മൂന്നാം ലോകയുദ്ധത്തിലേക്കു ലോകം അടുത്തിരിക്കുന്നുവെന്നു സംശയിക്കത്തക്കവിധമുള്ള സംഭവവികാസങ്ങള്‍ പശ്ചിമേഷ്യയിലും യൂറോപ്പിലും ദൃശ്യമാകുന്നു. ഇറാന്‍ ഇസ്രയേലുമായും, റഷ്യ യുക്രെയ്‌നുമായും നടത്തുന്ന യുദ്ധങ്ങള്‍ ഒരു പുതിയ ഘട്ടത്തിലേക്കു കടന്നിരിക്കുന്നുവെന്നതാണ് ആശങ്ക ജനിപ്പിക്കുന്നത്.
ഇക്കഴിഞ്ഞ ഒക്‌ടോബര്‍ മാസം 26-ാം തീയതി ഇറാനില്‍ നടത്തിയ ബോംബാക്രമണത്തില്‍ ടെഹ്‌റാന്റെ പ്രാന്തപ്രദേശത്തുള്ള ആണവനിലയം തകര്‍ത്തതായി ഇസ്രയേലിന്റെ പ്രതിരോധമന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. സൈനികത്താവളങ്ങളെയോ മിസൈല്‍വിക്ഷേപണകേന്ദ്രങ്ങളെയോമാത്രമേ ആക്രമിക്കാവൂ എന്ന യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശമാണ് ബെഞ്ചമിന്‍ നെതന്യാഹു ലംഘിച്ചത്. ഒക്‌ടോബര്‍ ഒന്നാം തീയതി ഇസ്രയേലില്‍ ഇറാന്‍ നടത്തിയ മിസൈല്‍ വര്‍ഷത്തിനുള്ള ഈ പ്രത്യാക്രമണത്തിന് ഇസ്രയേല്‍ 'കനത്ത വില' നല്‌കേണ്ടിവരുമെന്നുള്ള ഇറാന്റെ പരമോന്നതനേതാവ് ആയത്തൊള്ള ഖമെനെയിയുടെ മുന്നറിയിപ്പും ഭീതി ഉളവാക്കുന്നതാണ്.
അതിനിടെ, രണ്ടാം ലോകയുദ്ധത്തിനുശേഷം ആദ്യമായി റഷ്യന്‍തലസ്ഥാനമായ മോസ്‌കോയിലും ഡ്രോണ്‍വഴിയുള്ള മിസൈല്‍ ആക്രമണങ്ങള്‍ നടന്നതായി വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. (ഇതിനുമുമ്പ് രണ്ടാം ലോകയുദ്ധകാലത്ത് ജര്‍മനിയാണ് മോസ്‌കോയില്‍ ആക്രമണം നടത്തിയിട്ടുള്ളത്. അമേരിക്കയുമായി ശീതയുദ്ധം ഉണ്ടായിരുന്നെങ്കിലും മോസ്‌കോ ഒരിക്കലും ആക്രമിക്കപ്പെട്ടിരുന്നില്ല). യുക്രെയ്ന്‍ അയച്ച 70 ഡ്രോണുകളില്‍ 34 എണ്ണം മോസ്‌കോയില്‍ പതിച്ചതായാണ് വാര്‍ത്ത. 36 എണ്ണം ആകാശത്തുവച്ചു നശിപ്പിക്കപ്പെട്ടു. 2022 ഫെബ്രുവരി 24 ന് യുദ്ധം ആരംഭിച്ചശേഷം റഷ്യന്‍ അതിര്‍ത്തിക്കുള്ളില്‍ നടന്ന ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണിത്. തങ്ങളുടെ തലസ്ഥാനമായ കീവില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളെന്ന് യുക്രെയ്ന്‍ സൈനികവൃത്തങ്ങള്‍ വെളിപ്പെടുത്തി.
