ഗ്രാമീണമേഖലയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ ഇപ്പോഴത്തെ ഉപജീവനമാര്‍ഗമായ തൊഴിലുറപ്പുപദ്ധതി അട്ടിമറിക്കപ്പെടുന്നുവോ? ഇപ്പോള്‍ ഇങ്ങനെയൊരു ചര്‍ച്ച ഉണ്ടാവാന്‍ കാരണം എഞ്ചിനീയറിങ് വിദഗ്ധരും ഗവേഷകരുമടങ്ങിയ ലിബ്‌ടെക് ഇന്ത്യയുടെ കഴിഞ്ഞദിവസം പുറത്തുവന്ന പഠനറിപ്പോര്‍ട്ടാണ്. ഈ പഠനറിപ്പോര്‍ട്ടുപ്രകാരം, പദ്ധതിയില്‍നിന്ന് ഈ വര്‍ഷംമാത്രം 84.8 ലക്ഷം പേര്‍ പുറത്താക്കപ്പെട്ടുവെന്നാണു വ്യക്തമാകുന്നത്.
1931 ല്‍ കറാച്ചിയില്‍ ചേര്‍ന്ന എഐസിസി സമ്മേളനത്തില്‍ തൊഴില്‍ ചെയ്യാനുള്ള അവകാശത്തെക്കുറിച്ച് വലിയ ചര്‍ച്ച നടക്കുകയുണ്ടായി. 49 വര്‍ഷത്തിനുശേഷം 1980 ല്‍ ഇന്ദിരാഗാന്ധി കൊണ്ടുവന്ന ദേശീയ ഗ്രാമീണതൊഴിലുറപ്പുപദ്ധതി (എന്‍.ആര്‍.ഇ.പി.) യാണ് റൈറ്റ് ടു വര്‍ക്ക് എന്ന ആശയത്തിന് അടിത്തറയിട്ടത്. പിന്നീട്, ദേശീയ ഗ്രാമീണഭൂരഹിതതൊഴിലുറപ്പുപദ്ധതി, ജവഹര്‍ റോസ്ഗാര്‍ യോജന 1989-99, തൊഴിലുറപ്പുസ്‌കീം 1993-99 എന്നിവയുടെ തുടര്‍ച്ചയായിട്ടാണ് മഹാത്മാഗാന്ധി ദേശീയഗ്രാമീണതൊഴിലുറപ്പുനിയമം 2005 ല്‍ പ്രാബല്യത്തില്‍ വന്നത്.
ഗ്രാമീണമേഖലയിലെ ഓരോ കുടുംബത്തിനും ഓരോ സാമ്പത്തികവര്‍ഷം ഏറ്റവും കുറഞ്ഞത് നൂറു ദിവസത്തെ അവിദഗ്ധതൊഴില്‍ദിനങ്ങള്‍ അവശ്യാധിഷ്ഠിതമായി നല്‍കുകയും, അതുവഴി ദരിദ്രരുടെ ഉപജീവനത്തിനുള്ള വിഭവാടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള ഉത്പാദനക്ഷമമായ ആസ്തികള്‍ സൃഷ്ടിക്കുകയുമാണു ലക്ഷ്യം. തൊഴിലിനുള്ള മൗലികാവകാശവും മിനിമം കൂലിയും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യവേതനവും ഉറപ്പുനല്‍കുന്നുവെന്നതും ഈ പദ്ധതിയുടെ പ്രധാന ഗുണമാണ്.
പദ്ധതിയുടെ ഒന്നാംഘട്ടം 2006 ഫെബ്രുവരി രണ്ടിന് ഇന്ത്യയിലെ 200 ജില്ലകളില്‍ തുടക്കമിട്ടു. ഈ ഘട്ടത്തില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ താമസിക്കുന്ന വയനാടിനെയും പാലക്കാടിനെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി. തുടര്‍ന്ന്, 2007 ഏപ്രില്‍ ഒന്നിനാരംഭിച്ച രണ്ടാംഘട്ടത്തില്‍ ഇടുക്കി, കാസര്‍ഗോഡ് ജില്ലകളെ ഉള്‍പ്പെടുത്തി. 2008 ല്‍ ബാക്കി പത്തു ജില്ലകളെയും പദ്ധതിയില്‍പ്പെടുത്തി.
