ആലപ്പുഴ: മുനമ്പംജനതയുടെ അവകാശപ്പോരാട്ടത്തില്‍ നീതി ലഭ്യമാകുന്നതുവരെ സഭ ഒറ്റക്കെട്ടായി അവരോടൊപ്പമുണ്ടാകുമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
കത്തോലിക്കാകോണ്‍ഗ്രസ് സംഘടിപ്പിച്ച മുനമ്പം ഐക്യദാര്‍ഢ്യദിനാചരണത്തിന്റെ ഗ്ലോബല്‍തല ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു കര്‍ദിനാള്‍. നീതിക്കുവേണ്ടി കത്തോലിക്കാകോണ്‍ഗ്രസ് നടത്തുന്ന പോരാട്ടം കൂടുതല്‍ ശക്തിയോടെ തുടരണമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ തത്തംപള്ളിയില്‍ നടന്ന നസ്രാണിസമുദായ മഹാസംഗമത്തില്‍ ഐക്യദാര്‍ഢ്യദീപം തെളിച്ചാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം നിര്‍വഹിച്ചത്. കത്തോലിക്കാകോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ ഐക്യദാര്‍ഢ്യപ്രഖ്യാപനവും പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.
ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയില്‍, വൈസ് പ്രസിഡന്റ് രാജേഷ് ജോണ്‍, ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, അഡ്വ. മനു ജെ. വരാപ്പള്ളി, ബിനു ഡൊമിനിക്, സെബാസ്റ്റ്യന്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി. മുനമ്പംജനതയുടെ അവകാശപ്പോരാട്ടത്തില്‍ നീതി നടപ്പിലാക്കുന്നതുവരെ പോരാട്ടം നടത്തുമെന്ന് കത്തോലിക്കാകോണ്‍ഗ്രസ് പ്രഖ്യാപിച്ചു. മുനമ്പം ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആയിരത്തിലധികം കേന്ദ്രങ്ങളില്‍ സമ്മേളനങ്ങള്‍ നടന്നു.