•  26 Dec 2024
  •  ദീപം 57
  •  നാളം 42
ലേഖനം

അഭിരുചിയും ആഭിമുഖ്യവും വിദ്യാഭ്യാസത്തില്‍

''മൂന്നും രണ്ടും, രണ്ടും മൂന്നും, രണ്ടും രണ്ടെന്നെഴുത്തുകള്‍
പതിന്നാലിന്നാറുഗണം പാദം രണ്ടിലുമൊന്നുപോല്‍
ഗുരുവൊെന്നങ്കിലും വേണം മാറാതോരോ ഗണത്തിലും
നടുക്കു യതി, പാദാദിപ്പൊരുത്തമിതുകേകയാം.''
ഭാഷാധ്യാപകന്‍ ഇതു നീട്ടിച്ചൊല്ലി. കുട്ടികള്‍ അന്തംവിട്ടു കേട്ടിരുന്നു. അധ്യാപകന്‍ ആവര്‍ത്തിച്ചുചൊല്ലി. കുട്ടികളെക്കൊണ്ടേറ്റു ചൊല്ലിച്ചു. മിക്കവാറും കുട്ടികള്‍ ഇതു മനഃപാഠമാക്കി. നോട്ടുബുക്കില്‍ എഴുതിക്കൊടുത്തിട്ടു സാര്‍ പറഞ്ഞു: ''നാളെ വരുമ്പോള്‍ എല്ലാവരും കാണാതെ ചൊല്ലിക്കേള്‍പ്പിക്കണം.'' പിറ്റേന്ന് കുട്ടികളോടു ചൊല്ലാന്‍ സാര്‍ പറഞ്ഞു. എല്ലാവരുംതന്നെ ചൊല്ലി. എന്നാല്‍ ഒരുത്തന്‍ ബ... ബ...! സാര്‍ അടുത്തുചെന്ന്, ചൊല്ലെടാ എന്നു പറഞ്ഞു. അവന്‍ ചൊല്ലിത്തുടങ്ങി: ''ഒന്നും രണ്ടും മൂന്നും നാലും അഞ്ചുമാറെന്നെഴുത്തുകള്‍...'' ഒന്നാം ക്ലാസില്‍ എണ്ണാന്‍ പഠിച്ചതിന്റെ ഓര്‍മ അവന്റെ ഉപബോധമനസ്സില്‍നിന്നുയര്‍ന്നതാവാം അങ്ങനെ ചൊല്ലാന്‍ കാരണം!
   സാറിനരിശം വന്നു. അവന്റെ ചെവിക്കു പിടിച്ചു. അപ്പോള്‍ അവന്റെ ഡയലോഗ്: ''സാറേ, അച്ഛന്‍ പുതിയ ഓട്ടോ വാങ്ങിച്ചിട്ടുണ്ട്; പരീക്ഷ കഴിഞ്ഞാലുടന്‍ ഓടിച്ചുതുടങ്ങണം!'' സാര്‍ പിടി അയച്ചു...! ചെവിയേന്നു പിടിവിട്ടെങ്കിലും കൈയേന്നു പിടിവിട്ടില്ല. പരീക്ഷ കഴിഞ്ഞ് അവന്‍ ഓട്ടോ ഓടിച്ചുതുടങ്ങി. പിന്നെ ജീപ്പോടിച്ചു... കുറേക്കഴിഞ്ഞപ്പോള്‍ അവന്‍ മെക്കാനിക്കായി. വര്‍ക്ക്‌ഷോപ്പു തുടങ്ങി. മികച്ച വര്‍ക്ക്‌ഷോപ്പ്. നാട്ടുകാര്‍മാത്രമല്ല, അന്യനാട്ടുകാരും അവന്റെ വര്‍ക്ക്‌ഷോപ്പിനു മുമ്പില്‍ ക്യൂ നിന്നു...! അവന്‍ അവന്റെ വഴി സ്വയം കണ്ടെത്തി. അവന്‍ തെളിച്ച വഴിയേ നടന്നുപോകാന്‍ വേണ്ട പ്രോത്സാഹനം അധ്യാപകന്‍ അവനു നല്കി. അവന്‍ രക്ഷപ്പെട്ടു. 
