ആദിതൊട്ടിന്നോളം മാനുഷര്‍ തീര്‍ത്തൊരു
പാപക്കുരിശും തൃത്തോളിലേറ്റി
കാല്‍വരിക്കുന്നിന്‍ മുകളിലേക്കേറുന്ന
യാഗത്തിന്‍ കുഞ്ഞാടാണെന്റെ ദൈവം
വൈരികളേല്പിക്കും നിഷ്ഠുരതാഡന-
മേറ്റു തളര്‍ന്നു നടന്നിടുമ്പോള്‍
മാനസം നൊന്തു കരയും മനസ്വികള്‍-
ക്കാശ്വാസം നല്കിയോനെന്റെ ദൈവം
ക്രൂശില്‍ക്കിടത്തി തന്‍ കാലിലും കൈയിലും
ആണിയടിച്ചു തറച്ചിടുമ്പോള്‍
സ്വര്‍ഗത്തിന്‍ വാതില്‍ തുറന്നുവരുന്നതു
കണ്ടു സഹിച്ചവനെന്റെ ദൈവം
''മാനവന്‍ തന്നോടു ചെയ്‌തൊരിപ്പാതകം
താതാ പൊറുക്കണേ''യെന്നു ക്രൂശില്‍
വേദനകൊണ്ടു പുളയുന്ന നേരത്തും
പ്രാര്‍ഥിച്ചോനാണല്ലോയെന്റെ ദൈവം
ആ വലം തൂങ്ങിയ കള്ളന്റെ പ്രാര്‍ഥന-
യ്ക്കുത്തരം നല്കാന്‍ തിരുമനസ്സായ്
ഇന്നുതാന്‍ പോയ്‌ച്ചേരും സ്വര്‍ല്ലോകം തന്നെയും
വാഗ്ദാനം ചെയ്തവനെന്റെ ദൈവം
''എന്‍ പിതാവേ! നിന്‍ കൈകളിലേല്പിക്കു-
ന്നെന്‍ ജീവനേറെ കൃതാര്‍ഥനായി.''
എന്നരുള്‍ ചെയ്തു, ശിരസ്സു വലം ചാഞ്ഞു
കണ്‍കളടഞ്ഞു, പിരിഞ്ഞു ജീവന്‍!
സൂര്യന്‍ മറഞ്ഞുപോയ് ഭൂമി കുലുങ്ങിപ്പോയ്
പാറകള്‍ പൊട്ടിപ്പിളര്‍ന്നുപോയി
ദേവാലയത്തിരശ്ശീല മേല്‍കീഴായി
കീറിമുറിഞ്ഞിരുതുണ്ടമായി
കണ്ടവര്‍ കണ്ടവര്‍ താനേ പറഞ്ഞുപോയ്
ദൈവപുത്രനിവന്‍ ദൈവപുത്രന്‍!
അരിമത്യാ ജോസഫിന്‍ കല്ലറയ്ക്കുള്ളി-
ലത്തിരുമേനിയടക്കം ചെയ്തു
അണ്ഡകടാഹം നിറഞ്ഞുകവിഞ്ഞിടും
ബ്രഹ്‌മമിക്കല്ലറയുള്‍ക്കൊള്ളുമോ!
അമ്മയും ശിഷ്യനും നാരീജനങ്ങളു-
മവിടെ കരഞ്ഞു പിരിഞ്ഞുപോയി
വെള്ളികടന്നുപോയ്, ശനിയും കൊഴിഞ്ഞുപോയ്
ഞായറുദിച്ചു പുലരുംമുമ്പേ
നാഥനാ കല്ലറവിട്ടുയിര്‍ന്നേറ്റല്ലോ
നാന്ദികുറിച്ചു നരന്നു മോക്ഷം!
ആ മോക്ഷപ്രാപ്തിക്കൊരേയൊരുമാര്‍ഗം താന്‍
ആ മാര്‍ഗദീപവും താനാണല്ലോ!
ഈ സത്യം സത്യമായ് ലോകത്തിനേകിയ
സര്‍വേശപുത്രനാണെന്റെ ദൈവം
എന്നുമെന്‍ മുമ്പില്‍ത്തെളിഞ്ഞു വിലസിടു-
മാദീപസ്തംഭമാണെന്റെ ദൈവം.