പദ്ധതിയെക്കുറിച്ചു ഗ്രാമീണജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനു കുടുംബശ്രീപോലുള്ള സ്വാശ്രയഗ്രൂപ്പുകളുടെയും അയല്‍ക്കൂട്ടങ്ങളുടെയും സേവനം പ്രയോജനപ്പെടുത്തുന്നു. പദ്ധതിയുടെ പഞ്ചായത്തുതലരജിസ്‌ട്രേഷന്‍ ഓഫീസര്‍ ഗ്രാമപഞ്ചായത്തു സെക്രട്ടറിയാണ്. തൊഴിലുറപ്പിന്റെ ഭാഗമായ ജോലികള്‍ ക്രമീകരിക്കുന്നത് ഇവരില്‍നിന്നുതന്നെ കണ്ടെത്തുന്ന ആനിമേറ്റര്‍മാരാണ്. കേരളത്തില്‍ ഇക്കൂട്ടത്തിലെ നൂറുശതമാനംപേരും സ്ത്രീകളാണ്. ഈ പദ്ധതിയില്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ സ്ത്രീകളുടെ സാന്നിധ്യം 55 ശതമാനമാണെങ്കില്‍ കേരളത്തിലത് 90 ശതമാനമാണ്.
തൊഴിലുറപ്പുപദ്ധതിയുടെ ഭാഗമായ ജോലിയുടെ 60 ശതമാനം കാര്‍ഷികഭൂമിയുമായി ബന്ധപ്പെട്ടായിരിക്കണമെന്നാണു നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. ഈ നിബന്ധന കേരളത്തില്‍ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. അഞ്ചേക്കറില്‍താഴെ ഭൂമിയുള്ള കര്‍ഷകന്റെ ഭൂമിയിലേ ജോലിചെയ്യാന്‍ പാടുള്ളൂ എന്നതും ഒരു കര്‍ഷകന്റെ ഭൂമിയില്‍ ഒരു തവണയില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ പാടില്ല എന്നതും ജോലിക്കുള്ള ഭൂമിയുടെ ലഭ്യത കുറയാന്‍ കാരണമാകുന്നുണ്ട്. മഴക്കുഴിനിര്‍മാണം, ഇടക്കയ്യാലനിര്‍മാണംപോലുള്ള ജോലികളാണ് ചെയ്യാന്‍ അനുവാദമുള്ളത്. കാടു വെട്ടിത്തെളിക്കുക എന്നത് തൊഴിലുറപ്പുപദ്ധതിയുടെ ഭാഗമേയല്ല. മഴക്കുഴി നിര്‍മിക്കേണ്ട സ്ഥലത്തെ കാട് വെട്ടിമാറ്റി അവിടെ കുഴിയെടുക്കാവുന്നതാണ്.
2024 മാര്‍ച്ച് 30 വരെ 333 രൂപയായിരുന്നു കൂലി ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് 346 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഓരോ സംസ്ഥാനത്തെ പ്രാദേശികകൂലി കണക്കാക്കിയാണ് തൊഴിലുറപ്പിന്റെ തുക നിശ്ചയിക്കുന്നത്. ഇന്ത്യയില്‍ ഹരിയാനയില്‍ 374 രൂപ ദിവസക്കൂലി നല്‍കുന്നുണ്ട്.