   ഏതൊരു കാര്യവും വിജയപ്രദമായി ചെയ്യുന്നതിനു നാലു സുപ്രധാനഘടകങ്ങളുണ്ട്. 1.താത്പര്യം 2. ഉള്‍ച്ചേരല്‍ 3. ബോധ്യം 4. പ്രതിബദ്ധത. പഠനകാര്യത്തില്‍ ഇവ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഒരു കാര്യത്തില്‍ താത്പര്യമുണ്ടെങ്കില്‍ അതില്‍ ഉള്‍ച്ചേരും. അതു ബോധ്യം ആര്‍ജിക്കാന്‍ സഹായിക്കും. ബോധ്യമുണ്ടായാല്‍പ്പിന്നെ പ്രതിബദ്ധത വര്‍ധിക്കും. ഒരു കുട്ടിക്കു വിവിധ മേഖലകളില്‍ തിളങ്ങാന്‍ കഴിയുമായിരിക്കും. എങ്കിലും ഏതെങ്കിലും ഒന്നോ രണ്ടോ മേഖലകളില്‍ പ്രത്യേക താത്പര്യമുണ്ടാകും. ഉദാഹരണത്തിന്, സയന്‍സിന്റെ എല്ലാ വിഷയങ്ങളിലും വിജയിക്കാന്‍ കഴിയുന്ന ഒരു കുട്ടിക്ക് ഒന്നുകില്‍ ഫിസിക്‌സിനോട് അല്ലെങ്കില്‍ കെമിസ്ട്രിയോട് പ്രത്യേക താത്പര്യമുണ്ടാകും. അല്ലെങ്കില്‍, സയന്‍സ് വിഷയങ്ങളില്‍ താത്പര്യമില്ലാത്ത കുട്ടിക്ക് ഹ്യുമാനിറ്റീസിനോടു താത്പര്യമുണ്ടാകാം. ആ വിഷയം തിരഞ്ഞെടുത്തു മുമ്പോട്ടുനീങ്ങാനുള്ള ക്രമീകരണം ഉണ്ടായിരുന്നെങ്കില്‍...! 
വിദ്യാഭ്യാസമേഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന ന്യൂസിലന്‍ഡ്, ഫിന്‍ലന്‍ഡ്, ജര്‍മനി മുതലായ രാജ്യങ്ങളിലെ വിദ്യാഭ്യാസത്തില്‍ ഇതിനുള്ള ക്രമീകരണം ഉള്ളതായി കാണുന്നു. ഉദാഹരണത്തിന്, ജര്‍മനിയില്‍ ഒരു 'ട്രിപ്പിള്‍ ട്രാക്ക്' സംവിധാനം കാണാം. കുട്ടികള്‍ക്ക് ഈ മൂന്നു ട്രാക്കുകളില്‍ ഇഷ്ടമുള്ളതിലൂടെ സഞ്ചരിക്കാന്‍ കഴിയും. ട്രിപ്പിള്‍ ട്രാക്ക് സംവിധാനത്തില്‍ ഗിംനാസിയം, ഹൗപ്റ്റ്ഷൂളെ, റെയാല്‍ഷൂളെ എന്നിങ്ങനെ മൂന്നു ട്രാക്കുകളാണുള്ളത്. അതിസമര്‍ഥന്‍, സമര്‍ഥര്‍, ശരാശരിക്കാര്‍ എന്നിങ്ങനെ കുട്ടികളെ വിലയിരുത്തുന്നു. ഏറ്റവും സമര്‍ഥര്‍ ഗിംനാസിയത്തിലൂടെയും സമര്‍ഥര്‍ റെയാല്‍ഷൂളെയിലൂടെയും ശരാശരിക്കാര്‍ ഹൗപ്റ്റ്ഷൂളെയിലൂടെയും സഞ്ചരിക്കുന്നു. സഞ്ചാരപഥത്തില്‍ മികവു തെളിയിച്ചാല്‍ താഴത്തെത്തട്ടില്‍നിന്നു മുകളിലേക്കും, മികവു നിലനിര്‍ത്താന്‍ സാധിക്കാതെവന്നാല്‍ മുകളില്‍ നിന്നു താഴേക്കും നീങ്ങാനുള്ള ക്രമീകരണം ഈ സിസ്റ്റത്തിലുണ്ട്.
   ജര്‍മന്‍ സിസ്റ്റത്തിലെ ട്രിപ്പിള്‍ ട്രാക്ക് സംവിധാനം തത്ത്വത്തില്‍ നമുക്കുമുണ്ട്. പക്ഷേ, ഓരോ ട്രാക്കിന്റെയും ഗുണമേന്മയെപ്പറ്റി ഒട്ടേറെ ആക്ഷേപങ്ങള്‍ നിലനില്ക്കുന്നു. അതിനുംപുറമേ, നമ്മുടെ കുട്ടികള്‍ ട്രാക്കിനെപ്പറ്റി ചിന്തിക്കുന്നതും തീരുമാനിക്കുന്നതും പത്താംക്ലാസ് കഴിഞ്ഞാണുതാനും. നമ്മുടെ സംവിധാനത്തിലെ ട്രാക്കുകള്‍ സയന്‍സ്ഗ്രൂപ്പ്, ഹ്യുമാനിറ്റീസ്,  കൊമേഴ്‌സ് എന്നിങ്ങനെയാണല്ലോ. കുട്ടികളും രക്ഷാകര്‍ത്താക്കളും നെട്ടോട്ടമോടുന്നതു സയന്‍സ്ഗ്രൂപ്പിനുവേണ്ടിയാണ്. സമര്‍ഥര്‍ക്കു മാത്രമല്ല, ശരാശരിക്കാര്‍ക്കും അതില്‍ താഴെയുള്ളവര്‍ക്കുംപോലും വേണ്ടത് സയന്‍സ്ഗ്രൂപ്പാണ്! ആമുഖത്തില്‍ സൂചിപ്പിച്ച ഓട്ടോക്കാരന്‍പോലും പത്തു കടന്നുകൂടിയാല്‍ സയന്‍സ്ഗ്രൂപ്പിനേ അപേക്ഷിക്കുകയുള്ളൂ!
