നമ്മുടെ കലാലയങ്ങളെല്ലാം പുറമേ എത്ര സുന്ദരമാണ്! വിദ്യാര്‍ഥികള്‍ക്കൊപ്പം കരംകോര്‍ത്തു നൃത്തമാടുന്ന അധ്യാപകരും പ്രിന്‍സിപ്പല്‍മാരുമൊക്കെയാണ് ഇന്ന് ''റീല്‍സി''ലെ ജനപ്രിയവിഭവങ്ങള്‍. പ്രഥമാധ്യാപകന്‍ ചൂരലുപിടിച്ചു വരാന്തയിലിറങ്ങിനിന്നാല്‍, കലപില കൂട്ടുന്ന പള്ളിക്കൂടമാകെ നിശ്ശബ്ദമാകുന്ന കാലത്തുനിന്നുള്ള മാറ്റത്തിന് ഒരു ചന്തമൊക്കെയുണ്ട്. ആരവങ്ങള്‍ക്കും സംഘനൃത്തങ്ങള്‍ക്കുമിടയില്‍ ഒറ്റപ്പെട്ട നെടുവീര്‍പ്പുകളോ നിലവിളികളോ ഉയരുന്നുണ്ടാവും. അതു തിരിച്ചറിയാനുള്ള കണ്ണും കാതും അക്കാദമിക്തിരക്കുകള്‍ക്കിടയില്‍ കലാലയങ്ങള്‍ക്കു നഷ്ടമാകുന്നില്ലേ? പത്താംക്ലാസിലും ഹയര്‍സെക്കന്‍ഡറിയിലും ഉന്നതവിജയം നേടി നാടിന് അഭിമാനമായി മാറിയ വിദ്യാര്‍ഥികള്‍ അക്കാദമിക്‌സമ്മര്‍ദങ്ങളുടെയോ പ്രണയപരാജയത്തിന്റെയോ പേരില്‍ ജീവനൊടുക്കുന്നു. ലഹരിയും റാഗിങ്ങും സാമൂഹികമായ ഒറ്റപ്പെടലും അരക്ഷിതമായ കുടുംബസാഹചര്യവും സൈബര്‍കെണികളും എല്ലാം വിദ്യാര്‍ഥികളുടെ ആത്മഹത്യയ്ക്കു കാരണമാകുന്ന പ്രധാന പ്രശ്‌നങ്ങളായി കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യയുടെ ജനസംഖ്യാവളര്‍ച്ചാ നിരക്കിനെക്കാള്‍ അധികമായി വിദ്യാര്‍ഥികള്‍ക്കിടയിലെ ആത്മഹത്യാനിരക്കു കൂടുന്നു എന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. പത്തു വര്‍ഷത്തിനിടയ്ക്ക് 24 വയസ്സില്‍ താഴെയുള്ളവരുടെ ജനസംഖ്യ 58.2 കോടിയില്‍നിന്ന് 58.1 കോടിയായി ചുരുങ്ങിയപ്പോള്‍ വിദ്യാര്‍ഥികളുടെ ആത്മഹത്യ 6654 ല്‍നിന്ന് 13044 ആയി ഉയര്‍ന്നു. ഇന്ത്യയിലെ ആത്മഹത്യാനിരക്ക് ഓരോ വര്‍ഷവും രണ്ടുശതമാനംവച്ചു വര്‍ധിക്കുമ്പോള്‍ വിദ്യാര്‍ഥികളിലെ ആത്മഹത്യാനിരക്ക് നാലു ശതമാനമാണു വര്‍ധിക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ ഒമ്പതിനായിരത്തോളം യുവാക്കളാണ് കേരളത്തില്‍ ആത്മഹത്യ ചെയ്തത് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയത്.
കകഠ, ചകഠ, കകങ പോലുള്ള ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്നത്. രാജ്യം നേരിടുന്ന ഏറ്റവും വലിയ തകര്‍ച്ചയായി ഈ യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കാന്‍ നാം ഇപ്പോഴും തയ്യാറായിട്ടില്ല. ക്ലാസുകളില്‍നിന്നു കുട്ടികള്‍ കൊഴിഞ്ഞുപോകുന്നതിനെക്കുറിച്ചും യുവാക്കള്‍ കൂട്ടത്തോടെ വിദേശരാജ്യങ്ങളിലേക്കു ജോലിക്കും സ്ഥിരതാമസത്തിനുമായി പോകുന്നതിനെക്കുറിച്ചുമെല്ലാം നാം ചര്‍ച്ച ചെയ്യുന്നുണ്ട്.
