•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

അക്ഷരകേരളത്തിനുണര്‍വായി ഹോര്‍ത്തൂസ് ഉത്സവം

  • ചീഫ് എഡിറ്റര്‍ & മാനേജിങ് ഡയറക്ടര്‍ : ഫാ. കുര്യന്‍ തടത്തില്‍
  • 14 November , 2024

   കടല്‍ക്കാറ്റിലും മണല്‍ത്തരികളിലും സ്‌നേഹാക്ഷരങ്ങളുടെ താളലയം സൃഷ്ടിച്ച ഹോര്‍ത്തൂസ് കലാസാഹിത്യോത്സവത്തിന് കോഴിക്കോട് ബീച്ചിലെ പ്രൗഢഗംഭീരമായ വേദിയും സാഗരവും കാലവും സാക്ഷി. ചരിത്രസ്മൃതികളുടെ ഓര്‍മകളേറ്റുകിടക്കുന്ന കോഴിക്കോടിന്, യുനെസ്‌കോയുടെ സാഹിത്യനഗരപദവി സ്വന്തമാക്കിയശേഷം ആദ്യമായി അരങ്ങേറുന്ന കലാസാഹിത്യോത്സവം കടലോളം വലുതായിരുന്നുവെന്നു പറയുന്നതാവും ശരി. കേരളം ഇതുവരെ കാണാത്തത്ര സാംസ്‌കാരികവൈവിധ്യങ്ങളുടെ ഈ വിരുന്നുത്സവം കോഴിക്കോടന്‍ ജനതയ്ക്കു മാത്രമല്ല, കേരളക്കരയിലെ ഭാഷാസാഹിത്യപ്രേമികളുടെയും പ്രണേതാക്കളുടെയും ഹൃദന്തങ്ങളില്‍ അക്ഷരപ്പൂക്കളായി പരിമളം പരത്തുമെന്നുറപ്പാണ്.
   മലയാള മനോരമ നവംബര്‍ ഒന്നുമുതല്‍ മൂന്നുവരെ കോഴിക്കോട് കടപ്പുറത്തൊരുക്കിയ ഹോര്‍ത്തൂസ് കലാസാഹിത്യോത്സവം മൂന്നു രാപകലുകളിലും ഉദ്ഘാടനത്തലേന്നത്തെ 'ദീപാവലി'പ്രഭയില്‍ കുളിച്ചുനിന്നു. 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' (ഒീൃൗേ െങമഹമയമൃശരൗ)െ പതിനേഴാം നൂറ്റാണ്ടില്‍ ആംസ്റ്റര്‍ഡാമില്‍ പ്രസിദ്ധീകരിച്ച പന്ത്രണ്ടു വാല്യങ്ങളുള്ള, കേരളത്തിലെ ഔഷധച്ചെടികളെക്കുറിച്ചു വിവരിക്കുന്ന വിശിഷ്ടഗ്രന്ഥമാണ്. 'മലബാറിന്റെ ഉദ്യാനം' എന്നാണ് ഗ്രന്ഥശീര്‍ഷകത്തിന്റെ അര്‍ഥം. കോഴിക്കോട് കടപ്പുറത്ത് ഒരു സുന്ദരോദ്യാനത്തിന്റെ ഓര്‍മയും ഓളവും ആവാഹിക്കാന്‍ പറ്റുംവിധം അക്ഷരങ്ങളുടെ തിരത്തള്ളലാണ് ത്രിദിനോത്സവത്തിലുണ്ടായത്.
   കേരളത്തിലെ സസ്യലതാദികള്‍ വിളംബരം ചെയ്യുന്ന ഹരിതസമൃദ്ധിയും പച്ചപ്പിന്റെ സംസ്‌കൃതിയും മാനവഹൃദയഭൂമിയില്‍ കൃഷിചെയ്തു വേരിറക്കേണ്ട ഒരു യാഥാര്‍ഥ്യമാണെന്ന തിരിച്ചറിവാവണം ഹോര്‍ത്തൂസ് ഉത്സവം പറഞ്ഞുവയ്ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ 'അ' അക്ഷരം നട്ട് ഹോര്‍ത്തൂസ് കലാസാഹിത്യോത്സവം ഉദ്ഘാടനം ചെയ്തത് വേറിട്ട ഒരനുഭവമായിരുന്നു. സ്‌നേഹാക്ഷരവിത്തുകളെ മുളപ്പിച്ചു വളര്‍ത്തുന്ന സ്‌നിഗ്ധഭൂമിയായി മനുഷ്യഹൃദയങ്ങള്‍ പരിവര്‍ത്തനപ്പെടുത്തിന്നിടത്താണ് 'ഹോര്‍ത്തൂസി'ന്റെ വിജയമെന്നു നിസ്സംശയം പറയാം.
    രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംവാദങ്ങള്‍ക്കു ചൂടുപിടിച്ച മൂന്നുദിനങ്ങള്‍ കടല്‍ത്തീരത്തെ മണല്‍ത്തരികളോടൊപ്പം മനുഷ്യരുടെ ചിന്താശക്തിയെയും പൊള്ളിച്ചിട്ടുണ്ടാവണം. ധിഷണാശാലികളുടെയും പ്രതിഭകളുടെയും നിര്‍ണായകമായ ഇടപെടലുകളില്‍ പല ചര്‍ച്ചകള്‍ക്കും തീര്‍ച്ചയും മൂര്‍ച്ചയുമുണ്ടായി.  ഏകാകിയായിരുന്നു സര്‍ഗരചന നടത്തുന്നതിനപ്പുറം ആവിഷ്‌കാരസ്വാതന്ത്ര്യത്തിനായി ഒന്നിച്ചുപോരാടേണ്ട കാലമാണിതെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. സത്യസന്ധമായും നിര്‍ഭയമായും ആവിഷ്‌കാരം നടത്തിയ ഒട്ടേറെപ്പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഭയത്തിന്റെ നിഴലാട്ടത്തില്‍ പലരും നിശ്ശബ്ദരാക്കപ്പെടുന്നു. എഴുത്തുകാര്‍ക്ക് നിര്‍ഭയരായി തങ്ങളുടെ ആശയങ്ങള്‍ പങ്കുവയ്ക്കാനുള്ള തുറന്ന വേദികളായി ഹോര്‍ത്തൂസ്‌പോലുള്ള ഉത്സവങ്ങള്‍ മാറണമെന്നും മുഖ്യമന്ത്രി പ്രത്യാശിച്ചു. ജീവിതവും കലയും സാഹിത്യവും സമൂഹനിര്‍മിതിക്കു പ്രയോജനപ്പെടുന്നവയാകണമെന്നുകൂടി അദ്ദേഹം പറഞ്ഞുവച്ചു. 
    ആശയങ്ങളും വ്യത്യസ്ത കലാരൂപങ്ങളും സമന്വയിച്ച ഹോര്‍ത്തൂസില്‍ വൈവിധ്യങ്ങളുടെ വിരുന്നുകളാണ് വിളമ്പിയത്. മലയാളത്തിലെ അതുല്യരായ വാഗ്മികളും എഴുത്തുകാരും രാജ്യാന്തരപ്രശസ്തരായ ചിന്തകരും ഒന്നുചേര്‍ന്നപ്പോള്‍ ആശയങ്ങളുടെ ആഴക്കടലായി മണല്‍പ്പുറം ഉണര്‍ന്നു. പത്തിലധികം വേദികളിലായി നൂറ്റിമുപ്പതോളം സംവാദങ്ങളും അസുലഭ കലാപ്രകടനങ്ങളും നിറവു പകര്‍ന്നു. ശംഖുപുഷ്പം, മന്ദാരം, ആറ്റുവഞ്ചി, അശോകം, അമൃത്, മൈലാഞ്ചി, മഷിത്തണ്ട് എന്നിങ്ങനെ മലയാളത്തെളിമയുള്ള പേരുകളുമായി അരങ്ങുകളുണര്‍ന്നപ്പോള്‍ കോഴിക്കോട്ടെ കടല്‍ത്തിരകള്‍ക്കെന്നവണ്ണം കേരളപ്പേരും പെരുമയും ജനമനസ്സുകളില്‍ ഇരമ്പിക്കേറിയെന്നു പറയാതെ വയ്യ.
   പുതുപുസ്തകം തുറക്കുമ്പോഴത്തെ പുത്തന്‍ മണമാണ് കടലോരത്തെ കാറ്റിന്. മലയാളത്തിലെയും രാജ്യാന്തരതലത്തിലെയും പ്രസാധകരുടെ 7500 ടൈറ്റിലുകളിലായി മൂന്നുലക്ഷത്തോളം പുസ്തകങ്ങളാണ് പ്രദര്‍ശനത്തിലും വില്പനയ്ക്കുമായി മനോരമബുക്‌സ് ഒരുക്കിയത്. 44 കലാകാരന്മാരുടെ സൃഷ്ടികളുള്ള കൊച്ചി ബിനാലെ ദൃശ്യവിസ്മയങ്ങള്‍ ഹോര്‍ത്തൂസിന്റെ മുഖ്യആകര്‍ഷണങ്ങളിലൊന്നായി. ഹിസ്റ്ററിലാബും ഷെഫ് സ്റ്റുഡിയോയും ചലച്ചിത്രമേളയും സംഗീതനിശയുമെല്ലാം ഹോര്‍ത്തൂസിനെ കൂടുതല്‍ മിഴിവുറ്റതാക്കി.
   ബഷീറും എസ്.കെ.യും തിക്കോടിയനും എം.ടി.യും പോലെ മഹാന്മാരായ എഴുത്തുകാരുടെ കാല്പാടുകള്‍ പതിഞ്ഞ കോഴിക്കോട്ടെ കടപ്പുറത്ത് അനന്യവും അഭൂതപൂര്‍വവുമായ സാംസ്‌കാരികാനുഭവമാണ് അനശ്വരമെന്നോണം മുദ്രചാര്‍ത്തപ്പെട്ടിരിക്കുന്നത്. ഹോര്‍ത്തൂസ് അവസാനിക്കുന്നില്ല, മലയാളിമനസ്സുകളെ വിമലീകരിക്കാനും ശക്തീകരിക്കാനും അതിനു തുടര്‍ച്ചകളുണ്ടാകട്ടെ എന്നുമാത്രം ആശംസിക്കുന്നു.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)