മഹാകവി സിസ്റ്റര്‍ മേരി ബനീഞ്ഞാ ജനിച്ചിട്ട് നവംബര്‍ 6 ന് 125 വര്‍ഷം പൂര്‍ത്തിയായി.
1899 നവംബര്‍ 6 ന് ഇലഞ്ഞിയിലെ ആഭിജാത്യമുള്ള ഒരു നസ്രാണിക്കുടുംബമായ 'തോട്ട'ത്തില്‍ കുഞ്ഞുമാമ്മി എന്ന ഓമനപ്പേരില്‍ വിളിക്കപ്പെട്ട മേരി ജോണ്‍ തോട്ടം (സിസ്റ്റര്‍ മേരി ബനീഞ്ഞാ) ഭൂജാതയായി. പിതാവ് ഉലഹന്നന്‍. അമ്മ മാന്നാനത്ത് പാട്ടശ്ശേരില്‍ കോരയുടെ മകള്‍ മറിയാമ്മ. പത്തുസന്താനങ്ങളില്‍ ആദ്യജാതയാണ് ബനീഞ്ഞാമ്മ. ആശാന്‍കളരിയില്‍ പ്രാഥമികവിദ്യാഭ്യാസം. മാന്നാനം, മുത്തോലി, കൊല്ലം എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ തുടര്‍വിദ്യാഭ്യാസം. കൊല്ലം ഗവ. മലയാളം സ്‌കൂളില്‍ ചേര്‍ന്ന് മലയാളം ഹയര്‍ പരീക്ഷ പാസ്സായശേഷം വടക്കന്‍ പറവൂര്‍ സെന്റ് തോമസ് പ്രൈമറി സ്‌കൂളില്‍ അധ്യാപികയായി ജോലി നോക്കി. 1922 മുതല്‍ കുറവിലങ്ങാട് കോണ്‍വെന്റ് മിഡില്‍ സ്‌കൂളില്‍ അധ്യാപികയായും സേവനമനുഷ്ഠിച്ചു. ഇക്കാലത്ത് മേരി ജോണ്‍ തോട്ടം എന്ന പേരില്‍ കര്‍മലകുസുമം, നസ്രാണിദീപിക തുടങ്ങിയ ഒട്ടേറെ പ്രസിദ്ധീകരണങ്ങളില്‍, കവിതകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു.
1927 ല്‍ 'ഗീതാവലി' എന്ന ആദ്യകവിതാസമാഹാരം മഹാകവി ഉള്ളൂരിന്റെ അവതാരികയോടെ പ്രസിദ്ധീകരിച്ചു. മഹാകവിയുടെ അവതാരിക കവയിത്രിക്കു വ്യാപകമായ അംഗീകാരം നേടിക്കൊടുത്തു.
1928 ജൂലൈ 16 ന് കര്‍മലമാതാവിന്റെ തിരുനാള്‍ദിനത്തില്‍ മേരി ജോണ്‍ തോട്ടം കുറവിലങ്ങാട് കര്‍മലമഠത്തിന്റെ ആവൃതിക്കുള്ളിലേക്കു സഹര്‍ഷം കാലെടുത്തുവച്ചു. അന്നത്തെ ദിനപത്രത്തില്‍ പ്രത്യക്ഷപ്പെട്ട 'ലോകമേ യാത്ര' ജാതിമത വര്‍ണവര്‍ഗഭേദമില്ലാതെ എല്ലാവരും നെഞ്ചിലേറ്റി ലാളിച്ചു. അതുള്‍പ്പെടെ 12 ഖണ്ഡകൃതികളുടെ സമാഹാരമാണ് 'നമ്മുടെ പുസ്തകലോകത്തിലെ ഒരദ്ഭുതം' എന്ന പ്രശംസയ്ക്കു പാത്രീഭവിച്ചിട്ടുള്ള 'കവിതാരാമം'. ശക്തിമത്തായ വികാരങ്ങളുടെ അനര്‍ഗളപ്രവാഹമാണ് കവിത എന്ന് ആംഗലകവിശ്രേഷ്ഠനായ വേഡ്‌സ്‌വര്‍ത്ത് പറഞ്ഞിട്ടുള്ളത് ഇവിടെ ഓര്‍മിക്കുന്നു. ''പരിശുദ്ധ വികാരങ്ങളുടെ നിര്‍ഗളമായ പ്രവാഹമാണ് മേരി ജോണ്‍ കവിതകളുടെ സ്വത്വമുദ്ര എന്നു കവിയും നിരൂപകനുമായ പ്രഫ.മാത്യു ഉലകംതറ ഉദാഹരണങ്ങള്‍ നിരത്തി രേഖപ്പെടുത്തിയിരിക്കുന്നത് ഇവിടെ സ്മണീയം.
