•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

കൊഡോ കുഷി : ഏകാന്തതയുടെ മരണമുഖം

   കൊഡോ കുഷി! കേട്ടുപഴകാത്ത ഒരു വാക്ക്. എന്നാല്‍, എത്രത്തോളം അപരിചിതമാണോ, അത്രത്തോളം ആഴത്തില്‍ പരിചിതമാക്കേണ്ട വാക്കാണിത്. ഒരുപക്ഷേ കൊവിഡ് മഹാമാരിയെക്കാള്‍ ഭീതിദമായ ദുരന്തമെന്ന് ലോകാരോഗ്യസംഘടന വിശേഷിപ്പിച്ച പദം. 
   ഒരു ജാപ്പനീസ് പ്രതിഭാസമായാണ് ഇത് അറിയപ്പെടുന്നത്, എങ്കിലും കൊഡോ കുഷിയുടെ അതിവേഗവ്യാപനം വര്‍ത്തമാനകാലത്തിന്റെ വായനകളെ ഉത്കണ്ഠാ കുലമാക്കുന്നു. അനായാസേന സാധ്യമാകുന്നതല്ലെങ്കിലും പ്രതിവിധി കൂടിയേതീരൂ. ആഗോളവത്കരണത്തിന്റെ ഈ വല്ലാത്ത കാലത്ത് ഒരു രാജ്യവും ജപ്പാനില്‍നിന്ന് ഏറെ അകലെയല്ലതന്നെ.
കൊഡോ കുഷി
    ഏകാന്തമരണങ്ങള്‍ എന്നു വേണമെങ്കില്‍ നമുക്ക് ഈ ജാപ്പനീസ്പദത്തെ മനസ്സിലാക്കാം. പ്രായമായവര്‍ ഭവനങ്ങളിലൊറ്റപ്പെട്ട് ആരാരുമറിയാതെ മരിക്കുകയും നാളുകള്‍ക്കുശേഷം മൃതദേഹങ്ങള്‍ കണ്ടെടുക്കപ്പെടുകയും ചെയ്യുന്നതിനെയാണ് കൊഡോ കുഷി എന്ന വാക്കുകൊണ്ട് അര്‍ഥമാക്കുന്നത്. 1970 കളിലാണ് ഇത്തരം മരണങ്ങള്‍ പത്രവാര്‍ത്തകളായി വന്നുതുടങ്ങുന്നത്. 1973 ല്‍ ജപ്പാന്‍ നാഷണല്‍ സോഷ്യല്‍ വെല്‍ഫെയര്‍ കൗണ്‍സിലും നാഷണല്‍ യൂണിയന്‍ ഓഫ് വോളന്ററി വെല്‍ഫെയര്‍ കമ്മീഷണറേറ്റും  ഇതു സംബന്ധിച്ച സര്‍വേ ആരംഭിച്ചു. എന്നാല്‍, രണ്ടായിരത്തില്‍ ഒരു 69 കാരന്റെ മൃതദേഹം മരണത്തിനു മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം കീടങ്ങള്‍ തിന്നൊടുക്കിയ നിലയില്‍ അദ്ദേഹത്തിന്റെ വീട്ടില്‍നിന്നു കണ്ടെത്തിയതോടെയാണ് ഇത്തരം മരണങ്ങള്‍ ദേശീയശ്രദ്ധയാകര്‍ഷിച്ചുതുടങ്ങിയത്. അദ്ദേഹം താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ  മാസവാടകയും മറ്റു ബില്ലുകളും ബാങ്ക് അക്കൗണ്ടില്‍നിന്ന് ഓട്ടോമാറ്റിക്കായി അടഞ്ഞുപൊയ്‌ക്കൊണ്ടിരുന്നു. അക്കൗണ്ട് കാലിയായി ബില്ലുകള്‍ കുടിശ്ശികയായതോടെയുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെടുക്കപ്പെട്ടത്.
