•  23 Jan 2025
  •  ദീപം 57
  •  നാളം 45
ലേഖനം

ആവേശമായി സ്‌കൂള്‍ കായികമേള

    നാളെയുടെ താരങ്ങളെ കണ്ടെത്താനായുള്ള സംസ്ഥാന സ്‌കൂള്‍ കായികമാമാങ്കത്തില്‍ എട്ടുദിവസങ്ങളിലായി കൊച്ചിയിലെ 17 വേദികളില്‍ 25000 ത്തോളം താരങ്ങളാണ് മാറ്റുരച്ചത്. സവിശേഷപരിഗണന അര്‍ഹിക്കുന്ന വിഭാഗത്തിലെ കുട്ടികളുടെ പോരാട്ടത്തിനും ഈ കായികമാമാങ്കം വേദിയായി. കൂടാതെ, ഗള്‍ഫിലെ കേരളാ സിലബസ് സ്‌കൂളുകളില്‍നിന്നുള്ള താരങ്ങള്‍ ആദ്യമായി സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ പങ്കെടുത്തുവെന്നതും ശ്രദ്ധേയമാണ്. 
   ഗെയിംസും അക്വാട്ടിക്‌സും നീന്തലും എല്ലാംകൂടി ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള സംഘാടകരുടെ തീരുമാനം ഉചിതമായെങ്കിലും മുന്നൊരുക്കത്തിലെ പോരായ്മ ചില വേദികളിലെങ്കിലും പ്രകടമായിരുന്നു. എട്ടുനാളത്തെ കായികമാമാങ്കം പൂര്‍ത്തിയായപ്പോള്‍ 227 സ്വര്‍ണവും 150 വെള്ളിയും 164 വെങ്കലവും ഉള്‍പ്പെടെ 1935 പോയിന്റോടെ തലസ്ഥാനജില്ലയായ തിരുവനന്തപുരം പ്രഥമ ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിയില്‍ മുത്തമിട്ടു. 80 സ്വര്‍ണവും 65 വെള്ളിയും 99 വെങ്കലവുമായി തൃശൂര്‍ 848 പോയിന്റോടെ റണ്ണേഴ്‌സ് അപ്പായപ്പോള്‍ 64 സ്വര്‍ണവും 90 വെള്ളിയും 138 വെങ്കലവുമായി 824 പോയിന്റോടെ മലപ്പുറം ഓവറോള്‍ ചാമ്പ്യന്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.  
   സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി അക്വാട്ടിക്‌സില്‍ നടന്ന 103 മത്സരയിനങ്ങളില്‍ എഴുപത്തിനാലിലും ഒന്നാമതെത്തിയത് തിരുവനന്തപുരമായിരുന്നു. 74 സ്വര്‍ണവും 56 വെള്ളിയും 60 വെങ്കലവുമായി  654 പോയിന്റുകള്‍ തിരുവനന്തപുരം നീന്തല്‍ക്കുളത്തില്‍നിന്നു നേടിയപ്പോള്‍ 13 സ്വര്‍ണവും 21 വെള്ളിയും 12 വെങ്കലവുമുള്‍പ്പെടെ 162 പോയിന്റാണ് ആതിഥേയരായ എറണാകുളത്തിനു നേടാനായത്. എട്ടു സ്വര്‍ണവും 10 വെള്ളിയും ആറു വെങ്കലവുമായി 90 പോയിന്റ് നേടിയ കോട്ടയം നീന്തലില്‍ മൂന്നാം സ്ഥാനത്തെത്തി. ഈ വിഭാഗത്തില്‍ വ്യക്തിഗത സ്‌കൂളുകളില്‍ 146 പോയിന്റോടെ തിരുവനന്തപുരം കാര്യവട്ടം എം.വി.എച്ച്.എസ്.എസ്. തുണ്ടത്തില്‍ ഒന്നാമതെത്തിയപ്പോള്‍, പിരപ്പന്‍കോട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 63 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. 61 പോയിന്റോടെ കളമശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാമതും.  ഗെയിംസില്‍ 37 സ്വര്‍ണവും ആറു വെള്ളിയും 10 വെങ്കലവുമായി 213 പോയിന്റുകള്‍ തിരുവനന്തപുരം ജി.വി രാജാ നേടിയപ്പോള്‍ 10 സ്വര്‍ണവും ഏഴു വെള്ളിയും ഏഴു വെങ്കലവുമായി 78 പോയിന്റോടെ തിരുവനന്തപുരം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ഒമ്പതു സ്വര്‍ണവും രണ്ടു വെള്ളിയും രണ്ടു വെങ്കലവുമായി 53 പോയിന്റോടെ തിരുവനന്തപുരം കോട്ടണ്‍ ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.  