എപ്പോഴോ ദിശതെറ്റി സഞ്ചരിച്ചുതുടങ്ങി എന്നു തോന്നിയ വിദ്യാര്‍ഥിയെക്കുറിച്ചുള്ള സംസാരത്തിനിടയില്‍ ഒരു അധ്യാപകസുഹൃത്ത് ഒരിക്കല്‍ ആവേശത്തോടെ നടത്തിയ പ്രതികരണമാണ് ഈ ലേഖനത്തിന്റെ ശീര്‍ഷകം. ശരിയായിരിക്കാം, രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങളില്‍ ഓരോരുത്തരും എപ്പോള്‍ വരുന്നു, എങ്ങോട്ടു പോകുന്നു, കൂട്ടുകാര്‍ ആരൊക്കെയാണ്, ശീലങ്ങളും ശീലക്കേടുകളും എന്തൊക്കെയാണ് എന്നു നോക്കിക്കൊണ്ടിരിക്കുക അത്ര സുഖമുള്ള കാര്യമല്ല. അവരെ വെറുതെ ഒന്നു കേള്‍ക്കണമെങ്കില്‍പോലും എത്രയോ സമയം നാം പങ്കിട്ടു നല്‌കേണ്ടിവരും? കേട്ടു കഴിഞ്ഞാല്‍ തുടര്‍ന്ന് അഭിമുഖീകരിക്കേണ്ട സങ്കീര്‍ണതകള്‍, സംഘര്‍ഷങ്ങള്‍, റിസ്‌ക് ഫാക്ടറുകള്‍ എല്ലാം കണക്കിലെടുക്കുമ്പോള്‍ ഒന്നിച്ചൊരു സെല്‍ഫിയുമെടുത്ത്, ട്രീറ്റും നല്കി, പാട്ടും നൃത്തവുമൊക്കെയായി മൊത്തത്തില്‍ സന്തോഷിപ്പിച്ചു കടന്നുപോകുന്നതാണ് സുരക്ഷിതം എന്നു തോന്നാം.
ഞാനോര്‍ത്തത് എന്റെ മക്കളെക്കുറിച്ചാണ്. അവരുടെ അധ്യാപകരോരോരുത്തര്‍ക്കും വ്യക്തിപരമായി അവരെ അറിയാമെന്നും അവരുടെ സ്വപ്നങ്ങളും സങ്കടങ്ങളും ഏത് അധ്യാപകരോടും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടെന്നും അവര്‍ക്കവിടെ സന്തോഷമാണെന്നും ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. അതേ വിശ്വാസത്തിലാണ് നൂറോ നൂറ്റമ്പതോ കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ഗ്രാമങ്ങളില്‍നിന്ന് സ്വന്തം കുഞ്ഞുങ്ങളെ പഠിക്കാനയച്ചിട്ട് അച്ഛനമ്മമാര്‍ കഴിയുന്നത് എന്നോര്‍ത്ത നിമിഷം മനസ്സ് അസ്വസ്ഥമായി. ശരിയുടെ ചായം പൂശി മുന്നില്‍ ചിരിച്ചുനില്‍ക്കുന്ന ചിന്തയുടെ വാമനത്വവും വൈകല്യവും വെളിപ്പെട്ടു.
ഇഷ്ടവിഷയമോ കലാലയമോ കിട്ടാതെപോയവര്‍, മറ്റുള്ളവരുടെ പ്രതീക്ഷകളുടെയോ സ്വന്തം സ്വപ്നങ്ങളുടെയോ ഭാരം താങ്ങാനാവാത്തവര്‍, സാമൂഹികമോ ലിംഗപരമോ ആയ വിവേചനം നേരിടുന്നവര്‍, സൈബര്‍ ബുള്ളിങ്ങിനും സൈബര്‍ ഗ്രൂമിങ്ങിനും ഇരകളാക്കപ്പെടുന്നവര്‍, ഓണ്‍ലൈന്‍ ഗെയിമിന് അടിമകളായവര്‍, സൗഹൃദങ്ങളാല്‍ ചൂഷണം ചെയ്യപ്പെട്ടവര്‍, മാതാപിതാക്കള്‍ തമ്മിലുള്ള അകല്‍ച്ചയില്‍ ഒറ്റപ്പെട്ടുപോയവര്‍. നമുക്കു മുന്നിലൂടെ ഇണങ്ങിയും പിണങ്ങിയും ധിക്കാരം കാട്ടിയും വിധേയത്വം പ്രകടിപ്പിച്ചും കടന്നുപോയിട്ടുള്ള ശിഷ്യഗണത്തില്‍ എത്രയോ പേര്‍ ഇതിലേതെങ്കിലുമൊക്കെ അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാവും!
