•  26 Dec 2024
  •  ദീപം 57
  •  നാളം 42
ലേഖനം

അമ്മാനമാട്ടം കണ്ടാലും അമ്മ സന്തോഷിക്കും

   ഫൂണ്‍ എന്നു കേള്‍ക്കാത്തവരുണ്ടാവില്ല. സര്‍ക്കസില്‍ പ്രധാന ഇനങ്ങളുടെ ഇടവേളകളില്‍ കാണികളെ രസിപ്പിക്കുന്ന  രസികന്മാരായ കുള്ളന്മാര്‍! ഇവരില്‍ പലരും നല്ല സര്‍ക്കസ് അഭ്യാസികളുമായിരിക്കും.
   അങ്ങനെയൊരാളായിരുന്നു നമ്മുടെ കഥാപാത്രവും. നല്ല ഒരഭ്യാസി. അനേകം പന്തുകളും കുപ്പികളും മറ്റും അനുസ്യൂതം മുകളിലേക്കെറിഞ്ഞ് അമ്മാനമാടും. ഇടയ്‌ക്കൊക്കെ അയാള്‍ ബഫൂണായും അരങ്ങിലെത്തും. ആടാനും പാടാനുമൊക്കെ അയാള്‍ക്കുണ്ടായിരുന്ന വിരുത് ഒന്നു വേറെ തന്നെ.
കാലങ്ങള്‍ ഒന്നൊന്നായി കൊഴിഞ്ഞുവീണുകൊണ്ടിരുന്നു. സര്‍ക്കസുകാരന്റെ പ്രായവും ഏറിവന്നു. സര്‍ക്കസ്‌കൂടാരത്തിലെ അയാളുടെ ചടുലതയും താളമേളഭാവങ്ങളും പതുക്കെപ്പതുക്കെ മന്ദീഭവിച്ചു. അയാളുടെ പ്രകടനങ്ങള്‍ കാണികളെ ആവേശഭരിതരാക്കുന്നില്ല എന്നു സര്‍ക്കസ്മുതലാളിക്കും  മനസ്സിലായി. ഒരു ദിവസം മുതലാളി അയാളെ വിളിച്ചിട്ടു പറഞ്ഞു: ''ഇനി താങ്കള്‍ വിശ്രമിക്കണം. സര്‍ക്കസ്പ്രകടനങ്ങള്‍ നടത്താന്‍ ആരോഗ്യം പോരാ. ഇനി എവിടെയെങ്കിലും ഒതുങ്ങിക്കൂടി ജീവിക്കുക.'' ഒരു ചെറിയ പണക്കിഴിയും കൊടുത്ത്  സര്‍ക്കസ് മുതലാളി അയാളെ പറഞ്ഞുവിട്ടു.
   അനാഥനായ അയാള്‍ തെരുവിലേക്കിറങ്ങി, താന്‍ ഇക്കാലമത്രയും കാണിച്ചിരുന്ന അഭ്യാസപ്രകടനങ്ങള്‍ നടത്തി, കുറേക്കാലം മുന്നോട്ടുപോയി. അപ്പോഴേക്കും പ്രായാധിക്യം അയാളെ വല്ലാതെ തളര്‍ത്തിയിരുന്നു.
സര്‍ക്കസ് കൂടാരത്തില്‍നിന്നു  പോരുമ്പോള്‍ മുതലാളി പറഞ്ഞ വാക്കുകള്‍ അയാള്‍ ഓര്‍ത്തെടുത്തു: ''എവിടെയെങ്കിലും ഒതുങ്ങിക്കൂടി ജീവിക്കുക'' അയാള്‍ സ്വയം ചോദിച്ചു. ''എവിടെ? ആരുടെ കൂടെ?'' അതിനൊരുത്തരമെന്നവണ്ണം അയാളുടെ ഓര്‍മയിലെത്തിയത് താന്‍ പലപ്പോഴും കണ്ടിട്ടുള്ള ഒരു സന്ന്യാസിമഠമാണ്. തനിക്ക് അവിടെ അഭയം ലഭിക്കുമെന്ന് ഒരു ഉള്‍വിളി!'
  പിന്നെ താമസിച്ചില്ല; നേരേ സന്ന്യാസിമന്ദിരത്തിലേക്ക്.  തന്റെ അവശതയും ആവശ്യവും മഠാധിപതിയോടുണര്‍ത്തിച്ചു. താമസമുണ്ടായില്ല, അധിപന്‍ അയാളെ അവിടെ സ്വീകരിച്ചു.
