''വാക്കുകള്‍കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ,
ദീര്‍ഘദര്‍ശനം ചെയ്യും
ദൈവജ്ഞരല്ലോ നിങ്ങള്‍!''
വൈലോപ്പിള്ളി ശ്രീധരമേനോന്റെ വരികള്‍ മലയാളകവിതയില്‍ ശൈശവനിഷ്‌കളങ്കതയുടെ നിതാന്തനിദര്‍ശനമായി നിലകൊള്ളുന്നവയാണ്. ''ശിശുക്കളെപ്പോലെയാകുവിന്‍'' എന്ന ക്രിസ്തുവചനം, സ്വര്‍ഗം പ്രതിസമ്മാനമായി പ്രതിഷ്ഠിച്ചുകൊണ്ടാണ് നമ്മുടെ ഹൃദയങ്ങളെ പ്രചോദിപ്പിക്കാനെത്തുന്നത്. ശിശു മനുഷ്യന്റെ പിതാവാണെന്ന വില്യം വേര്‍ഡ്‌സ്‌വര്‍ത്തിന്റെ വിഖ്യാതമായ നിരീക്ഷണവും നിസ്സാരമല്ല.
''പ്രഭാതം ദിവസത്തിന്റെ ലക്ഷണം പറയുന്നതുപോലെ, ബാല്യം മനുഷ്യന്റെ ലക്ഷണം പറയുന്നു.'' മില്‍ട്ടണ്‍ ഇവിടെ സൂചിപ്പിക്കുന്നത് കുട്ടിക്കാലത്തിന്റെ പ്രാധാന്യത്തെത്തന്നെയാണ്. 'മുളയിലറിയാം വിള' എന്ന പഴഞ്ചൊല്ലിന്റെ സാരാംശവും മറ്റൊന്നല്ലല്ലോ. ആര്‍ദ്രമധുരവും വാത്സല്യനിര്‍ഭരവുമായ പദാവലികള്‍ ഉപയോഗിച്ചേ ശൈശവത്തെക്കുറിച്ച് ആരും പറയുകയും എഴുതുകയും ചെയ്യാറുള്ളൂ. അത്രമേല്‍ മനുഷ്യസമൂഹത്തെ പുതുക്കമുള്ളതാക്കാന്‍ കുട്ടിത്തത്തിന്റെ ഓര്‍മകള്‍ക്കുപോലും കഴിയും. ഏഴാച്ചേരി രാമചന്ദ്രന്റെ ഈ വരികള്‍ ശ്രദ്ധിക്കൂ:
''പുഞ്ചിരിത്തിരിയിട്ടു പൂമുഖത്തിണ്ണയില്‍
നന്മ കൊളുത്തുന്ന ദീപങ്ങള്‍; അവരല്ലോ തളിരിളം പൈതങ്ങള്‍.''
കാര്യമൊക്കെ ശരിതന്നെ. കഥയിലും കവിതയിലും ഇങ്ങനെയൊക്കെ പറയാം. എന്നാല്‍, യാഥാര്‍ഥ്യം എന്താണ്? ഇന്നത്തെ കുട്ടികള്‍, കുട്ടികളാണോ? അവര്‍ വാക്കിലും പ്രവൃത്തിയിലും എപ്രകാരമാണ് നമ്മുടെ മുമ്പില്‍ അവതരിക്കുന്നത്? കുഞ്ഞുങ്ങളോട് അതിരറ്റ കൗതുകത്തോടും അലിവോടുംകൂടി ഇടപെട്ട് മുറിവേറ്റവര്‍ നമുക്കിടയിലില്ലേ? നേഴ്‌സറിക്കുരുന്നുകളോടുപോലും സൂക്ഷിച്ചിടപഴകിയില്ലെങ്കില്‍ പരിക്ക് ഏറ്റുവാങ്ങേണ്ടിവരുന്ന കാലം! എന്താണു നമ്മുടെ കുട്ടികള്‍ ഇങ്ങനെയൊക്കെ പെരുമാറാന്‍ കാരണം?
