാര്‍ വാദങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് കോടതിയുടെ നിരീക്ഷണങ്ങള്‍. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജീവ് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ അടിസ്ഥാനശിലയുടെ ഭാഗമാണെന്ന ശക്തമായ നിരീക്ഷണമാണു നടത്തിയത്.
42-ാം ഭരണഘടനാഭേദഗതി
1976 ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന 42-ാം ഭേദഗതിനിയമം ഇന്ത്യന്‍ ഭരണഘടനയിലെ ഏറ്റവും പ്രധാനപ്പെട്ട ഭേദഗതികളിലൊന്നാണ്. 1976-ല്‍ ഭരണഘടന അവലോകനം ചെയ്യാനും കേന്ദ്രസര്‍ക്കാരിന്റെ അധികാരം ശക്തിപ്പെടുത്തുന്ന ഭേദഗതികള്‍ നിര്‍ദേശിക്കാനും നിയോഗിച്ച സ്വരണ്‍സിംഗ് കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് 42-ാം ഭേദഗതിയുണ്ടാകുന്നത്. ഭരണഘടനയെ കൂടുതല്‍ അയവുള്ളതും കാലത്തിന്റെ ആവശ്യങ്ങളോടു പ്രതികരിക്കുന്നതുമാക്കാനാണ് ഭേദഗതി ശ്രമിച്ചത്. ഭരണഘടനയില്‍ കൊണ്ടുവന്ന വിപുലമായ മാറ്റങ്ങള്‍ കാരണം പലപ്പോഴും 'മിനി-ഭരണഘടന' എന്ന് ഈ ഭേദഗതി വിളിക്കപ്പെടുന്നു. 42-ാം ഭേദഗതിനിയമത്തിലൂടെ ഭരണഘടനയിലെ 36 വകുപ്പുകള്‍ ഭേദഗതി ചെയ്യുകയും, പുതിയ 15 വകുപ്പുകള്‍ ഉള്‍പ്പെടുത്തുകയും നാല് വകുപ്പുകള്‍ പകരംവയ്ക്കുകയും ചെയ്തു. 42-ാം ഭേദഗതിവഴി കൊണ്ടുവന്ന ഏറ്റവും പ്രധാനപ്പെട്ട കൂട്ടിച്ചേര്‍ക്കലിലൂടെ ഭരണഘടനയുടെ ആമുഖത്തില്‍ 'സോഷ്യലിസ്റ്റ്', 'സെക്കുലര്‍', 'ഇന്റഗ്രിറ്റി' (സോഷ്യലിസ്റ്റ്, മതേതരത്വം, അഖണ്ഡത) എന്നീ വാക്കുകള്‍ ഉള്‍പ്പെടുത്തുകയും പൗരന്മാര്‍ക്കുള്ള അടിസ്ഥാന കടമകളുടെ (Fundamental Duties) പട്ടിക ഭരണഘടനയുടെ ഭാഗമാക്കുകയും ചെയ്തു.
1977ല്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ ജനതാപാര്‍ട്ടി സര്‍ക്കാര്‍ 42-ാം ഭരണഘടനാഭേദഗതി റദ്ദു ചെയ്യും എന്നു കരുതിയിരുന്നെങ്കിലും 43, 44 ഭേദഗതികള്‍ വഴി ചില മാറ്റങ്ങള്‍ കൊണ്ടുവന്നതല്ലാതെ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയ സോഷ്യലിസ്റ്റ്, മതേതരത്വം, അഖണ്ഡത എന്നീ വാക്കുകളില്‍ ഒരു മാറ്റവും വരുത്തിയില്ല എന്നതു ശ്രദ്ധേയമാണ്. 42-ാം ഭരണഘടനാഭേദഗതി ചോദ്യം ചെയ്ത മിനര്‍വ മില്‍ കേസിലെ വിധിയിലൂടെ പല ഭേദഗതികളും സുപ്രീംകോടതി അസാധുവാക്കിയെങ്കിലും സോഷ്യലിസ്റ്റ്, മതേതരത്വം, അഖണ്ഡത എന്ന വാക്കുകള്‍ സൂര്യശോഭയോടെ ഭരണഘടനയില്‍ ജ്വലിച്ചുനിന്നു. കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി വിധിയിലൂടെ ഇതിനു കൂടുതല്‍ ശോഭ കൈവന്നിരിക്കുകയാണ്.
