വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ജൂലൈ മുപ്പതിന് അതിതീവ്രമായ ഉരുള്‍പൊട്ടലുണ്ടായി മൂന്നു മാസം പിന്നിടുമ്പോഴും, കേന്ദ്രസഹായം അനുവദിക്കാത്തതില്‍ കേരളക്കരയൊന്നാകെ കടുത്ത പ്രതിഷേധത്തിലാണ്. ദുരന്തമുണ്ടായി പതിനൊന്നാംദിനം പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മേഖലയില്‍ നടത്തിയ സന്ദര്‍ശനത്തെയും സഹായവാഗ്ദാനങ്ങളെയും ഏറെ പ്രതീക്ഷയോടെയാണു ജനം കണ്ടതെങ്കിലും അനിശ്ചിതത്വം ബാക്കിയാകുന്ന അതിദയനീയവും അപലപനീയവുമായ സാഹചര്യമാണുള്ളത്. മേപ്പാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലികയെ തൊട്ടുതലോടി ആശ്വസിപ്പിച്ച അദ്ദേഹത്തിന്റെ കരങ്ങള്‍ക്കും വയനാട്ടിലെ ദുരിതബാധിതരോടു പറഞ്ഞ ആശ്വാസവാക്കുകള്‍ക്കും ഉള്‍ക്കരുത്തും ഉള്ളലിവുമുണ്ടാകണം.
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായിയുടെ നിലപാട് വിവേചനപരവും നീതിരഹിതവുമാണ്. ദേശീയസംസ്ഥാനദുരന്തനിവാരണഫണ്ടുകളുടെ ചട്ടമനുസരിച്ച്, ഒരു വിപത്തിനെയും ദേശീയദുരന്തമായി പ്രഖ്യാപിക്കാന്‍ വ്യവസ്ഥയില്ലെന്നാണ് കേന്ദ്രത്തിന്റെ പക്ഷം. പ്രളയവും ഉരുള്‍പൊട്ടലുമടക്കം പന്ത്രണ്ടു വിഭാഗം ദുരന്തങ്ങളുടെ കാര്യത്തില്‍, ദുരന്തനിവാരണത്തിനുള്ള പ്രാഥമികോത്തരവാദിത്വം സംസ്ഥാനസര്‍ക്കാരിനാണെന്നും സംസ്ഥാനദുരന്തനിവാരണഫണ്ടില്‍നിന്ന് (എസ്.ഡി.ആര്‍.എഫ്.) സംസ്ഥാനസര്‍ക്കാര്‍ ധനസഹായം നല്കണമെന്നും അതിനുവേണ്ട തുക ഫണ്ടില്‍ ഉണ്ടെന്നും കേന്ദ്രമന്ത്രി കത്തുമുഖേന അറിയിച്ചിട്ടുണ്ടത്രേ.സംസ്ഥാനദുരന്തനിവാരണനിധിയില്‍ ആവശ്യമായ പണം ഉണ്ടെന്ന് ഹൈക്കോടതിയില്‍ കഴിഞ്ഞ മാസം പറഞ്ഞത് ഈയിടെയും ആവര്‍ത്തിച്ചു. കേരളത്തിന്റെ ദുരന്തനിവാരണനിധിയിലേക്ക് 388 കോടി രൂപയാണ് നടപ്പുസാമ്പത്തികവര്‍ഷം വകയിരുത്തിയിരിക്കുന്നത്. ഇതില്‍ 291.2 കോടി രൂപ കേന്ദ്രവിഹിതവും 96.8 കോടി സംസ്ഥാനവിഹിതവുമാണ്.
സംസ്ഥാനത്തു സംഭവിക്കന്ന എല്ലാ കെടുതികള്‍ക്കും ആവശ്യമായിട്ടുള്ളതാണ് ദുരന്തനിവാരണനിധിയിലെ തുക. പ്രസ്തുതതുക വയനാടുദുരന്തമുണ്ടായാലും ഇല്ലെങ്കിലും കേരളത്തിനു സ്വാഭാവികമായും അര്‍ഹതപ്പെട്ടതാണ്. വയനാട്ടിലെ പുനരധിവാസത്തിനുള്ള പ്രത്യേക പാക്കേജാണ് കേരളം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. വലിയ നാശനഷ്ടങ്ങളുണ്ടായാല്‍ ദേശീയദുരന്തനിവാരണനിധിയില്‍നിന്ന് (നാഷണല്‍ ഡിസാസ്റ്റര്‍ റസ്‌പോണ്‍സ് ഫണ്ട് - എന്‍.ഡി.ആര്‍.എഫ്.) അധികസാമ്പത്തികസഹായം അനുവദിക്കാമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രിയുടെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേരളം ചോദിച്ച 1500 കോടിയുടെ പാക്കേജ് നിഷേധിക്കുന്നെങ്കില്‍ അതിനു മറുപടി പറയാനുള്ള ബാധ്യതയും കേന്ദ്രത്തിനുണ്ട്. കേരളത്തോടു വിവേചനം വച്ചുപുലര്‍ത്തുന്നതും കണ്ണില്‍ച്ചോരയില്ലാത്തതും രാഷ്ട്രീയപകപോക്കലെന്നു സംശയിക്കാവുന്നതുമായ നിലപാടു തുടരുന്നതും അനുവദിക്കാനാവുന്നതല്ല. കേരളം ഇന്ത്യയുടെ ഭാഗമല്ലേ എന്ന ചോദ്യമുയര്‍ത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരേ രൂക്ഷമായി പ്രതികരിച്ചത്. കേന്ദ്രസഹായം നല്കാത്തതിനെതിരേ വയനാട്ടില്‍ യുഡിഎഫും എല്‍ഡിഎഫും ഹര്‍ത്താല്‍ നടത്തി പ്രതിഷേധമുഖത്തു സജീവമാണ്.
