ഡിസംബര്‍ 3 ഭിന്നശേഷിദിനം
തോമസ് എഡിസന്‍ അമേരിക്കയിലെ ഓഹിയോയില്‍ 1847 ല്‍ ജനിച്ചു. എട്ടുവയസ്സുള്ളപ്പോള്‍ എഡിസനെ സ്‌കൂളില്‍ ചേര്‍ത്തു. അവന്‍ പഠനത്തില്‍ വളരെ പിന്നിലായിരുന്നു. റവ. ജി.ബി. എങ്കിന്‍ എന്ന അധ്യാപകന്‍ അവനെ ''ബുദ്ധി കുഴഞ്ഞു പോയവന്‍'' എന്നു വിളിച്ചു. ഇതില്‍ രോഷാകുലനായ എഡിസന്‍ തന്റെ പഠനം ഉപേക്ഷിച്ചു. പിന്നെയും രണ്ടു സ്‌കൂളുകളില്‍ ചേര്‍ന്നെങ്കിലും അവിടെയും പഠനം തുടരാനായില്ല. പിന്നീട്, അധ്യാപിയായ അവന്റെ അമ്മ നാന്‍സി അവനെ വീട്ടിലിരുത്തി പഠിപ്പിച്ചു. ഈ എഡിസനാണ് പില്‍ക്കാലത്ത് 1903 യു.എസ്. പേറ്റന്റുകള്‍ സ്വന്തമാക്കിയ ലോകത്തിലെ ഏറ്റവും മികച്ച കണ്ടുപിടിത്തക്കാരനായി മാറിയത്.
എഡിസനെപ്പോലെ പഠനത്തില്‍ മോശമായിരുന്ന മഹാവ്യക്തികള്‍ചരിത്രത്തില്‍ പലരുണ്ട്. ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍, ഊര്‍ജതന്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായ ഗലീലിയോ ഗാലിലൈ, നടന്‍ ട്രോം ക്രൂയിസ്, സിനിമ നിര്‍മാതാവ് സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, ഡിസൈനര്‍ ടോമി ഹിന്‍ഫിഗര്‍, ബോക്‌സര്‍ മുഹമ്മദ് അലി, ബിസിനസുകാരന്‍ സ്റ്റീവ് ജോബ്‌സ് മുതലായവര്‍ സ്‌കൂളില്‍ പഠനത്തില്‍ ഏറെ പിന്നിലായിരുന്നു. ഇവരെല്ലാവരും പഠനവൈകല്യമുള്ളവരായിരുന്നു.
പഠനവൈകല്യം എന്ന സംജ്ഞകൊണ്ടു വിവക്ഷിക്കുന്നത് ഒരു വ്യക്തിയുടെ പാണ്ഡിത്യപൂര്‍ണവും നിര്‍വഹണപരവുമായ കഴിവുകളെ ക്ഷയിപ്പിക്കുന്ന ക്രമക്കേടുകളെയാണ്. സംസാരത്തിലും വായനയിലും എഴുത്തിലും അനുമാനത്തിലുമു ള്ള കഴിവുകുറവാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നത്. പഠനവൈകല്യം ബുദ്ധിയുടെ കുറവിനെ യല്ല സൂചിപ്പിക്കുന്നത്. ഗവേഷണങ്ങള്‍ തെളിയിക്കുന്നതുപോലെ, പഠനവൈകല്യമുള്ളവര്‍ സാധാരണമോ അതിലധികമോ ബുദ്ധിയുള്ളവരാകാം.
ഇന്ത്യപോലുള്ള വികസ്വരരാജ്യങ്ങളില്‍ ഇപ്പോഴും ഈ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുകയോ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല എന്നതാണു യാഥാര്‍ഥ്യം. ഇന്ത്യയില്‍ സ്‌കൂള്‍ കൂട്ടികളില്‍ 13-14 ശതമാനം കുട്ടികള്‍ പഠനവൈകല്യമുള്ളവരാണെന്നാണു കണ്ടെത്തിയിരിക്കുന്നത്.
