•  21 Nov 2024
  •  ദീപം 57
  •  നാളം 37
ലേഖനം

പ്രീണിപ്പിച്ചില്ലെങ്കിലും പീഡിപ്പിക്കാതിരുന്നെങ്കില്‍!

   ''എനിക്കു വിശന്നു; നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു.  ഞാന്‍ നഗ്നനായിരുന്നു; നിങ്ങള്‍ എന്ന സന്ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്റെയടുത്തുവന്നു.''  ഇത് ഏതെങ്കിലും പള്ളിപ്രസംഗത്തിലോ ധ്യാനപ്രസംഗത്തിലോ ഉദ്ധരിക്കപ്പെട്ട ബൈബിള്‍ ഭാഗമല്ല; മറിച്ച്, മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയുടെ അനിഷേധ്യനേതാവും കേരളത്തിലെ മുഖ്യമന്ത്രിയുമായ സാക്ഷാല്‍ പിണറായി വിജയന്റെ ഉദ്ധരണിയാണ്! മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ ജൂബിലി ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇതു പറഞ്ഞത്. ഈ ബൈബിള്‍ സന്ദേശം നടപ്പാക്കുന്ന ധ്യാനകേന്ദ്രത്തെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. അവിടെയുള്ള പതിന്നാലു സാന്ത്വനഭവനങ്ങളും നൂറോളം കിടപ്പുരോഗികളെ പുനരധിവസിപ്പിക്കുന്ന കേന്ദ്രങ്ങളും അദ്ദേഹത്തിന്റെ പ്രശംസയ്ക്കു പാത്രമായി.

   ''കുരിശില്‍നോക്കി പ്രാര്‍ഥിക്കുമ്പോള്‍, കൈയില്‍ ആണി തറയ്ക്കുന്ന അനുഭവമാണ് എനിക്കുള്ളത്. സുവിശേഷത്തിലെ ഒരു പേജെങ്കിലും ഞാന്‍ എന്നും വായിക്കും. പ്രയാസങ്ങളും പ്രതിസന്ധികളുമുണ്ടാകുമ്പോള്‍ ആശ്വാസം നല്കുന്ന ഒരു വാക്യമോ ആശയമോ എനിക്കതില്‍നിന്നു ലഭിക്കും.'' കരിസ്മാറ്റിക് ധ്യാനംകൂടി നവീകരണത്തിലേക്കു വന്ന ഒരു ഭക്തന്റെ വാക്കുകളല്ല ഇത്. പിന്നെ ആരുടേതാണ്?  അടുത്തുവരുന്ന ഉദ്ധരണിയില്‍നിന്ന് അതു വ്യക്തമാകും. ''ഞാന്‍ പ്രതിപക്ഷനേതാവായപ്പോള്‍ സോളമനെപ്പോലെയാണു പ്രാര്‍ഥിച്ചത്. ദൈവമേ, എനിക്കു പണമോ പ്രശസ്തിയോ ഒന്നുമല്ല വേണ്ടത്; എന്റെ ജനത്തെ നയിക്കാനുള്ള ജ്ഞാനമാണ്.'' ഒരു പ്രാക്ടീസിങ് ക്രിസ്ത്യാനിക്കുപോലും ഇങ്ങനെ പറയാന്‍ കഴിയുമോ? അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ പിതാവിന്റെ സ്ഥാനാരോഹണച്ചടങ്ങില്‍, പിതാവിന്റെ പ്രസംഗചാതുരിയും സംഗീതമികവും എടുത്തുപറഞ്ഞഭിനന്ദിച്ചു. കൂടാതെ, കാലം ചെയ്ത അഭിവന്ദ്യ കാവുകാട്ടുപിതാവിന്റെ പ്രഥമ ഇടയലേഖനം തന്റെ കൈവശമുണ്ടെന്നും അതിലെ ഏറ്റവും ആകര്‍ഷിച്ച "Carite servire'  (to serve with love)  എന്ന ആപ്തവാക്യം മുറുകെ പിടിക്കുന്നെന്നും നേതാവു പറഞ്ഞു. മാമ്മോദീസാ മുങ്ങിയിട്ടില്ലെങ്കിലും ഒരു പ്രാക്ടീസിങ് കാത്തലിക് ആയി തോന്നിപ്പോകുകയില്ലേ? ന്യൂനപക്ഷപ്രീണനത്തിന്റെ നേര്‍ച്ചിത്രം!