കൈവിട്ട കളി
യുക്രെയ്‌നെതിരേ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്ന മുന്നറിയിപ്പോടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ റഷ്യയുടെ നിലവിലുള്ള ആണവനയം തിരുത്തി ഉത്തരവിറക്കിയതും ആശങ്ക ജനിപ്പിക്കുന്നുണ്ട്. യുക്രെയ്ന്‍ യുദ്ധം തുടങ്ങി 1,000 ദിവസം പിന്നിട്ട നവംബര്‍ 20-ാം തീയതിയായിരുന്നു പുടിന്റെ പ്രഖ്യാപനം. റഷ്യയിലെ ബ്രയാന്‍സ്‌ക് പ്രവിശ്യയിലുള്ള സൈനികകേന്ദ്രത്തിനുനേരേ അമേരിക്കന്‍നിര്‍മിത ബാലിസ്റ്റിക് മിസൈലുകള്‍ യുക്രെയ്ന്‍ പ്രയോഗിച്ചതാണ് പുടിനെ പ്രകോപിപ്പിച്ചത്. 'അറ്റാകംസ്' ഇനത്തില്‍പ്പെട്ട മധ്യദൂരമിസൈലുകള്‍ 300 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ലക്ഷ്യസ്ഥാനം കൃത്യമായി കണ്ടെത്തി ആക്രമിച്ചു നശിപ്പിക്കാന്‍ കെല്പുള്ളവയാണ്. അറ്റാകംസ് ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിക്കാനുള്ള ജോ ബൈഡന്റെ അനുമതിക്കു പിന്നാലെയായിരുന്നു ആക്രമണം. യുക്രെയ്ന്‍ തൊടുത്തുവിട്ട 6 മിസൈലുകളില്‍ 5 എണ്ണവും വെടിവച്ചിട്ടതായി റഷ്യ അവകാശപ്പെട്ടു.
യുക്രെയ്ന്‍ നഗരമായ നിപ്രോയിലേക്കു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടുകൊണ്ടായിരുന്നു റഷ്യയുടെ പ്രത്യാക്രമണം. റഷ്യയുടെ ആസ്ട്രഖാന്‍ പ്രവിശ്യയില്‍നിന്നു തൊടുത്തുവിട്ട ഒറേഷ്‌നിക് മിസൈല്‍ മണിക്കൂറില്‍ 13,000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ച് 15 മിനിറ്റിനുള്ളില്‍ ലക്ഷ്യസ്ഥാനം കണ്ടു. 6 ആണവപോര്‍മുനകള്‍ വഹിക്കാന്‍ ഒറേഷ്‌നിക് മിസൈലിനു ശേഷിയുണ്ട്. തുടര്‍ന്ന്, യുക്രെയ്‌ന്റെ വടക്കുകിഴക്കന്‍ നഗരമായ സുമിയിലും റഷ്യന്‍സേന ഷാഹിദ് ഡ്രോണുകളുപയോഗിച്ച് ആക്രമണങ്ങള്‍ നടത്തി. സുമിയില്‍ രണ്ടുപേര്‍ മരിക്കുകയും 12 പേര്‍ക്കു പരിക്കേല്ക്കുകയും ചെയ്തു.
മൂന്നാം ലോകയുദ്ധത്തിന്അരികെ
യുക്രെയ്‌നില്‍ വിന്യസിച്ചിട്ടുള്ള അമേരിക്കന്‍/ ബ്രിട്ടീഷ്/ ഫ്രഞ്ച് മിസൈലുകള്‍ തങ്ങളുടെ രാജ്യത്തിനെതിരേ പ്രയോഗിച്ചാല്‍ അതു പാശ്ചാത്യസഖ്യം യുദ്ധം പ്രഖ്യാപിച്ചതായി കണക്കാക്കുമെന്ന് പുടിന്‍ മുമ്പുതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. പരമാധികാരത്തിനോ അഖണ്ഡതയ്‌ക്കോ ഭീഷണിയുയര്‍ന്നാല്‍ ആണവശക്തിയല്ലാത്ത രാജ്യത്തിനുനേരേയും അണ്വായുധം പ്രയോഗിക്കുന്നതു പരിഗണിക്കുമെന്നാണു പുതിയ ആണവനയം. ആണവാക്രമണമുണ്ടായാല്‍ തിരിച്ചടിക്കാന്‍മാത്രമേ അണ്വായുധം