   അയാളുടെ ജീവിതം സമാധാനപൂര്‍ണമായി. നല്ല ഭക്ഷണം, വിശ്രമിക്കാനും ഉറങ്ങാനും സൗകര്യങ്ങള്‍, സ്‌നേഹപൂര്‍ണമായ പെരുമാറ്റം. ഇതിനിടയിലും അയാളുടെ ശ്രദ്ധ ചുറ്റുപാടും പതിയുന്നുണ്ടായിരുന്നു. പ്രാര്‍ഥനാസമയങ്ങളില്‍ മഠത്തിലെ അന്തേവാസികള്‍ എല്ലാവരും പങ്കെടുക്കുന്നു. കൃഷിപ്പണികള്‍ അടക്കമുള്ള എല്ലാ ജോലികളും ചെയ്യുന്നു. അവരെല്ലാവരും പുരോഹിതന്മാരാണല്ലോ എന്നതും അയാളെ ആശ്ചര്യപ്പെടുത്തി. താന്‍ മാത്രം ഒരു ജോലിയും ചെയ്യുന്നില്ല. അയാള്‍ ചിന്തിക്കാന്‍ തുടങ്ങി. വല്ലാത്തൊരു മാനസികപീഡനം! താനിങ്ങനെ തിന്നും കൂടിച്ചും ഉറങ്ങിയും സമയം കളയുന്നതു ശരിയല്ല. തനിക്കറിയാവുന്ന, തന്നാല്‍ കഴിയുന്ന എന്തെങ്കിലും ജോലികളില്‍ ഏര്‍പ്പെടണം. അയാള്‍ മനസ്സിലുറച്ചു.
    പക്ഷേ എന്തു ജോലി? അമ്മാനമാടലും അത്യാവശ്യം പാട്ടും ഡാന്‍സും സര്‍ക്കസ് കൂടാരത്തിലെ കോമാളിത്തരങ്ങളും അല്ലാതെന്ത്? 
ഒരു ദിവസം അയാള്‍ മഠത്തിലെ വിശാലമായ അകത്തളങ്ങളും ഇടനാഴികളും ചുറ്റിനടന്നുകാണുകയായിരുന്നു. നടന്നുനടന്ന് അയാള്‍ എത്തിയത് ഇടനാഴി തീരുന്നിടത്തെ ഒരു നിലവറയിലായിരുന്നു; ഭൂനിരപ്പിനും താഴെയുള്ള നിലവറ! അവിടുത്തെ കാഴ്ചകള്‍ അയാളെ അദ്ഭുതപ്പെടുത്തി. അനേകം ചെറുപ്രതിമകള്‍. പൊടിപിടിച്ചും പൊട്ടിത്തകര്‍ന്നും കിടക്കുന്നു; വിശുദ്ധരുടേതാണ്. അവയിലൊന്നില്‍ അയാളുടെ കണ്ണുകള്‍ ഉടക്കി. പരിശുദ്ധ അമ്മയുടേതാണ്! ഉണ്ണിയേശുവിനെ കൈയിലേന്തിയ കന്യാമറിയം. ഉണ്ണിയേശുഉണ്ണിയുടെ കൈയിലിരുന്ന ഭൂഗോളത്തിന്റെ മാതൃക താഴെ തറയില്‍ വീണു കിടക്കുന്നു! 
പെട്ടെന്ന് അയാളുടെ ചിന്തയും മനസ്സും ഉദ്ദീപ്തമായി.  കൈകാലുകള്‍ ഊര്‍ജ്ജസ്വലമായി. അയാള്‍ ആ പ്രതിമ എടുത്തുയര്‍ത്തി; തൂത്തുതുടച്ചു പീഠത്തിന്മേല്‍ വച്ചു. അയാള്‍ തിരുസ്വരൂപത്തെ അകന്നുനിന്നു നോക്കി. കണ്‍കുളിര്‍ക്കെക്കണ്ടു. ഹാ! എന്തൊരു ചൈതന്യം! 
പ്രായാധിക്യം തളര്‍ത്തിയ ശരീരകോശങ്ങളിലേക്ക് ശക്തിപ്രവാഹമായിരുന്നു പിന്നെ. അയാള്‍ താന്‍ പഠിച്ച അഭ്യാസങ്ങള്‍, നൃത്തം, പാട്ട് എല്ലാം ഒന്നൊന്നായി ഉണ്ണിയുടെയും മാതാവിന്റെയും മുമ്പില്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. അനേകം പന്തുകള്‍ ഒരുമിച്ചെടുത്ത് അമ്മാനമാടി. ഇടയ്‌ക്കൊക്കെ അയാള്‍ മാതാവിന്റെ തിരുമുഖത്തേക്കു നോക്കും. തന്നെനോക്കി ചിരിക്കുന്ന മാതാവിന്റെ മുഖം! അയാള്‍ക്കു സന്തോഷമായി. 
ഇതിങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കെ മഠത്തിലെ ഒരു യുവപുരോഹിതന്‍ യാദൃച്ഛികമായി അയാളുടെ കളിതമാശകള്‍ കാണാനിടയായി. പുരോഹിതന്‍ ഇക്കാര്യം മഠാധിപതിയെ അറിയിച്ചു.