അത്‌ലറ്റിക്സിലെ ചാമ്പ്യന്‍ സ്‌കൂള്‍ പട്ടിക വിവാദം
    പുതുക്കിപ്പണിത എറണാകുളം മഹാരാജാസ് സിന്തറ്റിക് ട്രാക്കിലാണ് അത്‌ലറ്റിക്സ് മത്സരങ്ങള്‍ നടന്നത്. സിന്തറ്റിക് ട്രാക്ക് നിര്‍മിച്ചത് കൂടുതല്‍ കടുപ്പത്തിലാണെന്ന വിമര്‍ശനം ചില കായികാധ്യാപകര്‍ മുന്നോട്ടുവച്ചു. മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച പ്രകടനങ്ങളിലും കുറവുണ്ടായി. അഞ്ചു ദിവസങ്ങളിലായി നടന്ന അത്ലറ്റിക്സില്‍ പിറന്നത് ഒന്‍പത് റിക്കാര്‍ഡുകള്‍മാത്രം. ഡിസ്‌കസ് ത്രോയിലും ഷോട്ട്പുട്ടിലും കെ.സി. സര്‍വന്‍, 1500 ലും 3000 ലും എം.പി. മുഹമ്മദ് അമീന്‍, 110 ഹര്‍ഡില്‍സില്‍  വിജയ്കൃഷ്ണ, പോള്‍വാള്‍ട്ടില്‍ ജീനാ ബേസില്‍, ശിവേദ് രാജീവ് എന്നിവരും 400 മീറ്ററില്‍ മുഹമ്മദ് അഷ്ഫ്വാക്കുമാണ് വ്യക്തിഗതയിനങ്ങളില്‍ റിക്കാര്‍ഡിന് അര്‍ഹരായത്. ഗ്രൂപ്പിനത്തില്‍ റിലേയില്‍ ജൂണിയര്‍ ആണ്‍കുട്ടികളും റിക്കാര്‍ഡിന് അര്‍ഹരായി.
    ദേശീയ കായികരംഗത്ത്  എപ്പോഴും അതിശക്തമായ പ്രകടനം നടത്തിയിരുന്ന കേരളം സ്പ്രിന്റ് ഇനങ്ങളിലും മധ്യദൂര ഇനങ്ങളിലും ഒരു പിന്നോട്ടുപോക്കിലാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു ഈ ഇനങ്ങളിലെ 100, 200, 400, ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ നിലവിലുള്ള സംസ്ഥാന റിക്കാര്‍ഡുകള്‍ ഒന്നും  മറികടക്കാന്‍ ഇക്കുറി കഴിഞ്ഞിട്ടില്ല. മുന്‍ കാലങ്ങളിലെ ചാമ്പ്യന്‍ സ്‌കൂളുകളില്‍ കോതമംഗലം മാര്‍ ബേസില്‍മാത്രമാണ് പഴയ പടക്കുതിരകളില്‍ ഇക്കുറി അല്പമെങ്കിലും പിടിച്ചുനിന്നത്. കഴിഞ്ഞ തവണ മികച്ച പ്രകടനം നടത്തിയ കല്ലടി എച്ച്.എസ്. കുമരംപുത്തൂര്‍, പറളി എച്ച്.എസ്. എന്നിവര്‍ പിന്നാക്കം പോയി. തിരുനാവായ നാവാമുകുന്ദ, ചീക്കോട് കെ.കെ.എം.എച്ച്.എസ്. തുടങ്ങിയ സ്‌കൂളുകളുടെ മുന്നേറ്റത്തിനും കൊച്ചി സാക്ഷ്യം വഹിച്ചു.  
   അത്‌ലറ്റിക്സിലെ ചാമ്പ്യന്‍ജില്ലയെ നിര്‍ണയിക്കുന്നതു സംബന്ധിച്ച് മെഡല്‍ദാന സമയത്തുമാത്രമുണ്ടായ പ്രഖ്യാപനം ശരിക്കും മേളയുടെ നിറം കെടുത്തിയെന്നു  നിസ്സംശയം പറയം. സ്‌കൂള്‍ കായികമേളയുടെ ചരിത്രത്തില്‍ ഇതുവരെ ചാമ്പ്യന്‍  സ്‌കൂളിനെ നിര്‍ണയിക്കുന്നത് ജനറല്‍ കാറ്റഗറിയില്‍ കൂടുതല്‍ പോയിന്റ് നേടുന്ന സ്‌കൂളുകളില്‍ നിന്നാണ്. സര്‍ക്കാര്‍ പ്രതിദിനഭക്ഷണ അലവന്‍സും താമസസൗകര്യവും നല്കി പരിശീലനം നല്കുന്ന സ്പോര്‍ട്‌സ് സ്‌കൂളുകളെയും ജനറള്‍ സ്‌കൂളുകളെയും വെവ്വേറെയാക്കിയാണ് പോയിന്റ് പട്ടിക തയാറാക്കിയിരുന്നത്. ഇക്കുറിയും അത്തരത്തില്‍ത്തന്നെയാണ് പട്ടിക തയാറാക്കിയത്.  