ദേശീയ ദുരന്തനിവാരണനിധിയില്‍നിന്ന് അഞ്ചു സംസ്ഥാനങ്ങള്‍ക്കു കേന്ദ്രസര്‍ക്കാര്‍ ഇക്കൊല്ലംമാത്രം 4,043 കോടി രൂപയാണ് അടിയന്തരസഹായമായി നല്കിയത്. അതിതീവ്രദുരന്തങ്ങളില്‍ സംസ്ഥാനദുരന്തനിവാരണനിധിയില്‍ തുക മതിയാകാതെ വരുമ്പോഴാണ് ഇതു നല്കുന്നത്. വയനാട്ടിലെ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് കേരളം പ്രതീക്ഷിക്കുന്നത് ഈ സഹായമാണ്. പ്രധാനമന്ത്രി സ്ഥലം സന്ദര്‍ശിച്ചു ദുരന്തത്തിന്റെ തീവ്രത മനസ്സിലാക്കിയിട്ടും, കഴിഞ്ഞ ഓഗസ്റ്റില്‍ വയനാട് സന്ദര്‍ശിച്ച കേന്ദ്രസംഘം ദുരന്തത്തിന്റെ നഷ്ടവും വ്യാപ്തിയും വിലയിരുത്തി റിപ്പോര്‍ട്ടു സമര്‍പ്പിച്ചിട്ടും, പാര്‍ലമെന്റിന്റെ ഇരുസഭകളിലും കേന്ദ്രമന്ത്രിമാരടക്കം സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടും കേരളം തഴയപ്പെടുകയാണ്; അല്ല, കേരളത്തെ തോല്പിക്കുകയാണ്. വാക്കുകളും വാഗ്ദാനങ്ങളും കൊള്ളാം; പക്ഷേ, പ്രവൃത്തിയാണു പ്രധാനം.
ദുരിതബാധിതരുടെ പുനരധിവാസം എങ്ങുമെത്തിയിട്ടില്ല. കരയാന്‍ കണ്ണീരുപോലുമില്ലാത്ത അവരെ തെരുവിലിറക്കി സമരത്തിനു പ്രേരിപ്പിക്കുന്നത് ഉരുള്‍പൊട്ടലിനു സമമോ അതിലുപരിയോ ആയ ദുരന്തമായിരിക്കുമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഓര്‍മിക്കുന്നതു നല്ലതാണ്. ആവിയാകുന്ന വാഗ്ദാനപ്പെരുമഴകളും കണക്കു പറഞ്ഞുള്ള സര്‍ക്കാര്‍കളികളും നിര്‍ത്തിവച്ച്, സാങ്കേതികത്വവും തൊടുന്യായങ്ങളും ആവര്‍ത്തിച്ചു വിസ്തരിക്കുന്നതിനുപകരം, കരുണയും നീതിയുമുള്ള ഒരു സര്‍ക്കാര്‍നയം രാജ്യത്തുണ്ടായേ പറ്റൂ.
രാജ്യത്തെ ദുരന്തനിവാരണനിയമങ്ങളിലും ചട്ടങ്ങളിലും യുക്തിസഹവും മനുഷ്യത്വപൂര്‍ണവുമായ ഭേദഗതികള്‍ ആവശ്യമായിരിക്കേ, അത്തരമൊരു പൊളിച്ചെഴുത്തിനു ഭരണകൂടം തയ്യാറാകണം. കരയുന്നവന്റെ കണ്ണീരൊപ്പാനുള്ള കാരുണ്യനിയമത്തിലേക്കു രാജ്യം എത്തിച്ചേരുന്ന കാലം വിദൂരമല്ലെന്ന് നമുക്കു പ്രത്യാശിക്കാം.