പഠനവൈകല്യത്തിന്റെ ലക്ഷണങ്ങള്‍
പഠനവൈകല്യം നാഡീവ്യൂഹത്തിന്റെ ക്രമക്കേടുകളായതുകൊണ്ട് ഒരു വ്യക്തിയുടെ പ്രവര്‍ത്തനങ്ങളില്‍ അതു വ്യക്തമാകും; പ്രത്യേകിച്ചും, കുട്ടിയുടെ പഠനത്തില്‍. സ്‌കൂളിലെ പഠനത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് കുട്ടിയുടെ പഠനവൈകല്യത്തെ തിരിച്ചറിയാന്‍ മാതാപിതാക്കളെ സഹായിക്കുന്നത്. വായിക്കാനോ എഴുതാനോ കണക്കുകൂട്ടാനോ സംസാരിക്കാനോ കുട്ടിക്കു ബുദ്ധിമുട്ടുണ്ടാകാം. ഇവ കുട്ടിയെ ക്ലാസില്‍ പിന്നിലാക്കും, കുട്ടി മോശമായ പഠനനിലവാരം പ്രകടമാക്കും.
കാരണങ്ങള്‍
1. മനഃശാസ്ത്രഘടകങ്ങള്‍
തലച്ചോറിനുണ്ടാകുന്ന പരിക്കുകള്‍, തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമതിയില്ലായ്മ, മുഖ്യനാഡീവ്യൂഹത്തിന്റെ തകരാറുകള്‍ മുതലായവയാണ് പഠനവൈകല്യത്തിന്റെ പ്രധാനകാരണങ്ങള്‍. തലച്ചോറിന്റെ പരിക്കുകള്‍ പ്രസവത്തിനുമുമ്പും പിമ്പും ഉണ്ടാകാവുന്നതാണ്. അതു പാരമ്പര്യമായി ലഭിച്ചതാവാം, മാതാപിതാക്കളുടെ ജീവിതശൈലിമൂലമാകാം, ജീവസന്ധാരണകാരണങ്ങളാവാം, പോഷകക്കുറവാകാം.
2. വികാസപരിണാമപ്രശ്‌നങ്ങള്‍
നാഡീവ്യൂഹത്തിന്റെ വളര്‍ച്ചയുടെ അഭാവം പഠനവൈകല്യത്തിനു കാരണമാകാം.
3. വിദ്യാഭ്യാസം
കാലഹരണപ്പെട്ട അധ്യാപനരീതികള്‍, കുട്ടികളും അധ്യാപകരും തമ്മിലുള്ള അകല്‍ച്ച, ഗുരു ചൈതന്യമില്ലാത്ത അധ്യാപകര്‍, കഴിവുകളുടെ കുറവുകള്‍ - ഇവയൊക്കെ പഠനവൈകല്യത്തിലേക്കു കുട്ടികളെ നയിക്കും.
4. പരിസ്ഥിതിഘടകങ്ങള്‍
പോഷകക്കുറവ്, ആരോഗ്യക്കുറവ്, സുരക്ഷിതത്വക്കുറവ് മുതലായവും പഠനവൈകല്യത്തിനു കാരണമാകാം.
പഠനവൈകല്യനിര്‍ണയം
എഴുതാനോ വായിക്കാനോ കണക്കുകൂട്ടാനോ ഗ്രഹിക്കാനോ ബുദ്ധിമുട്ടുണ്ടാവുകയും അതുവഴി പഠനത്തില്‍ പിന്നാക്കം നില്ക്കുകയും ചെയ്താല്‍ ആ കുട്ടിക്കു പഠനവൈകല്യമുണ്ടെന്നു സംശയിക്കേണ്ടതുണ്ട്. ആദ്യം ചെയ്യേണ്ടത് ആ കുട്ടിയെ വൈദ്യനിര്‍ണയത്തിനു വിധേയനാക്കുകയാണ്. അതുവഴിയാണ് ആ കുട്ടിക്ക് ഏതു വിധത്തിലുള്ള പുനരധിവാസപരിപാടിയാണു നല്‌കേണ്ടതെന്നു തീരുമാനിക്കേണ്ടതും.