   പള്ളിയില്‍ കയറി മാതാവിനു സ്വര്‍ണക്കിരീടമണിയിച്ചും മാലയിട്ടും മാതൃസ്തുതിപ്പുകള്‍ പാടിയും ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ക്രൈസ്തവപക്ഷം ചേരുന്നു. താന്‍ പഠിച്ച ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ ജൂബിലി ആഘോഷത്തിനെത്തി, തന്നെ പഠിപ്പിച്ചക്രൈസ്തവ അധ്യാപകരെ വാനോളം പുകഴ്ത്തിയും ആ സ്‌കൂളില്‍ നില്ക്കുമ്പോഴുണ്ടാകുന്ന ആനന്ദാനുഭൂതി വര്‍ണിച്ചും 'നന്ദിയാല്‍ പാടുന്നു ദൈവമേ' എന്ന പുതുഗാനം ആലപിച്ചും കുട്ടികളെക്കൊണ്ടു പാടിച്ചും കൂടെപ്പാടിയും ക്രൈസ്തവസ്ഥാപനങ്ങളെ പുകഴ്ത്തി നിര്‍വൃതിയടയുന്ന താരമൂല്യമുള്ള ബി.ജെ.പി. നേതാവ്! 
   മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും  കോണ്‍ഗ്രസിന്റെയും ബി.ജെ.പി.യുടെയും ന്യൂനപക്ഷപ്രീണനത്തിന്റെ സാമ്പിള്‍ വെടിക്കെട്ടുകളാണു മേല്‍വിവരിച്ചത്. 
കേരളത്തില്‍ ഇടതുവലതുപക്ഷപാര്‍ട്ടികള്‍ മാറിമാറി ഭരിച്ചതിന്റെയും, പ്രത്യക്ഷമായും പരോക്ഷമായും ക്രൈസ്തവരെ പീഡിപ്പിച്ചതിന്റെയും ചരിത്രകഥകള്‍ നിരവധിയാണ്.  അതേസമയം, കേരളത്തില്‍ ഇതുവരെയും ഭരണം പിടിക്കാന്‍ കഴിയാത്തതിനാല്‍, ബിജെപിയുടെ പീഡനകഥകള്‍ പറയാനില്ലായിരിക്കാം. പക്ഷേ, ഇക്കൂട്ടര്‍ മൃഗീയഭൂരിപക്ഷത്തോടെ രാജ്യം അടക്കിഭരിച്ചപ്പോള്‍ നടന്ന ക്രൈസ്തവവേട്ടയുടെ ഞെട്ടിക്കുന്ന കഥകള്‍ മനസ്സില്‍നിന്നു മായുന്നില്ല. 
ക്രൈസ്തവര്‍ക്കു തിരിച്ചടിക്കാന്‍ പാടില്ലല്ലോ. ഒരു ചെകിട്ടത്തടിക്കുന്നവന് മറ്റേ ചെകിട്ടുകൂടി കാണിച്ചു കൊടുക്കാനാണ് ക്രിസ്തു പറഞ്ഞിട്ടുള്ളത്. പോരാ, ശത്രുവിനെ സ്‌നേഹിക്കുകയുംകൂടി ചെയ്യണം. അവസരത്തിനൊത്ത് ബൈബിള്‍ ഉദ്ധരിക്കുന്ന എല്ലാ പാര്‍ട്ടിക്കാര്‍ക്കും ഇത് അറിയാം. തന്നെയുമല്ല, ഒരു മെത്രാനും ഒരു സിനഡും മറിച്ചൊരു നിര്‍ദേശം നല്കിയതായി ചരിത്രത്തിലില്ല. ഇനിയൊട്ട് ഉണ്ടാവുകയുമില്ല. മാര്‍പാപ്പാമാര്‍ ചെല്ലുന്നിടത്തെല്ലാം ആവര്‍ത്തിച്ച് ആഹ്വാനം ചെയ്യുന്നതും സമാധാനത്തിനുവേണ്ടിയാണ്, കലഹവും ഭിന്നതയും യുദ്ധവും കൊല്ലും കൊലയുമല്ല. ഈ നിലപാടു വ്യക്തമായി അറിയാവുന്ന തത്പരകക്ഷികള്‍ ക്രൈസ്തവരുടെമേല്‍ കുതിര കയറുന്നു;  അവരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു.
