പാലാ: അജപാലനശുശ്രൂഷയോടൊപ്പം കാര്‍ഷികരംഗത്തും മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയാണ് കൃഷിയച്ചന്‍ എന്നറിയപ്പെടുന്ന കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളി വികാരി ഫാ. ജോസഫ് വടകര. കര്‍ഷകകുടുംബത്തില്‍ ജനിച്ച അദ്ദേഹം തനിക്കു ലഭിച്ച കൃഷിയറിവുകളുമായിട്ടാണ് കാര്‍ഷികരംഗത്തേക്കു കടന്നുവന്നത്. പള്ളിയിലെ തിരക്കു കഴിഞ്ഞാലുടന്‍ തൂമ്പയുമായി കൃഷിയിടത്തിലേക്ക് ഇറങ്ങുന്നതാണ് എഴുപത്തഞ്ചുകാരനായ അച്ചന്റെ പതിവ്. രോഗാവസ്ഥ പലപ്പോഴും അലട്ടാറുണ്ടെങ്കിലും വടകരയച്ചന്റെ കൃഷിയോടുള്ള ആഭിമുഖ്യത്തെ ഇതൊന്നും ഒട്ടും ബാധിക്കാറില്ല. അടുത്തകാലത്ത് ആശുപത്രിവാസത്തിനിടയിലും അച്ചന്റെ മനസ്സ് കൃഷിയിടത്തുതന്നെയായിരുന്നു. കവീക്കുന്നില്‍ എത്തിയാല്‍ പള്ളിമുറ്റവും പള്ളിമേടയും പച്ചക്കറിക്കൃഷിയാല്‍ നിറഞ്ഞുനില്‍ക്കുന്ന കാഴ്ചയാണു കാണാന്‍ കഴിയുന്നത്.
കവീക്കുന്നുപള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ആയിരത്തോളം ചുവട് മരച്ചീനിയാണ് കൃഷി ചെയ്തിരിക്കുന്നത്. അച്ചന്റെയും കൈക്കാരന്മാരുടെയും നേതൃത്വത്തില്‍ഇപ്പോള്‍ അതിന്റെ വിളവെടുപ്പു നടത്തുകയാണ്. അമ്പതു കിലോഗ്രാം, പത്തു കിലോഗ്രാം എന്നിങ്ങനെ ഓര്‍ഡര്‍ അനുസരിച്ച് മരച്ചീനി കടകളില്‍ എത്തിച്ചുകൊടുക്കും. രണ്ടര ടണ്ണോളം പച്ചക്കപ്പ ഇതുവരെ വില്പന നടത്താനായി എന്നു വടകരയച്ചന്‍ പറഞ്ഞു. ഇനിയും വിളവെടുക്കാനുണ്ട്. കഴിഞ്ഞവര്‍ഷം നല്ല വിളവും നല്ല വിലയും ലഭിച്ചതാണ് ഈ പ്രാവശ്യവും മരച്ചീനിക്കൃഷി തുടരാന്‍ കാരണം. ഒരു ചുവട്ടില്‍നിന്ന് 25 കിലോഗ്രാംവരെ ലഭിക്കുന്നുണ്ട്.
ഇതുകൂടാതെ, 250 ഗ്രോബാഗുകളിലായി വഴുതന, പയര്‍, പച്ചമുളക്, വെണ്ട തുടങ്ങിയ പച്ചക്കറികള്‍ കൃഷി ചെയ്തിരിക്കുന്നത്. ചെങ്കദളി, റോബസ്റ്റ, നേന്ത്രവാഴ എന്നിവയുടെ കൃഷിയുമുണ്ട്. പൊക്കം കുറഞ്ഞ ആയൂര്‍ജാക്ക് ഇനത്തില്‍പെട്ട 140 പ്ലാവുകള്‍ പള്ളിപ്പറമ്പിലും പാരീഷ് ഹാളിനു സമീപവുമായി കൃഷി ചെയ്തിട്ടുണ്ട്. ഒന്നര വര്‍ഷംമുമ്പുമാത്രം നട്ട ഇവയില്‍ പലതും കായ്ഫലം നല്‍കിത്തുടങ്ങി. കൈക്കാരന്മാരായ സണ്ണി ജോസഫ് വരിക്കമാക്കല്‍, ബാബു മുകാല, ജോസ് മുകാല, ദൈവാലയശുശ്രൂഷി അമല്‍ വട്ടമറ്റം എന്നിവരും കൃഷിപ്പണികളില്‍ അച്ചനോടൊപ്പം തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു.
സാമൂഹിക-സാംസ്‌കാരിക-ആത്മീയ-കാര്‍ഷികമേഖലകളിലെ സേവനത്തെ മാനിച്ച് സാംസ്‌കാരികസംഘടനയായ കിഴതടിയൂര്‍ ഭാവന ഫാ. ജോസഫ് വടകരയ്ക്ക് ആദരവു നല്‍കിയിട്ടുണ്ട്.
മുമ്പ് കല്യാണ്‍ രൂപതയിലെ സാബന്തവാടിയില്‍ എസ്റ്റേറ്റിന്റെ ചുമതലക്കാരനായിരുന്നപ്പോള്‍ അവിടെയും കൃഷിയില്‍ വ്യാപൃതനായിരുന്നു വടകരയച്ചന്‍. ഇടുക്കി രൂപതയിലെ മുരിക്കന്‍തൊട്ടി ഇടവകയിലും ഇരുമ്പുപാലം ഇടവകയിലും ശുശ്രൂഷയിലായിരുന്നപ്പോഴും കൃഷിയില്‍ കര്‍മനിരനായിരുന്നു. പിന്നീട്, പാലാ രൂപതയിലെ ഉദയഗിരിപള്ളി വികാരിയായിരുന്നു. അവിടെനിന്നു കവീക്കുന്നില്‍ എത്തിയിട്ട് രണ്ടര വര്‍ഷത്തോളമായി.
വിഷരഹിതമായ പച്ചക്കറികളാണ് അച്ചന്റെ നേതൃത്വത്തില്‍ കൃഷി ചെയ്തുവരുന്നത്. ജൈവവളം മാത്രമേ ഉപയോഗിക്കുകയുള്ളൂവെന്നും ഫാ. ജോസഫ് വടകര പറയുന്നു. വിളവെടുപ്പുസമയത്ത് പച്ചക്കറി, കപ്പ തുടങ്ങിയയുടെ കിറ്റ് അച്ചന്‍ തയ്യാറാക്കിവച്ചിരിക്കും. ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ ഒരു സാധനവും മിച്ചംവരാറില്ലെന്ന് കൃഷിയച്ചന്‍ സാക്ഷ്യപ്പെടുത്തുന്നു. ഇനിയും കൂടുതല്‍ പച്ചക്കറികള്‍ കവീക്കുന്നിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് വടകരയച്ചന്‍.