'സമര്‍ത്ഥനായ സീസറും, പ്രസിദ്ധനായ ഹോമറും,
സമത്വമറ്റ സോളമന്‍ തുടങ്ങി യുള്ള വിജ്ഞരും,
അമര്‍ന്നുപോയി കാലചക്ര വിഭ്രമത്തിലെങ്കിലീ
നമുക്കു പിന്നെയെന്തു ശങ്ക? മാറ്റമൊന്നുമില്ലതില്‍''
തുടങ്ങിയ അനശ്വരത ഉറപ്പാക്കിയിട്ടുള്ള വരികള്‍ അനേകം കന്യകകള്‍ക്കു സര്‍വസംഗപരിത്യാഗികളായി സന്ന്യാസത്തെ ആശ്ലേഷിക്കാന്‍ കാരണമായി എന്നു പറയാതെ മുന്നോട്ടു നീങ്ങാന്‍ തൂലിക വിസമ്മതിക്കുന്നു. ''സന്ന്യാസത്തിലേക്കുള്ള വിളിയും കവിതാവാസനയും ഒരുപോലെ ചെറുപ്പംമുതല്‍ എന്നില്‍ വളര്‍ന്നുവന്നതാണ്... ഏതെങ്കിലും ഒന്നിനെ ഉപേക്ഷിച്ചേ കഴിയൂ എങ്കില്‍ സാഹിത്യത്തെത്തന്നെ ഉപേക്ഷിക്കുക എന്നു ഞാന്‍ തീരുമാനിച്ചു. പക്ഷേ, ഒന്നിനെയും എനിക്കുപേക്ഷിക്കേണ്ടിവന്നില്ല.'' (വാനമ്പാടി - ആത്മകഥ)
ഗീതാവലി(1927), കവിതാരാമം(1929), ഈശപ്രസാദം(1934), ചെറുപുഷ്പത്തിന്റെ ബാല്യകാലസ്മരണകള്‍ (1936), വിധിവൈഭവം(1936), ആത്മാവിന്റെ സ്‌നേഹഗീത (1936), ആധ്യാത്മികഗീത(1945), മാഗി(1959), മധുമഞ്ജരി(1961), ഭാരതമഹാലക്ഷ്മി(1962), കവനമേള (1965), മാര്‍ത്തോമ്മാവിജയം മഹാകാവ്യം (1970), കരയുന്ന കവിതകള്‍ (1971), ഗാന്ധിജയന്തി മഹാകാവ്യം(1977), അമൃതധാര(1980) എന്നീ കൃതികള്‍ പ്രസിദ്ധീകൃതമായി. തിരഞ്ഞെടുത്ത കവിതകളുടെ ആദ്യസമാഹാരം - തോട്ടം കവിതകള്‍ 1973 ലും ലോകമേ യാത്ര എന്ന രണ്ടാമത്തെ സമാഹാരം മരണാനന്തരം 1986 ലും പുറത്തുവന്നു. വാനമ്പാടി എന്ന ആത്മകഥയും 1986 ലാണ് പ്രസിദ്ധീകരിച്ചത്.
1971 ല്‍ പരിശുദ്ധ പിതാവ് 'ബനേമെരേന്തി' എന്ന ബഹുമതി നല്‍കി ബനീഞ്ഞാമ്മയുടെ സാഹിത്യസേവനം അംഗീകരിച്ചു. 1981 ല്‍ കേരള കത്തോലിക്കാ അല്മായ അസോസിയേഷന്‍ 'ചെപ്പേട്' നല്‍കി ആദരിച്ചതും ശ്രദ്ധേയമാണ്. 1985 മേയ് 21 ന് കല്യാണക്കാതലായ കതിരവനെ' ആ കൈകള്‍ നീട്ടിപ്പിടിച്ചു. സുഗതകുമാരി റ്റീച്ചറിന്റെ വാക്കുകള്‍ ബനീഞ്ഞാമ്മയുടെ കവിതകളെ ഇങ്ങനെ രേഖപ്പെടുത്തുന്നു: ''ആ പാട്ടുകള്‍ക്ക് ആത്മാര്‍ഥതയുടെ ചൈതന്യമുണ്ട്. അകൃത്രിമത്വത്തിന്റെ മാധുര്യമുണ്ട്, വിശിഷ്ട ഭക്തിയുടെ വിശുദ്ധിയുണ്ട്, ദിവ്യപ്രേമത്തിന്റെ ആനന്ദവായ്പുമുണ്ട്.''