    എന്തസംബന്ധമാണിയാള്‍ കാണിക്കുന്നത്? ഏതായാലും അയാളെ നിരീക്ഷിക്കാന്‍തന്നെ മഠാധിപതിയും തീരുമാനിച്ചു.
പിറ്റേന്നുതന്നെ, മഠാധിപതിയും യുവപുരോഹിതനുംകൂടി അയാളെ പിന്തുടര്‍ന്ന് നിലവറയില്‍ എത്തി. അവര്‍ നിലവറയില്‍ ഒരിടത്ത് മറഞ്ഞുനിന്നു. അതാ അയാള്‍ തന്റെ പ്രകടനങ്ങള്‍ ആരംഭിക്കുകയായി. അനേകം പന്തുകള്‍കൊണ്ട് അമ്മാനമാടുന്നു. പാട്ടുപാടുന്നു, നൃത്തം ചെയ്യുന്നു. കാലുകള്‍ക്കു പകരം കൈകള്‍ നിലത്തൂന്നി നടക്കുന്നു! പ്രായാധിക്യം വകവയ്ക്കാതെയുള്ള അയാളുടെ ഈ പ്രവൃത്തി അയാളെ തളര്‍ത്തി. അവശനായി അയാള്‍ നിലത്തുവീണു! നെറ്റിയിലും മുഖത്തുമൊക്കെ സ്വേദകണങ്ങള്‍! 
    ഇനിയെന്തു ചെയ്യും? മഠാധിപതിയും യുവപുരോഹിതനും പരസ്പരം നോക്കിനില്‌ക്കെയായിരുന്നു ഇരുവരുടെയും കണ്ണഞ്ചിക്കുന്ന ആ കാഴ്ച! അതാ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം ചലിക്കുന്നു! കൈയില്‍ ഉണ്ണിയേശുവുമുണ്ട്. മാതാവ് തറയില്‍ വീണുകിടക്കുന്ന അയാളുടെ സമീപത്തേക്ക് സാവധാനം നടന്നടുക്കുകയാണ്. മിന്നലൊളിപോലെ മനോജ്ഞമായ തേജസ്സോടെ! അതാ പരിശുദ്ധ അമ്മ അയാളുടെ അടുത്തെത്തി, കുനിഞ്ഞ് അയാളുടെ നെറ്റിയിലെ വിയര്‍പ്പ് തന്റെ ഉത്തരീയംകൊണ്ടു തുടയ്ക്കുന്നു. തുടര്‍ന്ന്, അമ്മ അയാളുടെ നെറ്റിയില്‍ ചുംബിച്ചു!
    മഠാധിപതിയെയും യുവപുരോഹിതനെയും അദ്ഭുതപരതന്ത്രരാക്കുന്ന മറ്റൊന്നുകൂടി ആ സമയം നടന്നു. അയാള്‍ അമ്മാനമാടിയിരുന്ന പന്തുകളില്‍ ഒന്ന് - ഒരു നീലപ്പന്ത് ഉണ്ണിയേശു കൈക്കലാക്കി. ഈ കൗതുകക്കാഴ്ച പരിശുദ്ധ അമ്മയും കാണുന്നുണ്ടായിരുന്നു. അമ്മ  പുഞ്ചിരിച്ചുകൊണ്ട് ഉണ്ണിയെയുമെടുത്ത് പീഠത്തിലേക്കു നടന്നുകയറി.
    മഠാധിപതിയും യുവപുരോഹിതനും താന്താങ്ങളുടെ ഉത്തരവാദിത്വങ്ങളിലേക്കു മുഴുകാന്‍ ശ്രമിച്ചു. പക്ഷേ, ചിന്തയില്‍നിന്ന് അവര്‍ നിലവറയില്‍ കണ്ട കാഴ്ച മായുന്നില്ല. കണ്ണു തുറന്നാലും അടച്ചാലും ആ കാഴ്ചതന്നെ.
പ്രഭാതത്തിനായി കാത്തിരിക്കുകയായിരുന്നു മഠാധിപതി. അദ്ദേഹം അയാളെ തന്റെ സമീപത്തേക്കു വിളിപ്പിച്ചു. ഭയപ്പാടോടെയാണ് അയാള്‍ മഠാധിപതിയുടെ മുന്നിലെത്തിയത്. രഹസ്യമായി താന്‍ ചെയ്തിരുന്ന അഭ്യാസങ്ങളും മറ്റും മഠാധിപതി അറിഞ്ഞിരിക്കും. 
