•  13 Nov 2025
  •  ദീപം 58
  •  നാളം 36
പ്രാദേശികം

ഫാ. ഏബ്രഹാം ഈറ്റയ്ക്കക്കുന്നേലിന്റെ അമ്പതാം ചരമവാര്‍ഷികം ആചരിച്ചു

   ഫാ. ഏബ്രഹാം ഈറ്റയ്ക്കക്കുന്നേലിന്റെ അമ്പതാം ചരമവാര്‍ഷികം നവംബര്‍ രണ്ടാം തീയതി ഭരണങ്ങാനത്ത് ആചരിച്ചു. രാവിലെ പത്തുമണിക്ക് മുന്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കബറിടത്തിങ്കല്‍ അന്നീദാ ഒപ്പീസ് നടത്തുകയും തുടര്‍ന്ന് സെന്റ് മേരീസ് ഫൊറോനപ്പള്ളിയില്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു.
    തുടര്‍ന്നുനടന്ന അനുസ്മരണസമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.. കേരളസഭ ആഗോളസഭയ്ക്കു നല്കിയ പൊന്മുത്താണ് ഫാ. ഏബ്രഹാം ഈറ്റയ്ക്കക്കുന്നേലെന്ന് അദ്ദേഹം പറഞ്ഞു. ചെറുപുഷ്പമിഷന്‍ലീഗിന്റെ ആദ്യകാലനേതാക്കളിലൊരാളായിരുന്ന ഏബ്രഹാമച്ചന്‍ എംഎസ്ടി - ഡിഎസ്ടി സഭകളുടെ രൂപീകരണത്തില്‍ വഹിച്ച പങ്ക് നിസ്തുലമാണെന്നും കര്‍ദിനാള്‍ പറഞ്ഞു.
    ടി.ജെ. ജോസഫ് തോട്ടക്കര രചിച്ച ഈറ്റയ്ക്കക്കുന്നേലച്ചന്റെ ജീവചരിത്രം കര്‍ദിനാള്‍ പ്രകാശനം ചെയ്തു. അടിയുറച്ച പ്രാര്‍ഥനയും വിശ്വാസവും കൈമുതലായി ലോകത്തിനു മാര്‍ഗദീപമേകിയ പുണ്യാത്മാവായിരുന്നു ഫാ. ഏബ്രഹാം ഈറ്റയ്ക്കക്കുന്നേലെന്ന് മുഖ്യപ്രഭാഷണം നടത്തിയ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.
ഫാ. ഏബ്രഹാം ഈറ്റയ്ക്കക്കുന്നേല്‍ ചാരിറ്റബിള്‍ എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് നിര്‍വഹിച്ചു. കുടുംബയോഗം പ്രസിഡന്റ് പ്രമോദ് ഈറ്റയ്ക്കക്കുന്നേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാ. സിറിള്‍ തയ്യില്‍, ഫാ. അനീഷ് ഈറ്റയ്ക്കക്കുന്നേല്‍, ജോസ് കെ. മാണി എം.പി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ., ഫാ. ജോസുകുട്ടി പടിഞ്ഞാറേപ്പീടികയില്‍, ഫാ. വിന്‍സെന്റ് കദളിക്കാട്ടില്‍ പുത്തന്‍പുര, പ്രഫ. ലോപ്പസ് മാത്യു, ജോസ് മാത്യു, ഡോ. നോയല്‍ മാത്യൂസ്, തോമസ് നീലിയറ, ജോര്‍ജ് സെബാസ്റ്റ്യന്‍, ജോയിസണ്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)