    ഇടതും വലതുമായ ഭരണാധികാരികള്‍ ഭരിക്കുമ്പോള്‍ അവരാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കിയത് എന്ന വീരവാദം മുഴക്കും. ഉദാഹരണത്തിന് വിദ്യാഭ്യാസമേഖല. ക്രൈസ്തവമിഷനറിമാര്‍ കേരളത്തില്‍ വന്നില്ലായിരുന്നെങ്കില്‍ കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു? ജാതിവര്‍ണവേര്‍തിരിവും തീണ്ടലും തൊടീലും ബ്രാഹ്‌മണാധിപത്യവും എല്ലാംകൊണ്ടു മലീമസമായ ഒരന്തരീക്ഷം കേരളത്തിലുണ്ടായിരുന്നെന്നോര്‍ക്കണം. നമ്പൂതിരിയും നായരും ഈഴവനും പറയനും പുലയനുമൊക്കെയായി ജനങ്ങള്‍ വിഭജിക്കപ്പെട്ടിരുന്നല്ലോ. ബ്രാഹ്‌മണന്‍ ബ്രഹ്‌മാവിന്റെ തലയില്‍നിന്നും ക്ഷത്രിയന്‍ തോളില്‍നിന്നും വൈശ്യര്‍ തുടയില്‍നിന്നും ശൂദ്രര്‍ കാലില്‍നിന്നും ചണ്ഡാളന്‍ പാദത്തില്‍നിന്നുമാണുണ്ടായതെന്നു കരുതിപ്പോന്നു! 1906 ലെ ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാനുവലില്‍ 1050 ഉപജാതികള്‍ ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. തീണ്ടല്‍ തൊടീലിന്റെ അകലവും രേഖപ്പെടുത്തിയിട്ടുണ്ട്. ''നമ്പൂരിയെ നായര്‍ തൊട്ടാല്‍ നമ്പൂരി അശുദ്ധനാകും. ആശാരി, മൂശാരി, കൊല്ലന്‍, തട്ടാന്‍ മുതലായവര്‍ നമ്പൂരിയില്‍നിന്ന് 24 അടിയും പുലയര്‍ 48 അടിയും പറയന്‍ 64 അടിയും അകലം പാലിക്കണം. അപ്പോള്‍, ഇത്രയും അകലം പാലിക്കേണ്ടവര്‍ വിദ്യാഭ്യാസകാര്യത്തില്‍ എന്തുമാത്രം അകലെ നില്‍ക്കണമായിരുന്നു!
    1846 ല്‍ ചാവറയച്ചന്‍ സ്ഥാപിച്ച സംസ്‌കൃതവിദ്യാലയ  ത്തില്‍ ഈ അകലെനില്‍ക്കുന്നവരെയൊക്കെ ഒരേ ബെഞ്ചിലിരുത്തി പഠിപ്പിച്ചു വിപ്ലവം സൃഷ്ടിച്ചത് ചരിത്രരേഖയാണ്. 1864 ല്‍ പള്ളിയോടനുബന്ധിച്ചു പള്ളിക്കൂടം സ്ഥാപിക്കണമെന്ന അദ്ദേഹത്തിന്റെ കല്പന കേരളത്തില്‍ സാംസ്‌കാരികവിപ്ലവം സൃഷ്ടിച്ച രേഖയാണ്. ചാവറയച്ചനെപ്പറ്റി ഡോ. രാധാകൃഷ്ണന്‍ പറയുന്നു: ''കേരളത്തിലെ ജാതീയമായ വിവേചനങ്ങളെയും അനാചാരങ്ങളെയും തകര്‍ക്കാന്‍ വിദ്യാഭ്യാസത്തിലൂടെ വിപ്ലവം സൃഷ്ടിച്ച നവോത്ഥാനനായകനാണ് ചാവറയച്ചന്‍.'' ഈ ചാവറയച്ചന്റെ പേരുപോലും ചേര്‍ക്കാതെ ഏഴാം ക്ലാസിലെ 'നവകേരളസൃഷ്ടിക്കായി' എന്ന എട്ടാം പാഠം പഠിപ്പിച്ചുകൊണ്ടാണു ക്രൈസ്തവന്യൂനപക്ഷത്തെ 'ആദരി'ച്ചത്. കേരളത്തിന്റെ നവോത്ഥാനനായകനായി കേരളസര്‍ക്കാര്‍ വിദ്യാര്‍ഥികളെ പഠിപ്പിച്ച ശ്രീനാരായണഗുരുവിന് 1864 ല്‍ ചാവറയച്ചന്‍ തന്റെ സുപ്രസിദ്ധമായ കല്പന പുറപ്പെടുവിക്കുമ്പോള്‍ എട്ടുവയസ്സേ ഉണ്ടായിരുന്നുള്ളൂ എന്നോര്‍ക്കണം! ക്രൈസ്തവന്യൂനപക്ഷത്തെ ചരിത്രപരമായി പീഡിപ്പിച്ചതിന് ഒരുദാഹരണം ചൂണ്ടിക്കാണിച്ചെന്നുമാത്രം. വിദ്യാഭ്യാസം, ആതുരശുശ്രൂഷ മുതലായ രംഗങ്ങളില്‍ ക്രൈസ്തവര്‍ നല്കിയ അതുല്യമായ  സേവനങ്ങള്‍ക്ക് അംഗീകാരം കൊടുക്കുന്നില്ലെന്നുമാത്രമല്ല, പരമാവധി പീഡിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇടതും വലതുമായ സര്‍ക്കാരുകള്‍ ചെയ്തിട്ടുള്ളതും ചെയ്തുകൊണ്ടിരിക്കുന്നതും. 