കണക്കുകള്‍ കൃത്യമൊന്നുമല്ലെങ്കിലും ടോക്കിയോയില്‍മാത്രം 1994 ല്‍  1049 കൊഡോ കുഷി മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത് 2008 ആയപ്പോള്‍ 2200 എണ്ണമായി. ജപ്പാന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ടുപ്രകാരം 2009 ല്‍ രാജ്യത്താകമാനം 32000 പേര്‍ കൊഡോ കുഷി മരണത്തിനിരയായി. ജപ്പാന്‍ നാഷണല്‍ പൊലീസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഏകാന്തജീവിതം നയിച്ച 37227 വ്യക്തികള്‍ 2024 ന്റെ ആദ്യപാദത്തില്‍ ഭവനങ്ങളില്‍ മരിച്ചനിലയില്‍ കാണപ്പെട്ടു. മരിച്ചവരില്‍ എഴുപതുശതമാനവും 65നുമേല്‍ പ്രായമുള്ളവരാണ്. അതില്‍ത്തന്നെ നാലായിരത്തോളം പേരെ ഒരു മാസം കഴിഞ്ഞാണു കണ്ടെത്തിയതെങ്കില്‍ 130 പേരുടെ മൃതദേഹം കണ്ടെത്തിയത്  മരിച്ച് ഒരു വര്‍ഷത്തിനു ശേഷമാണ്. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും രാജ്യത്തെ കൊഡോ കുഷി മരണസംഖ്യ 68,000 ആകുമെന്നു കണക്കുകൂട്ടുന്നു. ഒരു വര്‍ഷത്തെ കണക്കാണിതെന്നിരിക്കേ, അതിന്റെ വ്യാപ്തി എത്ര വലുതാണ്!
ജപ്പാന്‍ തനിച്ചല്ല!
     ഇതങ്ങു ജപ്പാനില്‍മാത്രം സംഭവിക്കുന്ന കാര്യമല്ലേ എന്നു നിസ്സാരവത്കരിക്കാന്‍ വരട്ടെ.  ദക്ഷിണകൊറിയ, ഹോങ്കോങ്, യു.കെ, യു.എസ് എന്നിങ്ങനെ ഈ ദുരന്തമാവേശിച്ച രാജ്യങ്ങളുടെ ലിസ്റ്റ് നീളുന്നു.  2023 ല്‍ ദക്ഷിണകൊറിയയില്‍ ഈ രീതിയില്‍ മരണപ്പെട്ടത് 3661 പേരായിരുന്നു. 'ഗോഡോക്‌സ' അഥവാ അണ്‍ കണക്ടഡ് ഡെത്ത് എന്ന പേരില്‍ അറിയപ്പെടുന്ന ഈ മരണത്തിനിരയാകുന്നത് ഏറിയ പങ്കും പുരുഷന്മാരാണ്. കുടുംബത്തില്‍നിന്നും സമൂഹത്തില്‍നിന്നും ഉള്‍വലിഞ്ഞു ജീവിച്ചു മരണപ്പെടുന്നവരുടെ പ്രായം അമ്പതുകളിലും അറുപതുകളിലുമാണത്രേ. ഇവരില്‍ 14 ശതമാനം പേരും ആത്മഹത്യ ചെയ്തവരാണ് എന്നുള്ള റിപ്പോര്‍ട്ടാണ് നമ്മെ നടുക്കുന്നത്. ലോണ്‍ലി ഡെത്ത് പ്രിവന്‍ഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് ആക്ട് പാസാക്കി ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ് ദക്ഷിണകൊറിയ. 
    ഏകാന്തമരണങ്ങളുടെ നിരക്ക് കുതിച്ചുയരുന്നെങ്കിലും ഹോങ്കോങ് ഔദ്യോഗികമായി മരണസംഖ്യ പുറത്തുവിട്ടിട്ടില്ല. എങ്കിലും ദക്ഷിണകൊറിയയെക്കാള്‍ ഒട്ടും പിന്നിലല്ല എന്ന് വിവിധ സംഘടനകള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. 
    2006 ല്‍  മുപ്പത്തെട്ടുകാരിയായ ജോയ്‌സ് വിന്‍സെന്റ് മരിച്ചു രണ്ടുവര്‍ഷം കഴിഞ്ഞുമാത്രം അവരുടെ മരണവിവരമറിഞ്ഞതോടെയാണ് ലണ്ടനില്‍ ഏകാന്തമരണങ്ങള്‍ ശ്രദ്ധ നേടിയത്. പഠനങ്ങള്‍ക്കുശേഷം യു.കെയില്‍ മിനിസ്റ്റേഴ്‌സ് ഓഫ് ലോണ്‍ലിനെസിനെ നിയമിച്ച് ഈ മേഖലയില്‍ പ്രതിരോധപ്രവര്‍ത്തനമാരംഭിച്ചെങ്കിലും ഇപ്പോള്‍ വര്‍ഷത്തില്‍ 8000 മുതല്‍ 9000 വരെ ഏകാന്തമരണങ്ങള്‍ ഇവിടെ സംഭവിക്കുന്നു.
