•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
പ്രാദേശികം

ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി മാര്‍ തോമസ് തറയില്‍ സ്ഥാനമേറ്റു

  • *
  • 14 November , 2024

    ചങ്ങനാശേരി: അനേകായിരം വരുന്ന വിശ്വാസിസമൂഹത്തെ സാക്ഷിയാക്കി ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയങ്കണത്തില്‍ നടന്ന ഭക്തിനിര്‍ഭരമായ തിരുക്കര്‍മങ്ങളുടെ മംഗളചൈതന്യത്തില്‍ ചങ്ങനാശേരി അതിരൂപതാധ്യക്ഷനായി മാര്‍ തോമസ് തറയില്‍ സ്ഥാനമേറ്റു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ച ചടങ്ങില്‍ പാലാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ചങ്ങനാശേരിയുടെ മുന്‍ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവര്‍ സഹകാര്‍മികരായി. 

    ഒക്‌ടോബര്‍ 30 ന് രാവിലെ ഒമ്പതിന് മെത്രാപ്പോലീത്തന്‍പള്ളി പാരീഷ്ഹാളില്‍നിന്നു ബിഷപ്പുമാര്‍ തിരുവസ്ത്രങ്ങളണിഞ്ഞ് പ്രദക്ഷിണമായി പ്രത്യേകം തയ്യാറാക്കിയ മദ്ബഹയിലെത്തിയതോടെ ആഹ്ലാദസൂചകമായി ആചാരവെടികളും പള്ളിമണികളും മുഴങ്ങി. മാര്‍ ജോസഫ് പെരുന്തോട്ടം ആമുഖപ്രസംഗം നടത്തി. ചാന്‍സലര്‍ ഫാ. ഡോ. ഐസക് ആലഞ്ചേരി മാര്‍ തോമസ് തറയിലിന്റെ നിയമനപത്രം വായിച്ചു. തുടര്‍ന്ന്, മാര്‍ തോമസ് തറയില്‍ മുടിയും അംശവടിയും ധരിച്ച് അതിരൂപതയുടെ അഞ്ചാമത്തെ ആര്‍ച്ചുബിഷപ്പായി പ്രത്യേകപീഠത്തില്‍ ഉപവിഷ്ടനായി. തുടര്‍ന്ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പുതിയ ഇടയന് അനുമോദനം അറിയിച്ചു. മാര്‍ തോമസ് തറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധകുര്‍ബാനമധ്യേ തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ചുബിഷപ് ഡോ. തോമസ് ജെ. നെറ്റോ വചനസന്ദേശം നല്‍കി.
   നുണ്‍ഷ്യോ ആര്‍ച്ചുബിഷപ് ഡോ. ലെയോപോള്‍ദോ ജിറേല്ലി ആശംസയര്‍പ്പിച്ചു. തിരുക്കര്‍മങ്ങളില്‍ അമ്പത് ബിഷപ്പുമാരും നൂറുകണക്കിനു വൈദികരും സന്ന്യസ്തരും അല്മായപ്രതിനിധികളും പങ്കുചേര്‍ന്നു. തുടര്‍ന്നു മാര്‍ തോമസ് തറയിലിനെ അനുമോദിക്കുന്നതിനും മാര്‍ ജോസഫ് പെരുന്തോട്ടത്തിനു നന്ദിയര്‍പ്പിക്കുന്നതിനുമായി പൊതുസമ്മേളനം ചേര്‍ന്നു.
    നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് ദീപം തെളിച്ച സമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ്കുര്യന്‍ ഉദ്ഘാടനം ചെയ്തു. സീറോ മലബാര്‍ സഭയുടെ ചൈതന്യമാണ് ചങ്ങനാശേരി അതിരൂപതയെന്നു കേന്ദ്രമന്ത്രി പറഞ്ഞു. പ്രതിസന്ധികള്‍ നിറഞ്ഞ കാലഘട്ടത്തില്‍ നിര്‍മിതബുദ്ധിപോലുള്ള ശാസ്ത്രസാങ്കേതികസാഹചര്യങ്ങള്‍ ഉയര്‍ത്താവുന്ന പരിമിതികള്‍ ആത്മീയപിതാക്കന്മാര്‍ക്കടക്കം വെല്ലുവിളിയാകാമെന്ന് മന്ത്രി ഓര്‍മപ്പെടുത്തി. സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷതവഹിച്ചു. സഭയെ സുരക്ഷിതമായി നയിക്കുന്നതിനു നേതൃത്വം നല്കിയവരാണു ചങ്ങനാശേരിയിലെ പിതാക്കന്മാരെന്നും മാര്‍ തോമസ്    തറയിലിനെ ഭാരതസഭ പ്രതീക്ഷയോടെയാണു കാണുന്നതെന്നും മാര്‍ ആന്‍ഡ്രൂസ്താഴത്ത് പറഞ്ഞു.  
   കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തി. അനുഗൃഹീതരായ പിതാക്കന്മാരുടെ വലിയ പാരമ്പര്യം ചങ്ങനാശേരിയുടെ ഭാഗ്യമാണ്. പ്രതികരിക്കേണ്ട സമയത്തു കൃത്യതയോടെ പ്രതികരിക്കാനും സമൂഹത്തിന്റെ ആവശ്യങ്ങള്‍ വേണ്ട സ്ഥലങ്ങളില്‍ താമസംകൂടാതെ എത്തിക്കാനും പിതാക്കന്മാര്‍ക്കു  കഴിയണമെന്നും മാര്‍ ജോര്‍ജ്  ആലഞ്ചേരി പറഞ്ഞു. സഹോദരസഭകളെ ചേര്‍ത്തുപിടിക്കാനും എക്യുമെനിസം ശക്തിപ്പെടുത്താനും ചങ്ങനാശേരി അതിരൂപത എക്കാലത്തും മുന്നിലുണ്ടെന്ന് അനുഗ്രഹപ്രഭാഷണത്തില്‍ ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത പറഞ്ഞു. മന്ത്രി വി.എന്‍. വാസവന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി., ജോബ് മൈക്കിള്‍ എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ കൃഷ്ണകുമാരി രാജശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു.
    മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍കാതോലിക്കാ ബാവാ വേദിയിലെത്തി ആശംസകള്‍ നേര്‍ന്നു. ഫാ. തോമസ് തൈക്കാട്ടുശേരി ആന്‍ഡ് ടീമിന്റെ ആശംസാഗാനത്തോടെ ആരംഭിച്ച സമ്മേളനം സ്‌നേഹവിരുന്നോടെ സമാപിച്ചു.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)