   ദേശീയവിദ്യാഭ്യാസനയം ശിപാര്‍ശ ചെയ്യുന്നത് അഭിരുചിയും ആഭിമുഖ്യവുമനുസരിച്ചുള്ള പഠനരീതിയാണെന്ന കാര്യം എടുത്തുപറയേണ്ടിയിരിക്കുന്നു. അത് പത്തു കഴിയാന്‍ നോക്കാതെ മുന്‍കൂട്ടി ആരംഭിച്ചിരുന്നെങ്കില്‍? അതിന് 6, 7, 8 ക്ലാസുകളില്‍ നിലവിലുള്ള വിഷയങ്ങള്‍ തുടരുന്നതോടൊപ്പം  വ്യത്യസ്തങ്ങളായ മേഖലകള്‍ പരിചയപ്പെടുത്തുകയും പരിശീലനം നല്കുകയും ചെയ്താല്‍ മെച്ചപ്പെട്ട റിസള്‍ട്ടുണ്ടാകും. ഓപ്ഷണല്‍ കോഴ്‌സായി കണക്കാക്കി വിദഗ്ധരുടെ സഹായത്തോടെ കോഴ്‌സുകള്‍ ക്രമീകരിച്ചാല്‍ മതിയാവും. ഓരോ വിദ്യാര്‍ഥിക്കും തന്റെ മേഖല തിരിച്ചറിഞ്ഞു പരിപോഷിപ്പിക്കാന്‍ അതു സഹായമാകും. ഇതിന്റെ തുടര്‍ച്ച എന്ന നിലയിലും പത്താംക്ലാസിനുശേഷം നിലവിലുള്ള ട്രിപ്പിള്‍ ട്രാക്കിന്റെ മുന്നൊരുക്കമെന്ന നിലയിലും 9, 10 ക്ലാസ്സുകളില്‍ ട്രിപ്പിള്‍ ട്രാക്കിലൂടെയുള്ള സഞ്ചാരം ആരംഭിക്കണം.
    കേരളസര്‍ക്കാര്‍ 2017 ല്‍ ആരംഭിച്ച ഗകഠഋ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഗലൃമഹമ കിളൃമേെൃൗരൗേൃല മിറ ഠലരവിീഹീഴ്യ  ളീൃ ഋറൗരമശേീി ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതായി കാണുന്നു. അതില്‍ ഇന്‍ഫര്‍മേഷന്‍ & കമ്യൂണിക്കേഷന്‍ ടെക്‌നോളജി, കപ്പാസിറ്റി ബില്‍ഡിങ്, കണ്ടന്റ് ഡെവലപ്‌മെന്റ്, സാറ്റലൈറ്റ് ബേസ്ഡ് എജ്യുക്കേഷന്‍, സപ്പോര്‍ട്ട് & കണക്റ്റിവിറ്റി മുതലായ വ്യത്യസ്തമേഖലകളില്‍ കുട്ടികള്‍ക്കു പരിശീലനം നല്കുക എന്ന ലക്ഷ്യമാണുള്ളത്. 5, 6, 7 ക്ലാസ്സുകളില്‍ ഇതിനുള്ള പരിശീലനം നല്കി മികവു കാട്ടുന്ന കുട്ടികള്‍ക്ക് അതതു മേഖലകളില്‍ മുന്നോട്ടുപോകാന്‍ സാധിക്കും. എട്ടാം ക്ലാസിലാണ് ഇതിന് അംഗത്വം നല്കുന്നത്. ഇതിലൂടെ 9, 10 ക്ലാസ്സുകളിലെ സയന്‍സ്ഗ്രൂപ്പിലൂടെയുള്ള സഞ്ചാരത്തില്‍ മികവു തെളിയിക്കാന്‍ സാധിക്കും.