    1999 ല്‍  അമേരിക്കയിലെ ഏകാന്തമരണങ്ങള്‍ 8000 ആയിരുന്നത് ഇപ്പോള്‍ അമ്പതിനായിത്തോളമായി എന്ന് ഗവണ്‍മെന്റുകണക്കുകള്‍ പറയുന്നു. ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും അതിതീവ്രവ്യാപനമാണ് 2023 ആയപ്പോഴേക്കും സംഭവിച്ചിരിക്കുന്നത് എന്നും, ഭയപ്പെടേണ്ടതെന്നും സ്റ്റേറ്റ് സര്‍ജന്‍ ജനറല്‍ അമേരിക്കന്‍ ഗവണ്‍മെന്റിന് മുന്നറിയിപ്പു നല്‍കി. 52 ശതമാനം ആള്‍ക്കാര്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന ഈ രാജ്യത്തെ 18 മുതല്‍ 24 വരെ ശതമാനം ചെറുപ്പക്കാര്‍ കടുത്ത ഒറ്റപ്പെടല്‍ അനുഭവിക്കുന്നവരത്രേ!
ഇന്ത്യയും പിന്നിലല്ല
    മറ്റു രാജ്യങ്ങളുടെ കഥകളൊക്കെ വായിച്ചിരിക്കുമ്പോള്‍ അതങ്ങ് ജപ്പാനിലും അമേരിക്കയിലുമല്ലേ എന്നുള്ള വിചാരമൊക്കെ കളഞ്ഞേക്കുക. ഔദ്യോഗികകണക്കുകളനുസരിച്ച് 2019 ലെ ഏകാന്തമരണങ്ങള്‍ ഇന്ത്യയില്‍ 2949 ആയിരുന്നത് 2023 ആയപ്പോഴേക്കും 3700 ആയി ഉയര്‍ന്നു. എങ്കിലും ഇതൊരു കൃത്യം കണക്കല്ല. നമ്മുടെ ജനസംഖ്യയുടെ 13.3 ശതമാനം ആളുകള്‍ കടുത്ത ഒറ്റപ്പെടല്‍ അനുഭവിക്കുന്നുവെന്ന് കണക്കുകള്‍ പറയുന്നു
പൊതുവായ കാരണങ്ങള്‍
   ലോകജനസംഖ്യയിലെ ആകെ വയോധികരുടെ നാലിലൊന്നു ഭാഗവും കൗമാരക്കാരില്‍ 5 മുതല്‍ 15 ശതമാനം വരെയും കടുത്ത ഒറ്റപ്പെടല്‍ അനുഭവിക്കുന്നുവെന്ന് ലോകാരോഗ്യസംഘടന പറയുന്നു. അതുകൊണ്ടുതന്നെ, ഡബ്ലിയു.എച്ച്.ഒയുടെ കമ്മീഷന്‍ ഓണ്‍ സോഷ്യല്‍ കണക്ഷന്‍ ആഗോളപൊതുജനാരോഗ്യമികവിനായി സാമൂഹികബന്ധങ്ങള്‍ക്കു മുന്‍ഗണന നല്‍കുകയും ഇവ സംബന്ധിച്ച പഠനത്തിനായി ഒരു കമ്മീഷനെ നിയോഗിക്കുകയും ചെയ്തു.
   ലണ്ടനില്‍ നടത്തിയ പഠനത്തില്‍ 65 വയസ്സിനു മുകളിലുള്ള 4.2 മില്യണ്‍ ആള്‍ക്കാരില്‍ 7.5 ശതമാനം പേര്‍ തനിയെ താമസിക്കുന്നവരാണ്.                                               കൊവിഡ് വ്യാപനത്തിന്റെ പരിണതഫലമാണിതെന്നു വ്യാഖ്യാനിക്കാന്‍ വയ്യ. 2020 നു ശേഷം അതിന്റെ ആക്കം കൂടിയെന്നുമാത്രം.
