പാലക്കാട്: ചെറുപുഷ്പമിഷന്‍ ലീഗ് (സി.എം.എല്‍.) സംസ്ഥാന കലോത്സവത്തില്‍ മാനന്തവാടി രൂപത 474 പോയിന്റോടെ ഓവറോള്‍ കിരീടം നേടി. 443 പോയിന്റ് നേടി പാലാ രൂപത രണ്ടാം സ്ഥാനവും 410 പോയിന്റോടെ തലശ്ശേരി അതിരൂപത മൂന്നാം സ്ഥാനവും നേടി.
408 പോയിന്റു നേടിയ കോതമംഗലം രൂപതയ്ക്കാണ് നാലാംസ്ഥാനം. 372 പോയിന്റോടെ ഇടുക്കി രൂപത അഞ്ചാമതെത്തി. സാഹിത്യമത്സരത്തില്‍ മാനന്തവാടി രൂപത ഒന്നാം സ്ഥാനവും തലശേരി, പാലാ രൂപതകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.
പാലക്കാട് യുവക്ഷേത്ര കോളജില്‍ നടത്തിയ കലോത്സവത്തിന് മിഷന്‍ലീഗ് സംസ്ഥാനപ്രസിഡന്റ് രഞ്ജിത്ത് മുതലാക്കല്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന്, വിളംബരറാലി നടന്നു. ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് പ്രേഷിതകലാമേള ഉദ്ഘാടനം ചെയ്തു. സംസ്ഥാനപ്രസിഡന്റ് രഞ്ജിത് അധ്യക്ഷത വഹിച്ചു. സംസ്ഥാനഡയറക്ടര്‍ ഫാ. ഷിജു ഐക്കരക്കാനായില്‍, ജനറല്‍ സെക്രട്ടറി ജയ്‌സണ്‍ പുളിച്ചുമാക്കല്‍, ജനറല്‍ ഓര്‍ഗനൈസര്‍ തോമസ് അടുപ്പുകല്ലുങ്കല്‍, പാലക്കാട് രൂപത ഡയറക്ടര്‍ ഫാ. ജിതിന്‍ വേലിക്കകത്ത്, രൂപത പ്രസിഡന്റ് ഡേവിസ് കെ. കോശി, ബെന്നി മുത്തനാട്ട്, ബേബി പ്ലാശ്ശേരി എന്നിവര്‍ സംസാരിച്ചു.