മലയാളത്തിലെ ഏക മിസ്റ്റിക് കാവ്യമാണ് ബനീഞ്ഞാമ്മയുടെ 'ആത്മാവിന്റെ സ്‌നേഹഗീത'. തന്റെ ആത്മകഥയില്‍ ബനീഞ്ഞാമ്മ ഇങ്ങനെ രേഖപ്പെടുത്തി. 'ഞാനറിയാതെ ഞാനെഴുതിയ കൃതി! അതിലെ പദാവലി ആദ്യന്തം എന്റെ ഉള്ളിന്റെയുള്ളില്‍നിന്ന് വൈദ്യുതിപ്രവാഹസമാനം തള്ളിപ്പുറപ്പെട്ട ആത്മാനുഭൂതിയുടെ സ്ഫുലിംഗങ്ങളാണ്.'
വാക്കുകള്‍കൊണ്ടവതരിപ്പിക്കനാവാത്ത പരമപ്രേമത്തില്‍ അടിമുടി ആമഗ്നയായിത്തീര്‍ന്ന കവയിത്രി നമ്മെ രോമാഞ്ചമണിയിക്കുന്നു.
''മതിയിക്കളി - കൂരിരുട്ടിലീ-
യുലകം മുങ്ങുവതിന്നു മുന്നമേ
വരികെന്നരികത്തു വല്ലഭാ;
തരുവേനെന്‍ ഹൃദയം നിനക്കു ഞാന്‍.''
അനുഭൂതികളുടെ തീവ്രതയും അവ ആവിഷ്‌കരിക്കാനുള്ള പാടവവും അതുല്യമെന്നേ പറയാനാവൂ. ആത്മവല്ലഭനായ സര്‍വേശ്വരനു സ്വജീവിതം തിരുമുല്‍ക്കാഴ്ചയായര്‍പ്പിച്ച കന്യകമാരുടെ ഹൃദയവ്യാപാരങ്ങള്‍ ഇത്ര ആഴത്തില്‍ ആവിഷ്‌കരിച്ച മറ്റൊരു കവയിത്രിയും മലയാളത്തിലില്ല എന്നതു നിസ്തര്‍ക്കമാണ്.
ഇന്ത്യയുടെ അപ്പസ്‌തോലനായ മാര്‍ത്തോമ്മാശ്ലീഹായെ നായകവേദിയില്‍ പ്രതിഷ്ഠിച്ചുകൊണ്ട് ബനീഞ്ഞാമ്മ എഴുതിയ ആദ്യമഹാകാവ്യവുമാണ് 'മാര്‍ത്തോമ്മാവിജയം'. ആവശ്യത്തിനുമാത്രമായ വര്‍ണനകള്‍കൊണ്ടു വിരചിച്ച കഥാകഥനരൂപത്തിലുള്ള കാവ്യകലയുടെ വശീകരണംകൊണ്ട് അഭിരമിപ്പിക്കുന്ന ഒരു രീതിയാണ് മാര്‍ത്തോമ്മാ വിജയത്തില്‍ സ്വീകരിച്ചിട്ടുള്ളത്. മലയാളത്തില്‍ ഒരു കവയിത്രിയില്‍നിന്നു ലഭിച്ചിട്ടുള്ള ആദ്യമഹാകാവ്യമാണ് മാര്‍ത്തോമ്മാ വിജയം. സ്വതന്ത്രഭാരതസ്രഷ്ടാവായ മഹാത്മജിയെ ആരാധ്യപുരുഷനായി അവതരിപ്പിച്ചുകൊണ്ടുള്ള ബനീഞ്ഞാമ്മയുടെ മഹാകാവ്യമാണ് 'ഗാന്ധിജയന്തി.'
ചുരുക്കത്തില്‍, രൂപഭാവങ്ങള്‍ ഒത്തിണങ്ങിയ മഹനീയചിന്തകള്‍കൊണ്ട് നന്മയുടെ നറുമണം വിതറുന്ന ബനീഞ്ഞാമ്മയുടെ സാഹിത്യതല്ലജങ്ങള്‍ കാലഘട്ടങ്ങളെ വിശുദ്ധമാക്കിക്കൊണ്ട് എന്നും ജീവിക്കുമെന്നതിന് രണ്ടു പക്ഷമില്ല.