   കൊഡോ കുഷി സംബന്ധിച്ച ജപ്പാന്‍സാഹചര്യപഠനങ്ങള്‍ മുഖ്യമായും വിരല്‍ചൂണ്ടിയത് കുടുംബവ്യവസ്ഥിതിയുടെ അപചയത്തിലേക്കാണ്. കുടുംബം എന്ന ആശയത്തിനു പ്രാധാന്യം കുറഞ്ഞത് ആരോഗ്യകരമായ സാമൂഹികബന്ധങ്ങള്‍ അറ്റുപോകുന്നതിനിടയാക്കി. മികച്ച സാമ്പത്തികാടിത്തറമാത്രം ലക്ഷ്യംവച്ച് ജോലിതേടി വിദൂരങ്ങളിലേക്കുള്ള പറിച്ചുനടീല്‍ വ്യക്തികളില്‍ വിവാഹത്തോടുള്ള വിമുഖത വര്‍ധിപ്പിച്ചു. 1990 മുതല്‍ ജപ്പാനിലുണ്ടായ സാമ്പത്തികമായ പിന്നോട്ടടിക്കല്‍ സാമൂഹികജീവിതച്ചെലവുകള്‍ കൂട്ടിമുട്ടിക്കാനാവാതെ പലരെയും ഏകാന്തജീവിതത്തിലേക്കു നയിച്ചു. അനേകം ബിസിനസുകള്‍ നിര്‍ത്തിപ്പോയതും സാമ്പത്തികപരാജയവും എല്ലാം അനേകരെ ഉള്‍വലിഞ്ഞ ജീവിതത്തിലേക്കുള്ള മാറ്റത്തിനു പ്രേരിപ്പിച്ചു. വയോധികരുടെ ജനസംഖ്യ കുത്തനെ ഉയര്‍ന്നതും ജനനനിരക്ക് കുറഞ്ഞതും കൊഡോ കുഷി പ്രതിഭാസത്തിന് ആക്കംകൂട്ടി. ആധുനികജീവിതശൈലിയിലേക്കുള്ള കൂപ്പുകുത്തല്‍ ജീവിതമൂല്യങ്ങളുടെയും ബന്ധങ്ങളുടെയും വേരറുത്തു എന്നുതന്നെ പറയാം.
    യുവജനങ്ങള്‍ സമൂഹത്തില്‍നിന്ന് ഉള്‍വലിഞ്ഞ് പലപ്പോഴും മാസങ്ങളോളം വീടുകളില്‍ത്തന്നെ കഴിയുന്ന അവസ്ഥ (ഹിക്കിക്കോ മോറി) വര്‍ധിച്ചു എന്നു പറഞ്ഞാല്‍ ആശ്ചര്യപ്പെടേണ്ട, അതൊരു യാഥാര്‍ത്ഥ്യമാണ്.
   സോഷ്യല്‍ മീഡിയയിലെ ജീവിതവും ആധുനികസാങ്കേതികസൗകര്യങ്ങളും യുവാക്കളെമാത്രമല്ല, മധ്യവയസ്സില്‍ എത്തിയവരെയും വെര്‍ച്വല്‍ ലോകത്തില്‍ കുരുക്കിയിട്ടതോടെ യാഥാര്‍ഥ്യബോധത്തിലൂന്നിയ സൗഹൃദങ്ങളും സാമൂഹികബന്ധങ്ങളും ഇല്ലാത്ത അവസ്ഥയിലെത്തിച്ചു. ഇവയൊന്നും ജപ്പാനെമാത്രം ബാധിക്കുന്ന കാര്യമല്ല. നമ്മുടെ കുടുംബങ്ങളിലേക്കു കണ്ണോടിച്ചാല്‍ ബന്ധങ്ങളില്‍ വന്ന ഇഴയകലം വ്യക്തമാണ്. പ്രായമായവരെ പരിഗണിക്കാത്ത അവസ്ഥ, വിവാഹമോചനങ്ങള്‍, പങ്കാളിയുടെ മരണം, മാറാരോഗങ്ങള്‍ തുടങ്ങി പലതും മനുഷ്യരെ ഉള്‍വലിഞ്ഞ ജീവിതത്തോടടുപ്പിച്ചു. 20-30 പ്രായത്തിനിടയില്‍ സ്ഥിരതയുള്ള ഒരു വരുമാനം കണ്ടെത്താനുള്ള ബുദ്ധിമുട്ടും താങ്ങാനാവാത്ത ചെലവുകളും ജോലിതേടിയുള്ള വിദേശകുടിയേറ്റവുമൊക്കെ യുവാക്കളെ വിവാഹത്തില്‍നിന്നും അതുവഴി കുടുംബ, സാമൂഹികബന്ധങ്ങളിലെ ഇടപെടലുകളില്‍നിന്നും അകറ്റിനിര്‍ത്തി.