പ്രയോഗിക്കൂ എന്ന 2020 ലെ നയമാണ് പുടിന്‍ തിരുത്തിയത്. ആണവശക്തിയുടെ പിന്തുണയോടെയുള്ള പരമ്പരാഗത ആക്രമണത്തോടും അണ്വായുധംകൊണ്ടു പ്രത്യാക്രമണം നടത്താന്‍ മടിക്കില്ലെന്ന മുന്നറിയിപ്പുകൂടിയാണ് റഷ്യയുടെ പുതിയ ആണവനയം. (ലോകത്തിലുള്ള അണ്വായുധങ്ങളുടെ 88 ശതമാനവും റഷ്യയും അമേരിക്കയും കൈയടക്കിവച്ചിരിക്കുന്നു). റഷ്യയ്‌ക്കെതിരേ യു എസ് നിര്‍മിത അറ്റാകംസ് മിസൈലുകള്‍ പ്രയോഗിച്ചത് അമേരിക്കയുമായി നേരിട്ടുള്ള ഒരു യുദ്ധപ്രഖ്യാപനമായി തങ്ങള്‍ കാണുമെന്നു റഷ്യന്‍ പ്രതിരോധവക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. യുക്രെയ്‌ന് ആയുധസഹായം നല്കുന്ന നാറ്റോരാജ്യങ്ങളെയും ശത്രുക്കളായേ കാണാന്‍ കഴിയൂ. യുക്രെയ്‌നെതിരേയുള്ള സൈനികനടപടികള്‍ തുടരുമെന്നും വിജയകരമായി പൂര്‍ത്തിയാക്കുമെന്നും പെസ്‌കോവ് കൂട്ടിച്ചേര്‍ത്തു. യുക്രെയ്‌നെ സഹായിക്കുകവഴി ബ്രിട്ടന്‍ നേരിട്ടു യുദ്ധത്തിന്റെ ഭാഗമായിക്കഴിഞ്ഞതായി യു കെയിലെ റഷ്യന്‍ അംബാസഡര്‍ ആന്ദ്രെ കെലിന്‍ കുറ്റപ്പെടുത്തുകയും ചെയ്തു.
റഷ്യ യുക്രെയ്‌നിലേക്കയച്ച മിസൈല്‍ ആര്‍ എസ് 26 ഇനത്തില്‍പ്പെട്ട ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായിരുന്നുവെന്നു സംശയിക്കുന്നതായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. ഇക്കാര്യം സ്ഥിരീകരിച്ച യുക്രെയ്ന്‍ വ്യോമസേന, മിസൈലിന് 800 കിലോഗ്രാം ആണവായുധം വഹിക്കാന്‍ ശേഷിയുണ്ടെന്നും വെളിപ്പെടുത്തി. ഭൂഖണ്ഡാന്തരമിസൈലിനുപുറമേ ഹൈപ്പര്‍സോണിക്, ക്രൂയിസ് മിസൈലുകളും റഷ്യ യുക്രെയ്‌നിലേക്കു തൊടുത്തു. റഷ്യയിലെ കുര്‍സ്‌ക് മേഖലയിലേക്ക് യുക്രെയ്ന്‍ ബ്രിട്ടീഷ് നിര്‍മിത ക്രൂയിസ് മിസൈലുകളും തൊടുത്തുവിട്ടു. റഷ്യയില്‍നിന്ന് യുക്രെയ്ന്‍ കൈവശപ്പെടുത്തിയ കുര്‍സ്‌ക് പ്രവിശ്യ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തില്‍ റഷ്യന്‍പടയെ സഹായിക്കാന്‍ ഉത്തര കൊറിയയില്‍നിന്ന് എത്തിച്ച 10,000 സൈനികരും യുദ്ധമുഖത്തുണ്ട്.
റഷ്യയില്‍നിന്നുള്ള വ്യോമാക്രമണം കടുപ്പിച്ചതിനെത്തുടര്‍ന്ന് കീവിലെ യു എസ് എംബസി അടയ്ക്കുകയും ജീവനക്കാരോടും കീവിലുള്ള യു എസ് പൗരന്മാരോടും സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറാന്‍ നിര്‍ദേശിക്കുകയും ചെയ്തു. യുക്രെയ്‌ന്റെ ആവശ്യപ്രകാരം നാറ്റോ നേതൃത്വം അടിയന്തരചര്‍ച്ചകള്‍ക്കായി അംബാസഡര്‍മാരുടെ സമ്മേളനം വിളിച്ചുചേര്‍ക്കുന്നുണ്ട്.