തുടര്‍ച്ചയായി മൂന്നു വര്‍ഷമെങ്കിലും സ്ഥിരമായി പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പു നേടിയ തൊഴിലാളികളെ 'സജീവതൊഴിലാളി'കളായി കണക്കാക്കും. ഈ വര്‍ഷം ജനുവരിമുതല്‍ ആധാര്‍ അധിഷ്ഠിതവേതനവിതരണസംവിധാനം (എ.ബി.പി.എസ്.) കര്‍ക്കശമാക്കിയതോടെ 6.73 കോടി തൊഴിലാളികള്‍ പദ്ധതിക്കു പുറത്തുപോയി. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, മൊത്തം തൊഴിലാളികളുടെ 27.4 ശതമാനവും പുറത്താക്കപ്പെട്ടു. ആധാര്‍ തൊഴില്‍ക്കാര്‍ഡുമായി ബന്ധിപ്പിക്കല്‍, തൊഴില്‍ക്കാര്‍ഡിലെയും ആധാര്‍കാര്‍ഡിലെയും പേരിലെ അക്ഷരങ്ങളടക്കം ഒന്നുതന്നെയെന്ന് ഉറപ്പാക്കല്‍, ബാങ്ക് അക്കൗണ്ടിനെ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കല്‍, അക്കൗണ്ടിനെ നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ രേഖപ്പെടുത്തല്‍ എന്നീ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍മാത്രമേ എ.ബി.പി.എസ്. പരിധിയില്‍പ്പെടുകയുള്ളൂ. ഉത്തരേന്ത്യയിലെ വിദ്യാഭ്യാസക്കുറവുള്ള ജനതയ്ക്ക് ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലെ അജ്ഞതയാണ് തൊഴില്‍ നഷ്ടപ്പെടാന്‍ കാരണം. മുന്‍വര്‍ഷം 184 കോടി തൊഴില്‍ദിനങ്ങള്‍ ഉണ്ടായിരുന്നത് ഈ വര്‍ഷം 154 കോടിയായി കുറഞ്ഞു. ഏറ്റവും കുറവു രേഖപ്പെടുത്തിയത് തമിഴ്‌നാട്ടിലും ഒഡീഷയിലുമാണ്. അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നതുമൂലം 2021 മുതല്‍ പശ്ചിമബംഗാളില്‍ പദ്ധതി നിറുത്തിവച്ചു. കഴിഞ്ഞവര്‍ഷം 14.3 കോടി ആയിരുന്ന സജീവതൊഴിലാളികളുടെ എണ്ണം ഈ വര്‍ഷം 13.2 കോടിയായി കുറഞ്ഞു. സംസ്ഥാനത്ത് ഈ വര്‍ഷം 1,93,947 പേര്‍ പദ്ധതിക്കു പുറത്തായപ്പോള്‍ 67,629 പേര്‍ പുതുതായി രജിസ്റ്റര്‍ ചെയ്തു. അതോടെ, കേരളത്തില്‍നിന്നുള്ള തൊഴിലാളികളുടെ കുറവ് 1,26,318 ആയി. മോദിസര്‍ക്കാരിന്റെ തൊഴിലുറപ്പുപദ്ധതിയിലുള്ള താത്പര്യക്കുറവും ആധാര്‍ അധിഷ്ഠിതവേതനവിതരണസംവിധാനം കര്‍ശനമാക്കിയതുമാണ് തൊഴിലാളികള്‍ പദ്ധതിക്കു പുറത്താകാന്‍കാരണം.
തൊഴില്‍നഷ്ടം ഗ്രാമീണമേഖലയിലെ ദാരിദ്ര്യം കൂടുതല്‍ വര്‍ധിക്കാനിടയാക്കും. ഇതു ഗ്രാമങ്ങളില്‍നിന്നു നഗരങ്ങളിലേക്കുള്ള കുടിയേറ്റം വര്‍ധിക്കാനും കാരണമായേക്കാം. തൊഴിലുറപ്പുപദ്ധതിയെ കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥാപിതമായി ഇല്ലാതാക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
ലേഖനം