ടോണി ചിറ്റിലപ്പിള്ളി
കത്തോലിക്കാസഭയുടെ ഭാവിയെക്കുറിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പായുടെ മൂന്നു വര്‍ഷത്തെ കൂടിയാലോചനകളുടെ മെത്രാന്‍ സിനഡ് ഒക്‌ടോബര്‍ 26 ന് സമാപിച്ചു. ആധുനികകാലഘട്ടത്തില്‍ സഭ നേരിടുന്ന വെല്ലുവിളികള്‍ വിശദമായി ചര്‍ച്ച ചെയ്ത സിനഡ്, ഭാവിസഭയെ രൂപപ്പെടുത്തേണ്ട ഉത്തരവാദിത്വം എല്ലാ കത്തോലിക്കര്‍ക്കുമുണ്ടെന്നു വിലയിരുത്തി.
സിനഡാലിറ്റിയെക്കുറിച്ചുള്ള വത്തിക്കാന്‍ സിനഡിന്റെ അന്തിമരേഖ, സഭയുടെ ഭാവിയെക്കുറിച്ച് എല്ലാ കത്തോലിക്കര്‍ക്കും അഭിപ്രായങ്ങള്‍ പറയാന്‍ അവസരമുള്ളതും സാധാരണവിശ്വാസികളെ കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും സുതാര്യവുമായ ഒരു സഭയിലേക്കുള്ള വഴികള്‍ അവതരിപ്പിക്കുന്നു. നിലവിലെ കാനന്‍നിയമങ്ങളില്‍ കാതലായ മാറ്റങ്ങളും രേഖ നിര്‍ദേശിക്കുന്നു.
വൈദികര്‍ക്കുള്ള പരിശീലനം, ബിഷപ്പുമാരെ തിരഞ്ഞെടുക്കുന്നതില്‍ വിശ്വാസികള്‍ക്കുള്ള പങ്കാളിത്തം, വനിതകളുടെ ശുശ്രൂഷകളിലെ വിപുലീകരണം, സഭയിലുടനീളം കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്വവും നിര്‍ബന്ധമാക്കുന്നതിന് സഭാനിയമത്തിലെ പരിഷ്‌കരണം എന്നിവ ശിപാര്‍ശ ചെയ്യുന്ന വന്‍മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. പതിനായിരക്കണക്കിനു ശ്രവണസെഷനുകള്‍, കോണ്ടിനെന്റല്‍ അസംബ്ലികള്‍, റോമിലെ രണ്ട് പ്രധാന ഉച്ചകോടികള്‍ എന്നിവയ്ക്കുശേഷമാണ് അമ്പത്തൊന്നു പേജുള്ള അന്തിമരേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വനിതാഡീക്കന്മാരെക്കുറിച്ചുള്ള കാര്യങ്ങളില്‍ ഇപ്പോള്‍ പക്വമായ തീരുമാനത്തിനു സമയമായിട്ടില്ല എന്നാണ് സിനഡിന്റെ അഭിപ്രായം. എന്നാല്‍, അത്തരം സാധ്യതകളിലേക്കുള്ള വാതിലുകളൊന്നും സഭ അടയ്ക്കുന്നുമില്ല. സഭയില്‍ സ്ത്രീകളുടെ പങ്ക് വര്‍ധിപ്പിക്കുന്നതില്‍ പാപ്പാ അതീവ ശ്രദ്ധാലുവാണ്.
ലോകമെമ്പാടുമുള്ള 400 പ്രതിനിധികള്‍ പങ്കാളികളായ സിനഡിന്റെ ഈ സമാപനരേഖ, ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ഐതിഹാസികമായ വിജയമാണ്. സഭ അതിലെ എല്ലാ അംഗങ്ങളെയും ശ്രവിക്കാന്‍ കഴിയുന്നതും കൂടുതല്‍ ഉള്‍ക്കൊള്ളുന്നതുമാക്കാനാണ് പാപ്പാ ശ്രമിച്ചത്. സമാപനരേഖ വത്യസ്ത തലങ്ങളുള്ള ഒരു സമ്മാനമാണെന്നും സഭയ്ക്കു മാര്‍ഗരേഖയായി രിക്കുന്നതിനൊപ്പം അത് സഭയുടെ ഐക്യത്തിന്റെയും പൊതുവായ മിഷന്റെയും അടയാളമാണെന്നും പാപ്പാ പറഞ്ഞു.
സമാപനരേഖയിലെ മറ്റു പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍
1. പ്രധാന രേഖകള്‍ പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് ബിഷപ്‌സ് കോണ്‍ഫറന്‍സുകളുമായും മറ്റു പ്രസക്തമായ കക്ഷികളുമായും റോമന്‍ ഡികാസ്റ്ററികളില്‍നിന്നുള്ള കൂടിയാലോചന.
2. കര്‍ദിനാള്‍കോളജിലെ അംഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ സഹകരണം ഉറപ്പുവരുത്തി സഭാഭരണത്തില്‍ മാര്‍പാപ്പയെ സഹായിക്കുന്നതിന് ഉന്നതസംഘത്തിനു കൂടുതല്‍ ഭരണപരമായ ഉത്തരവാദിത്വം.
3. ആരാധനക്രമ ആഘോഷങ്ങള്‍ക്കു സിനഡാലിറ്റിയുടെ മികച്ച ആവിഷ്‌കാരം എങ്ങനെ നല്‍കാമെന്നു പരിശോധിക്കാന്‍ ഒരു പുതിയ സിനഡല്‍പഠനസംഘത്തിന്റെ രൂപീകരണം.
4.മാര്‍പാപ്പായെ ഉപദേശിക്കുന്നതിനായി പൗരസ്ത്യ കത്തോലിക്കാസഭകളിലെ പാത്രിയാര്‍ക്കീസുമാരുടെയും പ്രധാന ആര്‍ച്ചുബിഷപ്പുമാരുടെയും മെത്രാപ്പോലീത്തമാരുടെയും ഒരു കൗണ്‍സില്‍ സ്ഥാപിക്കല്‍.
5. ഒപ്പം സഭയുടെ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും ദുര്‍ബലരായ മുതിര്‍ന്നവര്‍ക്കും ഒപ്പം പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ രൂപീകരണവും പരിശീലനവും.
മൂന്നു വര്‍ഷത്തെ സിനഡ് പ്രക്രിയയുടെ അവസാനം 'ലോകത്തിന്റെ തെരുവുകളിലൂടെ സുവിശേഷത്തിന്റെ സന്തോഷം കൊണ്ടുപോകാനും' സമയമായെന്ന് ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ചു. അക്രമം, ദാരിദ്ര്യം, നിസ്സംഗത എന്നിവയാല്‍ അടയാളപ്പെടുത്തിയ ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും എത്തിച്ചേര്‍ന്ന ജനതയെ ഒരുമിച്ചുനടക്കുവാന്‍ സിനഡ് സഹായിച്ചുവെന്ന് പാപ്പാ പറഞ്ഞു. സമാധാനത്തെക്കുറിച്ചു സ്വപ്നം കാണാന്‍മാത്രമല്ല, നമ്മുടെ എല്ലാ ശക്തിയും ഉപയോഗിച്ച് അത് യാഥാര്‍ഥ്യമാക്കുവാന്‍ പരിശ്രമിക്കുകയും വേണം.