ആരും പ്രതീക്ഷിക്കാത്ത നേരത്തായിരുന്നു അതു സംഭവിച്ചത്. വയനാട്ടില്‍ അര്‍ധരാത്രി അപ്രതീക്ഷിതമായുണ്ടായ ഉരുള്‍പൊട്ടലുകളില്‍ മുന്നൂറോളം പേരാണ് മരിച്ചതായി സ്ഥിരീകരിച്ചത്. നൂറ്റമ്പതോളം പേരെക്കുറിച്ച് യാതൊരു വിവരവുമില്ല. ചില കുടുംബങ്ങളില്‍ ആകെ അവശേഷിച്ചത് ഒരാള്‍ മാത്രം. ചിലയിടത്താകട്ടെ പിഞ്ചുകുട്ടികള്‍ മാത്രം. ജീവിതപങ്കാളിയെ, മാതാപിതാക്കളെ, മക്കളെ, സഹോദരങ്ങളെ, സുഹൃത്തുക്കളെ, ബന്ധുക്കളെ ഒക്കെ നഷ്ടപ്പെട്ട അനേകരുടെ വേദന വയനാട്ടിലെ ക്യാംപുകളിലുള്ളവരുടെ മുഖത്തുനിന്നും വായിച്ചെടുക്കാമായിരുന്നു. ആരും പ്രതീക്ഷിച്ചിരുന്നില്ല, തങ്ങളുടെ പ്രിയപ്പെട്ടവര്‍ ഈ ലോകത്തുനിന്ന് ഇത്രവേഗം മറയുമെന്ന്.
അടുത്തകാലത്തു വിടവാങ്ങിയ രത്തന്‍ ടാറ്റായുടെ മരണവും ഏറെ ആളുകളുടെ ഹൃദയത്തിനു വേദനയായി. സ്വന്തം വരുമാനത്തിന്റെ വലിയൊരു പങ്ക് മറ്റുള്ളവരെ സഹായിക്കാന്‍ മാറ്റിവച്ച വ്യക്തിയായിരുന്നു രത്തന്‍ ടാറ്റ.
മനുഷ്യനു മാറ്റാന്‍ കഴിയാത്ത ഒരു സത്യമാണ് മരണം. ഒരു വ്യക്തിയുടെ ത്യാഗത്തിന്റെ പരമോന്നതഭാവം കൂടിയാണ് മരണം. മനുഷ്യപാപങ്ങള്‍ക്കു പരിഹാരമായി സ്വന്തം ജീവിതംതന്നെയാണ് യേശുക്രിസ്തു ബലിയായി നല്‍കിയത്.
പോളണ്ടിലെ ഔഷ്‌വിറ്റ്‌സിലെ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍, ക്രൂരനായ സ്വേച്ഛാധിപതി ഹിറ്റ്‌ലറുടെ പടയാളികള്‍, പട്ടിണിക്കിട്ടു കൊല്ലാന്‍ തടവുപുള്ളികളെ തിരഞ്ഞെടുത്തപ്പോള്‍ അതിലെ പത്താമനായ ഫ്രാന്‍സിസ് ഗയോണി വാവിട്ടു നിലവിളിച്ചു. ഉടനെ, 'ആ മനുഷ്യനു പകരം ഞാന്‍ മരിക്കാം' എന്നു പറഞ്ഞുകൊണ്ട് സഹജീവിയെ രക്ഷിക്കാന്‍ മരണം വരിച്ച വിശുദ്ധനാണ് വി. മാക്‌സ്മില്യണ്‍ കോള്‍ബെ എന്ന പുരോഹിതന്‍.
തന്റെ കന്യാകാത്വം സംരക്ഷിക്കുന്നതിനുവേണ്ടി പന്ത്രണ്ടാം വയസ്സില്‍ രക്തസാക്ഷിയായ ബാലികയാണ് വി. മരിയ ഗൊരേത്തി. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ മരണം ഏറ്റുവാങ്ങിയവരാണ് വി. സെബസ്ത്യാനോസും വി. ഗീവര്‍ഗീസും വി. ദേവസഹായം പിള്ളയുമുള്‍പ്പെടെയുള്ള വിശുദ്ധര്‍. ക്രിസ്തുവില്‍ അവര്‍ക്ക് മരണം നഷ്ടമല്ല, നേട്ടമാണ്.
'നിങ്ങള്‍ എന്തിനു ദുഃഖിക്കുന്നു? എനിക്കായുള്ള സമയം ഇപ്പോഴാകുന്നു. എല്ലാ മനുഷ്യരും മരിക്കേണ്ടവരല്ലേ? മാമ്മോദീസായിലൂടെ ലഭിച്ച വരപ്രസാദം ഞാന്‍ നഷ്ടപ്പെടുത്തിയില്ല' എന്നാണ് തന്റെ അന്ത്യനിമിഷത്തില്‍ വി. ചാവറയച്ചന്‍ ചുറ്റുംകൂടിനിന്നവരോടു പറഞ്ഞത്.