ഡൊണാള്‍ഡ് ട്രംപ് യു എസ് പ്രസിഡന്റായി അധികാരമേല്ക്കുന്നതോടെ വെടിനിറുത്തലിനു വ്‌ളാഡിമിര്‍ പുടിന്‍ തയ്യാറായേക്കുമെന്നു കരുതപ്പെടുന്നുണ്ട്. അധികാരക്കൈമാറ്റം നടക്കുന്ന ജനുവരി 20 നു മുമ്പ് പിടിച്ചെടുക്കാവുന്നത്ര പ്രദേശങ്ങള്‍ കൈവശപ്പെടുത്തുകയാണ് പുടിന്റെ ലക്ഷ്യമെന്നാണു വിലയിരുത്തപ്പെടുന്നത്. സന്ധിസംഭാഷണങ്ങള്‍ പുരോഗമിക്കുമ്പോള്‍ വിലപേശലിന് അതുപകരിക്കുമെന്ന് രണ്ടു കൂട്ടര്‍ക്കും അറിയാം. പിടിച്ചെടുത്ത പ്രദേശങ്ങളില്‍നിന്നു പിന്‍വാങ്ങുകയില്ലെന്നുമാത്രമല്ല, യുക്രെയ്‌ന് നാറ്റോ അംഗത്വം പാടില്ലെന്ന നിബന്ധനയും പുടിന്‍ മുമ്പോട്ടുവയ്ക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷണം.
ഭീകരസംഘടനകളായ ഹമാസും ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലുകളില്‍ ഇസ്രയേല്‍ സ്വീകരിച്ചിരിക്കുന്ന നിലപാടും ഇതിനു സമാനമാണെന്നു കാണാന്‍ കഴിയും. ഗാസമുനമ്പിനെ രണ്ടായി മുറിച്ച് വടക്കന്‍ഗാസയെ ഇസ്രയേലിനോടു കൂട്ടിച്ചേര്‍ക്കാനുള്ള പദ്ധതിയുടെ ഭാഗമായി ശേഷിക്കുന്ന പലസ്തീനികളെക്കൂടി അവിടെനിന്ന് ഒഴിപ്പിക്കുന്ന തിരക്കിലാണ് ഇസ്രയേല്‍. ട്രംപ് അധികാരത്തിലെത്തുംമുമ്പ് ഈ പദ്ധതി പൂര്‍ത്തിയാക്കുമെന്നാണു റിപ്പോര്‍ട്ട്.
ഇസ്രയേലിന്റെ വടക്കനതിര്‍ത്തിമുതല്‍ തെക്കന്‍ ലെബനനിലെ ലിറ്റാനി നദിവരെയുള്ള 29 കിലോമീറ്റര്‍ (18 മൈല്‍) ദൈര്‍ഘ്യം വരുന്ന ഭൂപ്രദേശങ്ങള്‍കൂടി കൈവശപ്പെടുത്താനുള്ള നീക്കങ്ങളും ഇസ്രയേല്‍ നടത്തുന്നുണ്ട്. 2006 ലെ ലെബനന്‍യുദ്ധം അവസാനിപ്പിക്കുന്നതിനു മധ്യസ്ഥത വഹിച്ച ഐക്യരാഷ്ട്രസംഘടന ഈ ഭൂപ്രദേശം 'ബ്‌ളൂ സോണ്‍' ആയി പ്രഖ്യാപിക്കുകയും നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. 1701-ാം അനുച്ഛേദപ്രകാരം ബ്ലൂ സോണില്‍ രണ്ടു രാജ്യങ്ങള്‍ക്കും പ്രവേശനം അനുവദിച്ചിരുന്നില്ലെങ്കിലും ഹിസ്ബുല്ല ഭീകരര്‍ ബ്ലൂ സോണ്‍ കയ്യടക്കുകയും ഇറാനില്‍നിന്നുള്ള ആയുധങ്ങളും മിസൈലുകളും അവിടെ സംഭരിച്ചുവയ്ക്കുകയുമായിരുന്നു. ഈജിപ്തില്‍നിന്നുള്ള ആയുധക്കടത്തിനു ഗാസമുനമ്പിനടിയില്‍ ഹമാസ് ഭീകരര്‍ നിര്‍മിച്ചിരുന്ന ടണല്‍ശൃംഖലയ്ക്കു സമാനം തെക്കന്‍ ലബനനില്‍നിന്ന് ഇസ്രയേല്‍ അതിര്‍ത്തിയിലേക്കു തുറക്കുന്ന തുരങ്കപാതകളും നിര്‍മിച്ചു. ഹിസ്ബുല്ലയുടെ 'റദ്‌വാന്‍' എന്ന ആക്രമണസേന ഈ തുരങ്കങ്ങളിലൂടെ നുഴഞ്ഞുകയറി 2023 ഒക്‌ടോബര്‍ ഏഴിലെ ഹമാസ് മോഡല്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തുവരികയായിരുന്നു. ഹമാസിനെ പിന്തുണച്ചുകൊണ്ട് ഒക്‌ടോബര്‍ എട്ടുമുതല്‍ ഹിസ്ബുല്ല ഭീകരര്‍ നടത്തിവന്ന റോക്കറ്റാക്രമണങ്ങളില്‍നിന്നു രക്ഷപ്പെട്ട് 63,000 യഹൂദരാണ് വടക്കന്‍ ഇസ്രയേലില്‍നിന്നു പലായനം ചെയ്തത്. ഭാവിയില്‍ ഇത്തരം ദുരനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് അതിര്‍ത്തിയില്‍ ഒരു സുരക്ഷിതമേഖല സൃഷ്ടിച്ചെടുക്കുകയും പലായനം ചെയ്തവരെ തിരികെയെത്തിച്ചു പുനരധിവസിപ്പിക്കുകയും ചെയ്യുകയെന്നതും നെതന്യാഹുവിന്റെ ലക്ഷ്യങ്ങളാണ്.
യുക്രെയ്‌നെ സഹായിച്ചുകൊണ്ടിരിക്കുന്ന അമേരിക്കയെയും ബ്രിട്ടനെയും ആക്രമിക്കാന്‍ മടിക്കില്ലെന്നു കഴിഞ്ഞ ദിവസം പുടിന്‍ പ്രഖ്യാപിച്ചത് കൂടുതല്‍ ഭീതി ജനിപ്പിക്കുന്നു. ആണവായുധങ്ങള്‍ ഘടിപ്പിച്ച അത്യന്താധുനികമിസൈലുകളുമായി മെഡിറ്ററേനിയന്‍ കടലിലും ചെങ്കടലിലും പേര്‍ഷ്യന്‍-ഒമാന്‍ ഉള്‍ക്കടലുകളിലും റോന്തുചുറ്റുന്ന രണ്ടു രാജ്യങ്ങളുടെയും വിമാനവാഹിനിക്കപ്പലുകളും അന്തര്‍വാഹിനികളും ഏതു സമയത്തും ആക്രമിക്കപ്പെട്ടേക്കാവുന്ന അവസ്ഥയുണ്ട്. യു എസ് എസ് അബ്രാഹം ലിങ്കണ്‍ എന്ന വമ്പന്‍ യുദ്ധക്കപ്പലും യു എസ് എസ് ജോര്‍ജിയ എന്ന കൂറ്റന്‍ അന്തര്‍വാഹിനിയും ഉള്‍പ്പെടുന്ന അമേരിക്കയുടെ 5-ാം കപ്പല്‍പ്പട ഗള്‍ഫ് മേഖലയില്‍ യുദ്ധസജ്ജമായി അണിനിരന്നിട്ടുണ്ട്. 25 ലക്ഷം ചതുരശ്രമൈല്‍ ചുറ്റളവിലുള്ള സമുദ്രമേഖല ഇവയുടെ നിരീക്ഷണത്തിലാണ്.
90 സെക്കന്റുകള്‍ക്കുള്ളില്‍ ലോകത്തെ മുഴുവന്‍ ചുട്ടുചാമ്പലാക്കാന്‍ കെല്പുള്ള അണ്വായുധങ്ങള്‍ നമുക്കുചുറ്റും ഉണ്ടെന്നുള്ള യാഥാര്‍ഥ്യം വെളിപ്പെടുത്തിയ 'ആറ്റമിക് സയന്റിസ്റ്റ്' എന്ന പ്രശസ്തമായ മാസികയില്‍ വന്ന ലേഖനം നടുക്കത്തോടെയാണ് വായിച്ചുതീര്‍ത്തത്.
ലേഖനം