മാനവനാത്മാവില്‍ വീണ്ടും ജനിക്കായ്കി-
ലീജന്മംതന്നെ വിഫലമാകും
ദേഹത്തില്‍നിന്നു ജനിച്ചവയൊക്കെയും
വേഗത്തില്‍ത്തന്നെ നശിച്ചുപോകും
ആത്മാവില്‍നിന്നു ജനിച്ചതാണെങ്കിലോ
അമരത്വം പൂണ്ടു ജ്വലിച്ചുനില്ക്കും
ഇപ്പരമാര്‍ഥമാ നിക്കേദേമൂസിനോ-
ടേവമരുളിയോനെന്റെ ദൈവം
താബോര്‍മാമലമേലെയൊരായിരം
സൂര്യനൊരുമിച്ചുദിച്ചപോലെ
കണ്ണഞ്ചിപ്പോം പ്രഭാപൂരത്തിനുള്ളിലെ-
യഞ്ചിതരൂപമാണെന്റെ ദൈവം
ഓശാന ഓശാന ദാവീദിന്‍ സത്പുത്ര-
നോശാനഗീതികള്‍ കേട്ടു മന്ദം
തോരണാലംകൃതവീഥിയില്‍ നീങ്ങിടും
രാജാധിരാജനാണെന്റെ ദൈവം
അദ്ദിവ്യഭോജനശാലയില്‍ തന്‍രക്തം
വീഞ്ഞായും മാംസം നല്‍പൂപമായും
മാനുഷരോടെന്നുമൊന്നിച്ചിരിക്കുവാന്‍
കൂദാശചെയ്തവനെന്റെ ദൈവം
''പ്രാഥമ്യമായൊരു ശാസനം നല്കുന്നു
പ്രാധാന്യമോടതു പാലിക്കണം
പ്രേമമാണല്ലോയെന്‍ ശിഷ്യര്‍ക്കടയാളം''
പ്രീതിയോടോതിനാനെന്റെ ദൈവം
ശിഷ്യനഭിവന്ദ്യനല്ല ഗുരുവിലും
ദാസനോ നാഥനോടൊപ്പമല്ല
എങ്കിലും ശിഷ്യര്‍തന്‍ പാദം കഴുകിടും
ലോകൈകനാഥനാണെന്റെ ദൈവം
അക്കരിങ്കല്ലില്‍ തന്‍ ജാനുക്കളൂന്നിയു-
മക്ഷികളാകാശത്തേക്കുയര്‍ന്നും
ഗത്സമേന്‍തോട്ടത്തിലേകാഗ്രചിത്തനായ്
പ്രാര്‍ഥിക്കും രൂപമാണെന്റെ ദൈവം
കാല്‍വരിക്കുന്നിലെ പീഡനമോര്‍ത്തോര്‍ത്ത്
കായം വിയര്‍ത്തു തളര്‍ന്നിരിക്കേ
വേദനയേറി വിയര്‍പ്പുപോല്‍ ശുദ്ധമാം
ചോരചൊരിഞ്ഞവനെന്റെ ദൈവം
''എത്രയോ സമ്മതം ചൊല്ലി ഞാന്‍
പോന്നതാ-
ണിത്ര കഠിനമെന്നോര്‍ത്തതില്ല
എന്‍ പ്രിയതാതാ! തിരുവുള്ളമുണ്ടെങ്കി-
ലീപാനപാത്രമെടുത്തുമാറ്റൂ
എന്നിഷ്ടമല്ല, നിന്നിഷ്ടം നിറവേറ-
ട്ടെ''ന്നു കീഴ്‌പ്പെട്ടവനെന്റെ ദൈവം
ചമ്മട്ടിത്തല്ലേറ്റുടലുമുറിഞ്ഞയ്യോ!
ചോരയും മാംസവുമൊത്തുവീഴ്‌കേ
കല്ലും കരഞ്ഞുപോം വേദനയേറ്റേറ്റു
കല്‍ത്തൂണില്‍ ബന്ധിതനെന്റെ ദൈവം
സര്‍വേശ്വരപുത്രനാം രക്ഷകന്‍ താനെന്ന
സത്യമുരച്ചതിന്‍ ശിക്ഷയായി
മുള്‍മുടി മൗലിയില്‍ ചേര്‍ത്തു പരിഹാസ
രാജനായ്ത്തീര്‍ന്നവനെന്റെ ദൈവം.
രാജാധിരാജപ്രതിനിധി നാളെ തന്‍
മോഹത്തിന്‍ മുമ്പില്‍ മയങ്ങിനില്‌ക്കേ
ക്രൂശില്‍ത്തറച്ചു വധിക്കാനായ് വൈരികള്‍-
ക്കേല്പിക്കപ്പെട്ടവനെന്റെ ദൈവം.
(തുടരും)