''ആ ദിനം വിദൂരമല്ല, നമ്മുടെ സമയവും പരിമിതമാണ്. അതിനാല്‍ മനഃസാക്ഷിയുടെ ശബ്ദത്തിനനുസൃതമായി ജീവിക്കാം. ഓരോ ദിവസവും എന്റെ ജീവിതത്തിലെ അവസാനത്തെ ദിവസമാണെന്നു കരുതി ജീവിക്കാം''-അകാലത്തില്‍ വിടപറഞ്ഞ, സോഫ്റ്റ്‌വെയര്‍വിദഗ്ധനും, ആപ്പിളിന്റെ സഹസ്ഥാപകനുമായ സ്റ്റീവ് ജോബ്‌സ് സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റിയില്‍വച്ചു പറഞ്ഞ വാക്കുകളാണിത്.
പലരും ജീവിക്കുന്നത് ഉടനെയൊന്നും മരിക്കില്ല എന്ന ധാരണയിലാണ്. പക്ഷേ, വിളിക്കാത്ത അതിഥിയെപ്പോലെ ഏതു നിമിഷവും പടികടന്നെത്തുന്ന യാഥാര്‍ഥ്യമാണ് മരണം. ആ മരണത്തിനായി നമ്മള്‍ എത്രത്തോളം ഒരുങ്ങിയിട്ടുണ്ട്? ബാഹ്യമായ സമ്പത്തിനെക്കാളും തയ്യാറെടുപ്പിനെക്കാളും ആത്മാവിനെ എത്രമാത്രം ഒരുക്കിയിട്ടുണ്ട്? ചാവറയച്ചനെപ്പോലെ മാമ്മോദീസായിലൂടെ ലഭിച്ച വരപ്രസാദം ഞാന്‍ നഷ്ടപ്പെടുത്തിയില്ല എന്ന് നമ്മളില്‍ എത്രപേര്‍ക്ക് ഉറപ്പിച്ചുപറയാന്‍ സാധിക്കും?
പ്രശസ്ത എഴുത്തുകാരന്‍ റോബിന്‍ ശര്‍മ്മ എഴുതിയ രാജ്യാന്തര ബെസ്റ്റ് സെല്ലറായ പുസ്തകത്തിന്റെ പേര് 'ണവീ ംശഹഹ രൃ്യ ംവലി ്യീൗ റശല?' എന്നാണ്.
നമ്മള്‍ മരിക്കുമ്പോള്‍ ആരൊക്കെ കരയും എന്ന എഴുത്തുകാരന്റെ ചോദ്യം നമ്മള്‍ നമ്മളോടു തന്നെയാണ് ചോദിക്കേണ്ടത്. നമ്മുടെ സമ്പത്ത്, പദവി, അംഗീകാരങ്ങള്‍, സൗന്ദര്യം, പ്രശസ്തി എന്നിവയുടെ പേരിലായിരിക്കില്ല; മറിച്ച് നാം ജീവിച്ചിരിക്കുമ്പോള്‍ ചെയ്ത പ്രവൃത്തിയുടെ പേരിലായിരിക്കും ആളുകള്‍ കരയുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മരിച്ചപ്പോള്‍ മൃതസംസ്‌കാരത്തില്‍ പങ്കെടുത്ത ജനാവലി ഹൃദയത്തില്‍നിന്നു പങ്കുവച്ച ജീവിതാനുഭവങ്ങളും ആ സത്യം ഉറപ്പിക്കുന്നു. പദവികളല്ല, സ്ഥാനങ്ങളല്ല; മറിച്ച്, പ്രവൃത്തിയാണ് ഒരാളുടെ വില നിശ്ചയിക്കുന്നത്. അതു മരണശേഷവും നിലനില്‍ക്കും.
ഓരോ നിമിഷവും ഓര്‍മകളായി മാറുമ്പോഴാണ് അവയുടെ വില നാം മനസ്സിലാക്കുന്നത്. എപ്പോഴും നമ്മുടെ കൂടെയുള്ളപ്പോള്‍ വ്യക്തികളുടെയും വസ്തുക്കളുടെയും ശുശ്രൂഷാമേഖലകളുടെയൊന്നും വില നാം മനസ്സിലാക്കണമെന്നില്ല. അതില്ലാതായിരിക്കുമ്പോഴായിരിക്കും അവ എത്രത്തോളം വേണ്ടപ്പെട്ടതായിരുന്നു എന്നു തിരിച്ചറിയുന്നത്.
'മരണമെത്തുന്ന നേരത്തു നീയെന്റെ
അരികില്‍ ഇത്തിരി നേരം ഇരിക്കണേ' എന്ന ചലച്ചിത്രഗാനത്തിലെ വരികളും പ്രിയപ്പെട്ടവരുടെ സാന്നിധ്യം വിലമതിക്കുന്നു. ഈലോകജീവിതം എത്ര ചെറുതാണ്! നാം ഈ ലോകത്തില്‍നിന്ന് എപ്പോള്‍ മടങ്ങുമെന്ന് നമുക്കു പറയാന്‍ കഴിയില്ല. അതിനാല്‍, മറ്റുള്ളവരോടു മനസ്സില്‍ അസൂയയും കാലുഷ്യവുമില്ലാതെ ജീവിക്കാം.
'മനസ്സില്‍ നിറയും മലിനതയെല്ലാം
കഴുകി ധന്യരാവാം' എന്ന വി. കുര്‍ബാനയിലെ വരികള്‍ നെഞ്ചോടു ചേര്‍ത്തുനിര്‍ത്താം.
ലേഖനം