    'ഓണം പിറന്നാലും ഉണ്ണിപിറന്നാലും കോരനു കുമ്പിളില്‍ കഞ്ഞി' എന്നൊരു ചൊല്ലുണ്ടല്ലോ. പക്ഷേ, ആ കോരന്മാരൊക്കെ കുബേരന്മാരായി പൊന്‍തളികയില്‍ ചോറുണ്ണുമ്പോള്‍ ക്രിസ്ത്യാനിയായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ കുമ്പിളില്‍ത്തന്നെ കഞ്ഞികുടിക്കാന്‍ വിധിക്കപ്പെട്ട ഒരു ജനതയാണു കേരളത്തിലെ ദളിത് ക്രൈസ്തവര്‍. ഈ ക്രൈസ്തവന്യൂനപക്ഷം നേരിടുന്ന പീഡനങ്ങള്‍ പറഞ്ഞറിയിക്കാന്‍ പുസ്തകംതന്നെ എഴുതേണ്ടിവരും. അതുകൊണ്ട്, ആ സാഹസത്തിനു മുതിരുന്നില്ല.
ഇന്നിപ്പോള്‍ കത്തിനില്‍ക്കുന്ന വിഷയം മുനമ്പം പ്രശ്‌നമാണല്ലോ. മുനമ്പം വഖഫ് ഭൂമിതന്നെയാണെന്നു വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം.കെ. സഖീര്‍ തറപ്പിച്ചുപറയുകയുണ്ടായി. സാങ്കേതികമായി അതു ശരിയുമാണ്. അതുകൊണ്ടാണല്ലോ ആ പാവം ജനത ഒരു മാസത്തിലധികമായി സമരത്തിലേര്‍പ്പെട്ടിരിക്കുന്നത്. അവര്‍ പണം കൊടുത്തുവാങ്ങി, പോക്കുവരവു നടത്തി, കൈവശംവച്ചനുഭവിച്ചുകൊണ്ടിരിക്കുന്ന ഭൂമി ഒരു സുപ്രഭാതത്തില്‍ അവരുടേതല്ലാതായി മാറുന്നു! തത്ഫലമായി, അവര്‍ക്ക് ആ ഭൂമിയുടെമേല്‍ ഒരവകാശവുമില്ലാതാകുന്നു. അതോടെ, അവരുടെ ജീവിതം വഴിമുട്ടി നില്ക്കുന്നു. വസ്തു കൈമാറ്റം ചെയ്യാനാവുന്നില്ല. ആ ഭൂമിയുടെ ഈടിന്മേല്‍ കടമെടുക്കാനോ ലോണ്‍ എടുക്കാനോ സാധ്യമല്ല. അവരുടെ കുട്ടികളെ പഠിപ്പിക്കാനോ ജീവിതസുരക്ഷിതത്വം ഉറപ്പാക്കാനോ കഴിയുന്നില്ല. പെണ്‍മക്കളെ വിവാഹം ചെയ്തയയ്ക്കാനാവുന്നില്ല. 