മക്കള്‍ മിടുക്കരായ കുട്ടികളാവണമെന്ന പ്രതീക്ഷയില്‍ അപകടമില്ല. എന്നാല്‍, മിടുക്കിന്റെ മാനദണ്ഡം എന്തെന്നതില്‍ വ്യക്തത വേണം. വായില്‍ കൊള്ളാത്തതും പ്രായത്തിനും സ്ഥാനത്തിനും ചേരാത്തതുമായ വര്‍ത്തമാനങ്ങള്‍തന്നെയാണ് ആദ്യത്തെ ആപത്ത്. അതിനവരെ കുറ്റം പറയാനുമാവില്ല. കുട്ടികള്‍ക്കിണങ്ങാത്ത സംസാരശൈലികളെ വാനോളം പുകഴ്ത്തുന്ന മുതിര്‍ന്നവര്‍തന്നെയാണ് ഉത്തരവാദികള്‍. ചാനല്‍പരിപാടികളിലും വിവിധ വേദികളിലും കേട്ടുശീലിച്ച് ഉത്തമമെന്നു ധരിച്ചുവച്ചിരിക്കുന്നവ കുടുംബാന്തരീക്ഷത്തിലും ക്ലാസ്മുറികളിലും കുട്ടികള്‍ ഔചിത്യദീക്ഷയില്ലാതെ അനുകരിക്കുന്നു. റിയാലിറ്റിഷോകളുടെ മായികപ്രപഞ്ചത്തില്‍
'കുട്ടികളല്ലേ, അവര്‍ എന്തും പറയട്ടെ' എന്നു കരുതുന്നതിലെ അപകടം അനുദിനജീവിതത്തിലേക്കു പടരുന്നു.
കുട്ടികള്‍ ഇന്നു വരുത്തുന്ന വീഴ്ചകള്‍ പലതും കുട്ടിത്തത്തിന്റെ ഭാഗമല്ല; മറിച്ച്, കുട്ടിത്തം കൈവിട്ടുപോയതിന്റെ നഷ്ടങ്ങളാണ് എന്നു നാം തിരിച്ചറിയ
ണം. ഒരു അധ്യാപകന്‍ പങ്കുവച്ചത് ഓര്‍ക്കുന്നു: ''ഇന്ന് സ്‌കൂളിലൊന്നും ചെറിയ കുട്ടികളില്ല. എന്നുവച്ചാല്‍, കുട്ടിത്തമുള്ള കുട്ടികളില്ല. പ്രൈമറിക്ലാസില്‍പോലും കുട്ടിത്തമില്ലാത്ത കുട്ടികളാണുള്ളത്. നിഷ്‌കളങ്കമായി സംസാരിക്കാനോ ചിരിക്കാനോ പറ്റുന്ന കുട്ടികള്‍ കുറവാണ്.''
''ഇന്നത്തെ കുട്ടികളുടെ പ്രശ്‌നം അവര്‍ ആഗ്രഹിക്കുന്നത് ലഭിക്കാത്തതല്ല, എന്താണ് ആഗ്രഹിക്കേണ്ടതെന്ന് അവര്‍ക്ക് അറിയാന്‍ പാടില്ലാത്തതാണ്.'' സാമൂഹികശാസ്ത്രജ്ഞരുടെ ഈ നിരീക്ഷണം ശരിയെന്നു സമ്മതിക്കേണ്ടിവരും. ആഗ്രഹങ്ങള്‍ക്ക് അതിരുകളില്ലെന്നും ആര്‍ക്കും എന്തും ആഗ്രഹിക്കാം എന്നുമുള്ള വിചാരം കുട്ടികളില്‍ കുത്തിവയ്ക്കുന്നതില്‍ വലിയ ദോഷമുണ്ട്. കുട്ടികള്‍, കുട്ടികളായി വളരട്ടെ. കുട്ടിത്തം നിറഞ്ഞ സ്വപ്നങ്ങളും ആവശ്യങ്ങളും അവര്‍ക്ക് ഉണ്ടാകട്ടെ. ശൈശവ, ബാല്യ, കൗമാര, യൗവനങ്ങള്‍ പിന്നിട്ട് അവര്‍ പക്വതയിലേക്ക് എത്തട്ടെ. അതിനുള്ള പിന്തുണയല്ലേ കുടുംബവും സമൂഹവും കുഞ്ഞുങ്ങള്‍ക്കു സമ്മാനിക്കേണ്ടത്?