ഹോസ്റ്റലുകള്‍ ഉപേക്ഷിച്ച് വീട് വാടകയ്‌ക്കെടുത്തു പഠിക്കാനെത്തുന്നവരാണ് ഇന്നു പലരും. പത്തും പന്ത്രണ്ടും മണിക്കൂറിലധികം സൈബറിടങ്ങളില്‍ ചെലവഴിക്കുന്നവര്‍. സമൂഹമാധ്യമങ്ങളിലെ സൗഹൃദപ്പട്ടികയില്‍ അപരിചിതരെ ഉള്‍പ്പെടുത്താതിരിക്കുക, സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്ന തരത്തിലുള്ള അനാവശ്യമായ ആപ്പുകളും മൊബൈല്‍ ഗെയിമുകളും ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക, എത്ര ആഴമുള്ള സൗഹൃദമെന്നു തോന്നിയാലും സ്വകാര്യചിത്രങ്ങള്‍ പങ്കുവയ്ക്കാതിരിക്കുക, ചാറ്റുകളുടെ സ്വഭാവത്തിനും സമയത്തിനും കൃത്യമായ പരിധി നിശ്ചയിക്കുക, ക്ലാസ്മുറിയിലെ കൂട്ടുകാരെപ്പോലെതന്നെ സൈബറിടങ്ങളിലെ കൂട്ടുകാര്‍ ആരൊക്കെയെന്നു മാതാപിതാക്കള്‍കൂടി അറിഞ്ഞിരിക്കുക എന്നിങ്ങനെ സൈബര്‍ വ്യവഹാരങ്ങളെക്കുറിച്ചു ശരിയായ അവബോധം നല്കാന്‍ വീടുകളും കലാലയങ്ങളും പ്രാപ്തമായിരുന്നെങ്കില്‍, അതിനുവേണ്ടി മെനക്കെട്ടിരുന്നെങ്കില്‍, എത്രയോ കുഞ്ഞുങ്ങള്‍ ഇന്നും നമുക്കിടയിലുണ്ടാകുമായിരുന്നു.
ധിക്കാരിയും അനുസരണ കെട്ടവനുമായ ഒരു ശിഷ്യനെ ഓര്‍മവരുന്നു. പുറത്തേക്കെറിഞ്ഞുകളയാന്‍ തീരുമാനിക്കപ്പെട്ട ഒരു 'ചീഞ്ഞ ആപ്പിള്‍.' പകലിന്റെ പകുതിയോളം അവനെയും കൂട്ടി ഒരു യാത്രപോയി. നാലു സഹോദരങ്ങളും നാലു സ്ഥാപനങ്ങളിലായി ചിതറിക്കപ്പെട്ട ബാല്യം. അനുജനെയും കുഞ്ഞനുജത്തിമാരെയും കാണാന്‍ കൊതിച്ചു കരഞ്ഞ രാത്രികള്‍, മാനസികവും ശാരീരികവുമായി നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍, സമപ്രായക്കാരെപ്പോലെ അല്പം ചന്തത്തില്‍ വസ്ത്രം ധരിച്ചു നടക്കാന്‍ കഴിയാത്തതിന്റെ അപകര്‍ഷം, പിന്നെ മുതിര്‍ന്നപ്പോള്‍ കിട്ടിയ കൂട്ടുകെട്ടുകള്‍, ലഹരിയുടെ രുചി... പതിനഞ്ചു വര്‍ഷത്തെ സങ്കടങ്ങളത്രയും മൂന്നോ നാലോ മണിക്കൂറെടുത്ത് അവന്‍ പറഞ്ഞവസാനിപ്പിക്കുമ്പോള്‍ ഞങ്ങള്‍ ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തീര്‍ഥാടനപ്പള്ളിയുടെ മുന്നിലായിരുന്നു. അവിടെനിന്ന് അസ്സീസി ആശ്രമത്തിലെ കുമ്പസാരക്കൂടിന്റെ ശാന്തതയില്‍ മുക്കാല്‍ മണിക്കൂറോളം അവന്‍ മുട്ടുകുത്തി നില്ക്കുന്നതു കണ്ടപ്പോള്‍ ഇനിയൊരിക്കലും അവന്‍ പിടിവിട്ടുപോകരുതേ എന്നായിരുന്നു എന്റെ മനസ്സില്‍ പ്രാര്‍ഥന. ആ കുമ്പസാരക്കൂടു നല്‍കിയ സാന്ത്വനവും, ചില കുഞ്ഞുസമ്മാനങ്ങളും, അവനിലെ ചിത്രകാരനു ക്ലാസുമുറിയില്‍ നല്കിയ അംഗീകാരവുമൊക്കെ ധാരാളമായിരുന്നു അവനു മുന്നോട്ടുപോകാന്‍. ഇടയ്‌ക്കെപ്പോഴോ അവനു ചെറുതായൊന്നു കാലിടറിയപ്പോള്‍, അകന്നുപോകുമെന്നു തോന്നിയപ്പോള്‍, നിറഞ്ഞ ചിരിയോടെ ഒരാള്‍ ചോദിച്ചതോര്‍ക്കുന്നു: ''സാറ് ഇന്നാള് നന്നാക്കിയെടുക്കാന്‍ നോക്കിയ പയ്യനല്ലേ അത്?''
ജീവിതത്തില്‍ കണ്ട ഏറ്റവും ക്രൂരമായ ചിരികളിലൊന്ന് അതായിരുന്നു.
പ്രിയ സുഹൃത്തേ, ശീര്‍ഷകത്തില്‍ നീ കാണുന്ന ചോദ്യത്തിനുത്തരം 'അതേ' എന്നുതന്നെയാണ്.
പ്രകാശഗോപുരങ്ങളായി വിശേഷിപ്പിക്കപ്പെട്ട കാലത്തിന്റെ മട്ടുപ്പാവില്‍നിന്നിറങ്ങി ആളും അനക്കവുമുള്ള കാവല്‍പ്പുരകളായികൂടി അധ്യാപകജീവിതത്തെ നാം പരുവപ്പെടുത്തിയേ മതിയാകൂ.