പഠനവൈകല്യപരിഹാരങ്ങള്‍
'എല്ലാവര്‍ക്കും വിദ്യാഭ്യാസം' എന്നുള്ളതാണ് ഭാരതത്തിന്റെ ദേശീയ കാഴ്ചപ്പാട്. പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് പരിഹാരപഠനത്തിന്റെ ഭാഗമായി പ്രത്യേക അധ്യയനം ആവശ്യമാണെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. പരിഹാരപഠനം സാധാരണപഠനത്തിന്റെ ഭാഗമായിത്തന്നെ കാണേണ്ടതാണ്. പഠനവൈകല്യമുള്ള കുട്ടികളെ ചെറുപ്പത്തില്‍ത്തന്നെ തിരിച്ചറിഞ്ഞ് അവര്‍ക്കു പരിഹാരപഠനപരിശീലനങ്ങള്‍ തുടങ്ങണം. കളിയുപകരണങ്ങള്‍ ഉപയോഗിച്ചു പരിശീലനം ആരംഭിച്ചാല്‍ അവരില്‍ പഠനത്തിനുള്ള താത്പര്യം വര്‍ധിക്കും. ശാസ്ത്രീയമായി നിര്‍മിച്ച കളിയുപകരണങ്ങള്‍ ഇന്നു ലഭ്യമാണ്. അവവഴി എഴുതാനും വായിക്കാനും കണക്കുകൂട്ടാനും സംസാരിക്കാനുമെല്ലാം കുട്ടികളെ പരിശീലിപ്പിക്കാന്‍ സാധിക്കും.
ശാസ്ത്രീയമായി വികസിപ്പിച്ചെടുത്ത പഠനവൈകല്യപരിശീലനോപകരണങ്ങള്‍ വിദേശരാജ്യങ്ങളില്‍ ലഭ്യമാണ്. ജര്‍മന്‍കാര്‍ വികസിപ്പിച്ചെടുത്ത പരിശീലനോപകരണങ്ങളാണ് വഴിത്തല ശാന്തിഗിരിയില്‍ ഉപയോഗിക്കുന്നത്. ഇവ ഉപയോഗിച്ചുള്ള പരിശീലനത്തിലൂടെ പ്രകടമായ പുരോഗതി കുട്ടികളില്‍ കാണുന്നുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ഉറപ്പുവരുത്തുകയും വേണം.
മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്
കുട്ടികളുടെ വളര്‍ച്ചയില്‍ സുപ്രധാനപങ്ക് മാതാപിതാക്കള്‍ക്കാണ്. അധ്യാപകരോടൊപ്പം മാതാപിതാക്കള്‍ കുട്ടിയുടെ സമഗ്രമായ വളര്‍ച്ച ഉറപ്പുവരുത്തണം. ഭവനത്തില്‍ ദിവസവും കുട്ടികളോടൊപ്പം മാതാപിതാക്കള്‍ കുറെ സമയം ചെലവഴിക്കണം. അവരില്‍ വരുന്ന ചെറിയ മാറ്റങ്ങള്‍പോലും ശ്രദ്ധിക്കുകയും അതില്‍ അവരെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം.
കുട്ടിയുടെ കുറവുകളെക്കുറിച്ചു മാതാപിതാക്കള്‍ക്കു വ്യക്തമായ അവബോധമുണ്ടാകണം. അതിനാവശ്യമായ വൈദ്യപരിശോധനകളും പഠനവും നടത്തണം. അവരില്‍നിന്നു കുട്ടിക്കു നല്‍കേണ്ട പരിശീലനത്തെക്കുറിച്ചും പഠനത്തെക്കുറിച്ചും കൃത്യമായി മനസ്സിലാക്കണം. സ്‌കൂളിലെ അധ്യാപകരുമായി കുട്ടിയെക്കുറിച്ചു സ്ഥിരമായി ചര്‍ച്ച ചെയ്യണം. കുട്ടിയെ സാധാരണ സ്‌കൂളിലാണു പഠിപ്പിക്കേണ്ടത്. സാധാരണ കുട്ടികളോടൊപ്പം പഠനവൈകല്യമുള്ള കുട്ടിയും പഠിച്ചു വളരേണ്ടതിന് 'ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസം' അവര്‍ക്കു നല്‍കണം. അതുവഴി അവരിലെ സര്‍ഗശക്തിയെ സാധ്യമാകുംവരെ വളര്‍ത്തിയെടുക്കാന്‍ കഴിയും.
ചില നിര്‍ദേശങ്ങള്‍
1. പഠനവൈകല്യമുള്ളവര്‍ക്ക് പിഡബ്ല്യു ആക്ടിന്റെ ഭാഗമായി കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കേണ്ടതാണ്.