അടിസ്ഥാനഘടനാസിദ്ധാന്തം
ഭരണഘടനയുടെ ചില അടിസ്ഥാനതത്ത്വങ്ങളും സവിശേഷതകളും അലംഘനീയമാണെന്നും പാര്‍ലമെന്റിനു ഭേദഗതി ചെയ്യാനോ മാറ്റാനോ കഴിയില്ലെന്നും ഇന്ത്യയുടെ നീതിന്യായപീഠം പ്രഖ്യാപിച്ച തത്ത്വത്തെയാണ് ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ സിദ്ധാന്തം (Basic Structure Doctrine)എന്നു പറയുന്നത്. ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ സിദ്ധാന്തം എന്താണെന്നു ഭരണഘടനയില്‍ വ്യക്തമായി നിര്‍വചിച്ചിട്ടില്ല. ആര്‍ട്ടിക്കിള്‍ 368 ല്‍ പറയുന്ന പാര്‍ലമെന്റിന്റെ ഭേദഗതിയധികാരവുമായി ബന്ധപ്പെട്ട കേസുകളില്‍ സുപ്രീംകോടതിയുടെ നിരവധി വിധിന്യായങ്ങളിലൂടെ പരിണമിച്ച ഒരു ജുഡീഷ്യല്‍ സിദ്ധാന്തമാണിത്. ഭരണഘടനയുടെ ആമുഖത്തില്‍ പ്രതിപാദിക്കുന്ന മൂല്യങ്ങളും മൂന്നാം അധ്യായത്തില്‍ പ്രതിപാദിക്കുന്ന മൗലികാവകാശങ്ങളും ഈ അടിസ്ഥാനതത്ത്വങ്ങളുടെ അവിഭാജ്യഭാഗമാണ്.
രാജ്യത്തിന്റെ പരമാധികാരം, സോഷ്യലിസം, മതേതരത്വം, ജനാധിപത്യം, സാമൂഹികനീതി, സാമ്പത്തികനീതി, രാഷ്ട്രീയനീതി, ചിന്തകളുടെ സ്വാതന്ത്ര്യം, ആവിഷ്‌കാരസ്വാതന്ത്ര്യം, വിശ്വാസസ്വാതന്ത്ര്യം, ആരാധനാസ്വാതന്ത്ര്യം, സ്ഥിതിസമത്വം, അവസരസമത്വം, വ്യക്തിയുടെ അന്തസ്സ് ഉറപ്പാക്കുന്ന സാഹോദര്യം, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും, ജീവന്റെയും സ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം, വിദ്യാഭ്യാസാവകാശം, മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം, ന്യൂനപക്ഷാവകാശസംരക്ഷണം, സംസ്‌കാരം സംരക്ഷിക്കാനുള്ള അവകാശം എന്നിവയൊക്കെ ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങളായി കണക്കാക്കാവുന്നതാണ്.