    എന്നാല്‍, ഈ മേഖലകളിലൂടെ നീങ്ങാന്‍ കഴിവില്ലാത്തവരും അതേസമയം, മറ്റു മേഖലകളില്‍ മികവുറ്റവരുമായ കുട്ടികള്‍ക്ക് അതിനുള്ള മേഖലകള്‍ തുറന്നിടണം. ഭാഷ, സാഹിത്യം, കല, ചരിത്രം, സംസ്‌കാരം മുതലായവ ഇതിനുദാഹരണമാണ്. കഥയും കവിതയും സംഗീതവും നാടകവുമൊക്കെ  വെറും നേരംപോക്കിനുള്ള പരിപാടികളായി  എഴുതിത്തള്ളാതെ, അഭിരുചിയുള്ളവരെ കണ്ടെത്തി അവര്‍ക്ക് ആ വഴികളിലൂടെ സഞ്ചരിക്കാനും വിജയിക്കാനും ഉതകുന്ന രീതിയില്‍ പരിശീലനം നല്കണം. സ്‌കൂള്‍ കായികമേളയും സയന്‍സ്‌മേളയും കഴിഞ്ഞു; കലോത്സവം താമസിയാതെ ഉണ്ടാകും. എന്നാല്‍, ഈ മേളകള്‍ മിക്കവാറും തൃശൂര്‍പൂരംപോലെയാണ്. ആനയുടെ എഴുന്നള്ളത്തും കുടമാറ്റവും വെടിക്കെട്ടുമെല്ലാം കഴിഞ്ഞാല്‍പ്പിന്നെ പൂരപ്പറമ്പു ശൂന്യമാകും. മേളകളില്‍ മികവു തെളിയിച്ച കുട്ടികള്‍ക്കു തുടര്‍പരിശീലനം നല്കി അവരുടെ ജീനിയസ് തെളിയിക്കാനുള്ള സംവിധാനം വിദ്യാഭ്യാസപദ്ധതിയില്‍ ഉണ്ടാകണം. സിനിമാരംഗത്തെ അരാജകത്വം ഇന്നു ചര്‍ച്ചാവിഷയമാണല്ലോ. 'അമ്മ' അന്ത്യശ്വാസം വലിക്കുന്ന ഘട്ടത്തിലെത്തിയിരിക്കുകയാണ്. സൂപ്പര്‍താരങ്ങള്‍ക്കു താരശോഭ നഷ്ടപ്പെട്ടിരിക്കുന്നു. അവരുടെ കാലം കഴിഞ്ഞിരിക്കുന്നു എന്നു പറയുന്നതാവും കൂടുതല്‍ ശരി. പുതുതലമുറയ്ക്കു മുന്‍നിരയിലേക്കു കടന്നുവരാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, തിളങ്ങിനിന്നവരെ  ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നെങ്കില്‍ ഈ ദുഃസ്ഥിതി ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട്, വിദ്യാഭ്യാസമേഖലയില്‍ ഒരു പൊളിച്ചെഴുത്തുണ്ടാകണം. ഓരോ കുട്ടിയും ഓരോ പ്രപഞ്ചമാണ്; ഒരു അദ്ഭുതപ്രപഞ്ചം. എജ്യുക്കേഷന്‍ എന്ന വാക്കില്‍ 'എദൂച്ചരെ' 'എദൂക്കാരെ' എന്നീ രണ്ടു ലത്തീന്‍ വാക്കുകളുടെ സമന്വയം ഉണ്ട്. 'എദൂച്ചരെ'യുടെ അര്‍ഥം പുറത്തുകൊണ്ടുവരിക എന്നാണ്. 'എദൂക്കാരെ' യുടെ അര്‍ഥം വളര്‍ത്തുക, പരിപോഷിപ്പിക്കുക എന്നൊക്കെയാണ്. വിദ്യാഭ്യാസത്തില്‍ ഈ രണ്ടു പ്രക്രിയകളും നടക്കണം. അതായത്, വിദ്യാര്‍ഥികളില്‍ അന്തര്‍ലീനമായിരിക്കുന്ന സിദ്ധിവിശേഷങ്ങളെ കണ്ടെത്തി പുറത്തുകൊണ്ടുവരികയും പരിപോഷിപ്പിക്കുകയും വേണം. എന്നാല്‍, ഇന്നത്തെ വിദ്യാഭ്യാസത്തില്‍ കുട്ടിയില്‍ നിക്ഷിപ്തമായിരിക്കുന്ന സിദ്ധികളെ കണ്ടെത്താനും പുറത്തുകൊണ്ടുവരാനും നമ്മള്‍ പരാജയപ്പെടുന്നു. അതാണ്, മെക്കാനിക്കിനെക്കൊണ്ടു കേകവൃത്തത്തിന്റെ ലക്ഷണമെഴുതിക്കാന്‍ അയാളുടെ ചെവിക്കു പിടിക്കുന്നതിന് ഭാഷാധ്യാപകനെ പ്രേരിപ്പിച്ചത്!

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)