2. പഠനവൈകല്യമുള്ള കുട്ടികളുടെ പരിശീലനത്തെക്കുറിച്ചുള്ള വിഷയങ്ങള്‍ ബിഎഡ് പോലുള്ള അധ്യാപകപരിശീലനത്തിന്റെ ഭാഗമാകണം.
3. ഇപ്പോഴത്തെ സ്‌കൂള്‍പഠനവിഷയങ്ങള്‍ പഠനവൈകല്യമുള്ള കുട്ടികള്‍ക്കു പൂര്‍ണമായും യോജിച്ചതല്ല എന്നതുകൊണ്ട് അവരെയും മുഖ്യധാരയില്‍ എത്തിക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള വ്യത്യസ്ത പഠനരൂപങ്ങള്‍ വികസിപ്പിച്ചെടുക്കണം.
4. അധ്യാപകര്‍ക്ക് പഠനവൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്നതിനാവശ്യമായ പ്രത്യേക പരിശീലനങ്ങള്‍ നല്കണം.
5. പഠനവൈകല്യമുള്ള കുട്ടികളെ ഉള്‍ച്ചേര്‍ക്കാനുള്ള മനസ്സും മനോഭാവവും അധ്യാപകരും മറ്റു കുട്ടികളും വളര്‍ത്തിയെടുക്കണം.
6. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന പ്രത്യേകാനുകൂല്യങ്ങള്‍ (ഭാഷാപഠനം, പരീക്ഷ എഴുതല്‍ മുതലായവ) നേടിയെടുക്കാന്‍ കുട്ടികളുടെ മാതാപിതാക്കന്മാരെ ബോധവാന്മാരാക്കണം.
7. ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസം എല്ലാ പഠനവൈകല്യമുള്ള കുട്ടികള്‍ക്കും ലഭ്യമാക്കണം.
8. പഠനവൈകല്യമുള്ള കുട്ടികളുടെ മാതാപിതാക്കന്മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണം.
ഉപസംഹാരം
'ഞാന്‍ കുറച്ചുകൂടി മിടുക്കനായിരുന്നുവെങ്കില്‍?'' പഠനവൈകല്യമുള്ള ഒരു കുട്ടിയുടെ വാക്കുകളാണ്. പക്ഷേ, പഠനവൈകല്യമുള്ള ഒരു കുട്ടി അവന്റെ പരിമിതികളും ക്ലേശങ്ങളും പ്രതിബന്ധങ്ങളുമായി ജീവിച്ചേ പറ്റൂ. മാതാപിതാക്കന്മാരും അധ്യാപകരും മറ്റുള്ളവരും ഈ കുട്ടിയെ പരമാവധി സഹായിച്ച് സാധാരണ നിലയിലേക്ക് എത്തിക്കാനാണു പരിശ്രമിക്കേണ്ടത്. പക്ഷേ, അതിനും പരിമിതികളുണ്ട് എന്നതാണു യാഥാര്‍ഥ്യം. എങ്കിലും അവരെ പ്രോത്സാഹിപ്പിക്കണം, പ്രശംസിക്കണം, അവരോടൊത്തു സമയം ചെലവഴിക്കണം, അവരുടെ വളര്‍ച്ചയില്‍ അവരോടൊപ്പം യാത്ര ചെയ്യണം.
അവര്‍ക്കും ജീവിതസ്വപ്നങ്ങളുണ്ട്. അവരുടെ സ്വപ്നങ്ങള്‍ക്കു ചിറകുകള്‍ നല്കി, ജീവിതത്തിന്റെ വിഹായസ്സില്‍ ഉയര്‍ന്നു പറക്കാന്‍ അവരെ പ്രാപ്തരാക്കണം. വൈകല്യത്തിന്റെ പരിമിതികളെ അതിജീവിച്ച് സമൂഹജീവിതത്തിലും വികസനത്തിലും തുല്യപങ്കാളിത്തവും സമത്വവുംനേടിയെടുക്കാന്‍ അവര്‍ക്കു സാധ്യമാകണം. ഈ മഹാദൗത്യത്തില്‍ പങ്കുചേരുന്നവര്‍ക്ക് അത് ഈശ്വരപൂജയാകട്ടെ.