    2009 ലാണ് മുനമ്പത്തെ വഖഫ് ഭൂമിയായി പ്രഖ്യാപിച്ചത്. 1902 ല്‍ തിരുവിതാംകൂര്‍ രാജാവ് സത്താര്‍ സേട്ടിനു പാട്ടഭൂമിയായി നല്കിയതാണ് മുനമ്പത്തെ ഭൂമി. പാട്ടക്കരാര്‍ അനുസരിച്ചുള്ള കാലാവധി കഴിഞ്ഞപ്പോള്‍ അത് സിദ്ധിക് സേട്ടുവിന്റെ ഭൂമിയായി അനധികൃതമായി പ്രഖ്യാപിക്കുകയാണുണ്ടായത്. അതു നിയമപരമായി സര്‍ക്കാര്‍ഭൂമിയാകേണ്ടതാണ്; ഒരു കാരണവശാലും അത് ഒരു വ്യക്തിയുടേതായി കണക്കാക്കാന്‍ ന്യായമില്ല. 1950 ലെ ഡീഡ് വ്യക്തമായിപ്പറയുന്നുണ്ട്; അത് വഖഫ് ഭൂമിയല്ല എന്ന്. ഫറൂഖ് കോളജും അനുബന്ധിച്ചുള്ള സ്ഥലവും 'ഗിഫ്റ്റഡ് ഡീഡ്' ആയിട്ടാണു നല്കപ്പെട്ടിട്ടുള്ളത്. ക്രിയവിക്രയസ്വാതന്ത്ര്യമുള്ള ഭൂമിയായിട്ടാണ് അവര്‍ നല്കിയിട്ടുള്ളത്. പിന്നെ, എങ്ങനെയാണ് ഇതു വഖഫ് ഭൂമിയായി ചിത്രീകരിച്ചു ജനങ്ങളെ ചൂഷണം ചെയ്യാന്‍ കഴിയുന്നത്? ആ ഭൂമി ആ ജനതയുടേതാണ്. വഖഫിന് അതിന്മേല്‍ യാതൊരവകാശവുമില്ല എന്നതു രേഖാമൂലം തെളിയിക്കാന്‍ സാധിക്കുന്ന കാര്യമാണ്. 1975 ല്‍ ഫറൂഖ് കോളജും മുനമ്പം നിവാസികളും തമ്മിലുള്ള തര്‍ക്കം കോടതിയിലെത്തിയപ്പോള്‍ ഫറൂഖ് കോളജിനനുകൂലമായി വിധിയില്‍ പറയുന്നത് ഇതു രജിസ്റ്റേര്‍ഡ് ഗിഫ്റ്റ് ഡീഡ് ആണെന്നാണ്, വഖഫ് ഡീഡ് എന്നല്ല. ഈ വസ്തുത വഖഫ് ബോര്‍ഡ് അംഗീകരിച്ചുകൊണ്ടും ഈ ഭൂമി വഖഫിന്റേതല്ലെന്നു പ്രഖ്യാപിച്ചുകൊണ്ടുമുള്ള ഒരു രേഖ ഉണ്ടാവണം. വഖഫ് ബോര്‍ഡ് അതിനു തയ്യാറാകുന്നില്ലെങ്കില്‍,  സര്‍ക്കാര്‍ ഇടപെട്ട് അവരെക്കൊണ്ട് അതു ചെയ്യിക്കണം. 
    കരുത്തുള്ള ന്യൂനപക്ഷത്തോടു പക്ഷംചേര്‍ന്ന് അവരെ പ്രീണിപ്പിക്കുകയും ദുര്‍ബലരായ ന്യൂനപക്ഷത്തെ പീഡിപ്പിക്കുകയും ചെയ്യുന്ന അന്യായവും ക്രൂരവുമായ നിലപാട് സര്‍ക്കാര്‍ തിരുത്തണം. പ്രതിപക്ഷവും അതിനു  സര്‍ക്കാരിന്റെമേല്‍ സമ്മര്‍ദം ചെലുത്തണം. നാക്കും വാക്കും മൈക്കുമുപയോഗിച്ചല്ല, നിലപാടും നടപടിയുമെടുത്താണ് ന്യൂനപക്ഷപ്രീണനം നടത്തേണ്ടത്.  ഇന്ന് എവിടെയും മുഴങ്ങിക്കേള്‍ക്കുന്ന 'ഡീല്‍' അല്ല, ഡീഡ് ആണ് ഉണ്ടാവേണ്ടത്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരുന്നെങ്കില്‍! പ്രീണിപ്പിച്ചില്ലെങ്കിലും പീഡിപ്പിക്കാതിരുന്നെങ്കില്‍!

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)