   അതിനകം മഠാധിപതി താന്‍ അകപ്പെട്ടിരുന്ന അതിശയലോകത്തില്‍നിന്നു മുക്തനായിക്കഴിഞ്ഞിരുന്നു. അദ്ദേഹം താന്‍ തലേന്നു നിലവറയില്‍ കണ്ട കാര്യങ്ങള്‍ അയാളോടു പറഞ്ഞു. പരിശുദ്ധ അമ്മയും ഉണ്ണിയേശുവും അതീവസന്തോഷത്തോടെ നോക്കിയാസ്വദിച്ച അയാളുടെ അഭ്യാസങ്ങള്‍ തുടര്‍ന്നുകൊള്ളാന്‍ അനുവാദം കൊടുത്തു. അയാളുടെ മനം കുളിര്‍ത്തു. അമ്മയെ രസിപ്പിച്ചുകൊണ്ട് തന്റെ അഭ്യാസങ്ങള്‍ അയാള്‍ തുടര്‍ന്നു.
സാവധാനം വാര്‍ധക്യം അയാളെ വരിഞ്ഞുമുറുക്കി. അയാള്‍ കിടപ്പിലായി. മഠാധിപതി എല്ലാ ദിവസവും അയാള്‍ക്കരികെ എത്തും, അന്വേഷിക്കും, അയാള്‍ക്കുവേണ്ടി പ്രാര്‍ഥിക്കും. ഒരു ദിവസം രാത്രി  മഠാധിപതിയും സഹപുരോഹിതരും പ്രാര്‍ഥനാഭരിതരായി നോക്കിനില്‌ക്കേ അയാള്‍ ഇഹലോകവാസം വെടിഞ്ഞു.
    ആ സമയത്തെല്ലാം തരളമായൊരു കാന്തി ആ മുറിയെ പ്രകാശമാനമാക്കുന്നത് മഠാധിപതി അറിഞ്ഞു. അതാ പരിശുദ്ധഅമ്മ! അതേ, മറിയം തന്നെ സാവധാനം അയാളുടെ അടുത്തുവന്ന് നെറ്റിയില്‍ ചുംബിക്കുന്നു. ആ പ്രകാശധവളിമയില്‍ മറിയം മഠാധിപതിയെ നോക്കിയിട്ടു മറഞ്ഞു. മുറിയില്‍നിന്ന് ആ ഉഷാകിരണങ്ങള്‍ മറഞ്ഞെങ്കിലും മഠാധിപതിയുടെ ചിന്തയിലും ആത്മാവിലും ആ പ്രഭാങ്കുരത്തിന്റെ അലൗകികചൈതന്യം നിറഞ്ഞുകഴിഞ്ഞിരുന്നു.
മഠാധിപതിയുടെ മനസ്സില്‍ പുതിയൊരു ചിന്ത രൂപം കൊള്ളുകയായിരുന്നു. നാളെ മുതല്‍ പരിശുദ്ധ അമ്മയുടെ മുന്നില്‍ അഭ്യാസം കാണിക്കാന്‍ ആരുമുണ്ടാവില്ലല്ലോ. അമ്മയ്ക്കും ഉണ്ണിക്കും സന്തോഷം നല്കാന്‍, അവരെ ആനന്ദിപ്പിക്കാന്‍ എന്തൊണൊരു വഴി?
ചിന്തിച്ചു നേരം കളയാനുണ്ടായിരുന്നില്ല. മഠാധിപതി 
നേരേ നിലവറയിലേക്കു നടന്നു. അവിടെ അതാ ആ തിരുസ്വരൂപം ഉണ്ണിയെ കൈയിലേന്തി പുഞ്ചിരിച്ചുകൊണ്ടു നില്ക്കുന്നു. ആ അമ്മയുടെ മുമ്പില്‍ മഠാധിപതി ആടാനും പാടാനും ചെറിയ ചെറിയ അഭ്യാസങ്ങള്‍ കാണിക്കാനും തുടങ്ങി. മഠാധിപതി ഈ പതിവ് നിത്യവും തുടര്‍ന്നു. ഒപ്പം മറിയത്തെ സന്തോഷിപ്പിക്കാനായി പരിശുദ്ധ അമ്മയെ പ്രകീര്‍ത്തിക്കുന്ന അനേകം ഗാനങ്ങളും അദ്ദേഹം എഴുതി.
ക്ലയര്‍വോയിലെ വിശുദ്ധ ബര്‍ണാഡ് എന്നു പ്രസിദ്ധനായ പുണ്യവാനാണ് ഈ മഠാധിപതി. 
         *      *     *
ഇക്കഥ ഒരു പുനരാഖ്യാനമാണ്. നാടോടിപാരമ്പര്യത്തില്‍
പ്പെട്ട കഥ. 'മധുരം നിന്റെ ജീവിതം' എന്ന കെ.പി. അപ്പന്റെ ഗ്രന്ഥത്തില്‍നിന്നാണ് ഇക്കഥയുടെ മൂലം എടുത്തിട്ടുള്ളത്. 
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)