    ഉപഭോഗതൃഷ്ണയുടെ ഈ മൂര്‍ധന്യകാലത്ത് പരസ്പരതാരതമ്യങ്ങള്‍ ഇല്ലായ്മക്കാരന്റെ ഉള്‍വലിവിനു കാരണമായി എന്നു പറയേണ്ടിയിരിക്കുന്നു. അതിന്റെ ബാക്കിപത്രമാവട്ടെ പ്രായമാവുമ്പോഴേക്കുള്ള ഒറ്റപ്പെടലും ഏകാന്തമരണങ്ങളും! കുടുംബജീവിതത്തിന്റെ മൂലക്കല്ലാകേണ്ടവര്‍  എന്ന നിലയില്‍ ഈ പ്രതിഭാസം ഏറെ ബാധിച്ചത് പുരുഷന്മാരെയാണ് എന്നു പഠനങ്ങള്‍ പറയുന്നു. സ്ത്രീകളെയപേക്ഷിച്ച് അഞ്ചു മടങ്ങിന്റെ വര്‍ധനയാണ് പുരുഷന്മാരുടെ ഏകാന്തമരണത്തില്‍ സംഭവിച്ചുവരുന്നത്.
     ഒറ്റപ്പെടല്‍ മനസ്സിനെമാത്രമല്ല ശാരീരികാരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നുവെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. അത് രക്തസമ്മര്‍ദവും പിരിമുറുക്കവും സാരമായി വര്‍ധിപ്പിക്കുകയും ഉറക്കം കുറയ്ക്കുകയും ചെയ്യുന്നു. കടുത്ത വിഷാദരോഗത്തിലേക്കു നയിക്കുകയും മാനസികാരോഗ്യം തകര്‍ക്കുകയും ചുറ്റുപാടുകളോടു വല്ലാത്ത വെറുപ്പും അകല്‍ച്ചയും സൃഷ്ടിക്കുകയും ചെയ്യുന്നു. ഒപ്പം, ആത്മഹത്യാപ്രവണതയും വര്‍ധിപ്പിക്കുന്നു. ഒറ്റപ്പെട്ട ജീവിതരീതി അകാലമരണനിരക്ക് 26ശതമാനം വര്‍ധിപ്പിക്കുന്നതായും പഠനങ്ങള്‍ തെളിയിച്ചു.
    നാം ഏറെയൊന്നും പിന്നിലല്ല. വിദേശകുടിയേറ്റം ഇവിടെ ഏകാന്തജീവികളായ ഒരു വയോധികസമൂഹത്തെ രൂപപ്പെടുത്തിക്കഴിഞ്ഞു. ഉയര്‍ന്ന മതിലുകള്‍ക്കും അടഞ്ഞ ഗേറ്റുകള്‍ക്കും പിന്നില്‍ ഒറ്റപ്പെടലിന്റെ ദീര്‍ഘനിശ്വാസങ്ങളുണ്ട്. കണ്ണിയറ്റുപോയ പൊക്കിള്‍ക്കൊടിബന്ധങ്ങളുണ്ട്. മരിച്ചാല്‍ മക്കള്‍ക്കായി ഫ്രീസറില്‍ കാത്തിരിക്കുന്ന വര്‍ത്തമാനകാലത്തിനപ്പുറം മരണം മക്കളും മറ്റു മനുഷ്യരും അറിയാത്ത കാലം പടിവാതിലിലുണ്ട്. നമുക്ക് പരസ്പരം ചേര്‍ത്തുപിടിക്കാം. കൊഡോ കുഷിക്കാലത്തെ പടിക്കപ്പുറം അകറ്റിനിര്‍ത്താം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)