ഇതനുസരിച്ച് ജനറല്‍ കാറ്റഗറിയില്‍പ്പെട്ട കടകശേരി ഐഡിയല്‍ സ്‌കൂള്‍ എട്ടു സ്വര്‍ണവും 11 വെള്ളിയും ഏഴു വെങ്കലവും ഉള്‍പ്പെടെ 80 പോയിന്റുകള്‍ നേടി മികച്ച സ്‌കൂളായും തിരുനാവായ നാവാമുകുന്ദ രണ്ടു സ്വര്‍ണവും ഒമ്പതു വെള്ളിയും ഏഴു സ്വര്‍ണവുമടക്കം 44 പോയിന്റുമായി രണ്ടാം സ്ഥാനത്തും കോതമംഗലം മാര്‍ ബേസില്‍  നാലു സ്വര്‍ണവും ആറു വെള്ളിയുമായി 38 പോയിന്റോടെ മൂന്നാം സ്ഥാനത്തുമെത്തി. എന്നാല്‍, മികച്ച സ്‌കൂളുകള്‍ക്കുള്ള സമ്മാനങ്ങള്‍ക്കായി വിളിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് ജി.വി. രാജാ സ്പോര്‍ട്സ് സ്‌കൂളിനെയാണ് ക്ഷണിച്ചത്. ഇതേത്തുടര്‍ന്ന് നാവാമുകുന്ദയും മാര്‍ ബേസിലും പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍, പ്രതിഷേധിച്ച വിദ്യാര്‍ഥികളോടു കൃത്യമായി വിശദീകരണം നല്കാതെ എ.ആര്‍. ക്യാമ്പില്‍നിന്നുള്‍പ്പെടെയെത്തിയ പോലീസുകാര്‍ അവരെ മര്‍ദിക്കാനും വിരട്ടിയോടിക്കാനുമാണ് ശ്രമിച്ചത്. 
    സ്‌കൂള്‍ കായികമേളനടത്തിപ്പില്‍ എന്തെങ്കിലും പരിഷ്‌കാരമോ മാറ്റമോ ഉണ്ടെങ്കില്‍ അതു നേരത്തെ അറിയിക്കാതെ വേദിയില്‍ മെഡല്‍ നല്കുമ്പോള്‍ പ്രഖ്യാപിക്കുന്നത് എത്രമാത്രം യുക്തിസഹമാണെന്നായിരുന്നു ചാമ്പ്യന്‍സ്‌കൂളുകളുെടയും താരങ്ങളുടെയും ചോദ്യം. 
ഗംഭീരമായ ഉദ്ഘാടനച്ചടങ്ങിന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും  പി.ആര്‍. ശ്രീജേഷും സവിശേഷപരിഗണനയര്‍ഹിക്കുന്ന 
കായികതാരമായ ശ്രീലക്ഷ്മിയും ചേര്‍ന്ന് ദീപശിഖ തെളിയിച്ചു. ശ്രീജി ഷാജി കായികതാരങ്ങള്‍ക്കുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മേളയോടനുബന്ധിച്ചു നടന്ന സാംസ്‌കാരികപരിപാടിയുടെ ഉദ്ഘാടനം ചലച്ചിത്രതാരം മമ്മൂട്ടി നിര്‍വഹിച്ചു. ഔദ്യോഗിക ഉദ്ഘാടനത്തിനുശേഷം നടന്ന സാംസ്‌കാരികപരിപാടിയില്‍ നാലായിരത്തിലധികം കുട്ടികള്‍ പങ്കെടുത്തു. പി.ടി. ഡിസ്പ്ലേ, കലസ്തെനിക്‌സ്, എയ്‌റോബിക്സ്, സൂംബ, അത്തച്ചമയം, ക്വീന്‍ ഓഫ് അറേബ്യന്‍ സീ, തിരുവാതിര, പുലികളി, ചെണ്ടമേളം തുടങ്ങിയവ അണിനിരന്നു. ചരിത്രത്തില്‍ ആദ്യമായി ഭിന്നശേഷി കുട്ടികള്‍ കായികമേളയുടെ മത്സരങ്ങള്‍ക്കൊപ്പം പങ്കുചേര്‍ന്നു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)