സുപ്രീംകോടതിയുടെ ചരിത്രവിധികള്‍
ഒരു ഭരണാധികാരിക്കും പാര്‍ലമെന്റിലെ മൃഗീയഭൂരിപക്ഷം ഉപയോഗിച്ച് പൗരന്മാരുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കാനോ രാജ്യത്തിന്റെ രാഷ്ട്രീയസ്വഭാവം മാറ്റാനോ സാധിക്കാത്തത് ഭരണഘടനയുടെ അടിസ്ഥാനഘടനയുമായി ബന്ധപ്പെട്ട ശക്തമായ കോടതിവിധികള്‍ ഈ രാജ്യത്തു നിലനില്‍ക്കുന്നതുകൊണ്ടാണ്. 1967 ല്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച് ഗോലക് നാഥ് കേസിലും, 1973 ല്‍ 13 അംഗ ഭരണഘടനാബെഞ്ച് കേശവാനന്ദഭാരതി കേസിലും, 1975 ല്‍ അഞ്ചംഗ ഭരണഘടനാബെഞ്ച് രാജ്‌നാരായണ്‍ കേസിലും, 1980 ല്‍ അഞ്ചംഗ ഭരണഘടനാബെഞ്ച് മിനര്‍വാ മില്‍സ്‌കേസിലും, 1981 ല്‍ അഞ്ചംഗ ഭരണഘടനാബെഞ്ച് വാമന്‍ റാവു കേസിലും വ്യക്തമായ വിധിപ്രസ്താവം നടത്തിയിട്ടുണ്ട്. കേശവാനന്ദഭാരതി കേസിലെ ചരിത്രവിധി വന്ന 1973 ഏപ്രില്‍ 24 നുശേഷം നടപ്പാക്കിയ എല്ലാ ഭരണഘടനാഭേദഗതിനിയമങ്ങള്‍ക്കും അടിസ്ഥാനഘടനസിദ്ധാന്തം ബാധകമാകുമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയും ചെയ്തു.
1994 ലെ ബൊമ്മൈ കേസിലെ വിധിന്യായത്തില്‍ പറയുന്നത് 'മതേതരത്വം ഭരണഘടനയുടെ അടിസ്ഥാനഘടനയാണെന്നും രാഷ്ട്രീയപ്പാര്‍ട്ടികള്‍ മതേതരമായി പ്രവര്‍ത്തിക്കുന്നില്ല എങ്കില്‍ അതു ഭരണഘടനാവിരുദ്ധമായി കണക്കാക്കാമെന്നു'മാണ്. 2007 ല്‍ ഒമ്പതാം ഷെഡ്യൂള്‍ കേസ് എന്നറിയപ്പെടുന്ന ഐ. ആര്‍. കോയ്ലോ കേസിലൂടെ അന്നത്തെ ചീഫ് ജസ്റ്റിസ് വൈ. കെ. സബര്‍വാളിന്റെ നേതൃത്വത്തിലുള്ള ഒമ്പത് ജഡ്ജിമാരുടെ ബെഞ്ച് അടിസ്ഥാനഘടനയുമായി ബന്ധപ്പെട്ട കേശവാനന്ദഭാരതി കേസിലെ ഭൂരിപക്ഷവിധിയെ ആധികാരികമായി ഉറപ്പിക്കുകയും ശാശ്വതമായ ഭരണഘടനാസാധുത നല്‍കുകയും ചെയ്തു.
42-ാം ഭരണഘടനാഭേദഗതി ജനങ്ങളുടെ അഭിലാഷങ്ങളോടു പ്രതികരിക്കുന്നതും വര്‍ത്തമാനകാലത്തിന്റെയും ഭാവിയുടെയും യാഥാര്‍ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതുമാണെന്ന് പാര്‍ലമെന്റിലെ തന്റെ പ്രസംഗത്തില്‍ പ്രഖ്യാപിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഭരണഘടനയില്‍ ഏറ്റവും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ഭേദഗതി കൊണ്ടുവന്നത്. ഭാവിയിലെ യാഥാര്‍ഥ്യങ്ങളെ ഇന്ദിരാഗാന്ധി എത്രമാത്രം ദീര്‍ഘവീക്ഷണത്തോടെ കണ്ടിരുന്നുവെന്ന് വര്‍ത്തമാനകാലസംഭവങ്ങള്‍ നമ്മളെ ഓര്‍മപ്പെടുത്തുകയാണ്. അവിടെയാണ് മതേതരത്വം എന്ന ഭരണഘടനയുടെ ആമുഖത്തിലെ വാക്ക് ഒരു രജതനക്ഷത്രംപോലെ ജ്വലിച്ചുനില്‍ക്കുന്നത്.